25-09-2024
◾ തൃശൂര്‍ പൂരം കലക്കലില്‍ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. എഡിജിപിയുടെ റിപ്പോര്‍ട്ടിന്മേല്‍ ആഭ്യന്തരവകുപ്പ് സെക്രട്ടറിയുടെ ശുപാര്‍ശ പരിഗണിച്ച് തീരുമാനമെടുക്കുമെന്ന് മുഖ്യമന്ത്രി മന്ത്രിസഭായോഗത്തില്‍ വ്യക്തമാക്കി. പൂരം റിപ്പോര്‍ട്ടിന്മേലുള്ള തുടര്‍നടപടി വേണമെന്ന് സിപിഐ മന്ത്രിമാരടക്കം കാബിനറ്റില്‍ ആവശ്യപ്പെട്ടു. എഡിജിപിയെ പൂര്‍ണ്ണമായും സംശയനിഴലില്‍ നിര്‍ത്തിയുള്ള ഡിജിപിയുടെ ശുപാര്‍ശയിലാണ് വീണ്ടും അന്വേഷണത്തിന് വഴിതുറക്കുന്നത്. സ്ഥലത്തുണ്ടായിട്ടും അജിത് കുമാര്‍ എന്ത് ചെയ്തുവെന്നും, എന്ത് കൊണ്ട് റിപ്പോര്‍ട്ട് നല്‍കാന്‍ അഞ്ച് മാസമെടുത്തു എന്നീ ചോദ്യങ്ങളാണ് ഡിജിപി ഉന്നയിച്ചത്.
◾ തൃശ്ശൂര്‍ പൂരം കലക്കല്‍ സംഭവം മന്ത്രിസഭാ യോഗത്തില്‍ ശക്തമായി ഉന്നയിച്ച് റവന്യൂ മന്ത്രി കെ രാജന്‍. പൂരം കലക്കല്‍ വിവാദത്തിന്റ ഗൗരവം അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തേക്കാള്‍ കൂടിയെന്നും എഡിജിപിക്കും പൊലീസുകാര്‍ക്കുമെതിരെ ശക്തമായ നടപടിയെടുക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
◾ തൃശൂര്‍ പൂരം നിര്‍ത്തിവയ്ക്കുന്ന സാഹചര്യത്തില്‍ സുരേഷ് ഗോപി ആംബുലന്‍സില്‍ വന്നിറങ്ങുന്ന വീഡിയോ പുറത്ത് വന്നു. തിരുവമ്പാടി ദേവസ്വം ഓഫീസിലേക്കാണ് സേവാഭാരതിയുടെ ആംബുലന്‍സില്‍ സുരേഷ് ഗോപി വന്നത്. ആംബുലന്‍സില്‍ സുരേഷ് ഗോപിയെ എത്തിച്ചതില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ആ ഘട്ടത്തില്‍ തന്നെ സംശയം ഉയര്‍ത്തിയിരുന്നു. ഈ ആരോപണങ്ങള്‍ക്ക് ബലം പകരുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നിട്ടുള്ളത്. പൂരത്തിന്റെ പ്രധാന ചടങ്ങുകളില്‍ ഒന്നും പ്രത്യക്ഷപ്പെടാതെയിരുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി സേവാഭാരതി ആംബുലന്‍സില്‍ ആ സമയം വന്നുവെന്നുള്ളത് ദുരൂഹമാണെന്ന് സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും പറഞ്ഞു.
◾ തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ജനരോഷം കാരണമാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. ഇപ്പോള്‍ നടക്കുന്നത് കള്ളനും പൊലീസും കളിയാണെന്നും അന്വേഷണത്തില്‍ ഒന്നും സംഭവിക്കില്ലെന്നും എഡിജിപി -ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രി പറഞ്ഞിട്ട് തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
◾ എഡിജിപി എം ആര്‍ അജിത് കുമാറും ആര്‍എസ്എസ് നേതാക്കളും തമ്മിലുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിന് ഉത്തരവിട്ട് സര്‍ക്കാര്‍. ഡിജിപിക്കാണ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കിയത്. എഡിജിപിക്കൊപ്പം നേതാക്കളെ കണ്ടവരുടെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തും.
