Trending

അമ്മയും നവജാതശിശുവും മരിച്ച സംഭവം;അത്തോളിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലേക്ക് മൃതദേഹവുമായി പ്രതിഷേധ മാര്‍ച്ച്‌ നടത്തി.

കോഴിക്കോട്:ഉള്ള്യേരിയില്‍ അമ്മയും നവജാത ശിശുവും മരിച്ച സംഭവത്തില്‍ അമ്മയുടെ മൃതദേഹവുമായി ആശുപത്രിയിലേക്ക് നാട്ടുകാരുടെ പ്രതിഷേധ മാർച്ച്‌.അത്തോളി മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിലേക്കാണ് മാർച്ച്‌ നടത്തിയത്.മാർച്ച്‌ തടഞ്ഞതോടെ പൊലീസും പ്രതിഷേധക്കാരും തമ്മില്‍ തർക്കമുണ്ടായി.

ബാലുശ്ശേരി ഉണ്ണികുളം സ്വദേശിനി അശ്വതിയാണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളജിലെ പോസ്റ്റുമോർട്ടത്തിന് ശേഷമാണ് മൃതദേഹവുമായി പ്രതിഷേധം ആരംഭിച്ചത്.സങ്കീർണതകളൊന്നുമില്ലാതെ ആശുപത്രിയിലെത്തിയ യുവതിയും നവജാത ശിശുവും മരിച്ചതെങ്ങിനെയെന്നും എന്താണ് സംഭവിച്ചതെന്ന് വ്യക്തത വരുത്തണമെന്നും കുടുംബവും ബന്ധുക്കളും ആവശ്യപ്പെട്ടു.

തുടർന്ന് യുവതിയുടെ ഭർത്താവിനെയും മറ്റും ആശുപത്രി മാനേജ്മെന്‍റ് ചർച്ചക്ക് വിളിച്ചു.കഴിഞ്ഞ ഏഴിനാണ് അശ്വതിയെ പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അശ്വതി ഗുരുതരാവസ്ഥയിലായപ്പോഴും പ്രശ്നമൊന്നും ഇല്ല എന്നാണ് തന്നോട് പറഞ്ഞതെന്ന് ഭർത്താവ് വിവേക് പറഞ്ഞു. സ്ഥിരം കാണിക്കുന്ന ഡോക്ടർ ഡ്യൂട്ടിയിലില്ലാതിരുന്നിട്ടും ഉണ്ടെന്ന് നുണ പറഞ്ഞു. ബന്ധുക്കളെ അറിയിക്കുന്നതിന് മുൻപ് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ നീക്കം നടന്നെന്നും വിവേക് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
Previous Post Next Post
3/TECH/col-right