27-09-2024
◾ തൃശൂരിലെ മൂന്നിടങ്ങളില്‍ എടിഎമ്മുകള്‍ കൊള്ളയടിച്ച ഹരിയാനക്കാരായ സംഘത്തെ തമിഴ്‌നാട്ടിലെ നാമക്കല്ലില്‍ വെച്ച് തമിഴ്‌നാട് പൊലീസ് പിടികൂടി. പ്രതികളെ പിന്തുടരുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഇന്‍സ്പെക്ടര്‍ തവമണി, രഞ്ജിത്ത് കുമാര്‍ എന്നിവര്‍ക്ക് പരിക്കേല്‍ക്കുകയും ഒരു പ്രതി കൊല്ലപ്പെടുകയും ചെയ്തു. കൊള്ളസംഘത്തില്‍ ഏഴ് പേരാണ് ഉണ്ടായിരുന്നതെന്നും എല്ലാവരും ഹരിയാന സ്വദേശികളാണെന്നും പൊലീസ് അറിയിച്ചു. പണം കണ്ടയ്‌നറില്‍ കെട്ടുകെട്ടായി കൊണ്ടുപോവുകയായിരുന്നു. മോഷ്ടിക്കാനുപയോഗിച്ച കാറും കണ്ടെയ്‌നറിലുണ്ടായിരുന്നു. കവര്‍ച്ചാ സംഘത്തിന്റെ കയ്യില്‍ തോക്കും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. തൃശൂരിലെ മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എസ്ബിഐ എടിഎമ്മുകളിലാണ് കവര്‍ച്ച നടന്നത്. മൂന്ന് എടിഎമ്മുകളില്‍ നിന്നായി 65 ലക്ഷം രൂപ നഷ്ടപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം.
◾ തൃശൂരിലെ എടിഎം കൊള്ളയടിച്ച പ്രതികള്‍ കൊള്ളയ്ക്ക് ഉപയോഗിച്ച കാറും മോഷ്ടിച്ച പണവും ആയുധങ്ങളുമായി അതിവേഗത്തില്‍ പോയ കണ്ടെയിനര്‍ ലോറി മറ്റൊരു വാഹനത്തില്‍ ഇടിച്ചതോടെയാണ് കൊള്ളസംഘത്തിന്റെ പദ്ധതികള്‍ തകര്‍ന്ന് വീണത്. അപകടം ഉണ്ടായിട്ടും കണ്ടെയ്‌നര്‍ ലോറി നിര്‍ത്താതെ പോയതില്‍ സംശയം തോന്നിയതോടെ കണ്ടെയിനര്‍ ലോറി തമിഴ്നാട് പോലീസിന്റെ റഡാറിലായി. പ്രതികള്‍ ബെംഗളൂരുവിലേക്ക് കടക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്നാണ് സൂചന. ഇവര്‍ സഞ്ചരിച്ച കണ്ടെയ്‌നര്‍ ലോരിക്ക് രാജസ്ഥാന്‍ രജിസ്‌ട്രേഷനായിരുന്നു . ഒന്നര മണിക്കൂറിനുള്ളില്‍ 20 കിലോമീറ്റര്‍ പരിധിയിലെ എടിഎമ്മുകളാണ് കവര്‍ന്നത്.
◾ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിന്റെ ആരോപണങ്ങള്‍ തള്ളിക്കളയുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിനെയും, സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമമാണ് നടത്തുന്നത്. എല്ലാ ആരോപണങ്ങള്‍ക്കും മറുപടി നല്‍കുമെന്നും എന്നാല്‍ അതിപ്പോഴല്ലെന്നും സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ദില്ലിയില്‍ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
◾ പ്രത്യാഘാതം ഭയക്കുന്നില്ലെന്ന് എംഎല്‍എ പിവി അന്‍വര്‍. തന്റെ പാര്‍ക്കിന്റെ ഫയല്‍ അടക്കം മുഖ്യമന്ത്രിയുടെ മുന്നിലാണെന്നും. അതെല്ലാം നില്‍ക്കുമ്പോഴാണ് താന്‍ സത്യം പറയുന്നതെന്നും തനിക്ക് സര്‍ക്കാരിന്റെ ഒരു ആനുകൂല്യവും കിട്ടിയിട്ടില്ലെന്നും അന്‍വര്‍ പറഞ്ഞു. താന്‍ എല്‍ഡിഎഫ് വിട്ടിട്ടില്ലെന്നും പാര്‍ലമെന്ററി പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് ഒഴിയില്ലെന്നും പാര്‍ട്ടി പുറത്താക്കുന്നതുവരെ തുടരുമെന്നും പിവി അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.
