03-10-2024
◾ ദി ഹിന്ദു ദിനപത്രത്തിലേക്ക് അഭിമുഖം വേണമെന്ന് ആവശ്യപ്പെട്ടത് ഹരിപ്പാട് മുന്‍ എംഎല്‍എ ദേവകുമാറിന്റെ മകന്‍ സുബ്രഹ്‌മണ്യന്‍ ആണെന്നും അഭിമുഖത്തില്‍ പറയാത്ത കാര്യങ്ങള്‍ വന്നെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. അഭിമുഖത്തിനായി പിആര്‍ ഏജന്‍സിയെ ചുമതലപ്പെടുത്തുകയോ പണം നല്‍കുകയോ ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. തനിക്ക് ഒരു ഏജന്‍സിയേയും അറിയില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. പിആര്‍ ഏജന്‍സി പരാമര്‍ശത്തില്‍ മുഖ്യമന്ത്രി ദി ഹിന്ദു ദിനപത്രത്തിനെതിരെ നിയമ നടപടി എടുക്കുമോ എന്ന ചോദ്യങ്ങള്‍ക്ക് ഹിന്ദുവും മാധ്യമങ്ങളുമായുള്ള മത്സരത്തില്‍ തന്നെ കരുവാക്കേണ്ടെന്നും പറഞ്ഞു.
◾ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും ഇതില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. എഡിജിപിയെ കീപോസ്റ്റില്‍ ഇരുത്തി അന്വേഷണത്തെ പ്രഹസനമാക്കുന്നുവെന്നും വി ഡി സതീശന്‍ വിമര്‍ശിച്ചു. ദേവകുമാറിന്റെ മകന്‍ പറഞ്ഞിട്ടല്ലല്ലോ ദേശീയ മാധ്യമത്തിന് അഭിമുഖം കൊടുക്കേണ്ടതെന്നും അങ്ങനെയെങ്കില്‍ പിആര്‍ഡി പിരിച്ചുവിടണമെന്നും പറയാത്ത കാര്യം പ്രസിദ്ധീകരിച്ച ഹിന്ദുവിനെതിരെയും ഏജന്‍സിക്കെതിരെയും കേസ് കൊടുക്കുമോ എന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.
◾ തൃശൂര്‍ പൂരം കുറ്റമറ്റ രീതിയില്‍ നടത്താനാണ് ശ്രമിച്ചതെന്നും എന്നാല്‍ പൂരത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഇത്തവണ ഉണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. പൂരത്തിന്റ അവസാന ഘട്ടത്തില്‍ ചില വിഷയങ്ങള്‍ ഉണ്ടായി. ഇത് ഗൗരവത്തോടെ കണ്ട് എഡിജിപി എംആര്‍ അജിത് കുമാറിനെ ചുമതലപ്പെടുത്തി അന്വേഷണം പ്രഖ്യാപിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. എന്നാല്‍ സമഗ്രമായ റിപ്പോര്‍ട്ടായി അതിനെ കാണാനാവില്ലെന്നും പൂരവുമായി ബന്ധപ്പെട്ട് ഏതെല്ലാം കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് പരിശോധിക്കുമെന്നും പൂരം കലക്കലില്‍ പുനരന്വേഷണം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് എഡിജിപി എം.ആര്‍.അജിത് കുമാറിനെതിരെ ഡിജിപി റിപ്പോര്‍ട്ട് നല്‍കിയിരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ അന്വേഷിക്കാതെയുള്ള റിപ്പോര്‍ട്ടായിരുന്നു അതെന്നും ഡിജിപിയോട് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
◾ എഡിജിപി എംആര്‍ അജിത് കുമാറിനെ ക്രമസമാധാന ചുമതലയില്‍ നിന്നും മാറ്റേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് സൂചന. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തതായാണ് വിവരം. തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപിയുടെ വീഴ്ച സംസ്ഥാന പൊലീസ് മേധാവി അന്വേഷിക്കും. പൂരം കലക്കല്‍ അട്ടിമറി ഗൂഡാലോചന ക്രൈം ബ്രാഞ്ച് എഡിജിപി അന്വേഷണം നടത്തും. ഇതിന് പുറമെ രഹസ്യാന്വേഷണ വിഭാഗം മേധാവിയും അന്വേഷണം നടത്തും. ഇത്തരത്തില്‍ മൂന്നു തലത്തിലുള്ള അന്വേഷണമായിരിക്കും നടക്കുക.
