Trending

സായാഹ്ന വാർത്തകൾ

 26-09-2024

◾ തൃശൂര്‍ പൂരം കലക്കലില്‍ എഡിജിപി എംആര്‍ അജിത് കുമാറിന്റെ റിപ്പോര്‍ട്ട് തള്ളി പുതിയ അന്വേഷണത്തിന് ശുപാര്‍ശ. അജിത് കുമാറിനെതിരെ ഡിജിപിതല അന്വേഷണത്തിനും പൂരം കലക്കലില്‍ മറ്റൊരു അന്വേഷണത്തിനുമാണ് ആഭ്യന്തര സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയുടെ ശുപാര്‍ശ. സ്ഥലത്തുണ്ടായിട്ടും പൂരം തടസപ്പെട്ടപ്പോള്‍ അജിത് കുമാര്‍ ഇടപെടാത്തതില്‍ കടുത്ത വിമര്‍ശനമാണ് ഡിജിപി ഉന്നയിച്ചത്. റിപ്പോര്‍ട്ട് അഞ്ച് മാസം വൈകിയതിലുമുണ്ടായിരുന്നു കുറ്റപ്പെടുത്തല്‍.

◾ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘം സംസ്ഥാനത്തെ പൊലീസ് സംവിധാനം തകര്‍ത്തതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ അനുഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ഡിജിപി പറഞ്ഞാല്‍ എഡിജിപിയും, ഐജിമാരും ഡിഐജിമാരും പറഞ്ഞാല്‍ എസ്പി മാരും അനുസരിക്കുന്നില്ല. മുഖ്യമന്ത്രിയുടെ പരിപൂര്‍ണ പിന്തുണ എഡിജിപി എംആര്‍ അജിത്ത് കുമാറിനും പി ശശിക്കുമാണെന്ന് അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ അറിവോടെയാണ് പൂരം കലക്കിയതെന്നും അതാണ് ഈ കരുതലിന് കാരണമെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു

◾ കര്‍ണാടകയിലെ ഗംഗാവലി പുഴയില്‍ നിന്നും അര്‍ജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ കണ്ടെത്തിയതില്‍ മകന്റെ കളിപ്പാട്ടവും. ഈ കളിപ്പാട്ടം ലോറിയില്‍ കാബിന് മുന്നില്‍ വെച്ചാണ് അര്‍ജുന്‍ യാത്ര ചെയ്തിരുന്നതെന്നും മകന് വേണ്ടി അര്‍ജുന്‍ വാങ്ങി നല്‍കിയതായിരുന്നു ഇതെന്നും അനിയന്‍ അഭിജിത്ത് പറഞ്ഞു. ലോറിയുമായി ദൂരയാത്രയ്ക്ക് പോയപ്പോള്‍ മകന്റെ ഓര്‍മ്മകളെ ഒപ്പം കൂട്ടാനായി അര്‍ജുന്‍ കൊണ്ടുപോയതായിരുന്നു ഈ കളിപ്പാട്ടം.

◾ അര്‍ജുന്റെ ലോറി ഗംഗാവലി പുഴയില്‍ നിന്ന് പൂര്‍ണ്ണമായി കരക്കെത്തിച്ചത് ഇന്ന് രാവിലെ. ലോറിയില്‍ നിന്ന് അര്‍ജുന്‍ യാത്രയില്‍ ഉപയോഗിച്ച മിക്ക വസ്തുക്കളും കണ്ടെടുത്തു. അര്‍ജുന്റെ ബാഗ്, രണ്ട് ഫോണുകള്‍, പാചകത്തിനുപയോഗിക്കുന്ന കുക്കര്‍ ഉള്‍പ്പെടെയുള്ള പാത്രങ്ങള്‍, വാച്ച്, ചെരിപ്പുകള്‍ എന്നിവയാണ് കണ്ടെടുത്തത്. കാബിന്റെ ഭാഗത്തുള്ള ചെളി നീക്കിയപ്പോഴാണ് അര്‍ജുന്‍ ഉപയോഗിച്ചിരുന്ന വസ്തുക്കള്‍ കിട്ടിയത്.

