2024 സെപ്റ്റംബർ 27 വെള്ളി
1200 കന്നി 11 പൂയം
1446 റ: അവ്വൽ 23
◾ മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വറിന്റെ വാര്‍ത്താസമ്മേളനം. പരസ്യപ്രതികരണം പാടില്ലെന്ന പാര്‍ട്ടി നിര്‍ദേശം ലംഘിച്ചുകൊണ്ടാണ് പിവി അന്‍വര്‍ എംഎല്‍എ വാര്‍ത്താസമ്മേളനം നടത്തിയത്. എ.ഡി.ജി.പി. അജിത്കുമാറിനെതിരേയും, മുന്‍ എസ്.പി.സുജിത് ദാസിനെതിരേയുമുള്ള കേസന്വേഷണം കൃത്യമല്ലെന്നും സ്വര്‍ണക്കടത്ത് കേസിലെ അന്വേഷണം പ്രഹസനമെന്നും പാര്‍ട്ടി ഉറപ്പ് പാടെ ലംഘിച്ചുവെന്നും മുഖ്യമന്ത്രി തന്നെ കള്ളക്കടത്തുക്കാരനാക്കിയെന്നും അന്‍വര്‍ പറഞ്ഞു. താന്‍ ഉന്നയിക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരമാണെന്നും മുഖ്യമന്ത്രിയെ പാര്‍ട്ടി തിരുത്തിയില്ലെന്നും പാര്‍ട്ടിയില്‍ ഇനി പ്രതീക്ഷയില്ലെന്നും പ്രതീക്ഷ മുഴുവന്‍ കോടതിയിലെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രി വായിക്കുന്നത് എ.ഡി.ജി.പി. യുടെ തിരക്കഥയാണെന്നും സ്വര്‍ണക്കടത്തില്‍ പോലീസിന് പങ്കുണ്ടെന്നും പോലീസ് സ്വര്‍ണം മുക്കിയെന്നും സ്വര്‍ണക്കടത്തില്‍ എ.ഡി.ജി.പി. അജിത്കുമാറിനും പി.ശശിക്കും പങ്കെന്നും സ്വര്‍ണക്കടത്ത് കേസില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്നും അന്‍വര്‍ വെല്ലുവിളിച്ചു. മുഖ്യമന്ത്രി ചതിച്ചെന്നും മുഖ്യമന്ത്രിയെന്ന സൂര്യന്‍ കെട്ടുപോയെന്നും ജനങ്ങള്‍ മുഖ്യമന്ത്രിയെ വെറുക്കുന്നുവെന്നും മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യമായെന്നും അന്‍വര്‍ പറഞ്ഞു. ശശി കാട്ടുകള്ളനാണെന്നും ശശി മുഖ്യമന്ത്രിയെ വികൃതമാക്കിയെന്നും എല്ലാം മുഖ്യമന്ത്രിയുടെ അറിവോടെയെന്നും അന്‍വര്‍ ആരോപിച്ചു. പാര്‍ട്ടിയില്‍ റിയാസ് മാത്രം പോരെന്നും മുഖ്യമന്ത്രിയെ നയിക്കുന്നത് ഉപജാപകസംഘമാണെന്നും പിണറായി വിജയന്‍ അവസാന കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിയാകുമെന്നും സിപിഎം നേതാക്കളുടെ കാലില്‍ ചങ്ങലയെന്നും പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദന്‍ നിസഹായവസ്ഥയിലാണെന്നും അന്‍വര്‍ തുറന്നടിച്ചു. ആഭ്യന്തരം പരാജയമെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പ് ഭരിക്കാന്‍ യോഗ്യതയില്ലെന്നും എ.ഡി.ജി.പിയെ സംരക്ഷിക്കുന്നത് റിയാസിന് വേണ്ടിയാണെന്നും പറഞ്ഞ അന്‍വര്‍ കോടിയേരി ഉണ്ടായിരുന്നെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.
◾ എല്‍ഡിഎഫ് ബന്ധം ഉപേക്ഷിച്ച് എംഎല്‍എ പി വി അന്‍വര്‍. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച അന്‍വര്‍, എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ലെന്നും നിയമസഭയില്‍ നടുപക്ഷത്തിരിക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച പിവി അന്‍വര്‍ തനിക്ക് പാര്‍ട്ടിയിലെ സാധാരണക്കാരായ സഖാക്കളുടെ പിന്തുണയുണ്ടെന്നും അവരോട് കാര്യങ്ങള്‍ വിശദീകരിക്കണമെന്നും പറഞ്ഞു.
◾ രാഹുല്‍ ഗാന്ധിയോടും ഗാന്ധി കുടുംബത്തോടും ബഹുമാനമാണെന്ന് പി വി അന്‍വര്‍. ലോക്സഭ തെരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിലെത്തിയ രാഹുല്‍ ഗാന്ധി, ഇ ഡി മുഖ്യമന്ത്രിയെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് നിരന്തരം ചോദിച്ചതുകൊണ്ടാണ് രാഹുലിന്റെ പൊളിറ്റിക്കല്‍ ഡി എന്‍ എ പരിശോധിക്കണമെന്ന് താന്‍ തിരിച്ചടിച്ചതെന്നും അന്‍വര്‍ വിവരിച്ചു.
◾ പി.വി അന്‍വര്‍ എംഎല്‍എ ഉയര്‍ത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്‍. ആലുവ ഗസ്റ്റ് ഹൗസിലും വിമാനത്താവളത്തിലും കാത്തുനിന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക ഉത്തരം നല്‍കാതെ മുഖ്യമന്ത്രി പിബി യോഗത്തില്‍ പങ്കെടുക്കാനായി ഡല്‍ഹിക്ക് യാത്രയായി.
◾ പിവി അന്‍വര്‍ പാര്‍ട്ടി ശത്രുക്കള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് കരുതേണ്ടി വരുമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍. മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുകയാണെന്നും ആര്‍ക്കും അത് കെടുത്താനാകില്ലെന്നും പിവി അന്‍വര്‍ ഉയര്‍ത്തിയ പുതിയ വിമര്‍ശനങ്ങളോട് പ്രതികരിച്ച് ടിപി രാമകൃഷ്ണന്‍.