◾ വയനാട് ദുരന്തത്തില്‍ കേന്ദ്രത്തിനെതിരെ വിമര്‍ശനം ഉന്നയിച്ച് മുഖ്യമന്ത്രി. ഫലപ്രദമായ ഒരു സഹായം ഇതുവരെ കിട്ടിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 140.6 കോടി രൂപ ആദ്യ ഗഡു നേരത്തെ നല്‍കിയതാണ്. ഇതുവരെ അനുവദിച്ചത് സാധാരണ ഗതിയിലുള്ള സഹായം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
◾ വയനാട് ദുരന്തത്തില്‍ മാതാപിതാക്കളും മറ്റു കുടുംബാംഗങ്ങളും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്നും, ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ കുടുംബത്തിന് ഏഴു ലക്ഷം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തത്തില്‍ മാതാപിതാക്കള്‍ രണ്ടു പേരും നഷ്ടപ്പെട്ട കുട്ടികള്‍ക്ക് പത്ത് ലക്ഷം രൂപയും മാതാപിതാക്കളില്‍ ഒരാള്‍ നഷ്ടപ്പെട്ട കുട്ടികള്‍ക്ക് അഞ്ച് ലക്ഷം നല്‍കുമെന്നും ഉരുള്‍പൊട്ടലിലെ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനായി മാതൃക ടൗണ്‍ ഷിപ് ഉണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയുമായും കൂടിക്കാഴ്ച നടത്തിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ആര്‍എസ്എസ് നേതാക്കളുമായി നിരന്തരമായി എഡിജിപിക്ക് ചര്‍ച്ച ചെയ്യേണ്ട എന്ത് കാര്യമാണുള്ളതെന്നും ചെന്നിത്തല ചോദിച്ചു. ഇത് മുഖ്യമന്ത്രിയുടെ അറിവോടെ നടക്കുന്ന കാര്യമാണ്. അതുകൊണ്ടാണ് മുഖ്യമന്ത്രി എഡിജിപിയെ സംരക്ഷിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു,
◾ പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന നിലപാടില്‍ ഉറച്ച് പി.വി.അന്‍വര്‍. പാര്‍ട്ടി രൂപീകരിക്കുമ്പോള്‍ എംഎല്‍എ സ്ഥാനം തടസമാണെങ്കില്‍ രാജിവക്കുമെന്നും നിയമസഭയില്‍ തനിക്ക് അനുവദിക്കുന്ന കസേരയില്‍ ഇരിക്കുമെന്നും അതെല്ലാം സ്പീക്കര്‍ തീരുമാനിക്കട്ടെയെന്നും കത്ത് കൊടുക്കില്ലെന്നും പിവി അന്‍വര്‍ എംഎല്‍എ പറഞ്ഞു. തന്റെ പുതിയ പാര്‍ട്ടിയുടെ പേര് ഞായറാഴ്ച്ച പ്രഖ്യാപിക്കുമെന്നും അന്‍വര്‍ അറിയിച്ചു.
◾ സാമൂഹ്യക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ പണം ഇല്ലാത്ത സര്‍ക്കാറാണ് പിആര്‍ ഏജന്‍സിക്ക് പണം നല്‍കുന്നതെന്ന് മുന്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ 8 വര്‍ഷകാലയളവില്‍ ഇങ്ങനെ എത്ര തുക ചിലവഴിച്ചു എന്ന് വിശദമാക്കണം. ലക്ഷകണക്കിന് രൂപ ശമ്പളം കൊടുത്ത് പി ആര്‍ ഡി ഉദ്യോഗസ്ഥരെ വെച്ചിരിക്കുന്നത് പിന്നെ എന്തിനാണെന്നും അവരെ പിരിച്ചുവിടണമെന്നും അദ്ദേഹം പറഞ്ഞു.