◾ ഭരണകക്ഷി എംഎല്‍എ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിട്ടും മുഖ്യമന്ത്രി ചോദ്യങ്ങളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. മുഖ്യന്റെ ഓഫിസില്‍ ഉപജാപക സംഘം ഉണ്ടെന്നു ഞങ്ങള്‍ പറഞ്ഞതാണ്. എഡിജിപി-ആര്‍എസ്എസ് നേതാക്കളെ കണ്ടത് യുഡിഎഫ് ആണ് പുറത്ത് കൊണ്ടു വന്നത്. യുഡിഎഫ് പറഞ്ഞത് ഭരണ കക്ഷി എംഎല്‍എ ആവര്‍ത്തിച്ചുവെന്നും വിഡി സതീശന്‍ പറഞ്ഞു. അന്‍വര്‍ ഉയര്‍ത്തുന്ന വിഷയങ്ങള്‍ക്ക് പിന്തുണ ഉണ്ട്. എന്നാല്‍ അദ്ദേഹം എല്‍ഡിഎഫിലാണ്. അതുകൊണ്ട് അദ്ദേഹത്തെ കൊണ്ടു വരുന്ന കാര്യം ചര്‍ച്ച ചെയ്തിട്ടില്ലെന്നും സതീശന്‍ പ്രതികരിച്ചു.
◾ സര്‍ക്കാരിനെയും എല്‍ഡിഎഫിനെയും അപകീര്‍ത്തിപ്പെടുത്താനുള്ള ഉദ്ദേശമാണ് പി.വി.അന്‍വറിനെങ്കില്‍ അന്‍വറിനെതിരെ മാനനഷ്ടക്കേസ് കൊടുക്കാന്‍ മുഖ്യമന്ത്രിയുള്‍പ്പെടെയുള്ള നേതാക്കള്‍ എന്തുകൊണ്ടാണ് തയ്യാറാകാത്തതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. സമ്പൂര്‍ണമായ നിയമവാഴ്ചയുടെ തകര്‍ച്ചയാണ് കേരളത്തില്‍ കാണാന്‍ സാധിക്കുന്നതെന്നും സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ ഒരവകാശം പോലുമില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.
◾ പി.വി.അന്‍വര്‍ വലതുപക്ഷത്തിന്റെ കൈയിലെ കോടാലിയാണെന്നും അന്‍വറിന്റെ നിലപാടിനെതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍.. പാര്‍ട്ടിയേയും, സര്‍ക്കാരിനെയും തകര്‍ക്കാന്‍ പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ശ്രമിക്കുകയാണെന്നും കമ്യൂണിസ്റ്റ് പാര്‍ട്ടി സംവിധാനത്തെ കുറിച്ച് അന്‍വറിന് ധാരണയില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.
◾പിവി അന്‍വര്‍ എംഎല്‍എ നടത്തുന്നത് ഗുരുതരമായ വഴി തെറ്റിക്കലാണെന്നും വലതു പക്ഷത്തിന്റെ നാവായി അന്‍വര്‍ മാറിയെന്നും സിപിഎം നേതാവ് പി ജയരാജന്‍. ആരോപണങ്ങളിലെ അന്വേഷണം പൂര്‍ത്തിയാകുന്നതുവരെ അന്‍വര്‍ മര്യാദ പാലിക്കേണ്ടിയിരുന്നുവെന്നും ജയരാജന്‍ പറഞ്ഞു. ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെയും പിന്തുണ അന്‍വറിനുണ്ടാവില്ല. അന്‍വറിന് പിന്നില്‍ താന്‍ ആണെന്നുള്ളത് കള്ളപ്രചരണമാണെന്നും പാര്‍ട്ടി സമ്മേളനങ്ങളെ ലക്ഷ്യമിട്ടാണ് അന്‍വര്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് സംശയമെന്നും ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.
◾ പി.വി.അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ ബോധപൂര്‍വം നടത്തിയ ഗൂഢാലോചനയുടെ ഭാഗമെന്ന് സിപിഎം നേതാവ് എ.കെ.ബാലന്‍. വിഷപ്പാമ്പ് പോലും പാലു കൊടുത്ത കൈയ്ക്ക് കടിക്കില്ല. എന്നാല്‍ അതിനേക്കാള്‍ അപ്പുറമുള്ള കാര്യമാണ് അന്‍വര്‍ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഒറ്റുകാരന്റെ ജോലിയാണ് പി വി അന്‍വര്‍ ചെയ്തതെന്ന് മന്ത്രി സജി ചെറിയാനും വിമര്‍ശിച്ചു. അന്‍വറിന് നിക്ഷിപ്ത താല്പര്യങ്ങള്‍ ഉണ്ടെന്നും സജി ചെറിയാന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾ പി.വി അന്‍വറിലൂടെയുണ്ടായത് സിപിഎമ്മും മുഖ്യമന്ത്രിയും ചോദിച്ചു വാങ്ങിയ പ്രതിസന്ധിയെന്ന് ഷാഫി പറമ്പില്‍ എംപി. അന്‍വറിന് ക്രെഡിബിലിറ്റി സര്‍ട്ടിഫിക്കറ്റ് നല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയനാണ്. രാഹുല്‍ ഗാന്ധിക്കെതിരെ പറഞ്ഞപ്പോള്‍ മുഖ്യമന്ത്രി അന്‍വറിനെ പിന്തുണച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കി. ഇതെല്ലാം സിപിഎം തന്നെ ചോദിച്ച് വാങ്ങിയതാണെന്നും ഷാഫി പറമ്പില്‍ പരിഹസിച്ചു.