◾ ഷിരൂര്‍ മണ്ണിടിച്ചിലില്‍ ജീവന്‍ നഷ്ടമായ അര്‍ജുന്റെ കുടുംബത്തിന് സാമ്പത്തിക സഹായം നല്‍കുന്ന കാര്യം പരിഗണിക്കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് എം കെ രാഘവന്‍ എംപി. ഇക്കാര്യം മുഖ്യമന്ത്രി സിദ്ധരാമയ്യയോട് ഉന്നയിച്ചിരുന്നു. ഒരു മലയാളിയെ കണ്ടെത്താന്‍ കര്‍ണാടക സര്‍ക്കാര്‍ നടത്തിയ പരിശ്രമത്തിന് നന്ദിയെന്നും സന്മനസ്സാണ് കര്‍ണാടക സര്‍ക്കാര്‍ കാണിച്ചതെന്നും മനുഷ്യസാധ്യമായതെല്ലാം ഷിരൂരില്‍ ചെയ്‌തെന്നും അദ്ദേഹം പറഞ്ഞു.

◾ രാജ്യത്ത് തൊഴിലില്ലായ്മ ഏറ്റവും രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നായി മാറിയിരിക്കുകയാണ് കേരളമെന്ന റിപ്പോര്‍ട്ട് ഏറെ ആശങ്ക ഉയര്‍ത്തുന്നതാണെന്ന് മുന്‍ കേന്ദ്ര മന്ത്രിയും ബി ജെ പി നേതാവുമായ രാജീവ് ചന്ദ്രശേഖര്‍ . പതിറ്റാണ്ടുകള്‍ നീണ്ട ഇടത് കോണ്‍ഗ്രസ് ഭരണത്തിന്റെ ബാക്കിപത്രമാണിതെന്ന് അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു. ഏറ്റവും പുതിയ പീരിയോഡിക് ലേബര്‍ ഫോഴ്സ് സര്‍വേ പ്രകാരം കേരളത്തിലെ സ്ത്രീകളില്‍ 47.1% ഉം പുരുഷന്മാരില്‍ 19.3% ഉം തൊഴില്‍രഹിതരാണെന്നും അദ്ദേഹം പറഞ്ഞു.

◾ നിലമ്പൂര്‍ എംഎല്‍എ പി വി അന്‍വര്‍ ഇന്ന് വൈകീട്ട് മാധ്യമങ്ങളെ കാണുമെന്ന് ഫേസ്ബുക്ക് കുറിപ്പ്. വിശ്വാസങ്ങള്‍ക്കും വിധേയത്വത്തിനും താല്‍ക്കാലികതക്കും അപ്പുറം ഓരോ മനുഷ്യനിലും ഉള്ള ഒന്നാണു ആത്മാഭിമാനം. അതിത്തിരി കൂടുതലുണ്ട്. നീതിയില്ലെങ്കില്‍ നീ തീയാവുക എന്നാണല്ലോ എന്നും കുറിപ്പിലുണ്ട്.

◾ മുഖ്യമന്ത്രിക്കെതിരെ പരോക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം നിയാസ് പുളിക്കലത്ത്. രാജാവ് നഗ്‌നനാണ് എന്ന തലക്കെട്ടിലാണ് നിയാസ് പുളിക്കലകത്തിന്റെ എഫ്ബി കുറിപ്പ്. ശിഷ്ടകാലം അടിച്ചുപൊളിച്ചു ജീവിക്കാന്‍ ഉള്ളത് എങ്ങിനെയെങ്കിലും സമ്പാദിക്കണം എന്ന വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ജീര്‍ണ്ണത ഇന്ന് ഇടതുപക്ഷത്തേക്ക് കൂടെ വ്യാപിച്ചിട്ടുണ്ടോയെന്ന് പോസ്റ്റില്‍ ചോദിക്കുന്നു. തിരൂരങ്ങാടിയില്‍ രണ്ടുതവണ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചയാളാണ് നിയാസ് പുളിക്കല്‍

◾ ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി നിധിന്‍ മധുകര്‍ ജാംദാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. തിരുവനന്തപുരത്ത് രാജ് ഭവനില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുത്തു. മഹാരാഷ്ട്രാ സ്വദേശിയായ നിധിന്‍ മധുകര്‍ നേരത്തെ മുംബൈ ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു.

◾ അന്തരിച്ച സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ മകള്‍ ആശയുടെ അഭിഭാഷകര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ആശാ ലോറന്‍സിന്റെ അഭിഭാഷകന്‍ കൃഷ്ണരാജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന് കളമശ്ശേരി മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കേസെടുത്തത്. അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. 