◾ കെടി ജലീല്‍ മറ്റാരുടേയോ കാലിലാണ് നില്‍ക്കുന്നതെന്നും ജലീലിന് ഒറ്റക്ക് നില്‍ക്കാന്‍ ശേഷിയില്ലെന്നും പി വി അന്‍വര്‍ എം എല്‍ എ. വെടിവെച്ചു കൊല്ലുമെന്ന് പറഞ്ഞാലും മുഖ്യമന്ത്രിയെ തള്ളി പറയില്ലെന്ന് കെടി ജലീല്‍ പറയുമ്പോള്‍ ആരെങ്കിലും അദ്ദേഹത്തെ വെടി വെക്കുമെന്ന് പറഞ്ഞിരിക്കുമെന്നും അന്‍വര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
◾ ഒരാളുടെയും കാലിലല്ല നില്‍ക്കുന്നതെന്നും എന്നും സ്വന്തം കാലിലേ നിന്നിട്ടെയുള്ളൂവെന്നും പി വി അന്‍വറിന് മറുപടിയായി കെ ടി ജലീല്‍ എം എല്‍ എ ഫേസ്ബുക്കില്‍ കുറിച്ചു. സമ്പത്തിന്റെ കാര്യത്തില്‍ മാത്രമേ താങ്കളെക്കാള്‍ ഞാന്‍ പിറകിലുള്ളൂവെന്നും. ഇങ്ങോട്ട് മാന്യതയാണെങ്കില്‍ അങ്ങോട്ടും മാന്യതയെന്നും മറിച്ചാണെങ്കില്‍ അങ്ങിനെയെന്നും കെ.ടി.ജലീല്‍ വ്യക്തമാക്കി.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ തുടര്‍നടപടി മുദ്രവെച്ച കവറില്‍ അന്വേഷണ സംഘം ഹൈക്കോടതിക്ക് കൈമാറി. പരാതിയുമായി മുന്നോട്ട് പോകാന്‍ മൊഴി നല്‍കിയവര്‍ക്ക് താത്പര്യമില്ലെങ്കില്‍ നിര്‍ബന്ധിക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. വിനോദ മേഖലയില്‍ നിയമനിര്‍മ്മാണം വേണമെന്ന് വനിതാ കമ്മീഷന്‍ കോടതിയില്‍ പറഞ്ഞു. ചൂഷണം അവസാനിപ്പിക്കണമെന്നും സിനിമാ മേഖലയെ മാത്രമല്ല സംസ്ഥാനത്തെ എല്ലാ മേഖലയെയും ഉള്‍ക്കൊള്ളുന്നതാകണം നിയമം എന്നും കോടതി പറഞ്ഞു.
◾ എല്ലാ മതസ്ഥര്‍ക്കും പള്ളിയിലേക്ക് പ്രവേശനം അനുവദിച്ച് കൊച്ചി പടമുഗള്‍ ജുമാ മസ്ജിദ് ഗാന്ധിജയന്തി ദിനത്തില്‍ ശ്രദ്ധേയമായി. ഓപ്പണ്‍ മസ്ജിദ് എന്ന ആശയം അതായത് എല്ലാ മതസ്ഥര്‍ക്കും വന്ന് പ്രാര്‍ത്ഥിക്കാന്‍ അവസരം ഒരുക്കിയ പടമുഗള്‍ ജുമാ മസ്ജിദ് അതുവഴി വലിയൊരു സന്ദേശമാണ് രാജ്യത്തിന് നല്‍കിയത്. പള്ളിയില്‍ സന്ദര്‍ശനം നടത്താനായതിന്റെയും അവിടത്തെ കാര്യങ്ങള്‍ അറിയാന്‍ കഴിഞ്ഞതിന്റെയും സന്തോഷവും അവിടെ എത്തിയവര്‍ പങ്കുവെച്ചു.
◾ നടന്‍ ദിലീപ് സുഹൃത്തായതിന്റെ പേരില്‍ തന്റെ പേര് കേസിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടുവെന്നും സത്യാവസ്ഥ അറിയാതെയാണ് തനിക്കെതിരെ നീക്കം നടന്നതെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു. ചാനലുകള്‍ റേറ്റിംഗിനായി കേസ് ഉപയോഗിച്ചപ്പോള്‍ തനിക്കുണ്ടായ ഡാമേജിന് ആര് മറുപടി പറയുമെന്നും അന്‍വര്‍ സാദത്ത് ചോദിച്ചു.കാലടി പ്രസ് ക്ലബ് സംഘടിപ്പിച്ച പൊതു പരിപാടിയില്‍ ആയിരുന്നു അന്‍വര്‍ സാദത്തിന്റെ വിമര്‍ശനം.