◾ എംഎല്‍എ പിവി അന്‍വറിനെ തിരുത്തണമെന്ന് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്‍. അന്‍വര്‍ പരിധി വിട്ടു. അത് എന്തുകൊണ്ടെന്ന് പരിശോധിക്കണം. വിവാദം പാര്‍ട്ടിക്ക് ദോഷമുണ്ടാക്കും. അത് തിരുത്താനുള്ള ഇടപെടലാണ് വേണ്ടതെന്നും ജി സുധാകരന്‍ ചൂണ്ടിക്കാട്ടി. അന്‍വറിനെ ഇടത് എംഎല്‍എ ആക്കാന്‍ മുന്‍കൈ എടുത്ത നേതാക്കള്‍ക്ക് അന്‍വറിനെ തിരുത്താന്‍ ഉത്തരവാദിത്തമുണ്ട്. അന്‍വറിനെ കൊണ്ടുവന്നവര്‍ നിരന്തരം വിഷയത്തില്‍ ഇടപെടണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
◾ സ്വര്‍ണ്ണക്കടത്ത്, ഹവാല ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് വേണ്ടിയാണ് അന്‍വര്‍ എം എല്‍ എ സംസാരിക്കുന്നതെന്ന് മലപ്പുറം സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ ദാസ് ആരോപിച്ചു. സ്വര്‍ണക്കള്ളക്കടത്തില്‍ അന്‍വറിന് ഷെയറുള്ളതായി നാട്ടില്‍ സംസാരമുണ്ട്. സ്വര്‍ണ്ണ കള്ളക്കടത്തുകാരെയും, കാരിയര്‍മാരെയും സംക്ഷിക്കേണ്ട ബാധ്യത അന്‍വറിനുണ്ടെന്നും മലപ്പുറം ജില്ലാ സെക്രട്ടറി തുറന്നടിച്ചു.
◾ പി വി അന്‍വര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളത്തെ ഞെട്ടിക്കുന്നതാണെന്നും എന്നാല്‍ അന്‍വര്‍ ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകുന്നതും അകത്തു പോകുന്നതും മുസ്ലിം ലീഗിന്റെ പ്രശ്‌നമല്ലെന്നും ജനറല്‍ സെക്രട്ടറി പിഎംഎ സലാം പറഞ്ഞു. ഇനിയും പറയാനുണ്ട് എന്നാണ് അന്‍വര്‍ പറയുന്നത്. ആരോപണങ്ങളില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണം. സി പി ഐ പോലും ഇക്കാര്യത്തില്‍ കൃത്യമായ അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ തീയായി മാറിയിരിക്കുന്ന പി.വി. അന്‍വറിനു പിന്നില്‍ സിപിഎമ്മിലേയും പുറത്തേയും പ്രബല ലോബികളുണ്ടെന്ന് ചെറിയാന്‍ ഫിലിപ്പ്. സഹയാത്രികരായ കെ.ടി.ജലീല്‍, കാരാട്ട് റസാഖ്, പി.ടി.എ റഹീം എന്നിവരും താമസിയാതെ അന്‍വറിന്റെ പാത പിന്തുടരുമെന്നും, പിണറായി വിജയന്റെ ഏകാധിപത്യ സമീപനത്തില്‍ അസ്വസ്ഥരായ എം.എ.ബേബി, തോമസ് ഐസക്, എ.വിജയരാഘവന്‍, ഇ.പി.ജയരാജന്‍, എളമരം കരീം, ജി.സുധാകരന്‍, പി.കെ.ശ്രീമതി, കെ.കെ.ഷൈലജ, പി.ജയരാജന്‍ തുടങ്ങിയവരുടെ രഹസ്യ പിന്തുണ അന്‍വറിനുണ്ടെന്നും ചെറിയാന്‍ ഫിലിപ്പ് പറഞ്ഞു.
◾ ഇ.പി ജയരാജന്‍ വധശ്രമക്കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ ഹര്‍ജി സുപ്രീം കോടതി തള്ളി. ഇ.പി. ജയരാജന്‍ വധശ്രമ കേസില്‍ കെ. സുധാകരനെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധിക്കെതിരെയാണ് കേരളം ഹര്‍ജി നല്‍കിയത്. രാഷ്ട്രീയ ലക്ഷ്യത്തോടുള്ളതെന്ന് വിലയിരുത്തിയാണ് സുപ്രീം കോടതി ഹര്‍ജി തളളിയത്.