◾ മുഖ്യമന്ത്രിയുടെ അറിവോടെയാണ് എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതെന്ന് ആവര്‍ത്തിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇവരെ എഡിജിപി കണ്ടെതെന്നും ആരെ ബോധ്യപ്പെടുത്താനാണ് അന്വേഷണം നടത്തുന്നതെന്നും അദ്ദേഹം ചോദിച്ചു. അതേസമയം താന്‍ കണ്ണൂരില്‍ ആര്‍എസ്എസ് ശാഖ സംരക്ഷിച്ചു എന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണെന്നും സിപിഎം അക്രമം തടയുകയാണ് താന്‍ ചെയ്തതെന്നും സുധാകരന്‍ പറഞ്ഞു. ബിജെപിയും സിപിഎമ്മും പരസ്പരം വര്‍ഷങ്ങളായി പിന്തുണ നല്‍കുന്നവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ എ.ഡി.ജി.പി എം.ആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ തുടര്‍ന്ന് നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വര്‍. അദ്ദേഹത്തെ സര്‍വീസില്‍ നിന്നും പുറത്താക്കണമെന്നാണ് ഇപ്പോള്‍ അന്‍വര്‍ പറയുന്നത്. കുപ്രസിദ്ധനായ കുറ്റവാളിയാണ് അജിത് കുമാറെന്നും പോലീസ് സേനയ്ക്ക് പറ്റുന്ന വ്യക്തിയല്ലെന്നും അത് ജനങ്ങള്‍ക്ക് അറിയാവുന്ന കാര്യമാണെന്നും എം.എല്‍.എ. തുറന്നടിച്ചു.
◾ പിവി അന്‍വര്‍ എം.എല്‍.എ ഉന്നയിച്ച പരാതികളില്‍ പി ശശിക്കെതിരെ പാര്‍ട്ടി അന്വേഷണം വേണ്ടെന്ന് സിപിഎം തീരുമാനം. ശശി ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കുന്നുവെന്ന് സി.പി.എം സംസ്ഥാനസെക്രട്ടേറിയറ്റിന്റെ വിലയിരുത്തല്‍. എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ തിരക്കിട്ട് ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റേണ്ടെന്നും സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗം തീരുമാനിച്ചു. എല്ലാ തരത്തിലുമുള്ള അന്വേഷണ റിപ്പോര്‍ട്ടുകളും അവസാനിച്ച ശേഷം നടപടിയെടുക്കാമെന്നാണ് തീരുമാനം.
◾ വ്യാജ ലഹരിക്കടത്ത് കേസ് ആരോപണത്തില്‍ സുജിത് ദാസിന് ആശ്വാസം. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ലഹരിക്കേസ് പ്രതിയുടെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സിബിഐ അന്വേഷണത്തിനുള്ള കാരണങ്ങള്‍ ബോധിപ്പിക്കാന്‍ ഹര്‍ജിക്കാരിക്ക് ആയില്ലെന്ന് ഹൈക്കോടതി പറയുന്നു. നിലവിലെ അന്വേഷണത്തില്‍ അപാകതയൊന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ലഹരിക്കേസ് അന്വേഷണം അന്തിമ ഘട്ടത്തിലാണെന്ന് സര്‍ക്കാരും പറഞ്ഞു.
◾ സിപിഎം നേതാവ് എംഎം ലോറന്‍സിന്റെ പൊതുദര്‍ശനത്തിനിടെ തന്നെയും മകനെയും മര്‍ദ്ദിച്ചെന്ന് അദ്ദേഹത്തിന്റെ മകള്‍ ആശ ലോറന്‍സ് കൊച്ചി കമ്മീഷണര്‍ക്ക് പരാതി നല്‍കി. വനിതകള്‍ അടങ്ങിയ സിപിഎം റെഡ് വളണ്ടിയര്‍മാരാണ് മര്‍ദ്ദിച്ചതെന്നും, സിഎന്‍ മോഹനനും ലോറന്‍സിന്റെ മകനും സഹോദരനുമായ എംഎല്‍ സജീവനും സഹോദരി ഭര്‍ത്താവ് ബോബനും മര്‍ദ്ദനത്തിനു കൂട്ടുനിന്നുവെന്നും പരാതിയില്‍ പറയുന്നു. പരാതി കൊച്ചി നോര്‍ത്ത് പൊലീസിന് കൈമാറിയെന്നും ഉടന്‍ കേസെടുക്കുമെന്നും കൊച്ചി കമ്മീഷണര്‍ അറിയിച്ചു.