◾ ബലാത്സംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളി മൂന്ന് ദിവസമായിട്ടും നടന്‍ സിദ്ദിഖിനെ അറസ്റ്റ് ചെയ്യാതെ പൊലീസ്. സിദ്ദിഖ് എവിടെയെന്ന് പോലും കണ്ടെത്താന്‍ കഴിയാതെ ലുക്ക് ഔട്ട് നോട്ടീസിറക്കി കാത്തിരിക്കുകയാണ് അന്വേഷണസംഘം. സുപ്രീംകോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത് വരെ പിടികൊടുക്കേണ്ടെന്നാണ് അഭിഭാഷകര്‍ സിദ്ദിഖിനോട് നിര്‍ദേശിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

◾ ശരിയായ അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ തന്നെ പ്രതിയാക്കിയതെന്ന് നടന്‍ സിദ്ദിഖ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വ്യക്തമാക്കുന്നു. താരസംഘടനയായ അമ്മയും ഡബ്ല്യുസിസിയും തമ്മിലുള്ള തര്‍ക്കത്തിന്റെ ഇരയാണ് താനെന്നും ജാമ്യാപേക്ഷയിലുണ്ട്. ഓണ്‍ലൈന്‍ ആയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്.

◾ നടന്‍ സിദ്ദിഖിനെ പിടികൂടാത്തതില്‍ പോലീസിനെ രൂക്ഷമായി വിമര്‍ശിച്ച് സി.പി.ഐ മുഖപത്രം ജനയുഗം. കടുത്ത കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട സിദ്ദിഖിനെ പിടികൂടുന്നതില്‍ അന്വേഷണസംഘത്തിന് അമാന്തമുണ്ടായോ എന്ന സംശയവുമുയര്‍ന്നിട്ടുണ്ടെന്ന് ലേഖനത്തില്‍ പറയുന്നു. പഴുതുണ്ടാകരുത് പണക്കൊഴുപ്പിന്, അതിജീവിതര്‍ക്ക് നീതി ലഭിക്കണം എന്ന തലക്കെട്ടിലുള്ള മുഖപ്രസംഗത്തിലാണ് രൂക്ഷവിമര്‍ശനം.

◾ എന്‍ സി പി യുടെ സംസ്ഥാന വൈസ് പ്രസിഡന്റ് രാജന്‍ മാസ്റ്ററുടെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന മന്ത്രി എകെ ശശീന്ദ്രന്റെ ആവശ്യം പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ പി.സി.ചാക്കോ അംഗീകരിച്ചില്ല. രാജന്‍ മാസ്റ്റര്‍ നടത്തിയത് വിമത പ്രവര്‍ത്തനമാണെന്നും അച്ചടക്ക നടപടി അങ്ങനെ തന്നെ തുടരുമെന്നും ചാക്കോ വ്യക്തമാക്കി. എ.കെ ശശീന്ദ്രനും പാര്‍ട്ടിയുടെ ആഭ്യന്തര കാര്യങ്ങള്‍ പുറത്ത് ചര്‍ച്ചയാക്കരുതെന്നും രാജന്‍ മാസ്റ്ററുടെ സസ്‌പെന്‍ഷന്‍ പിന്‍വലിക്കണമെന്ന മന്ത്രിയുടെ പരസ്യ പ്രസ്താവയില്‍ പിസി ചാക്കോ പറഞ്ഞു.

◾ തൃശൂരില്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ കേരള പൊലീസ് ഗ്രേഡ് എസ്.ഐ ചന്ദ്രശേഖരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ടു വര്‍ഷം മുമ്പ് ചാപ്പാറ വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്ത് കാറില്‍ വച്ച് പീഡിപ്പിച്ചെന്ന് വിദ്യാര്‍ത്ഥിനി കൗണ്‍സിലിങില്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നാണ് എസ്.ഐയെ കസ്റ്റഡിയിലെടുത്തത്. പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍ പൊലീസിനെ അറിയിച്ചതിന് പിന്നാലെ തൃശൂര്‍ റൂറല്‍ വനിതാ പൊലീസ് കേസെടുത്തിരുന്നു.

◾ കോഴിക്കോട് താമരശ്ശേയില്‍ വിദ്യാര്‍ത്ഥിനി ബസിന്റെ ഹൈഡ്രോളിക് ഡോറില്‍ കുടുങ്ങിയ സംഭവത്തില്‍ നടപടിക്ക് പൊലീസും മോട്ടോര്‍ വാഹന വകുപ്പും. ജീവനക്കാര്‍ക്കെതിരെ കേസെടുത്ത പൊലീസ് ബസ് കസ്റ്റഡിയിലെടുത്തു. പൊലീസിനൊപ്പം മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കും. ബസ് ജീവനക്കാരോട് മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മുന്‍പാകെ ഹാജരാവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് താമരശ്ശേരിയില്‍ സ്വകാര്യ ബസിന്റെ ഹൈഡ്രോളിക് ഡോറിന് ഇടയില്‍പ്പെട്ട് വിദ്യാര്‍ത്ഥിനിക്ക് പരിക്കേറ്റത്.

◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് വയനാട് പൊന്നടയില്‍ വീട് ഒരുങ്ങുന്നു. തൃശൂര്‍ , ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വീട് നിര്‍മ്മിച്ചു നല്‍കുന്നത്. പതിനൊന്നര സെന്റ് ഭൂമിയില്‍ 1500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടാണ് നിര്‍മ്മിക്കുന്നത്.

◾ തൃശൂര്‍ കയ്പമംഗലത്ത് 40കാരനെ തല്ലിക്കൊന്ന് ആംബുലന്‍സില്‍ കയറ്റിവിട്ട സംഭവത്തില്‍ ഒമ്പത് പ്രതികളും വലയിലായതായി പൊലീസ്. മുഖ്യപ്രതികളായ കണ്ണൂര്‍ സംഘത്തിലെ സാദിഖ് ഉള്‍പ്പടെ നാലു പേരും പിടിയിലായവരിലുണ്ട്. ഇറിഡിയം നല്‍കാമെന്ന് പറഞ്ഞ് സാദിഖിന്റെ പക്കല്‍ നിന്നും പലപ്പോഴായി അമ്പത് ലക്ഷത്തോളം തട്ടിയതിന്റെ പ്രതികാരമായിരുന്നു അരുണെന്ന നാല്പതു കാരന്റെ കൊലപാതകമെന്നാണ് റിപ്പോര്‍ട്ട്.

◾ തൃശൂര്‍ പെരുമ്പിലാവ് അറക്കല്‍ പള്ളിക്ക് സമീപം ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ബുള്ളറ്റിന് പിന്നില്‍ ഇരുന്നു യാത്ര ചെയ്ത 15 വയസ്സുകാരന്‍ മരിച്ചു. ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് പരിക്കേറ്റു. ചാലിശ്ശേരി ആലിക്കല്‍ സ്വദേശി വേങ്ങാട്ട് പറമ്പില്‍ വീട്ടില്‍ അജിതന്റെ മകന്‍ 15 വയസ്സുള്ള അതുല്‍ കൃഷ്ണയാണ് മരിച്ചത്.

◾ തമിഴ്നാട്ടിലെ പുതുക്കോട്ട ജില്ലയില്‍ അഞ്ചംഗ കുടുംബത്തെ കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന് പൊലീസ്. ബിസിനസുകാരനായ മണികണ്ഠന്‍, ഭാര്യ നിത്യ, അമ്മ സരോജ, അവരുടെ രണ്ട് കുട്ടികള്‍ എന്നിവരാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞു. സംഭവം കൂട്ട ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഉപേക്ഷിക്കപ്പെട്ട കാറിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയതെന്നും പൊലീസ് അറിയിച്ചു.

◾ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ അമ്പതിലേറെ മരുന്നുകള്‍ക്ക് ഗുണനിലവാരമില്ലെന്ന് കണ്ടെത്തി. ചില കമ്പനികളുടെ കാല്‍സ്യം, വിറ്റാമിന്‍ D3 സപ്ലിമെന്റ്‌സ്, പ്രമേഹ മരുന്നുകള്‍, ഉയര്‍ന്ന രക്തസമ്മര്‍ദത്തിനുള്ള മരുന്നുകള്‍, പാരസെറ്റാമോള്‍ തുടങ്ങിയവയാണ് ഗുണമേന്മാ പരിശോധനയില്‍ പരാജയപ്പെട്ടത്.

◾ പ്രമുഖ പോഡ്കാസ്റ്റര്‍ രണ്‍വീര്‍ അള്ളാബാദിയയുടെ ബിയര്‍ ബൈസെപ്സ് ഉള്‍പ്പെടെയുള്ള രണ്ട് യൂട്യൂബ് ചാനലുകള്‍ ബുധനാഴ്ച രാത്രി ഹാക്ക് ചെയ്തു. രണ്ട് ചാനലിലെയും മുഴുവന്‍ വീഡിയോകളും ഡിലീറ്റ് ചെയ്തു. രണ്ട് ചാനലുകളുടെയും പേരുകള്‍ ടെസ്ല എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. അടുത്തിടെ സുപ്രീം കോടതിയുടെ യൂട്യൂബ് ചാനല്‍ ഹാക്ക് ചെയ്യപ്പെട്ടതിന് പിന്നാലെയാണ് ഈ സംഭവം.