◾ കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അര്‍ജുന്റെ ഡിഎന്‍എ താരതമ്യ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് ജില്ലാ ഭരണകൂടം. എന്നാല്‍ ആശുപത്രിയിലെ ഫോറന്‍സിക് വിഭാഗത്തിന്റെ വീഴ്ചയില്‍ സാംപിള്‍ ലാബിലേക്ക് എത്തിക്കുന്നത് വൈകാന്‍ കാരണമായി. അര്‍ജുന്റെ സഹോദരന്‍ അഭിജിത്തിന്റെ ഡിഎന്‍എ സാംപിള്‍ ശേഖരിച്ച് താരതമ്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. അര്‍ജുന്റെ തുടയെല്ലും നെഞ്ചിന്റെ ഭാഗത്തുള്ള വാരിയെല്ലിന്റെ ഒരു ഭാഗവുമാണ് അയച്ചിട്ടുള്ളത്. രണ്ട് ഡിഎന്‍എയും ഒത്തുപോകുന്നുവെന്ന് വാക്കാല്‍ വിവരം ലഭിച്ചാല്‍ത്തന്നെ മൃതദേഹത്തിന്റെ അവശേഷിപ്പുകള്‍ ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും. അര്‍ജുന്റെ സഹോദരീഭര്‍ത്താവ് ജിതിനും സഹോദരന്‍ അഭിജിത്തും ആംബുലന്‍സില്‍ മൃതദേഹത്തെ അനുഗമിക്കും.
◾ ആര്‍എസ്എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിലെ അന്വേഷണത്തിന്റെ ഭാഗമായി എഡിജിപി എംആര്‍ അജിത് കുമാറിന്റെ മൊഴി വീണ്ടും രേഖപ്പെടുത്തി. ഡിജിപി ഷെയ്ക്ക് ദര്‍ബേഷ് സാഹിബാണ് അജിത് കുമാറിന്റെ മൊഴിയെടുക്കുന്നത്. അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും അജിത് കുമാറിന്റെ മൊഴി രേഖപ്പെടുത്തും.
◾ എറണാകുളം സ്വദേശിയായ യുവാവിന് എംപോക്‌സ് രോഗം സ്ഥിരീകരിച്ചു. ഇയാള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. വിദേശത്ത് നിന്ന് വന്ന യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ യുഎഇയില്‍ നിന്ന് വന്ന മലപ്പുറം സ്വദേശിയായ 38 വയസുകാരനും എംപോക്സ് സ്ഥിരീകരിച്ചിരുന്നു.
◾ എം പോക്‌സ് വകഭേദം ക്ലേഡ് 1 രാജ്യത്ത് സ്ഥിരീകരിച്ചതോടെ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കി. ക്ലേഡ് രണ്ടിനെക്കാള്‍ അപകടകാരിയാണ് ക്ലേഡ് 1 എന്നും എം പോക്‌സ് സംശയിക്കുന്നവരുടെ സാമ്പിളുകള്‍ ഉടന്‍ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രം നിര്‍ദ്ദേശിച്ചു.
◾ കൃത്യമായി പഠിപ്പിച്ചാല്‍ കൃത്യമായി വണ്ടിയോടിക്കും എന്ന് കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂള്‍ തെളിയിച്ചെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ആനയറ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ആസ്ഥാനത്ത് കെഎസ്ആര്‍ടിസി ഡ്രൈവിംഗ് സ്‌കൂളിലെ ആദ്യ ബാച്ച് വിജയികള്‍ക്കുള്ള ഡ്രൈവിംഗ് ലൈസന്‍സ് വിതരണം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെഎസ്ആര്‍ടിസിയുടെ ഡ്രൈവിംഗ് സ്‌കൂളില്‍ പഠിച്ചവര്‍ക്ക് ഇനി മറ്റൊരു പരിശീലനത്തിന്റെ ആവശ്യമില്ലാതെ തന്നെ ആത്മവിശ്വാസത്തോടെ സ്വയം വണ്ടിയോടിച്ച് പോവാന്‍ കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
◾ കേരള വാട്ടര്‍ അതോറിറ്റിയുടെ അരുവിക്കരയിലുള്ള 86 എം എല്‍ ഡി ജലശുദ്ധീകരണശാലയില്‍ അടിയന്തര അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ 2024 സെപ്റ്റംബര്‍ 29 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വൈകുന്നേരം 6 മണി വരെ തിരുവനന്തപുരം നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.
◾ പട്ടാളപ്പുഴുവിനെ (ബ്ലാക് സോള്‍ജിയര്‍ ഫ്ളൈ) ഉപയോഗിച്ചുള്ള ജൈവമാലിന്യ സംസ്‌കരണ യൂണിറ്റ് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തില്‍ ഉദ്ഘാടനം ചെയ്തു. സ്വച്ഛഭാരത് കാംപയിന്റെ ഭാഗമായി പച്ചക്കറി മത്സ്യ ജൈവമാലിന്യങ്ങള്‍ സംസ്‌കരിക്കുന്നതിനാണ് യൂണിറ്റ് സ്ഥാപിച്ചത്. പട്ടാള പുഴുവിന്റെ ലാര്‍വ ഉപയോഗിച്ച് ജൈവമാലിന്യങ്ങള്‍ പ്രോട്ടീന്‍ ഉറവിടമാക്കി സംസ്‌കരിച്ചെടുക്കും. മത്സ്യത്തീറ്റ ഉല്‍പാദനത്തില്‍ ഫിഷ് മീലിന് പകരമായി ഇവ ഉപയോഗിക്കാനാകുമെന്നും സിഎംഎഫ്ആര്‍ഐ അറിയിച്ചു.