◾ ബലാത്സംഗ കേസില്‍ ഒളിവില്‍ പോയ നടന്‍ സിദ്ദിഖിനെ കണ്ടെത്താന്‍ പൊലീസിന്റെ വ്യാപക തെരച്ചില്‍. സംഘങ്ങളായി തിരിഞ്ഞു പൊലീസ് പരിശോധന നടത്തുകയാണ്. സംസ്ഥാനത്തിനു പുറത്തും അന്വേഷണം നടത്തും. സിനിമാ സുഹൃത്തുക്കളുടെ ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്ന് സിദ്ദിഖ് ജാമ്യം തേടി ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കുമെന്നാണ് സൂചന.
◾ ബലാത്സംഗക്കേസില്‍ എം.മുകേഷ് എംഎല്‍എയെ പിന്തുണയ്ക്കാതെ പി.കെ ശ്രീമതി. എംഎല്‍എ സ്ഥാനത്ത് നിന്ന് രാജി വെയ്ക്കന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കേണ്ടത് മുകേഷാണെന്നും ധാര്‍മികമായി അവനവനാണ് ഇക്കാര്യം തീരുമാനിക്കേണ്ടതെന്നും പി.കെ ശ്രീമതി പറഞ്ഞു.
◾ ലൈംഗികാതിക്രമ ആരോപണ പരാതിയില്‍ നടന്‍ ഇടവേള ബാബു അറസ്റ്റില്‍. ചോദ്യം ചെയ്യലിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയതിനാല്‍ അറസ്റ്റ് രേഖപ്പെടുത്തിയതിന് ശേഷം വിട്ടയക്കും.
◾ പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ മരണത്തിലെ കുറ്റാരോപിതരായവരെ സര്‍വീസില്‍ തിരിച്ചെടുത്തത് ഭരിക്കുന്നവരുടെ പിടിപ്പുകേടാണെന്ന് അമ്മ ഷീബ. സര്‍ക്കാരില്‍ വിശ്വാസമില്ലെന്ന് പറഞ്ഞ ഷീബ ഗവര്‍ണറെ വീണ്ടും കാണുമെന്നും വ്യക്തമാക്കി. ഡീനും അസിസ്റ്റന്റ് വാര്‍ഡനും തിരികെ സര്‍വീസില്‍ പ്രവേശിച്ചതിനെതിരെയാണ് അമ്മ ഷീബ പ്രതിഷേധം അറിയിച്ചത്.
◾ സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അവരുടെ പരാതികളും അറിയിക്കാനായി ടോള്‍ ഫ്രീ നമ്പര്‍ പുറത്തിറക്കി സംവിധായകരുടെ സംഘടനയായ ഫെഫ്ക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് ഫെഫ്ക്കയുടെ ഇടപെടല്‍. 8590599946 എന്ന നമ്പറിലേക്ക് 24 മണിക്കൂറും സേവനം ലഭ്യമാകും. സ്ത്രീകള്‍ മാത്രമായിരിക്കും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക. പരാതി ഗുരുതര സ്വഭാവം ഉള്ളത് എങ്കില്‍ സംഘടന തന്നെ നിയമ നടപടി സ്വീകരിക്കും.
◾ മൂന്നാറിലെ കല്ലാറില്‍ കാട്ടാനയുടെ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റു. ശുചീകരണ തൊഴിലാളികള്‍ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. എം ജി കോളനി സ്വദേശി അഴകമ്മ, നെറ്റിക്കുടി സ്വദേശി ശേഖര്‍ എന്നിവര്‍ക്ക് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ഇരുവരെയും ടാറ്റാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ മലപ്പുറത്തെ സര്‍ക്കാര്‍ സ്‌കൂളായ തവനൂര്‍ കെ എം ജി വി എച്ച് എസിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളുടെ ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കേറ്റ് കാണാതായി. വെബ്സൈറ്റില്‍ കയറിയാണ് ടിസികള്‍ നീക്കിയത്. സ്‌കൂള്‍ പ്രിന്‍സിപ്പാളിന്റെ അനുമതിയില്ലാതെയാണ് ലോഗ് ഇന്‍ ചെയ്തിരിക്കുന്നത്. ടിസി നഷ്ടമായതിനാല്‍ 17 വിദ്യാര്‍ത്ഥികള്‍ അഡ്മിഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായി. ടിസി മാറ്റിയത് സ്‌കൂളിനുള്ളിലുള്ളവര്‍ തന്നെയെന്നാണ് പൊലീസ് സംശയിക്കുന്നത്.