◾ വന്ദേഭാരത് ട്രെയിനില്‍ ഭജനയുമായി ഹൈദരാബാദിലെ ബിജെപി നേതാവ് മാധവി ലത. തിരുപ്പതി ക്ഷേത്രത്തിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു മാധവി ലതയുടെ നടപടി. ഒരു സംഘം ആളുകള്‍ക്കൊപ്പം ആയിരുന്നു മാധവി ലതയുടെ യാത്ര. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുസ്ലീം പള്ളിക്ക് നേരെ അമ്പ് ചെയ്യുന്നത് പോലെ കാണിച്ച് മാധവി ലത നേരത്തെ വിവാദത്തിലായിരുന്നു.

◾ പട്‌ന ഹൈക്കോടതിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. വിധവയ്ക്ക് മേക്കപ്പ് ആവശ്യമില്ലെന്ന് 1985 ലെ ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ട് പട്ന ഹൈക്കോടതി നടത്തിയ പരാമര്‍ശത്തിലാണ് സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശനം. അത്തരമൊരു പരാമര്‍ശം ഹൈക്കോടതിയില്‍ നിന്ന് പ്രതീക്ഷിക്കുന്ന നീതിബോധത്തിനും നിഷ്പക്ഷതയ്ക്കും ചേര്‍ന്നതല്ലെന്ന് സുപ്രിംകോടതി വ്യക്തമാക്കി.

◾ കനത്ത മഴയെ തുടര്‍ന്ന് മുംബൈയില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി. ഇന്നലെ പെയ്ത മഴയില്‍ റോഡുകള്‍ വെള്ളത്തിനടിയിലായി. വെള്ളക്കെട്ട് കടുത്ത ഗതാഗത കുരുക്കിന് കാരണമായി. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, വിസ്താര എന്നിവയുടെ ചില വിമാനങ്ങള്‍ ഇന്നലെ രാത്രി വഴിതിരിച്ചുവിട്ടു. മുംബൈയിലെ മോശം കാലാവസ്ഥ വിമാന സര്‍വ്വീസുകളെ ബാധിക്കാനിടയുണ്ടെന്നും യാത്രക്കാര്‍ ഫ്‌ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണമെന്നും വിമാന കമ്പനികള്‍ ആവശ്യപ്പെട്ടു.

◾ ഹെലന്‍ ചുഴലിക്കാറ്റ് ഇന്ന് ശക്തിപ്രാപിക്കാനിരിക്കെ അമേരിക്കയില്‍ അതീവ ജാഗ്രത. നിലവില്‍ കാറ്റഗറി 1 വിഭാഗത്തിലുള്ള ചുഴലിക്കാറ്റ് വൈകുന്നേരത്തോടെ കാറ്റഗറി 4 വിഭാഗത്തിലേക്ക് ശക്തി പ്രാപിക്കുമെന്നും ഫ്‌ളോറിഡയില്‍ തീരം തൊടുകയെന്നുമാണ് മുന്നറിയിപ്പ്. ഹെലന്‍ അപകടകാരിയാവാന്‍ സാധ്യതയുണ്ടെന്നും വെള്ളപ്പൊക്കമുണ്ടായേക്കാം എന്നും മുന്നറിയിപ്പുണ്ട്. ഫ്‌ലോറിഡയിലും തെക്ക് - കിഴക്കന്‍ യുഎസിലുമാണ് നാഷണല്‍ ഹരികെയിന്‍ സെന്റര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയത്. 