◾ തൃശ്ശൂരില്‍ വേലൂര്‍ തയ്യൂരില്‍ ലോറിക്ക് തീപിടിച്ചു. തയ്യൂരിലെ കിടക്ക നിര്‍മ്മാണ കമ്പനിയിലേക്ക് ചകിരി നാരുമായി വന്ന ലോറിക്കാണ് തീ പിടിച്ചത്. ലോറിക്ക് മുകളില്‍ ഉയര്‍ന്ന് നിന്നിരുന്ന ചകിരി നാര് വൈദ്യുതി കമ്പിയില്‍ ഉരസിയതാണ് തീപ്പിടുത്തത്തിന് കാരണമെന്ന് കരുതുന്നു. കുന്നംകുളത്ത് നിന്ന് ഫയര്‍ ഫോഴ്സെത്തി തീയണച്ചു.
◾ കോട്ടയത്ത് അജ്ഞാത മൃതദേഹം കണ്ടെത്തി. വട്ടമൂട് പാലത്തിനു സമീപം ആളൊഴിഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. അഴുകിയ നിലയില്‍ 40 വയസ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന തുടങ്ങി.
◾ ജയ്‌നഗറില്‍ നിന്ന് ഡല്‍ഹിയിലേക്ക് യാത്ര ചെയ്യുകയായിരുന്ന സ്വതന്ത്രത സേനാനി എക്‌സ്പ്രസിന് നേരെ കല്ലേറ്. ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് നേരെയുണ്ടായ കല്ലേറില്‍ നിരവധി യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ജനല്‍ ചില്ലുകള്‍ തകരുകയും ചെയ്തു. പരിക്കേറ്റ യാത്രക്കാരെ സമസ്തിപൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുള്ള യാത്രക്കാരുടെ സൗജന്യ ബാഗേജ് പരിധി വെട്ടിക്കുറച്ച നടപടി എയര്‍ ഇന്ത്യ എക്‌സ്പ്രസ് തിരുത്തി. സൗജന്യ ബാഗേജ് പരിധി എയര്‍ ഇന്ത്യ എക്‌സ്പ്രസ് പുനസ്ഥാപിച്ചു. മുപ്പത് കിലോ സൗജന്യ ബാഗേജ് അനുവദിച്ചുള്ള ഓഫര്‍ അറിയിപ്പ് ട്രാവല്‍ ഏജന്‍സികള്‍ക്ക് ലഭിച്ചു.
◾ ഹെലന്‍ ചുഴലിക്കാറ്റ് അത്യന്തം അപകടകാരിയായ കാറ്റഗറി 4 ചുഴലിക്കാറ്റായി കര തൊട്ടു. ഫ്‌ലോറിഡയിലെ ബിഗ് ബെന്‍ഡ് മേഖലയില്‍ പ്രാദേശിക സമയം രാത്രി 11 മണിക്ക് 209 കിലോ മീറ്റര്‍ വേഗതയിലാണ് ഹെലന്‍ ആഞ്ഞുവീശിയത്. യുഎസിലെ നാഷണല്‍ ഹരികെയിന്‍ സെന്റര്‍ (എന്‍എച്ച്‌സി) അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. പ്രളയത്തിനും മിന്നല്‍ പ്രളയത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.
◾ യു എന്‍ സുരക്ഷ സമിതിയില്‍ സ്ഥിരാംഗത്വത്തിനുള്ള ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ച് ഫ്രാന്‍സും ബ്രിട്ടനും. ഇന്ത്യയുടെ ഏറെക്കാലത്തെ ആവശ്യത്തെ ഫ്രാന്‍സ് പൂര്‍ണമായി പിന്തുണക്കുകയാണെന്ന് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ അറിയിച്ചു. യുകെ പ്രധാനമന്ത്രി കെയ്ര്‍ സ്റ്റാര്‍മറും ഇന്ത്യയുടെ ആവശ്യത്തെ പിന്തുണച്ചു. യുഎന്‍ രക്ഷാസമിതി സ്തംഭിച്ച അവസ്ഥയിലാണെന്നും പ്രാതിനിധ്യം വര്‍ധിപ്പിച്ച് കൂടുതല്‍ കാര്യക്ഷമമാക്കണമെന്നും മക്രോണ്‍ പറഞ്ഞു.