◾ സ്‌കൂള്‍ വിദ്യാര്‍ത്ഥി ബസില്‍ നിന്ന് തെറിച്ചു വീണു. കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര മുളിയങ്ങളിലാണ് സംഭവം. ഇന്ന് രാവിലെ വിദ്യാര്‍ത്ഥി സ്‌കൂളിലേക്ക് പോകാന്‍ ബസില്‍ കയറുകയായിരുന്നു. എന്നാല്‍ നല്ല തിരക്കുണ്ടായിരുന്ന ബസില്‍ വിദ്യാര്‍ത്ഥി സുരക്ഷിതമായി നില്‍ക്കുന്നതിന് മുന്‍പ് ബസ് മുന്നോട്ടെടുത്തു. ബസില്‍ നിന്ന് തെറിച്ച് പുറമിടിച്ച് തറയില്‍ വീണ വിദ്യാര്‍ത്ഥിക്ക് ചുമലില്‍ സ്‌കൂള്‍ ബാഗുണ്ടായിരുന്നതിനാല്‍ രക്ഷയായി.
◾ പാലക്കാട് നെല്ലിപാടത്ത് 14 കാരനെ ഉറക്കത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കണ്ണന്‍ - ജയന്തി ദമ്പതികളുടെ മകന്‍ അഭിനവ് ആണ് മരിച്ചത്. ഇന്നലെ രാത്രി 11.30ക്കും 12 നും ഇടയില്‍ കുട്ടിയുടെ റൂമില്‍ നിന്ന് ഉച്ചത്തില്‍ ശ്വാസം വലിക്കുന്ന ശബ്ദം കേട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും അവിടെ എത്തുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു എന്നാണ് വിവരം.
◾ എച്ച്ഡിഎഫ്സി ബാങ്ക് ജീവനക്കാരി ജോലിക്കിടെ മരിച്ചു. ഉത്തര്‍പ്രദേശിലെ വിഭൂതിഖണ്ഡ് ബ്രാഞ്ചിലെ അഡീഷണല്‍ ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് സദഫ് ഫാത്തിമ (45) ആണ് മരിച്ചത്. ജോലി സമ്മര്‍ദ്ദമാണ് മരണ കാരണമെന്ന് സഹപ്രവര്‍ത്തകര്‍ പറഞ്ഞു. എന്നാല്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ എന്ന് വിഭൂതിഖണ്ഡ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍ വ്യക്തമാക്കി.
◾ ട്രെയിന്‍ അപകടങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനത്തിന്റെ നവീകരിച്ച രൂപം കവച് 4.o ഇന്ത്യയിലാദ്യമായി രാജസ്ഥാനിലെ സവായ് മധോപുരില്‍ റെയില്‍വെ മന്ത്രി അശ്വനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. സവായ് മധോപൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഇന്ദര്‍ഗഡ് റെയില്‍വേ സ്റ്റേഷനിലേക്ക് 45 മിനിറ്റ് യാത്ര ചെയ്താണ് മന്ത്രി പുതിയ കവച് സംവിധാനം പരിശോധിച്ചത്.
◾ വായ്പ എടുത്ത 1.2 ബില്യണ്‍ ഡോളര്‍ തിരിച്ചടയ്ക്കുന്നതില്‍ വീഴ്ച വരുത്തിയതിന് എജ്യൂടെക് കമ്പനി ബൈജൂസിനെതിരായ നിയമനടപടി യുഎസിലെ ഡെലവെയര്‍ കോടതി ശരിവച്ചു. ഇതോടെ ഈടായി ഉപയോഗിച്ചിരുന്ന ബൈജൂസിന്റെ യുഎസ് അനുബന്ധ സ്ഥാപനമായ ബൈജൂസ് ആല്‍ഫ ഇങ്കിന്റെ നിയന്ത്രണം ബൈജൂസിന് വായ്പ നല്‍കിയവര്‍ക്ക് ഏറ്റെടുക്കാന്‍ ഇത് വഴി സാധിച്ചേക്കും.