◾ തനിക്കെതിരെ കേസെന്നത് വ്യാജപ്രചാരണമെന്ന് കര്‍ണാടകയിലെ പ്രാദേശിക മുങ്ങല്‍ വിദഗ്ധനായ ഈശ്വര്‍ മാല്‍പെ. ഷിരൂര്‍ തെരച്ചില്‍ വിഷയത്തില്‍ ഇനി ഒരു തരത്തിലും വിവാദത്തിനില്ല. താന്‍ ചെയ്തത് എന്തെന്നത് ദൈവത്തിനറിയാം, കണ്ട് നിന്നവര്‍ക്കുമറിയാം. താനത് ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ലെന്നും ഈശ്വര്‍ മാല്‍പെ പറഞ്ഞു.
◾ നന്ദി പ്രതീക്ഷിച്ചല്ല ഒന്നും ചെയ്തതെന്നും എത്ര അപമാനിതനായാലും ആരോടും ശത്രുതയില്ലെന്നും ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച അര്‍ജുന്റെ ലോറി ഉടമകളിലൊരാളായ മനാഫ്. കോഴിക്കോട് മുക്കം സ്‌കൂളിലെ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു മനാഫ്. അര്‍ജുന്റെ കുടുംബത്തെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്നും തെറ്റിദ്ധാരണ ഉണ്ടായതില്‍ മാപ്പ് ചോദിക്കുകയാണെന്നും അര്‍ജുന്റെ കുടുംബത്തെ ഇതിന്റെ പേരില്‍ ആരും വേട്ടയാടരുതെന്നും മനാഫ് പറഞ്ഞു.
◾ തിരുച്ചിറപ്പള്ളിയില്‍ എട്ട് സ്‌കൂളുകള്‍ക്ക് നേരെ ബോംബ് ഭീഷണി. ഇ-മെയില്‍ വഴി ആണ് ബോംബ് ഭീഷണി ലഭിച്ചതെന്നാണ് സൂചന. ബോംബ് ഡിസ്‌പോസല്‍ ടീമുകളെയും സ്‌നിഫര്‍ ഡോഗുകളെയും ഉപയോഗിച്ച് സ്‌കൂളുകളില്‍ തെരച്ചില്‍ നടത്തുകയാണ്.
◾ ജയിലുകളില്‍ ജാതി വിവേചനം പാടില്ലെന്ന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. എല്ലാം സംസ്ഥാനങ്ങളിലെയും ജയില്‍ ചട്ടം മൂന്ന് മാസത്തിനുള്ളില്‍ പരിഷ്‌ക്കരിക്കണമെന്നാണ് നിര്‍ദ്ദേശം. ജാതി അടിസ്ഥാനത്തില്‍ ജയിലുകളില്‍ വിവേചനങ്ങള്‍ ഒരു കാരണവശാലും അംഗീകരിക്കില്ല. അത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ സംസ്ഥാനസര്‍ക്കാരുകളാകും ഉത്തരവാദിയെന്നും കോടതി വ്യക്തമാക്കി.
◾ തെലുങ്ക് താരങ്ങളായ നാഗ ചൈതന്യയും സാമന്തയും വിവാഹബന്ധം വേര്‍പെടുത്തിയതിന് കാരണക്കാരന്‍ ബിആര്‍എസ് നേതാവ് കെ ടി രാമ റാവു ആണെന്ന തെലങ്കാന മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കൊണ്ട സുരേഖയുടെ പ്രസ്താവന വിവാദമായി. കൊണ്ട സുരേഖക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസയക്കുമെന്ന് കെടിആര്‍ വ്യക്തമാക്കി. പരാമര്‍ശങ്ങളില്‍ മാപ്പ് പറയണമെന്നും മാപ്പ് പറഞ്ഞില്ലെങ്കില്‍ സിവില്‍, ക്രിമിനല്‍ നിയമനടപടികളിലേക്ക് കടക്കുമെന്നും കെടിആര്‍ അറിയിച്ചു.