◾ പിവി അന്‍വര്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരായി നടത്തിയ ഗുരുതര ആരോപണങ്ങള്‍ തള്ളി സിപിഎം. പാര്‍ട്ടി ശത്രുവായി അന്‍വര്‍ മാറരുതെന്നും ആവശ്യമായ നിലപാട് പാര്‍ട്ടി സ്വീകരിക്കുമെന്നും സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിലെ കാര്യങ്ങള്‍ വിശദമായി നോക്കിയശേഷം ഇന്ന് പ്രതികരിക്കും എന്നും അദ്ദേഹം വ്യക്തമാക്കി.
◾ അന്‍വര്‍ സി.പി.എമ്മിനേയും ഇടതുപക്ഷത്തേയും സ്നേഹിക്കുന്ന ജനങ്ങളെ ശത്രുപക്ഷത്ത് നിര്‍ത്തിക്കൊണ്ടുള്ള നിലപാടാണ് തുടര്‍ച്ചയായി കൈക്കൊള്ളുന്നതെന്ന് സിപിഎം സംസ്ഥാന കമ്മറ്റി അംഗം പി ജയരാജന്‍. അന്തരിച്ച നേതാവിനേയും ജീവിച്ചിരിക്കുന്ന നേതാക്കളേയും രണ്ട് തട്ടിലാക്കി ചിത്രീകരിച്ച് അന്‍വര്‍ കൂടുതല്‍ പരിഹാസ്യനായിരിക്കുന്നുവെന്നും പി ജയരാജന്‍ ഫേസ്ബുക്കില്‍ കുറിച്ചു.
◾ ഇടതുപക്ഷത്തിന്റെ വോട്ട് നേടിയാണ് പി വി അന്‍വര്‍ നിലമ്പൂരില്‍ ജയിച്ചതെന്നും തന്നെ വോട്ട് ചെയ്ത് വിജയിപ്പിച്ച വോട്ടര്‍മാരുടെ മുഖത്ത് കാര്‍ക്കിച്ച് തുപ്പുകയാണ് അന്‍വര്‍ ചെയ്തിരിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി. ജീവന്‍ നല്‍കിയും രക്തം നല്‍കിയും ആയിരങ്ങള്‍ പടുത്തുയര്‍ത്തിയ ഈ പ്രസ്ഥാനത്തിനെ അന്‍വര്‍ എന്ന കളയ്ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്നും പാര്‍ട്ടി അണികള്‍ ഇതുവരെ ക്ഷമിച്ചുവെന്നും എന്നാല്‍ പാര്‍ട്ടി അണികളുടെ ക്ഷമ പരീക്ഷിക്കുകയാണ് അന്‍വര്‍ ചെയ്യുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. സിപിഎമ്മിനെ നശിപ്പിക്കാന്‍ ഈ വായ്ത്താരി കൊണ്ടൊന്നും നടക്കില്ല എന്ന് അന്‍വര്‍ താമസിയാതെ മനസിലാക്കുമെന്നും കേരള രാഷ്ട്രീയത്തില്‍ അലഞ്ഞു തിരിയേണ്ട ഗതികേട് പി വി അന്‍വറിന് വരും എന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
◾ ഞങ്ങളെ വിമര്‍ശിക്കുന്നവരുണ്ടാവും, ഞങ്ങളെ എതിര്‍ക്കുന്നവരുണ്ടാവും. അവരല്ലാം ആ വഴിക്ക് പോവുക എന്നേ ഉള്ളൂവെന്ന് മുന്‍ മന്ത്രിയും ഉടുമ്പന്‍ചോല എംഎല്‍എയുമായ എം.എം മണി. അത്തരം കൊഴിഞ്ഞ് പോക്കുകളൊന്നും ഞങ്ങളെ ബാധിക്കുന്ന കാര്യങ്ങളല്ലെന്നും ഞങ്ങളെ ബാധിക്കുന്നത് ഈ നാടിന്റെ പ്രശ്നങ്ങളാണെന്നും ജനങ്ങളുടെ പ്രശ്നങ്ങളാണെന്നും എംഎം മണി പറഞ്ഞു.
◾ വലതുപക്ഷത്തിന്റെ കോടാലി കയ്യായി പി വി അന്‍വര്‍ മാറിയെന്ന് മുതിര്‍ന്ന സിപിഎം നേതാവും കണ്ണൂര്‍ ജില്ലാ സെക്രട്ടറിയുമായ എം വി ജയരാജന്‍. ഒക്കെത്തിരുന്ന് ചോര കുടിക്കുന്നത് പോലെ ആയിപ്പോയി അന്‍വറിന്റെ പ്രതികരണമെന്നും കോടിയേരി ബാലകൃഷ്ണനെ അപമാനിക്കുന്ന തരത്തിലുള്ള പ്രതികരണമാണ് അന്‍വര്‍ നടത്തിയതെന്നും എംവി ജയരാജന്‍ ഫേയ്സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
◾ ഉത്തരം താങ്ങി നിര്‍ത്തുന്നത് താനാണെന്ന് കരുതുന്ന പല്ലിയോട് എംഎല്‍എ പി. വി.അന്‍വറിനെ ഉപമിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് . ഇത്തരം കുറേ പല്ലികളെ നമ്മള്‍ കണ്ടിട്ടുണ്ടെന്നും കെട്ടിടം വീഴ്ത്താന്‍ ഉത്തരത്തില്‍ നിന്ന് കൈവിട്ട പല്ലികളൊക്കെ താഴെ വീണതാണ് 'ചരിത്രം' എന്നാണ് സനോജിന്റെ ഓര്‍മ്മപ്പെടുത്തല്‍.