◾ ദില്ലിയിലെ രജീന്ദര്‍ നഗറില്‍ രാസവസ്തുക്കള്‍ കലര്‍ത്തി മാതള ജ്യൂസ് വില്‍പന നടത്തിയെന്നാരോപിച്ച് രണ്ട് പേരെ അറസ്റ്റ് ചെയ്തു. കടയില്‍ വില്‍ക്കുന്ന ജ്യൂസില്‍ രാസവസ്തു കലര്‍ത്തിയതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മരുന്ന് കുപ്പിക്ക് സമാനമായ ഒരു കുപ്പിയില്‍ നിറച്ച രാസവസ്തു കണ്ടെത്തി. രാസവസ്തു പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്.
◾ കര്‍ണാടക ഹൈക്കോടതി ജഡ്ജിയുടെ പാകിസ്ഥാന്‍ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഇന്ത്യയുടെ ഒരു ഭാഗത്തെയും പാകിസ്ഥാന്‍ എന്ന് വിളിക്കാന്‍ കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് വാക്കാല്‍ പറഞ്ഞു. അടിസ്ഥാനപരമായി രാജ്യത്തിന്റെ അഖണ്ഡതയ്ക്ക് വിരുദ്ധമാണതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏതെങ്കിലും വിഭാഗത്തിന് എതിരായതും സ്ത്രീവിരുദ്ധവുമായ പരാമര്‍ശങ്ങള്‍ ജഡ്ജിമാര്‍ ഒഴിവാക്കണമെന്ന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.
◾ കര്‍ഷക സമരത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയ കാര്‍ഷിക നിയമങ്ങള്‍ തിരികെ കൊണ്ടുവരണമെന്ന പ്രസ്താവന പിന്‍വലിച്ച് നടിയും എംപിയുമായ കങ്കണ റണൌട്ട്. തന്റെ വാക്കുകള്‍ നിരവധിയാളുകളെ നിരാശപ്പെടുത്തിയതായി മനസിലായെന്നും പറഞ്ഞത് പിന്‍വലിക്കുകയായണെന്നും കങ്കണ വ്യക്തമാക്കി.
◾ ഗുജറാത്തിലെ ട്രെയിന്‍ അട്ടിമറി പ്രശസ്തിക്ക് വേണ്ടി മൂന്ന് റെയില്‍വെ ജീവനക്കാര്‍ തന്നെ നടത്തിയ നീക്കമാണെന്ന് വ്യക്തമായി. പാളങ്ങളെ ബന്ധിപ്പിക്കുന്ന ലോഹഭാഗം നീക്കം ചെയ്ത ശേഷം അട്ടിമറി നീക്കമെന്ന് പറഞ്ഞ് ഇവര്‍ തന്നെ അതു കണ്ടെത്തി കയ്യടി നേടുകയായിരുന്നു. അംഗീകാരവും പാരിതോഷികവും നൈറ്റ് ഡ്യൂട്ടി ലഭിക്കലുമായിരുന്നു ലക്ഷ്യമെന്ന് പൊലീസ് പറഞ്ഞു.
◾ നെറ്റ്ഫ്‌ളിക്‌സിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. 2020 ല്‍ കമ്പനി വിട്ട നെറ്റ്ഫ്‌ലിക്‌സ് മുന്‍ എക്‌സിക്യൂട്ടീവ് നന്ദിനി മേത്തയ്ക്കാണ് കേന്ദ്രത്തിന്റെ ഇ-മെയില്‍ പോയിരിക്കുന്നത്. കമ്പനിയുടെ പെരുമാറ്റം, വിസ ലംഘനങ്ങള്‍, നികുതി വെട്ടിപ്പ്, വംശീയ വിവേചനം ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ എന്നിവ സംബന്ധിച്ച് തങ്ങള്‍ക്ക് ചില വിശദാംശങ്ങള്‍ ലഭിച്ചിട്ടുണ്ടെന്ന് ഇമെയിലില്‍ ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥനായ ദീപക് യാദവ് വ്യക്തമാക്കി. കമ്പനിയുടെ മുന്‍ നിയമ എക്‌സിക്യൂട്ടീവായതിനാലാണ് വിശദാംശങ്ങളും രേഖകളും ആവശ്യപ്പെട്ട് നന്ദിനി മേത്തയ്ക്ക് അധികൃതര്‍ സന്ദേശമയച്ചിരിക്കുന്നത്.