◾ രാഷ്ട്രീയലാഭങ്ങള്‍ക്ക് വേണ്ടി തന്നെ കരുവാക്കരുതെന്ന് വ്യക്തമാക്കി നടി സമാന്ത. വേര്‍പിരിയല്‍ തീര്‍ത്തും വ്യക്തിപരമാണെന്നും അതില്‍ അനാവശ്യവായനകള്‍ നടത്തരുതെന്നും സമാന്ത പറഞ്ഞു. മുന്‍ ഭാര്യയോടും തന്റെ കുടുംബത്തോടുമുള്ള ബഹുമാനം കൊണ്ടാണ് ഇത്തരം ആരോപണങ്ങളില്‍ മുന്‍പ് നിശബ്ദത പാലിച്ചതെന്നും മന്ത്രിയുടെ പ്രസ്താവന ലജ്ജാകരമാണെന്നും നാഗ ചൈതന്യയും വ്യക്തമാക്കി.
◾ വിവാദമായ തന്റെ ആരോപണത്തില്‍ മാപ്പുപറഞ്ഞ് തെലങ്കാന വനംവകുപ്പ് മന്ത്രി കൊണ്ട സുരേഖ. നാഗ ചൈതന്യയോടും സാമന്തയോടും അവരുടെ കുടുംബത്തോടും മാപ്പ് പറയുന്നുവെന്നും എന്നാല്‍ കെ.ടി രാമറാവുവിനെതിരെ താന്‍ നടത്തിയ ആരോപണങ്ങളില്‍ നിന്ന് പിന്മാറുന്നില്ലെന്നും അവര്‍ വ്യക്തമാക്കി.
◾ ഇന്ത്യയില്‍ ബീഫ് ഉപഭോഗം നിരോധിച്ചാല്‍ ആ നിയമം പാലിക്കണമെന്ന് ഇസ്ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്. പാക് ടിവി ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സാക്കിര്‍ നായിക് ഇക്കാര്യം പറഞ്ഞത്. അതത് രാജ്യത്ത് താമസിക്കുന്നവര്‍ ആ രാജ്യത്തെ നിയമം പാലിക്കണമെന്ന് സാക്കിര്‍ നായിക് പറഞ്ഞു .സാക്കിര്‍ നായിക്കിന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് മുതിര്‍ന്ന ജെഡിയു നേതാവ് കെസി ത്യാഗി രംഗത്തെത്തി.
◾ അയര്‍ലന്‍ഡില്‍ ഭാര്യയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച മലയാളി പിടിയില്‍. ജോസ്മാന്‍ ശശി പുഴക്കേപറമ്പിലാണ് അറസ്റ്റിലായത്. നോര്‍ത്തേണ്‍ അയര്‍ലന്‍ഡിലെ ആന്‍ട്രിമിലെ ഓക്ട്രീ ഡ്രൈവില്‍ താമസിക്കുന്ന ജോസ്മാനെതിരെ കൊലപാതകത്തിനും ഗാര്‍ഹിക പീഡനത്തിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
◾ ലെബനോനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനോനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍, ഹിസ്ബുല്ല തലവനായിരുന്ന ഹസന്‍ നസ്‌റല്ലയുടെ മരുമകന്‍ ജാഫര്‍ അല്‍ ഖാസിര്‍ കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ടുകളുമുണ്ട്. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
◾ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല റെക്കോഡ് തൊട്ടു. ഗ്രാം വില 10 രൂപ വര്‍ധിച്ച് 7,110 രൂപയും പവന്‍ വില 80 രൂപ വര്‍ധിച്ച് 56,880 രൂപയുമായി. ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 27ന് കുറിച്ച പവന് 56,800 രൂപയെന്ന റെക്കോഡാണ് ഇതോടെ പഴങ്കഥയായത്. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഇന്ന് ഗ്രാമിന് അഞ്ച് രൂപ ഉയര്‍ന്ന് 5,880 രൂപയിലെത്തി. വെള്ളി വില തുടര്‍ച്ചയായ മൂന്നാം ദിവസവും അനങ്ങാതെ നില്‍ക്കുകയാണ്. ഗ്രാമിന് 98 രൂപയിലാണ് വ്യാപാരം. യുദ്ധഭീതിയില്‍ ഇറാന്‍ ഇസ്രായേലിനു നേരെ മിസൈല്‍ ആക്രമണം നടത്തിയത് മദ്ധ്യേഷ്യയില്‍ യുദ്ധം കൂടുതല്‍ വ്യാപകമാകുന്നതിന്റെ സൂചനകള്‍ നല്‍കുന്നതാണ് സ്വര്‍ണത്തെ ഉയര്‍ത്തുന്നത്. രാജ്യത്ത് ഉത്സവാഘോഷങ്ങള്‍ നവരാത്രി, ദീപാവലി, ദസറ ആഘോഷങ്ങള്‍ക്ക് തുടക്കമിട്ട് രാജ്യത്ത് സ്വര്‍ണാഭരണങ്ങള്‍ക്ക് ഡിമാന്‍ഡ് കൂട്ടുന്നതും വില കയറാന്‍ കാരണമാകുന്നുണ്ട്.