◾ അന്‍വറിന്റെ ആരോപണങ്ങള്‍ അപലപനീയവും പ്രതിഷേധാര്‍ഹവുമാണെന്ന് സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ്. ഒരു ജനപ്രതിനിധിക്കിണങ്ങാത്ത പ്രസ്താവനയും പ്രവൃത്തിയുമാണ് അദ്ദേഹം നടത്തുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ അന്‍വര്‍ പുറത്തുവിട്ട വീഡിയോയിലുള്ളത് അറിയപ്പെടുന്ന കള്ളക്കടത്ത് ക്യാരിയര്‍മാരാണെന്നും ഇവരെ മഹത്വവല്‍ക്കരിക്കുകയും സംരക്ഷിക്കുകയുമാണ് അന്‍വര്‍ ചെയ്തതെന്നും മോഹന്‍ദാസ് കുറ്റപ്പെടുത്തി.
◾ പിവി അന്‍വറിന്റെ നിലമ്പൂരിലെ വീടിന് മുന്നില്‍ ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ച് സിപിഎം. സിപിഎം ഒതായി ബ്രാഞ്ചിന്റെ പേരിലാണ് ഫ്ലക്സ് ബോര്‍ഡ് സ്ഥാപിച്ചിട്ടുള്ളത്. വിരട്ടലും വിലപേശലും ഇങ്ങോട്ട് വേണ്ട, ഇത് പാര്‍ട്ടി വെറെയാണ് എന്നെഴുതിയ പിണറായി വിജയന്റെയും എംവി ഗോവിന്ദന്റെയും ചിത്രങ്ങളുള്ള ഫ്ലക്സ് ബോര്‍ഡാണ് സ്ഥാപിച്ചത്. അതേസമയം മലപ്പുറത്തിന്റെ വിവിധയിടങ്ങളില്‍ അന്‍വറിന് അഭിവാദ്യം അര്‍പ്പിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകളും ഉയര്‍ന്നിട്ടുണ്ട്.
◾ 220 എം എല്‍ എ മാരും 32 എം പി മാരും സി പി എമ്മിന് ഉണ്ടായിരുന്ന ബംഗാളില്‍ ഇന്നത്തെ അവസ്ഥക്ക് കാരണം നേതാക്കളാണെന്നും അത് കേരളത്തിലെ നേതാക്കളും തിരിച്ചറിയണമെന്നും ഫേസ്ബുക്കിലെ സിപിഎം അനുകൂല സൈബര്‍ ഗ്രൂപ്പ് എന്നറിയപ്പെടുന്ന 'പോരാളി ഷാജി'. നേതാക്കള്‍ അല്ല പാര്‍ട്ടിയെന്നും അണികള്‍ എതിരായാല്‍ പിന്നെ നേതാക്കള്‍ക്ക് പുല്ലുവിലയാണെന്നും തെറ്റുകള്‍ തിരുത്താനുള്ളതാണെന്നും മസില്‍ പിടിച്ചു നിന്നതുകൊണ്ടായില്ലെന്നും 'പോരാളി ഷാജി' ഫേസ് ബുക്കില്‍ കുറിച്ചിട്ടുണ്ട്.
◾ അറിഞ്ഞുകൊണ്ട് പി.വി. അന്‍വറിനെ വേട്ടയാടാന്‍ വിട്ടുകൊടുക്കില്ലെന്ന് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വര്‍ പറഞ്ഞതെല്ലാം രാഷ്ട്രീയ യാഥാര്‍ഥ്യമാണെന്നും അദ്ദേഹം പറഞ്ഞു. അന്‍വറിനെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുമോയെന്ന ചോദ്യത്തോട്, അത് താന്‍ ഒറ്റയ്ക്ക് തീരുമാനിക്കേണ്ട കാര്യമല്ലെന്നായിരുന്നു സുധാകരന്റെ മറുപടി.
◾ പി.വി.അന്‍വറിന്റെ ആരോപണങ്ങള്‍ മുഖ്യമന്ത്രിക്കെതിരെയുള്ള ആയുധമാക്കി രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ യുഡിഎഫ് നീക്കം. മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കാന്‍ യുഡിഎഫ് യോഗം തീരുമാനിച്ചു. പിവി അന്‍വര്‍ എംഎല്‍എ ഉന്നയിച്ച ആരോപണങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഇന്നലെ രാത്രി എട്ടിന് ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തിലാണ് യുഡിഎഫ് നിര്‍ണായക തീരുമാനമെടുത്തത്. ഭരണകക്ഷി എംഎല്‍എയായ പിവി അന്‍വറിന്റെ തുറന്നു പറച്ചില്‍ അതീവ ഗൗരവമേറിയതെന്ന് യുഡിഎഫ് യോഗം വിലയിരുത്തി. ജില്ലാ കേന്ദ്രങ്ങളിലും സെക്രട്ടേറിയേറ്റിലും ശക്തമായ സമര പരിപാടികള്‍ നടത്താനാണ് യുഡിഎഫ് തീരുമാനം.
◾ നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ടുള്ള രണ്ടാംഘട്ട വിചാരണ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ തുടങ്ങി. നടന്‍ ദിലീപ്, പള്‍സര്‍ സുനി, മാര്‍ട്ടിന്‍ മണികണ്ഠന്‍ എന്നിവര്‍ കോടതിയിലെത്തി. പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവുകളും സാക്ഷി മൊഴികളും പ്രകാരം പ്രതികളോട് കോടതി ചോദ്യങ്ങള്‍ ചോദിക്കുന്ന നടപടിയാണ് തുടങ്ങിയിരിക്കുന്നത്.
◾ സംസ്ഥാനത്തെ ട്രഷറികളില്‍ ഒക്ടോബര്‍ ഒന്നിന് രാവിലെ പണമിടപാട് ആരംഭിക്കാന്‍ വൈകുമെന്ന് ട്രഷറി വകുപ്പ് . സെപ്റ്റംബര്‍ 30ന് പാദവര്‍ഷം അവസാനിക്കുന്നതിനാല്‍, പിറ്റേദിവസം ഏജന്‍സി ബാങ്കുകളില്‍ നിന്നും പണം ലഭ്യമായ ശേഷം മാത്രമേ ഇടപാടുകള്‍ ആരംഭിക്കാന്‍ സാധിക്കു എന്ന് ട്രഷറി വകുപ്പ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
◾ എഡിജിപി എം ആര്‍ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെയും സ്വത്തുവിവരം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് വിജിലിന്‍സ് കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. ഹര്‍ജിയില്‍ റിപ്പോര്‍ട്ട് നല്‍കാന്‍ വിജിലന്‍സ് തിരുവനന്തപുരം കോടതി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി.