◾ ഇസ്രായേല്‍ ബെയ്‌റൂട്ടില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുല്ല കമാന്‍ഡര്‍ ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടു. ഹിസ്ബുല്ലയുടെ മിസൈല്‍, റോക്കറ്റ് നെറ്റ്വര്‍ക്കിന്റെ കമാന്‍ഡറെയാണ് വധിച്ചതെന്ന് ഇസ്രായേല്‍ അറിയിച്ചു. ഇബ്രാഹിം മുഹമ്മദ് കൊബൈസി കൊല്ലപ്പെട്ടെന്ന വിവരം ഹിസ്ബുല്ല സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയും 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് ലെബനീസ് ആരോഗ്യമന്ത്രാലയം അറിയിച്ചു.
◾ കുതിപ്പ് തുടര്‍ന്ന് സ്വര്‍ണവില. സംസ്ഥാനത്ത് കഴിഞ്ഞ ദിവസം ആദ്യമായി 56,000 തൊട്ട സ്വര്‍ണവില ഇന്ന് വീണ്ടും ഉയര്‍ന്നു. 480 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 56,480 രൂപയായി. ഗ്രാമിന് 60 രൂപയാണ് വര്‍ധിച്ചത്. 7060 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപ വര്‍ധിച്ച് 5,840 രൂപയായി. തുടര്‍ച്ചയായ ആറാമത്തെ ദിവസമാണ് സ്വര്‍ണ വില കേരളത്തില്‍ മുന്നേറ്റം കാഴ്ചവയ്ക്കുന്നത്. ആറ് ദിവസംകൊണ്ട് പവന്‍ വിലയിലുണ്ടായത് 1,880 രൂപയുടെ വര്‍ധനയാണ്. മൂന്നാഴ്ചയ്ക്കിടെ ഏകദേശം 3000ലധികം രൂപയാണ് വര്‍ധിച്ചത്. അന്താരാഷ്ട്ര സ്വര്‍ണ്ണവില 2,670 ഡോളര്‍ വരെ ഉയര്‍ന്ന് സര്‍വകാല റെക്കോഡിട്ട ശേഷം 2,660.80 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. പശ്ചിമേഷ്യയില്‍ ആക്രമണം രൂക്ഷമായതിനെ തുടര്‍ന്നാണ് വിലവര്‍ധന ക്രമാതീതമായി വര്‍ധിക്കുന്നത്. കേരളത്തില്‍ ഒരു പവന്‍ ആഭരണത്തിന് പണിക്കൂലിയും മറ്റ് ചാര്‍ജുകളും ചേര്‍ത്ത് 61,136 രൂപയ്ക്ക് അടുത്ത് നല്‍കേണ്ടി വരും.
◾ ഫോള്‍ഡബിള്‍ ഫോണുകളുണ്ടോ എന്ന് കളിയാക്കിയവര്‍ക്ക് മറുപടിയുമായി ആപ്പിള്‍. ട്രൈ-ഫോള്‍ഡ് ഡിസൈനിലുള്ള ഫോള്‍ഡബിള്‍ ഫോണ്‍ തയ്യാറാക്കാന്‍ ആപ്പിള്‍ ഒരുങ്ങുന്നു എന്ന് റിപ്പോര്‍ട്ട്. പേറ്റന്റ് വിവരങ്ങള്‍ പുറത്തുവന്നു. 'ഇലക്ട്രോണിക് ഡിവൈസസ് വിത്ത് ഡിസ്‌പ്ലെ ആന്‍ഡ് ടച്ച് സെന്‍സര്‍ സ്ട്രെക്ച്ചര്‍' എന്ന തലക്കെട്ടില്‍ ഒരു പേറ്റന്റ് യുഎസ് പേറ്റന്റ് ആന്‍ഡ് ട്രേഡ്മാര്‍ക്ക് ഓഫീസില്‍ ആപ്പിള്‍ കമ്പനി അപ്‌ഡേറ്റ് ചെയ്തു. പുതുക്കിയിരിക്കുന്ന പേറ്റന്റില്‍ ഒരു ഔട്ടര്‍ ഡിസ്‌പ്ലെ അധികമായി കൂട്ടിച്ചേര്‍ത്തിരിക്കുന്നു. ഇതിനൊപ്പമൊരു ഇന്നര്‍ ഡിസ്‌പ്ലെയും മൂന്നാം ഡിസ്‌പ്ലെയും ചേരുന്നതോടെ രൂപഘടനയില്‍ 'വാവെയ് മേറ്റ് എക്‌സ്ടി'യുടെ അതേ രൂപത്തില്‍ വരുന്ന ട്രൈ-ഫോള്‍ഡബിളാകും. ഐഫോണ്‍ 16 സിരീസ് ഇറങ്ങിയപ്പോള്‍ നിങ്ങള്‍ക്ക് ഫോള്‍ഡബിള്‍ ഫോണുണ്ടോ എന്ന് സാംസങ് ട്രോളിയിരുന്നു. അതേ ദിനം ചൈനീസ് ബ്രാന്‍ഡായ വാവെയ് ടെക് ചരിത്രത്തിലെ തന്നെ ആദ്യ ട്രൈ-ഫോള്‍ഡബിള്‍ അവതരിപ്പിച്ച് ഞെട്ടിക്കുകയും ചെയ്തു.