◾ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സ്വിഗിയുടെ 11,000 കോടി സമാഹരണം ലക്ഷ്യമിട്ടുള്ള പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് സെബി അനുമതി നല്‍കിയതോടെ ഓഹരി വാങ്ങാന്‍ ഇടിച്ചു കയറി സെലിബ്രിറ്റി നിക്ഷേപകര്‍. നവംബറില്‍ ഐ.പി.ഒ നടന്നേക്കും. 3,750 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 6,664 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും ഉള്‍പ്പെട്ടതായിരിക്കും ഐ.പി.ഒ. ബോളിവുഡ് താരം അമിതാഭ് ബച്ചനാണ് ആദ്യം എത്തിയത്. കഴിഞ്ഞയാഴ്ച മാധുരി ദീക്ഷിത് നിക്ഷേപം നടത്തിയിരുന്നു. ഇപ്പോള്‍ ബോളിവുഡ് ഡയറക്ടര്‍ കരണ്‍ ജോഹറും ക്രിക്കറ്റ് താരങ്ങളായ രാഹുല്‍ ദ്രാവിഡ്, സഹീര്‍ഖാന്‍, ടെന്നീസ് താരം റോഹന്‍ ബൊപ്പണ്ണ, സംരംഭകനായ ആഷിഷ് ചൗധരി എന്നിവരും സ്വിഗിയുടെ ഓഹരികള്‍ സ്വന്തമാക്കി. ഈ മാസം ആദ്യം മോഡേണ്‍ ഇന്‍സുലേറ്റര്‍ എന്ന കമ്പനി സ്വിഗിയില്‍ അഞ്ച് കോടിയുടെ നിക്ഷേപം നടത്തിയിരുന്നു. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ സ്വിഗി മികച്ച വളര്‍ച്ച കൈവരിച്ചതാണ് ഓഹരികള്‍ക്ക് ഡിമാന്റ് കൂട്ടുന്നത്. കമ്പനിയുടെ നഷ്ടം മുന്‍വര്‍ഷത്തേക്കാള്‍ 44 ശതമാനം കുറച്ച് 2,350 കോടി രൂപയിലെത്തി. വരുമാനം 36 ശതമാനം വര്‍ധച്ച് 11,247 കോടി രൂപയിലുമെത്തി.

◾ സ്പാം കോളുകളും സന്ദേശങ്ങളും തടയുന്നതിനായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സാങ്കേതികവിദ്യ അവതരിപ്പിക്കാന്‍ എയര്‍ടെല്‍. വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. ഇത് സ്പാം കോളുകളെയും സന്ദേശങ്ങളെയും കുറിച്ച് ഉപയോക്താക്കളെ അറിയിക്കും. കോളുകള്‍ 2 മില്ലിസെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യും. എല്ലാ എയര്‍ടെല്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായി ലഭ്യമാകും. പ്രതിദിനം 150 കോടി സന്ദേശങ്ങളും 250 കോടി കോളുകളും പ്രോസസ്സ് ചെയ്യും. ഓരോ ദിവസവും ഉത്ഭവിക്കുന്ന 10 കോടി സ്പാം കോളുകളും 30 ലക്ഷം സ്പാം എസ്എംഎസുകളും തിരിച്ചറിയാനാകും. സാങ്കേതികവിദ്യ സ്വയം കോളിനെ തടയില്ല. എന്നാല്‍ കോളുകള്‍ തടയുന്നത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് തീരുമാനമെടുക്കാന്‍ കഴിയുന്നവിധം അലര്‍ട്ടുകള്‍ നല്‍കും. ചിലപ്പോള്‍ തെറ്റുകള്‍ സംഭവിക്കാം. യഥാര്‍ഥ കോളുകള്‍ പോലും സ്പാമായി പ്രദര്‍ശിപ്പിക്കപ്പെട്ടേക്കാം.

◾ റെജിസ് ആന്റണി സംവിധാനം ചെയ്യുന്ന 'സ്വര്‍ഗം' എന്ന സിനിമയിലെ കല്യാണപ്പാട്ട് പുറത്തിറങ്ങി. ഒരു തനി നാടന്‍ കല്യാണ വൈബ് സമ്മാനിക്കുന്ന ഗാനം പഴയ തലമുറയ്ക്കും പുതിയ തലമുറയ്ക്കും ഒരുപോലെ ആസ്വദിക്കാവുന്ന വരികളും ഈണവും ചേര്‍ന്നതാണ്. സന്തോഷ് വര്‍മ്മയുടെ വരികള്‍ക്ക് ജിന്റോ ജോണ്‍ ഈണം നല്‍കിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഹരിചരണ്‍, സുദീപ് കുമാര്‍, അന്ന ബേബി എന്നിവര്‍ ചേര്‍ന്നാണ്. ഒക്ടോബറില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. അജു വര്‍ഗീസും ജോണി ആന്റണിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന 'സ്വര്‍ഗ'ത്തില്‍ മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