◾ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി ജെ.എസ്. സിദ്ധാര്‍ത്ഥന്റെ മരണത്തിന് കാരണക്കാരായ കോളേജ് ഡീനിനേയും ഹോസ്റ്റല്‍ അസിസ്റ്റന്റ് വാര്‍ഡനെയും തിരികെ പ്രവേശിപ്പിക്കാനുള്ള തീരുമാനം തടയണമെന്ന് ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി ഗവര്‍ണര്‍ക്ക് നിവേദനം നല്‍കി. ഹൈക്കോടതി റിട്ട: ജസ്റ്റിസ് ഹരിപ്രസാദിന്റെ റിപ്പോര്‍ട്ടില്‍ ഡീനും അസിസ്റ്റന്റ് വാര്‍ഡനും കുറ്റക്കാരാണെന്നും അവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
◾ പി.വി അന്‍വര്‍ വിവാദം ദോഷമുണ്ടാക്കിയെന്നും എന്നാല്‍ ഇതുകൊണ്ടൊന്നും തകരുന്ന പാര്‍ട്ടിയല്ല സിപിഎം എന്നു ജി. സുധാകരന്‍. പാര്‍ട്ടിയുടെ വോട്ട് കൂടി നേടിയാണ് അന്‍വര്‍ എംഎല്‍എ ആയത്. അദ്ദേഹം ഇടതുമുന്നണിയില്‍ തുടരണമെന്നാണ് ആഗ്രഹം എന്നും അദ്ദേഹം വ്യക്തമാക്കി .
◾ എം എല്‍ എ പിവി അന്‍വര്‍ മുഖ്യമന്ത്രിക്കെതിരെ നടത്തിയ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ പ്രതികരണവുമായി വടകര എം എല്‍ എയും ആര്‍ എം പി നേതാവുമായ കെ കെ രമ . 'ഇന്നോവ, മാഷാ അള്ള' എന്ന ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് രമ രംഗത്തെത്തിയത്.
◾ നടന്‍ സിദ്ദിഖിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷക്കെതിരെ അഭിഭാഷകന്‍ അജീഷ് കളത്തില്‍ സുപ്രീംകോടതിയില്‍ തടസ ഹര്‍ജി നല്‍കി. ഹേമ കമ്മറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് ദേശീയ വനിതാ കമ്മീഷനടക്കം പരാതി നല്‍കിയ വ്യക്തിയാണ് അജീഷ്.
◾ സെക്രട്ടറിയേറ്റിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്ക് ഇന്നലെ ശമ്പളം ലഭിച്ചു. ട്രഷറിയുടെ ഭാഗത്ത് നിന്ന് ഗുരുതര പിഴവ് സംഭവിച്ചുവെന്നും 46 ലക്ഷം രൂപയുടെ ശമ്പള ബില്ല് അബദ്ധത്തില്‍ ട്രഷറി ഓഫീസര്‍ ഒപ്പിട്ടതാണെന്നും വിശദീകരണം.
◾ പാലക്കാട് റെയില്‍വെ സ്റ്റേഷനില്‍ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികള്‍ പിടിയിലായി. പാലക്കാട് എക്സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌പെഷ്യല്‍ സ്‌ക്വാഡും റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് 14.22 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്. പോലീസ്‌കൂടുതല്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്.
◾ പാലക്കാട് അട്ടപ്പാടിയില്‍ ആദിവാസി യുവതിയെ അടിച്ച് കൊന്ന കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം തടവ്. അട്ടപ്പാടി തേക്കുമുക്കിയൂര്‍ സ്വദേശി വള്ളിയെ കൊലപ്പെടുത്തിയ കേസിലാണ് വിധി. ഭര്‍ത്താവ് രംഗസ്വാമിക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മണ്ണാര്‍ക്കാട് പ്രത്യേക കോടതിയുടേതാണ് വിധി.
◾ തൃശൂര്‍ കുതിരാന്‍ ദേശീയപാതയില്‍ സ്വര്‍ണ്ണം കവര്‍ന്ന സംഭവത്തില്‍ പരാതിക്കാരന്റെ വാഹനം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കേസ് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു. ഒല്ലൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നാല് സ്‌ക്വാഡുകള്‍ രൂപീകരിച്ചാണ് അന്വേഷണം നടക്കുന്നത്.
◾ സംസ്ഥാനത്തെ തെരഞ്ഞെടുത്ത പത്ത് വെറ്ററിനറി ആശുപത്രികള്‍ സ്മാര്‍ട്ട് ആക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചു റാണി. പെരുമ്പാവൂര്‍ ഒക്കല്‍ മൃഗാശുപത്രിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
◾ ദേവികുളം എം.എല്‍.എ. എ. രാജയുടെ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ സുപ്രീം കോടതി വിധി പറയാനായി മാറ്റി.എ. രാജ ഹാജരാക്കിയ കണ്ണന്‍ദേവന്‍ ഹില്‍ പ്ലാന്റേഷന്‍ കമ്പനിയുടെ രേഖയാണ് കേസില്‍ നിര്‍ണായകമാകുക.
◾ സംസ്ഥാനത്ത് നാളെ മുതല്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ഞായറാഴ്ചയും തിങ്കളാഴ്ചയും പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
◾ അരുണാചാല്‍പ്രദേശിലേയും നാഗാലാന്‍ഡിലേയും ചില പ്രദേശങ്ങളില്‍ ആറ് മാസത്തേക്കുകൂടി അഫ്‌സ്പ നീട്ടി കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിറക്കി. സായുധസേനയ്ക്ക് പ്രത്യേക അധികാരം നല്‍കുന്ന നിയമമായ 'അഫ്‌സ്പ'. നാഗാലാന്‍ഡിലെ എട്ട് ജില്ലകളിലും അരുണാചല്‍ പ്രദേശിലെ മൂന്ന് ജില്ലകളിലും മറ്റ് ചില പ്രദേശങ്ങളിലും ക്രമസമാധാനനില അവലോകനം ചെയ്തശേഷമാണ് ആറ് മാസത്തേക്ക് കൂടി അഫ്‌സ്പ നീട്ടിയത്.