◾ 'ദ ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം' എന്ന വിജയ് ചിത്രത്തിലെ ഗാനമെത്തി. വിജയും തൃഷയും നിറഞ്ഞാടിയ മാട്ടാ സോംഗ് ആണ് ഇപ്പോള്‍ റിലീസ് ചെയ്തിരിക്കുന്നത്. യുവന്‍ ശങ്കര്‍ രാജ സംഗീതം നല്‍കിയ ഗാനത്തിന് വരികള്‍ എഴുതിയത് വിവേക് ആണ്. യുവന്‍ ശങ്കര്‍ രാജ, ഷെന്‍ബാഗരാജ്, വേലു, സാം, നാരായണന്‍ രവിശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ആലാപനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം തമിഴ്നാട്ടില്‍ 200 കോടിയോളം രൂപയാണ് ഗോട്ട് നേടിയത്. ആഗോളതലത്തില്‍ 400 കോടിയോളവും ചിത്രം നേടിയിട്ടുണ്ട്. സയന്‍സ് ഫിക്ഷന്‍ ആക്ഷണ്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ അച്ഛനും മകനുമായി ഡബിള്‍ റോളില്‍ ആണ് വിജയ് എത്തിയത്. മീനാക്ഷി ചൗധരി നായികയായി എത്തിയ ചിത്രത്തില്‍ പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മല്‍ അമീര്‍, മോഹന്‍, യോഗി ബാബു, വിടിവി ഗണേഷ്, സ്നേഹ, ലൈല തുടങ്ങി വന്‍താര നിര അണിനിരന്നിരുന്നു.
◾ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ വിവാദ ചിത്രങ്ങളില്‍ ഒന്നാണ് 'ദ കേരള സ്റ്റോറി'. സുദീപ്‌തോ സെന്‍ സംവിധാനം ചെയ്ത ചിത്രത്തിന് രണ്ടാം ഭാഗം ഉണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു. ദ കേരള സ്റ്റോറിയുടെ രണ്ടാം ഭാഗം മലയാള സിനിമയെ മുള്‍മുനയിലാക്കിയ ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ആസ്പദമാക്കി ഒരുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ സുദീപ്‌തോ സെന്‍ തള്ളിയിട്ടുണ്ട്. ഈ വാര്‍ത്തകള്‍ എവിടുന്ന് വന്നുവെന്ന് അറിയില്ല എന്നാണ് സംവിധായകന്‍ പറയുന്നത്. കേരളാ സ്റ്റോറിയുടെ സീക്വല്‍ ഉണ്ടാകും തിരക്കഥ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. പക്ഷെ അത് ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിനെ അടിസ്ഥാനമാക്കിയല്ല ഒരുങ്ങുന്നത് എന്ന് സുദീപ്‌തോ സെന്‍ വ്യക്തമാക്കി. അതേസമയം, 2023ല്‍ റിലീസ് ചെയ്ത കേരളാ സ്റ്റോറി 303.97 കോടി രൂപ കളക്ഷന്‍ നേടിയിട്ടുണ്ട്. അദാ ശര്‍മ്മയാണ് ചിത്രത്തില്‍ നായികയായത്. ചിത്രം ബംഗാളിലും തമിഴ്‌നാട്ടിലും ആദ്യം നിരോധിക്കുകയും പിന്നീട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു.