◾ സിനിമയിലെ ചില ഭാഗങ്ങള്‍ കട്ട് ചെയ്താല്‍ കങ്കണ റണാവത്തിന്റെ 'എമര്‍ജന്‍സി'ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാമെന്ന് സെന്‍സര്‍ ബോര്‍ഡ്. ബോംബെ ഹൈകോടതിയിലാണ് ഇക്കാര്യത്തില്‍ നിലപാട് അറിയിച്ചത്. സിനിമയില്‍ വരുത്തേണ്ട 11 മാറ്റങ്ങളെ സംബന്ധിക്കുന്ന രേഖ സെന്‍സെര്‍ ബോര്‍ഡ് സമര്‍പ്പിച്ചിട്ടുണ്ട്. എമര്‍ജന്‍സിക്കുള്ള സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് അനധികൃതമായി ബോര്‍ഡ് വൈകിപ്പിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സീ എന്റര്‍ടെയിന്‍മെന്റ് ആണ് ഹര്‍ജി സമര്‍പ്പിച്ചത്. സെപ്റ്റംബര്‍ ആറിനായിരുന്നു എമര്‍ജന്‍സി റിലീസ് ചെയ്യാനിരുന്നത്. ബിജെപി എംപി കൂടിയായ കങ്കണ തന്നെയാണ് ചിത്രത്തിന്റെ സംവിധായകയും സഹ നിര്‍മ്മാതാവും. ഇന്ദിരാ ഗാന്ധി ആയാണ് ചിത്രത്തില്‍ കങ്കണ വേഷമിടുന്നത്. സിഖ് സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയതോടെയാണ് എമര്‍ജന്‍സി വിവാദമായത്. അനുപം ഖേര്‍, ശ്രേയസ് തല്‍പഡെ, മഹിമ ചൗധരി, മിലിന്ദ് സോമന്‍, സതീഷ് കൗശിക് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. മലയാളി താരം വൈശാഖ് നായര്‍ ആണ് ചിത്രത്തില്‍ സഞ്ജയ് ദത്ത് ആയി വേഷമിടുന്നത്.

◾ ഥാറിന്റെ അഞ്ച് ഡോര്‍ മോഡല്‍ റോക്സിന്റെ 4ഃ4 വേരിയന്റുകളുടെ വില പ്രഖ്യാപിച്ച് മഹീന്ദ്ര. നാലു മോഡലുകളില്‍ ലഭിക്കുന്ന റോക്സ് 4ഃ4 ന്റെ എംഎക്സ് 5 മാനുവലിന് 18.79 ലക്ഷം രൂപയും എഎക്സ് 5 എല്‍ ഓട്ടമാറ്റിക്കിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എല്‍ മാനുവലിന് 20.99 ലക്ഷം രൂപയും എഎക്സ് 7 എല്‍ ഓട്ടമാറ്റിക്കിന് 22.49 ലക്ഷം രൂപയുമാണ് വില. മഹീന്ദ്രയുടെ 2.2 ലീറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനാണ് വാഹനത്തിന് കരുത്ത് പകരുന്നത്. 175 ബിഎച്ച്പി കരുത്തും 370 എന്‍എം ടോര്‍ക്കുമുണ്ട്. മഹീന്ദ്രയുടെ 4 എക്സ്പ്ലോറര്‍ സിസ്റ്റം ഉപയോഗിക്കുന്ന വാഹനത്തിന് ഇലക്ട്രോണിക് ഡിഫ്രന്‍ഷ്യല്‍ ലോക്കും സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളുമുണ്ട്. നേരത്തെ റോക്സ് 4ഃ2 മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. 12.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയാണ്. പെട്രോള്‍ മോഡലിന്റെ വില 12.99 ലക്ഷം രൂപ മുതല്‍ 19.99 ലക്ഷം രൂപ വരെയും ഡീസല്‍ മോഡലുകളുടെ വില 13.99 ലക്ഷം രൂപ മുതല്‍ 20.49 ലക്ഷം രൂപ വരെയുമാണ്. സിപ്, സൂം ഡ്രൈവ് മോഡുകളാണ് റോക്സിന്. കൂടാതെ സ്നോ, സാന്റ്, മഡ് ടെറൈന്‍ മോഡുകളും.