◾ ഇന്ത്യ - ബംഗ്ലാദേശ് ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരം തടസപ്പെടുത്തി മഴ. കാന്‍പുര്‍ ടെസ്റ്റില്‍ ഇന്ത്യയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ഒന്നാം ഇന്നിങ്സ് ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശ് രണ്ടാം സെഷന്‍ ബാറ്റിങ് ആരംഭിച്ചതിനു പിന്നാലെയാണ് മഴയെത്തിയത്. ഇതോടെ അമ്പയര്‍മാര്‍ മത്സരം നിര്‍ത്തിവെയ്ക്കുകയായിരുന്നു. നിലവില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ് ബംഗ്ലാദേശ്.
◾ ഒരു ദിവസത്തെ ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും റോക്കറ്റിലേറി സ്വര്‍ണം. ഇന്ന് ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഒറ്റയടിക്ക് വര്‍ധിച്ചത്. ഇതോടെ ഗ്രാം വില 7,100ലും പവന്‍ വില 56,800ലുമെത്തി. കേരളത്തിലെ ഇതു വരെയുള്ള ഏറ്റവും ഉയര്‍ന്ന വിലയാണിത്. സെപ്റ്റംബര്‍ 20 മുതല്‍ കുതിപ്പ് തുടരുന്ന സ്വര്‍ണം ഇതുവരെ പവന് 2,200 രൂപയുടെ വര്‍ധനയാണ് നേടിയത്. 18 കാരറ്റ് സ്വര്‍ണവിലയും ഇന്ന് 30 രൂപ വര്‍ധിച്ച് 5,870 രൂപയിലെത്തി. യുദ്ധഭീതിയില്‍ ഉയര്‍ച്ച ഇസ്രായേല്‍-ലെബനന്‍ സംഘര്‍ഷം കടുത്തതാണ് ഇപ്പോള്‍ സ്വര്‍ണ വിലയെ ഉയര്‍ത്തുന്നത്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,800 രൂപയാണങ്കിലും ഒരു പവന്‍ ആഭരണത്തിന് ഈ തുക മതിയാകില്ല. പണിക്കൂലിയടക്കം 61, 500 രൂപയ്ക്കടുത്ത് നല്‍കിയാലെ ഒരു പവന്‍ ആഭരണം ലഭ്യമാകൂ.
◾ വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റും സ്മാര്‍ട്ട് ഗ്ലാസുകളും അവതരിപ്പിച്ച് മെറ്റ. 'ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നൂതനമായ കണ്ണടകള്‍' എന്ന വിശേഷണത്തോടെയാണ് കാലിഫോര്‍ണിയയിലെ മെന്‍ലോ പാര്‍ക്കിലെ മെറ്റ ആസ്ഥാനത്ത് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് 'ഓറിയോണ്‍' അവതരിപ്പിച്ചത്. 100 ഗ്രാമില്‍ താഴെ ഭാരം വരുന്ന സ്മാര്‍ട്ട് ഗ്ലാസാണ് ഓറിയോണ്‍, ഇത് കമ്പനിയുടെ ആദ്യത്തെ ഉപഭോക്തൃ-ഗ്രേഡ് ഫുള്‍ ഹോളോഗ്രാഫിക് എആര്‍ ഗ്ലാസാണ്. കസ്റ്റം സിലിക്കണും സെന്‍സറുകളും സഹിതം നാനോ സ്‌കെയില്‍ ഘടകങ്ങളുള്ള ചെറിയ പ്രൊജക്ടറുകളും ഉള്‍പ്പെടുന്നു. സാധാരണ സ്മാര്‍ട്ട് ഗ്ലാസുകള്‍ പോലെ ഇവയും വോയ്സ്, എഐ എന്നിവ ഉപയോഗിച്ച് നിയന്ത്രിക്കാം. ഓറിയോണ്‍ എന്ന് പുറത്തിറക്കുമെന്ന് വ്യക്തമാക്കിയില്ലെങ്കിലും 'ഭാവിയുടെ നേര്‍ക്കാഴ്ച' എന്നാണ് സക്കര്‍ബര്‍ഗ് ഇതിനെ വിശേഷിപ്പിച്ചത്.