◾ രാജ്യത്ത് വീണ്ടും ട്രെയിന്‍ അട്ടിമറിയ്ക്ക് ശ്രമമെന്ന് സൂചന. ഗുജറാത്തില്‍ റെയില്‍വേ പാളത്തില്‍ സ്ഥാപിച്ച ഇരുമ്പ് ദണ്ഡില്‍ ട്രെയിന്‍ ഇടിച്ചു. ട്രെയിന്‍ ഇരുമ്പ് ദണ്ഡില്‍ ഇടിച്ചതിനെ തുടര്‍ന്ന് മണിക്കൂറുകളോളം ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
◾ ഉത്തര്‍പ്രദേശിലെ എല്ലാ ഭക്ഷണ കേന്ദ്രങ്ങളിലും സിസിടിവി നിര്‍ബന്ധമാക്കി യുപി സര്‍ക്കാര്‍. ഭക്ഷണം വിതരണം ചെയ്യുന്ന സ്ഥലങ്ങളില്‍ മാത്രമല്ല പാകം ചെയ്യുന്ന ഇടങ്ങളിലും സിസിടിവി സ്ഥാപിക്കണം. ശുചിത്വമില്ലാത്ത സാഹചര്യങ്ങളില്‍ ഭക്ഷണം പാകം ചെയ്യുന്നുവെന്നും മായം ചേര്‍ക്കുന്നുവെന്നുമുള്ള വിവിധ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പുതിയ തീരുമാനം.
◾ കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 70കാരനായ പൂജാരി അറസറ്റില്‍. തമിഴ്നാട് തേനിയിലാണ് സംഭവം. പ്രതിയെ 15 ദിവസത്തേക്ക്റിമാന്‍ഡ് ചെയ്തു. തേനി പെരിയകുളത്തെ ഭഗവതി അമ്മന്‍ ക്ഷേത്രത്തിലാണ് സംഭവമുണ്ടായത്.
◾ 471 ദിവസത്തെ ജയില്‍വാസത്തിന് ശേഷം തമിഴ്നാട് മുന്‍മന്ത്രി സെന്തില്‍ ബാലാജി പുറത്തേക്ക്. ബാലാജിക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു. ബാലാജിയെ സ്വാഗതം ചെയ്യുന്നതായി എക്സില്‍ കുറിച്ച മുഖ്യമന്ത്രി സ്റ്റാലിന്‍, അന്വേഷണ ഏജന്‍സികള്‍ ഭരിക്കുന്നവരുടെ ചട്ടുകം ആകുമ്പോള്‍ സുപ്രീം കോടതിയില്‍ മാത്രമാണ് പ്രതീക്ഷയെന്നും പറഞ്ഞു.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദി അതിശക്തനാണെന്ന് താന്‍ എപ്പോഴും പറയാറുണ്ടെന്നും എന്നാല്‍, അദ്ദേഹം ദൈവമല്ലെന്നും മുന്‍ ദില്ലി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍. മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം ആദ്യമായി ദില്ലി നിയമസഭയെ അഭിസംബോധന ചെയ്ത കെജ്രിവാള്‍ ദൈവം തനിയ്ക്കൊപ്പമുണ്ടെന്നും സുപ്രീം കോടതിയ്ക്ക് നന്ദിയുണ്ടെന്നും പറഞ്ഞു.
◾ 10 മിനിട്ടിനുള്ളില്‍ 11 റോക്കറ്റുകള്‍ തൊടുത്തുവിട്ട് ഇസ്രായേലിനെതിരെ വീണ്ടും റോക്കറ്റാക്രമണം നടത്തി ഹിസ്ബുല്ല. റഫേല്‍ ആയുധ ഫാക്ടറിയ്ക്ക് സമീപം മിസൈല്‍ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹിസ്ബുല്ല റോക്കറ്റാക്രമണവും നടത്തിയിരിക്കുന്നത്. ഇതില്‍ ആദ്യം വിക്ഷേപിക്കപ്പെട്ട റോക്കറ്റിനെ നിഷ്‌ക്രിയമാക്കിയതായി ഇസ്രായേല്‍ പ്രതിരോധ സേന അറിയിച്ചു. ഇന്നലെ മാത്രം മൂന്ന് തവണയാണ് ഇസ്രേയേലിനെതിരെ ഹിസ്ബുല്ല ആക്രമണം നടത്തിയത്. അതേസമയം, ലെബനനിലേയ്ക്ക് പ്രവേശിക്കാന്‍ ഇസ്രായേല്‍ സൈന്യം തയ്യാറെടുക്കുന്നതായാണ് റിപ്പോര്‍ട്ട്. ഹിസ്ബുല്ലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ണമായും തകര്‍ക്കുക എന്നതാണ് ഇസ്രായേലിന്റെ ലക്ഷ്യം. എന്നാല്‍, ഇസ്രായേല്‍ ആക്രമണം ശക്തമാക്കിയാല്‍ ലെബനനെ എല്ലാ വിധത്തിലും പിന്തുണയ്ക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
◾ ഹിസ്ബുള്ളയുമായുള്ള വെടിനിര്‍ത്തലിന് യു.എസും ഫ്രാന്‍സുമുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചേര്‍ന്ന് മുന്നോട്ടുവെച്ച 21 ദിന വെടിനിര്‍ത്തല്‍ ആഹ്വാനം ഇസ്രയേല്‍ നിരാകരിച്ചു. ലെബനനില്‍ ഇസ്രയേല്‍ കരയുദ്ധം ആരംഭിക്കും എന്ന ഭീതി നിലനില്‍ക്കേ, ബുധനാഴ്ചയാണ് ഈ രാജ്യങ്ങള്‍ വെടിനിര്‍ത്തല്‍ നിര്‍ദേശം മുന്നോട്ടുവെച്ചത്.