◾ വീഡിയോ കോളിങ് അനുഭവം കൂടുതല്‍ മെച്ചപ്പെടുത്തുന്നതിന് രണ്ട് പുതിയ ഫീച്ചറുകള്‍ വാട്‌സ്ആപ്പ് പുറത്തിറക്കി. വീഡിയോ കോളുകളില്‍ ഫില്‍ട്ടര്‍, ബാഗ്രൗണ്ട് ഫീച്ചറുകളാണ് ഉപയോക്താക്കള്‍ക്ക് ലഭ്യമാകുക. വീഡിയോ കോളില്‍ പശ്ചാത്തലം മാറ്റാനുള്ള ഫീച്ചര്‍ ഉപയോക്തകള്‍ക്ക് കൂടുതല്‍ സ്വകാര്യത സൂക്ഷിക്കാന്‍ സഹായിക്കും. ചുറ്റുപാടുകളെ ഒരു കോഫി ഷോപ്പോ, അല്ലെങ്കില്‍ ഒരു സ്വീകരണ മുറിയില്‍ ഇരുന്ന് സംസാരിക്കുന്ന തരത്തിലും മാറ്റാന്‍ സാധിക്കും. ഉപയോക്താക്കള്‍ക്ക് 10 ഫില്‍ട്ടറുകളും പശ്ചാത്തലങ്ങളും തെരഞ്ഞെടുക്കാം. ഉപയോക്താക്കള്‍ക്ക് അവരുടെ മുഖത്തിന് തെളിച്ചം കൂട്ടുന്നതിന് ടച്ച് അപ്പ്, ലോ ലൈറ്റ് ഓപ്ഷനുകളും പുറത്തിറക്കിയിട്ടുണ്ട്, ഫീച്ചറുകള്‍ ചില ഉപയോക്താക്കള്‍ക്ക് ലഭിക്കാന്‍ തുടങ്ങി. വരും ആഴ്ചകളില്‍ ഫീച്ചറുകള്‍ എല്ലാവര്‍ക്കും ലഭ്യമാകും.
◾ മുകേഷ് കുമാര്‍ സിംഗ് സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രമാണ് 'കണ്ണപ്പ'. വിഷ്ണു മഞ്ചു പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രം മലയാളികള്‍ ഏറ്റെടുക്കാന്‍ കാരണമാകട്ടെ മോഹന്‍ലാലും. കണ്ണപ്പയില്‍ ഒരു പ്രധാന വേഷത്തില്‍ മോഹന്‍ലാല്‍ അഭിനയിക്കുന്നുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന് ഒപ്പം മലയാളത്തില്‍ നായികയായി എത്തിയ ഐശ്വര്യ ഭാസ്‌കരന്‍ കണ്ണപ്പയില്‍ ഉണ്ടെന്ന അപ്ഡേറ്റാണ് പുറത്തുവരുന്നത്. മാരേമ്മ എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ കണ്ണപ്പയില്‍ അവതരിപ്പിക്കുന്നത്. നടിയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ റിലീസ് ചെയ്തിട്ടുണ്ട്. പ്രജ, നരസിംഹം, ബട്ടര്‍ഫ്ലൈയ്സ് തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകള്‍ക്ക് ശേഷം ഐശ്വര്യയും മോഹന്‍ലാലും ഒന്നിക്കുന്ന സിനിമ കൂടിയാണ് കണ്ണപ്പ. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കണ്ണപ്പ ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യുമെന്നാണ് വിവരം. 100 കോടിയാണ് ചിത്രത്തിന്റെ ബജറ്റ് എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രഭാസ്, അക്ഷയ് കുമാര്‍, ശരത് കുമാര്‍, മോഹന്‍ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്.