◾ കുരുന്നുഭാവനയ്ക്ക് ചിറകുകളേകുന്ന രസകരമായ 50 കവിതകളുടെ സമാഹാരം. ഈണത്തിലും താളത്തിലും ചൊല്ലാനും മനഃപാഠമാക്കാനും കുഞ്ഞുവായനക്കാരെ പ്രാപ്തരാക്കുന്ന കവിതാപ്രപഞ്ചം. അവര്‍ക്ക് സുപരിചിതമായ ജീവജാലങ്ങളും പ്രകൃതിയുമെല്ലാം ഈ കവിതകളില്‍ കടന്നുവരുന്നു. രസകരമായ വരികള്‍ക്കൊപ്പം ആകര്‍ഷകമായ ചിത്രങ്ങളും. പാടിരസിക്കാം, വായനയുടെ ഉത്സവമേളം തീര്‍ക്കാം; 'കാട്ടിലെ ഒളിമ്പിക് സി'ലൂടെ. 'കാട്ടിലെ ഒളിമ്പിക്സ്'. സിപ്പി പള്ളിപ്പുറം. ഡിസി ബുക്സ്. വില 94 രൂപ.

◾ ആരോഗ്യം ഒന്ന് മെച്ചപ്പെടട്ടെ എന്ന തോന്നലില്‍ ദിവസവും നല്ലൊരളവില്‍ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നവരുണ്ട്. ഫ്ലെവനോഡുകളും ആന്റി-ഓക്സിഡന്റുകളും ധാരാളം അടങ്ങിയ കൊക്കോ ഉയര്‍ന്ന അളവില്‍ ചേര്‍ത്ത ഡാര്‍ക്ക് ചോക്ലേറ്റ് മാനസികാവസ്ഥ മെച്ചപ്പെടുത്താനും ശരീരത്തിലെ വീക്കം ഇല്ലാതാക്കാനും രക്തയോട്ടം വര്‍ധിപ്പിക്കാനും ചര്‍മം പ്രായമാകുന്നത് തടയാനും സഹായിക്കും. എന്നാല്‍ ഗുണങ്ങള്‍ മാത്രമല്ല, ചില ദോഷ വശങ്ങളും ഡാര്‍ക്ക് ചോക്ലേറ്റിനുണ്ട്. ഡാര്‍ക്ക് ചോക്ലേറ്റില്‍ കാഡ്മിയം, ലെഡ് തുടങ്ങിയ ഘനലോഹങ്ങള്‍ അടങ്ങിയിരിക്കാന്‍ സാധ്യത കൂടുതലാണ്. ഇത് മൂത്രത്തിലൂടെയും വിയര്‍പ്പിലൂടെയും സാധാരണ ശരീരം പുറന്തള്ളുന്നു. എന്നാല്‍ ദിവസവും ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നത് ഇതിന്റെ അളവും കൂടുകയും ശരീരത്തിലെ ടിഷ്യുവില്‍ അടിഞ്ഞു കൂടാനും കാരണമാകുന്നു. ഇത് നമ്മുടെ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കും. പ്രത്യേകിച്ച് ഹൃദയത്തിന്റെയും വൃക്കയുടെയും. കൂടാകെ ഡാര്‍ക്ക് ചോക്ലേറ്റില്‍ കലോറിയും കൊഴുപ്പും കൂടുതലായതു കൊണ്ട് തന്നെ ഡാര്‍ക്ക് ചോക്ലേറ്റ് പ്രിയം ശരീരഭാരം വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്. നിര്‍ജ്ജലീകരണം, ഉയര്‍ന്ന രക്തസമ്മര്‍ദം, മലബന്ധം എന്നിവയ്ക്കും ഡാര്‍ക്ക് ചോക്ലേറ്റ് ദിവസവും കഴിക്കുന്നത് കാരണമാകാം. ദിവസവും 30 മുതല്‍ 60 ഗ്രാം വരെ ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കാമെന്നാണ് ശുപാര്‍ശ ചെയ്യുന്നതെങ്കിലും ആഴ്ചയില്‍ രണ്ട് മൂന്നോ ദിവസമായി ഡാര്‍ക്ക് ചോക്ലേറ്റ് കഴിക്കുന്നതാണ് നല്ലതെന്നാണ് ആരോഗ്യ വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.69, പൗണ്ട് - 111.68, യൂറോ - 93.17, സ്വിസ് ഫ്രാങ്ക് - 98.56, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.45, ബഹറിന്‍ ദിനാര്‍ - 222.06, കുവൈത്ത് ദിനാര്‍ -274.22, ഒമാനി റിയാല്‍ - 217.42, സൗദി റിയാല്‍ - 22.31, യു.എ.ഇ ദിര്‍ഹം - 22.78, ഖത്തര്‍ റിയാല്‍ - 22.86, കനേഡിയന്‍ ഡോളര്‍ - 62.13.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right