◾ ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കി മുഹമ്മദന്‍ സ്‌പോര്‍ട്ടിങ് ക്ലബ്ബ്. ഐഎസ്എല്ലിലെ തങ്ങളുടെ ആദ്യ ജയമാണ് മുഹമ്മദന്‍സ് ഇന്നലെ സ്വന്തമാക്കിയ്ത്.
◾ ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ഇന്നുമുതല്‍ കാന്‍പൂരിലെ ഗ്രീന്‍പാര്‍ക്ക് സ്റ്റേഡിയത്തില്‍. രണ്ട് ടെസ്റ്റുകള്‍ മാത്രമുള്ള പരമ്പരയിലെ ആദ്യമത്സരം ഇന്ത്യ സ്വന്തമാക്കിയിരുന്നു.
◾ രാജ്യത്തെ പ്രമുഖ ഡിസ്‌കൗണ്ട് ബ്രോക്കിംഗ് സ്ഥാപനമായ സെരോധയ്ക്ക് 2024 സാമ്പത്തിക വര്‍ഷത്തില്‍ ലാഭത്തില്‍ വന്‍ കുതിപ്പ്. മുന്‍ വര്‍ഷത്തേക്കാള്‍ ലാഭം 62 ശതമാനം വര്‍ധിച്ച് 4,700 കോടി രൂപയിലെത്തി. വരുമാനം 21 ശതമാനം ഉയര്‍ന്ന് 8,320 കോടി രൂപയുമായി. കൈയിലെത്താനുള്ള 1,000 കോടി രൂപയുടെ ലാഭം കണക്കാക്കാതെയാണിതെന്ന് കമ്പനിയുടെ സാമ്പത്തിക കണക്കുകളുടെ വിവരം ഭാഗികമായി പുറത്തുവിട്ടുകൊണ്ട് സ്ഥാപകനും ശതകോടീശ്വരനുമായ നിതിന്‍ കാമത്ത് ബ്ലോഗ് പോസ്റ്റില്‍ കുറിച്ചു. ഈ ലാഭം പിന്നീടാകും കമ്പനിയുടെ കണക്കുകളില്‍ ഉള്‍പ്പെടുത്തുക. സെരോധ കൈകാര്യം ചെയ്യുന്ന മൊത്തം ആസ്തി, അതായത് ഡീമാറ്റ് അക്കൗണ്ടിലുള്ള നിക്ഷേപം 5.66 ലക്ഷം കോടിയാണ്. വിപണിയിലെ കുതിപ്പിലും ഐ.പി.ഒ വിപണിയുടെ മികച്ച പ്രകടനത്തിലും റീറ്റെയ്ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വര്‍ധിച്ചതാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം കമ്പനിക്ക് നേട്ടമായത്.
◾ സോഷ്യല്‍ മീഡിയയെ ഇളക്കി മറിച്ച് 'മുറ' ചിത്രത്തിലെ ടൈറ്റില്‍ ട്രാക്ക്. സൂപ്പര്‍ ഹിറ്റ് ഗാനങ്ങള്‍ ഒരുക്കി ഇന്ത്യന്‍ സിനിമയെ വിസ്മയിപ്പിക്കാറുള്ള അനിരുദ്ധ് രവിചന്ദറാണ് ഗാനം തന്റെ പേജിലൂടെ പുറത്തുവിട്ടത്. ഗാനം യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ 15-ാമതായി തുടരുന്നുണ്ട്. 'അടുത്തോട്ടടുക്കണ്ട' എന്ന് പേരിട്ടിരിക്കുന്ന ഗാനരംഗത്തില്‍ മാസ് ലുക്കിലാണ് സുരാജ് വെഞ്ഞാറമൂടും യുവതാരങ്ങളെയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ക്രിസ്റ്റി ജോബിയുടെ സംഗീതത്തില്‍ മുറയുടെ ഗാന രചനയും ആലാപനവും നിര്‍വഹിച്ചിരിക്കുന്നത് റൈക്കോ ആണ്. കപ്പേളയ്ക്ക് ശേഷം മുഹമ്മദ് മുസ്തഫ സംവിധാനം ചെയ്യുന്ന ചിത്രമാണ് മുറ. സുരാജ് വെഞ്ഞാറമ്മൂടും ഹൃദു ഹാറൂണുമാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മാലാ പാര്‍വതി, കനി കുസൃതി, കണ്ണന്‍ നായര്‍, ജോബിന്‍ ദാസ്, അനുജിത് കണ്ണന്‍, യെദു കൃഷ്ണാ, വിഘ്നേശ്വര്‍ സുരേഷ്, കൃഷ് ഹസ്സന്‍, സിബി ജോസഫ് എന്നിവരാണ് മുറയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒക്ടോബര്‍ 18ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്.