◾ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അമല്‍ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ 'ബോഗയ്ന്‍വില്ല'യിലെ പ്രൊമോ ഗാനം പുറത്തിറങ്ങി. 'സ്തുതി' എന്ന പേരില്‍ എത്തിയിരിക്കുന്ന ഗാനം ഒരുക്കിയത് സുഷിന്‍ ശ്യാമാണ്. ഒപ്പം കുഞ്ചാക്കോ ബോബന്റേയും ജ്യോതിര്‍മയിയുടേയും ഗംഭീര ഡാന്‍സുമായാണ് ഗാനം എത്തുന്നത്. ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കുന്ന വരികളും ഈണവുമായാണ് ഗാനം എത്തിയിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് സുഷിന്‍ ശ്യാം ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് മേരി ആന്‍ അലക്സാണ്ടറും സുഷിന്‍ ശ്യാമും ചേര്‍ന്നാണ്. ഏറെ നാളുകള്‍ക്ക് ശേഷം നടി ജ്യോതിര്‍മയി അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. തികച്ചും വേറിട്ട ലുക്കിലാണ് ചിത്രത്തില്‍ ജ്യോതിര്‍മയിയുള്ളത്. ഷറഫുദ്ദീന്‍, വീണ നന്ദകുമാര്‍, ശ്രിന്ദ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ ചിത്രത്തിലുണ്ട്. ക്രൈം ത്രില്ലര്‍ നോവലുകളിലൂടെ ശ്രദ്ധേയനായ ലാജോ ജോസിനൊപ്പം ചേര്‍ന്നാണ് അമല്‍ നീരദ് സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
◾ ബിജു മേനോന്‍, മേതില്‍ ദേവിക, നിഖില വിമല്‍, അനുശ്രീ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിഷ്ണു മോഹന്‍ സംവിധാനം ചെയ്ത ചിത്രമാണ് 'കഥ ഇന്നുവരെ'. ചിത്രത്തിലെ മറ്റൊരു വീഡിയോ ഗാനം കൂടി അണിയറക്കാര്‍ പുറത്തുവിട്ടു. 'ഇരവിതിലായ്' എന്നാരംഭിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് വിനായക് ശശികുമാര്‍ ആണ്. സംഗീത സംവിധായകന്‍ അശ്വിന്‍ ആര്യന്‍. അര്‍വിന്ദ് വേണുഗോപാല്‍ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. ഈ മാസം 20 ന് തിയറ്ററുകളിലെത്തിയ ചിത്രമാണിത്. വ്യത്യസ്തമായ ഒരു പ്രണയ കഥ പറയുന്ന ചിത്രത്തില്‍ ബിജു മേനോന്റെ ശക്തമായ കഥാപാത്രത്തോടൊപ്പം പ്രശസ്ത നര്‍ത്തകി മേതില്‍ ദേവിക ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നിഖില വിമലിന്റെയും അനുശ്രീയുടെയും കഥാപാത്രങ്ങളും മികച്ച പ്രേക്ഷകാഭിപ്രായമാണ് നേടിയിരിക്കുന്നത്.
◾ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ ഹെക്ടര്‍, ഹെക്ടര്‍ പ്ലസ് എസ്യുവികളുടെ 'സ്‌നോസ്റ്റോം' സ്‌പെഷ്യല്‍ എഡിഷന്‍ 21.53 ലക്ഷം രൂപയില്‍ അവതരിപ്പിച്ചു. ഹെക്ടര്‍ സ്നോസ്റ്റോമില്‍ പെട്രോള്‍ സിവിടി അല്ലെങ്കില്‍ ഡീസല്‍ മാനുവല്‍ ഗിയര്‍ബോക്‌സ് ഘടിപ്പിക്കും. അതിന്റെ വില യഥാക്രമം 21.53 ലക്ഷം രൂപയും 22.24 ലക്ഷം രൂപയുമാണ്. ഹെക്ടര്‍ പ്ലസ് സ്നോസ്റ്റോം പെട്രോള്‍ സിവിടി (7സീറ്റര്‍) യുടെ വില 22.29 ലക്ഷം രൂപയാണ്. അതേസമയം ഏഴ്, ആറ് സീറ്റ് ലേഔട്ടുകളില്‍ ലഭ്യമായ ഹെക്ടര്‍ പ്ലസ് സ്നോസ്റ്റോം ഡീസല്‍ മാനുവലിന് യഥാക്രമം 22.82 ലക്ഷം രൂപയും 23 ലക്ഷം രൂപയുമാണ് വില. ഇതോടൊപ്പം, കമ്പനി 2024 എംജി ആസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം ലിമിറ്റഡ് എഡിഷനും സെലക്ട് എംടി, സെലക്ട് സിവിടി എന്നീ രണ്ട് വേരിയന്റുകളില്‍ പുറത്തിറക്കി. യഥാക്രമം 13.44 ലക്ഷം രൂപ, 14.45 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ വില. ഹെക്ടറിന്റെയും ഹെക്ടര്‍ പ്ലസിന്റെയും ലിമിറ്റഡ് എഡിഷനില്‍ ഒരേ 143 ബിഎച്ച്പി, 1.5 എല്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനും 168 ബിഎച്ച്പി, 2.0 എല്‍ ഡീസല്‍ എഞ്ചിനും ഉപയോഗിക്കുന്നു. 109 ബിഎച്ച്പി പവറും 144 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 1.5 എല്‍ പെട്രോള്‍ എഞ്ചിന്‍ തന്നെയാണ് ആസ്റ്റര്‍ ബ്ലാക്ക്‌സ്റ്റോം എഡിഷനും ഉപയോഗിക്കുന്നത്. മാനുവല്‍, ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകള്‍ ലഭ്യമാണ്.