◾ തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം കൈപ്പറ്റുന്ന നടിമാരിലൊരാളാണ് പൂജ ഹെഗ്ഡെ. ഇതിനോടകം തന്നെ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു പൂജ. ഇപ്പോഴിതാ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം ദളപതി വിജയ്യുടെ നായികയാകാനൊരുങ്ങുകയാണ് പൂജ. ദളപതി 69ല്‍ വിജയ്യുടെ നായിക പൂജ ഹെഗ്ഡെയാണെന്ന് നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് അറിയിച്ചിരിക്കുകയാണ്. അതേസമയം വിജയ്യുടെ അവസാന ചിത്രമെന്ന നിലയില്‍ വന്‍ ഹൈപ്പ് നേടിയിരിക്കുന്ന ചിത്രമാണ് ദളപതി 69. എച്ച് വിനോദ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. മലയാളത്തില്‍ നിന്ന് നടി മമിത ബൈജുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ബോബി ഡിയോളും ചിത്രത്തില്‍ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദര്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്. 2025 ഒക്ടോബറില്‍ ചിത്രം റിലീസ് ചെയ്യും.
◾ ജന്മദിനത്തിനു ഇരട്ടി മധുരം നല്‍കി പുതിയൊരു വാഹനം സ്വന്തമാക്കിയിരിക്കുകയാണ് ബോളിവുഡ് താരം രണ്‍ബീര്‍ കപൂര്‍. പിറന്നാളാഘോഷത്തിന്റെ ഭാഗമായി തന്റെ ആരാധകര്‍ക്ക് മധുരം പങ്കുവെച്ചതിനു ശേഷം ഏറ്റവും പുതിയ ആഡംബര വാഹനമായ ബെന്റ്ലിയില്‍ ആലിയയ്ക്കും മകള്‍ റാഹയ്ക്കുമൊപ്പം മുംബൈയിലെ തിരക്കേറിയ വീഥിയിലൂടെ ഒരു യാത്രയും നടത്തുന്നുണ്ട് രണ്‍ബീര്‍ കപൂര്‍. ഏകദേശം 5.22 കോടി വില വരുന്ന ബെന്റ്ലി കോണ്ടിനെന്റല്‍ ജി ടി വി8 ആണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഡീപ് ഷെയ്ഡ് ബ്ലൂ നിറമാണ് വാഹനത്തിനായി രണ്‍ബീറും ആലിയയും തിരഞ്ഞെടുത്തിരിക്കുന്നത്. രണ്ടു ഡോറുകള്‍ മാത്രമുള്ള, 4 സീറ്റ് സ്പോര്‍ട്സ് കൂപ്പെയാണിത്. 4.0 ലീറ്റര്‍ ട്വിന്‍ ടര്‍ബോ ചാര്‍ജ്ഡ് വി8 പെട്രോള്‍ എന്‍ജിനാണ് ഈ ബെന്റ്ലിയുടെ കരുത്ത്. 542 ബി എച്ച് പി പവറും 770 എന്‍ എം ടോര്‍ക്കും ലഭിക്കും. 8 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ്.