◾ മലയാളി സിനിമാ സംവിധായകനായ എസ് ജെ സിനു ആദ്യമായി തമിഴില്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പേട്ട റാപ്പ്'. പ്രഭുദേവയാണ് ചിത്രത്തിലെ നായകന്‍. ഏത് പ്രായത്തിലുള്ളവര്‍ക്കും തിയറ്ററില്‍ ആസ്വദിക്കാന്‍ സാധിക്കുന്ന കളര്‍ഫുള്‍ എന്റര്‍ടെയ്‌നറായാണ് പേട്ട റാപ്പ്. പ്രഭുദേവ, വേദിക, സണ്ണി ലിയോണ്‍, കലാഭവന്‍ ഷാജോണ്‍, വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേശ് തിലക്, രാജീവ് പിള്ള തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിലുള്ളത്. പേട്ട റാപ്പിന്റെ തിരക്കഥ പി കെ ദിനിലാണ് ഒരുക്കിയിരിക്കുന്നത്. ഡി ഇമ്മന്‍ ആണ് ചിത്രത്തിലെ മനോഹരമായ പത്തോളം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത്. ബ്ലൂ ഹില്‍ ഫിലിംസിന്റെ ബാനറില്‍ ജോബി പി സാമാണ് പേട്ട റാപ്പ് നിര്‍മിക്കുന്നത്. ചിത്രത്തില്‍ വിവേക് പ്രസന്ന, ഭഗവതി പെരുമാള്‍, രമേഷ് തിലക്, രാജീവ് പിള്ള, കലാഭവന്‍ ഷാജോണ്‍, മൈം ഗോപി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
◾ രാജ്യത്തെ ഉത്സവ സീസണിന് മുന്നോടിയായി ടിവിഎസ് മോട്ടോര്‍ കമ്പനി റോണിന്‍ കമ്മ്യൂട്ടര്‍ ബൈക്കിന്റെ പ്രത്യേക പതിപ്പ് പുറത്തിറക്കി. ടിവിഎസ് റോണിന്‍ ഫെസ്റ്റീവ് എഡിഷന്‍ എന്ന് വിളിക്കപ്പെടുന്ന ഈ മോഡല്‍ പുതിയ മിഡ്‌നൈറ്റ് ബ്ലൂ നിറത്തിലാണ് വരുന്നത്. ടോപ്പ് എന്‍ഡ് വേരിയന്റിനെ അടിസ്ഥാനമാക്കി, ഈ പ്രത്യേക പതിപ്പിന് 1.72 ലക്ഷം രൂപയാണ് എക്സ്-ഷോറൂം വില. പുതിയ സ്‌പെഷ്യല്‍ എഡിഷന്‍ റോണിന് കരുത്ത് പകരുന്നത് 225.9 സിസി, സിംഗിള്‍ സിലിണ്ടര്‍, എയര്‍/ഓയില്‍-കൂള്‍ഡ് എഞ്ചിനാണ്. അസിസ്റ്റും സ്ലിപ്പര്‍ ക്ലച്ചും ഉള്ള അഞ്ച് സ്പീഡ് ഗിയര്‍ബോക്‌സുമായി ജോടിയാക്കിയിരിക്കുന്നു. മോട്ടോര്‍ 20.1 ബിഎച്പി കരുത്തും 19.93 എന്‍എം ടോക്കും നല്‍കുന്നു. സസ്പെന്‍ഷന്‍ സജ്ജീകരണത്തില്‍ ഒരു യുഎസ്ഡി ഫോര്‍ക്കും 7-സ്റ്റെപ്പ് ക്രമീകരിക്കാവുന്ന മോണോഷോക്ക് യൂണിറ്റും അടങ്ങിയിരിക്കുന്നു. അര്‍ബന്‍, റെയിന്‍ എന്നീ രണ്ട് മോഡുകള്‍ വാഗ്ദാനം ചെയ്യുന്ന ഡ്യുവല്‍-ചാനല്‍ എബിഎസ് സംവിധാനവും ലഭ്യമാണ്.
◾ ഒരു പുനഃസമാഗമത്തിന്റെ ആഘോഷത്തിനായി ഓര്‍ഡര്‍ ചെയ്ത കേക്കിലെഴുതാന്‍ വിഷാദപൂര്‍ണ്ണമായ വരികള്‍- കയ്പും വേദനയും തുളുമ്പുന്ന കവിത. ജീവിതത്തിലെ ഉല്ലാസവേളകളും ആനന്ദങ്ങളുമെല്ലാം കേക്കിന്റെ പുറംപാളിപോലെ സുന്ദരമാണെങ്കിലും അതിനുള്‍ഭാഗം കയ്പും ചവര്‍പ്പും നിറഞ്ഞ് അനാകര്‍ഷകമാണെന്ന് ഇതിലെ കഥാപാത്രങ്ങള്‍ ഓര്‍മ്മിപ്പിക്കുന്നു. ദുര്‍ഗ്രഹമായ സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു മരണത്തെ പിന്‍പറ്റിയുള്ള, അതിന്റെ കാരണമാരാഞ്ഞുകൊണ്ട് മൂന്നു പെണ്‍കുട്ടികള്‍ നടത്തുന്ന അന്വേഷണം. മനുഷ്യമനസ്സിന്റെ നിഗൂഢതകളിലേക്കും ചാഞ്ചല്യങ്ങളിലേക്കും സഞ്ചരിക്കുന്ന കുറ്റാന്വേഷണസ്വഭാവമുള്ള നോവല്‍. 'ബ്ലൂ ബെറീസ്'. ജിസ ജോസ്. മാതൃഭൂമി. വില 212 രൂപ.