◾ മനുഷ്യചരിത്രത്തിലെതന്നെ മഹാസംഭവങ്ങളിലൊന്നായ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ രോമഹര്‍ഷണമായ ഒരു സന്ദര്‍ഭത്തിന്റെ ചിത്രീകരണമാണ് ഈ കഥ. അതിന്റെ നായകനായ ഗാന്ധിജിയുടെ പഠനമായിത്തീരുന്നതിലൂടെ ഈ രചന നമ്മുടെ ഭാഷയില്‍ എഴുതപ്പെട്ട ഗാന്ധിസാഹിത്യങ്ങളില്‍ സവിശേഷമായ സ്ഥാനത്തിന് അര്‍ഹമായിത്തീരുന്നു. 'ജ്ഞാനസ്നാനം'. സുഭാഷ് ചന്ദ്രന്‍. മാതൃഭൂമി. വില 120 രൂപ.
◾ തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ക്രമേണ ബാധിക്കുന്ന ഒരു രോഗാവസ്ഥയാണ് ഡിമെന്‍ഷ്യ അഥവാ മറവിരോഗം. ഓര്‍മ, ചിന്ത, സാമൂഹിക കഴിവുകള്‍ തുടങ്ങിയ വൈജ്ഞാനിക പ്രവര്‍ത്തനങ്ങളെ ഇത് തടസ്സപ്പെടുത്തുന്നു. ഡിമെന്‍ഷ്യ സാധാരണ വാര്‍ദ്ധക്യത്തില്‍ സംഭവിക്കുന്ന ഒരു രോഗമായാണ് കണക്കാക്കുന്നത് എന്നാല്‍ ചെറുപ്പക്കാര്‍ക്കിടയിലും ഡിമെന്‍ഷ്യ ബാധിതരുടെ എണ്ണം വര്‍ധിച്ചു വരുന്നതായെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചെറുപ്പക്കാര്‍ക്കിടയില്‍ സംഭവിക്കുന്ന ഡിമെന്‍ഷ്യ ലക്ഷണങ്ങളെ പൊതുവെ വിഷാദ രോഗമായും ഉത്കണ്ഠയുടെ ലക്ഷണമായും തെറ്റുദ്ധരിക്കാറുണ്ട്. ഇത് ദൈനംദിന ജീവിതത്തെയും ആശയവിനിമയത്തെയും ബാധിക്കുന്നു. കൂടാതെ വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും ആശയക്കുഴപ്പവും കരിയറിനെ ബാധിക്കുകയും ചെയ്യാം. 65 വയസിന് താഴെയുള്ളവരെ ബാധിക്കുന്ന മറവി രോഗത്തെ യങ്-ഓണ്‍സെറ്റ് ഡിമെന്‍ഷ്യ അഥവാ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യ എന്നാണ് അറിയപ്പെടുന്നത്. ഈ അവസ്ഥയെ നമ്മള്‍ക്ക് നേരത്തെ തന്നെ പിടിച്ചുനിര്‍ത്താന്‍ സാധിക്കും. ജെഎഎംഎ ന്യൂറോളജിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ വര്‍ക്കിങ്-ഏയ്ജ് ഡിമെന്‍ഷ്യയുടെ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങളെ കുറിച്ച് വ്യക്തമാക്കുന്നു. യുകെ ആസ്ഥാനമായി നടന്ന പഠനത്തില്‍ 65 വയസിന് താഴെയുള്ള 3,56,052 ആളുകളാണ് ഭാഗമായത്. ചെറുപ്പത്തില്‍ ഡിമെന്‍ഷ്യ സാധ്യത വര്‍ധിപ്പിക്കുന്ന 15 ഘടകങ്ങള്‍ ഇവയാണ്. താഴ്ന്ന സാമൂഹിക സാമ്പത്തിക നില, സാമൂഹികമായ ഒറ്റപ്പെടലും ഏകാന്തതയും, ശ്രവണ വൈകല്യം, സ്ട്രോക്ക്, പ്രമേഹം, ഹൃദ്രോഗങ്ങള്‍, വിഷാദം, വിറ്റാമിന്‍ ഡിയുടെ കുറവ്, ഉയര്‍ന്ന സി-റിയാക്ടീവ് പ്രോട്ടീന്‍ അളവ്, എപിഒഇ4 ജീന്‍ വകഭേദങ്ങള്‍ (അല്‍ഷിമേഴ്സ് രോഗവുമായി ബന്ധപ്പെട്ടത്), മദ്യപാനം, ശാരീരിക ബലഹീനത, കൈകള്‍ക്ക് ബലക്കുറവ്, വിട്ടുമാറാത്ത സമ്മര്‍ദം, ഏകാന്തത.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.68, പൗണ്ട് - 111.90, യൂറോ - 93.19, സ്വിസ് ഫ്രാങ്ക് - 98.94, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.65, ബഹറിന്‍ ദിനാര്‍ - 222.04, കുവൈത്ത് ദിനാര്‍ -274.27, ഒമാനി റിയാല്‍ - 217.38, സൗദി റിയാല്‍ - 22.31, യു.എ.ഇ ദിര്‍ഹം - 22.78, ഖത്തര്‍ റിയാല്‍ - 22.99, കനേഡിയന്‍ ഡോളര്‍ - 62.06.
➖➖➖➖➖➖➖➖
Tags:
KERALA