◾ പതിനെട്ട് വയസ്സുള്ളപ്പോള്‍ ഒരു പുരുഷന്റെ ആഗ്രഹങ്ങള്‍ക്കുവേണ്ടി സ്വന്തം സ്വാതന്ത്ര്യം അടിയറവ് വെച്ച ആനി എര്‍ണോ അഞ്ചു പതിറ്റാണ്ടിനുശേഷം ആ ദുഖവും അപമാനവും ചതിയും സധൈര്യം നേരിടുകയും അതിലൂടെ അവരുടെ സ്വത്വം കണ്ടെത്തുകയും ചെയ്യുന്നു. 'പകരംവെക്കാനില്ലാത്ത ആനി എര്‍ണോയില്‍നിന്ന് പെണ്‍കാമനയുടെയും അപമാനത്തിന്റെയും ബൌദ്ധിക അഭിനിവേശത്തിന്റെയും നിര്‍ഭയമായ ഒരു തുറന്നെഴുത്ത്. 'ഒരു പെണ്‍കുട്ടിയുടെ ഓര്‍മ'. സീഗ്രിഡ് നൂന്യെസ്. വിവര്‍ത്തനം - സംഗീത ശ്രീനിവാസന്‍. ഡിസി ബുക്സ്. വില 225 രൂപ.
◾ ഉള്ളിയും വെളുത്തുള്ളിയും വേവിക്കാതെ പച്ചയ്ക്ക് കഴിച്ചാല്‍ ഗുണങ്ങള്‍ ഏറെയാണ്. പച്ച ഉള്ളിക്കും വെളുത്തുള്ളിക്കും ആന്റിമൈക്രോബിയല്‍, ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്തി നിരവധി രോഗങ്ങളില്‍ നിന്ന് സംരക്ഷണമേകുന്നു. വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും അടങ്ങിയ നാരുകള്‍ പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ ഇവ കൊളസ്ട്രോള്‍ കുറച്ച് ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു. ഇതില്‍ പ്രീബയോട്ടിക് ഫൈബര്‍ ഉണ്ട്. ഇവ ഉദരത്തിലെ നല്ല ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു. ദഹനം മെച്ചപ്പെടുത്തുകയും ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോമിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ഇതിലുള്ള നാരുകള്‍, പൊട്ടാസ്യം, ആന്റിഓക്സിഡന്റുകള്‍ ഇവ രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുന്നു. രക്തത്തിലെ ലിപ്പിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുകയും ഹൃദയസംബന്ധമായ രോഗങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റിഓക്സിഡന്റുകളും പോളിഫിനോളുകളും ഉണ്ട്. ഇത് ഇന്‍ഫ്ളമേഷന്‍ കുറയ്ക്കുന്നു. ഹൃദ്രോഗം, കാന്‍സര്‍ തുടങ്ങി ഗുരുതരരോഗങ്ങള്‍ക്കുള്ള സാധ്യതയും കുറയ്ക്കുന്നു. ആന്റിഓക്സിഡന്റുകളും സള്‍ഫര്‍ സംയുക്തങ്ങളും ഉണ്ട്. ഇവയ്ക്ക് കാന്‍സറിനെ പ്രതിരോധിക്കാനുള്ള കഴിവുണ്ട്. പ്രത്യേകിച്ചും ഉദരത്തിലെ അര്‍ബദം, മലാശയ അര്‍ബുദം ഇവയ്ക്കുള്ള സാധ്യത കുറയ്ക്കുന്നു. വേവിക്കാത്ത ഉള്ളിയിലും വെളുത്തുള്ളിയിലും ആന്റി ബാക്ടീരിയല്‍ ഗുണങ്ങള്‍ ഉള്ള സംയുക്തങ്ങള്‍ ഉണ്ട്. ഇത് രോഗങ്ങള്‍ക്കും അണുബാധകള്‍ക്കും ഉള്ള സാധ്യത കുറയ്ക്കുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.95, പൗണ്ട് - 110.21. യൂറോ - 92.70, സ്വിസ് ഫ്രാങ്ക് - 98.63, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.56, ബഹറിന്‍ ദിനാര്‍ - 222.74, കുവൈത്ത് ദിനാര്‍ -274.48, ഒമാനി റിയാല്‍ - 218.05, സൗദി റിയാല്‍ - 22.37, യു.എ.ഇ ദിര്‍ഹം - 22.86, ഖത്തര്‍ റിയാല്‍ - 23.06, കനേഡിയന്‍ ഡോളര്‍ - 62.07.
➖➖➖➖➖➖➖➖
Tags:
KERALA