◾ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഹ്രസ്വദൃഷ്ടി അഥവ മയോപിയയുടെ വ്യാപനം കുതിച്ചുയരുകയാണ്. 2050-ഓടെ ആഗോളതലത്തില്‍ ഏതാണ്ട് 740 ദശലക്ഷം യുവാക്കള്‍ മയോപിയ ബാധിതരാകുമെന്നാണ് ചൈനീസ് ഗവേഷകരുടെ പ്രവചനം. 50 രാജ്യങ്ങളില്‍ 5.4 ദശലക്ഷം ആളുകള്‍ പങ്കെടുത്ത 276 പഠനങ്ങള്‍ വിലയിരുത്തിയാണ് ഗവേഷക സംഘം പഠനം നടത്തിയത്. പഠനത്തില്‍ കഴിഞ്ഞ 30 വര്‍ഷത്തിനിടെ കുട്ടികള്‍ക്കിടയിലും കൗമാരക്കാര്‍ക്കിടയിലും ഹ്രസ്വദൃഷ്ടി വലിയ തോതില്‍ വ്യാപിച്ചതായി കണ്ടെത്തിയെന്നും ബ്രിട്ടീഷ് ജേണല്‍ ഓഫ് ഒഫ്താല്‍മോളജിയില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. 1990കളില്‍ 24.32 ശതമാനമായിരുന്നത് 2020കളുടെ തുടക്കത്തില്‍ 35.81 ശതമാനമായെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടി. കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ മയോപിയ നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ജപ്പാനിലാണ്. 85.95 ശതമാനമാണിത്. കൗമാര പ്രായത്തില്‍ ആണ്‍കുട്ടികളെക്കാള്‍ പെണ്‍കുട്ടികളിലാണ് മയോപിയ ബാധയ്ക്ക് സാധ്യതയെന്നും ഗവേഷകര്‍ പറയുന്നു. പെണ്‍ക്കുട്ടികളില്‍ സംഭവിക്കുന്ന ശാരീരിക മാറ്റമാണ് ഇതില്‍ ഒരു പ്രധാന ഘടകം. കൂടാതെ ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികള്‍ക്ക് ഔട്ട് ഡോര്‍ പ്രവര്‍ത്തനം കുറവാണെന്നതും മറ്റൊരു കാരണമായി ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കുട്ടികള്‍ക്കിടയില്‍ ഔട്ട് ഡോര്‍ പ്രവര്‍ത്തനങ്ങള്‍ കുറയുന്നത്, അമിത സ്‌ക്രീന്‍ ടൈം, നേരത്തെയുള്ള ഔപചാരിക വിദ്യാഭ്യാസം തുടങ്ങിയ ഘടകങ്ങള്‍ കുട്ടികള്‍ക്കിടയില്‍ മയോപിയയുടെ വ്യാപനത്തിന് വര്‍ധിക്കുന്നതിന് കാരണമാകുന്നുമെന്ന് ഗവേഷകര്‍ പറയുന്നു. കുട്ടികളില്‍ നേത്ര സംരക്ഷണത്തെ കുറിച്ച് അവബോധം നല്‍കേണ്ടത് പ്രധാന്യത്തെ കുറിച്ചും പഠനത്തില്‍ വ്യക്തമാക്കുന്നു. കുട്ടികളെ പുറത്ത് കളിക്കാന്‍ വിടുന്നതും സ്‌ക്രീന്‍ ടൈം കുറയ്ക്കുന്നതും നേത്ര വ്യായാമം പതിവായി ചെയ്യുന്നതുമൊക്കെ മയോപിയ സാധ്യത കുറയ്ക്കാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു.
*ശുഭദിനം*
*കവിത കണ്ണന്‍*
ഒരിക്കല്‍ അയാള്‍ കടല്‍തീരത്ത്കൂടി നടക്കുന്നതിനിടയില്‍ ഒരു കടാലമയെ കുട്ടികള്‍ ഉപദ്രവിക്കുന്നത് കണ്ടു. അയാള്‍ ഓടിച്ചെന്ന് കുട്ടികളെ ഓടിപ്പിച്ച് ആമയെ രക്ഷിച്ചു കടലിലേക്ക് വിട്ടു. പിറ്റേന്ന് അയാള്‍ അവിടെയത്തിയപ്പോള്‍ ഭീമാകാരനായ ഒരു കടലാമ അടുത്തെത്തി അയാളോട് പറഞ്ഞു: ഇന്നലെ താങ്കള്‍ രക്ഷപ്പെടുത്തിയത് എന്റെ ബന്ധുവിനെയാണ്. കടല്‍ റാണിക്ക് താങ്കളെ കാണണമെന്ന് ആഗ്രഹമുണ്ട്. ദയവായി എന്നോടൊപ്പം വരണം. അയാള്‍ ആമയോടൊപ്പം കൊട്ടാരത്തിന്റെ അടിത്തട്ടിലെത്തി. മനോഹരമായ സ്ഥലം. അവിടം അയാള്‍ക്ക് ഇഷ്ടപ്പെട്ടു. കുറെക്കാലം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തിരിച്ച് പോകണമെന്ന് തോന്നി. പോകാനിറങ്ങിയപ്പോള്‍ റാണി അയാള്‍ക്കൊരു സമ്മാനപ്പൊതി നല്‍കിയിട്ട് പറഞ്ഞു: ഇതൊരിക്കലും തുറന്ന് നോക്കരുത്. നാട്ടിലെത്തിയപ്പോള്‍ അയാള്‍ക്ക് പരിചയമുളള ആരും അവിടെയുണ്ടായിരുന്നില്ല. തന്റെ കുടുംബാംഗങ്ങളുടെ പേരുപോലും അറിയുന്ന ആരും ഉണ്ടായിരുന്നില്ല. താന്‍ നൂറ്റാണ്ടുകള്‍ കൊട്ടാരത്തില്‍ ചിലവഴിച്ചെന്ന് അയാള്‍ക്ക് മനസ്സിലായി. എന്നിട്ടും തന്റെ യുവത്വം നിലനില്‍ക്കുന്നുണ്ട്. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അയാള്‍ക്ക് തന്റെ സമ്മാനപ്പൊതിയില്‍ എന്താണെന്ന് അറിയാനുളള ആഗ്രഹമായി. അയാള്‍ ആ പൊതി തുറന്നു. തല്‍ക്ഷണം അയാള്‍ പടുവൃദ്ധനായി മാറി എല്ലാ അരുതുകളുടേയും പിന്നില്‍ ചില അദൃശ്യകാരണങ്ങളുണ്ടാകും. അവയുടെയെല്ലാം യുക്തികണ്ടെത്തി അവ പിന്തുടരാനുമാകില്ല. എന്തൊക്കെ ചെയ്യരുതെന്ന വിലക്കുണ്ടോ അതെല്ലാം ചെയ്യുവാനുളള പ്രലോഭനത്തെ മറികടക്കാന്‍ അധികമാര്‍ക്കും സാധിക്കാറില്ല. ചെയ്താല്‍ എന്ത് സംഭവിക്കും എന്നറിയാനുളള അഭിലാഷമാണ് പലരുടേയും ചിറകരിഞ്ഞിട്ടുളളത്. എല്ലാ അരുതുകള്‍ക്കും രണ്ട് വശങ്ങളുണ്ട്. തത്സമയ സന്തോഷവും, ആത്യന്തിക ദുരന്തവും.. അരുതാത്തിതിലേക്ക് നടക്കാതിരിക്കാന്‍ ശീലിക്കാം.. അരുതുകളെ ബഹുമാനിക്കാനും - ശുഭദിനം.
➖➖➖➖➖➖➖➖
Tags:
KERALA