◾ റേഞ്ച് റോവറിന്റെ ആഡംബരവും സുരക്ഷയും ആഗ്രഹിക്കാത്ത സിനിമാതാരങ്ങള്‍ വിരളം. ആ നിരയിലേക്ക് ഏറ്റവുമൊടുവില്‍ എത്തിയിരിക്കുന്നത് ബോളിവുഡ് നടി കത്രീന കൈഫും ഭര്‍ത്താവ് വിക്കി കൗശലുമാണ്. കത്രീന ഭര്‍ത്താവിന് സമ്മാനമായി നല്‍കിയതാണ് റേഞ്ച് റോവര്‍ 3.0 എല്‍ഡബ്ള്യുബി ഓട്ടോബയോഗ്രഫി. പ്രീമിയം ഫീച്ചറുകളും സുഖകരമായ യാത്രയും പ്രദാനം ചെയ്യുന്ന വാഹനം ഇന്ത്യയില്‍ ആദ്യമായി മൂന്നു നിര സീറ്റുകളില്‍ ലഭ്യമാകുന്നു എന്ന സവിശേഷതയുമുണ്ട്. എല്‍ ഡബ്ള്യു ബി വേരിയന്റുകളിലാണ് ലഭ്യമാകുക. പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ ഓപ്ഷനുകളില്‍ വാഹനം ലഭ്യമാണ്. 3.0 ലീറ്റര്‍ 6 സിലിണ്ടര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിന്‍ 394 ബി എച്ച് പി കരുത്തും 550 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കുന്നു. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ എന്‍ജിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. 2.60 കോടി രൂപ എക്സ് ഷോറൂം വില വരും. 4.4 ലീറ്റര്‍ ടഉഢ8 ഡീസല്‍ എന്‍ജിന്‍ 335 ബി എച്ച് പി കരുത്തും 740 എന്‍ എം ടോര്‍ക്കും ഉല്പാദിപ്പിക്കും.
◾ ആധുനിക സാങ്കേതികവിദ്യ ഇന്നത്തെപ്പോലെ പുരോഗമിക്കുന്നതിനു മുമ്പുള്ള പത്രപ്രവര്‍ത്തനത്തിലെ സാഹസികതകളും, രസകരമായ അനുഭവങ്ങളും, മായാത്ത ഓര്‍മകളും പങ്കുവെയ്ക്കുന്ന പുസ്തകം. ചെറിയ ചെറിയ സൂചനകളെ പിന്തുടര്‍ന്ന് വലിയ വാര്‍ത്തകളില്‍ എത്തിച്ചേരുകയും, ഭീഷണികളെയും പ്രലോഭനങ്ങളെയും അതിജീവിച്ചുകൊണ്ട് സമൂഹത്തിനു മുന്നില്‍ തുറന്നുവെക്കുകയും ചെയ്ത നാലര പതിറ്റാണ്ടുകാലത്തെ പത്രപ്രവര്‍ത്തനജീവിതത്തിന്റെ ഓര്‍മ്മച്ചിത്രങ്ങളാണ് ഇതിലെ ഓരോ അധ്യായവും. 'ദാമോദരന്‍ കൊല്ലി'. പി ദമോദരന്‍. പൂര്‍ണ പബ്ളിക്കേഷന്‍സ്. വില 138 രൂപ.
◾ ദീര്‍ഘനേരം ഉയര്‍ന്ന ശബ്ദത്തില്‍ പതിവായി ഇയര്‍ഫോണ്‍ ഉപയോഗിക്കുന്നത് നോയിസ് ഇന്‍ഡ്യൂസ്ഡ് ഹിയറിങ് ലോസ് എന്ന അവസ്ഥയിലേക്ക് നയിക്കാം. അമിതമായ ശബ്ദ തരംഗത്തെ തുടര്‍ന്ന് ചെവിയിലെ കോക്ലിയയ്ക്കുള്ളില്‍ രോമകോശങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കുന്നതാണ് എന്‍ഐഎച്ച്എല്‍. ഇത് കേള്‍വി ശക്തി പൂര്‍ണമായും ഇല്ലാതാകുന്ന അവസ്ഥയിലേക്ക് നയിക്കാം. ആഗോളതലത്തില്‍ 16 മുതല്‍ 25 വരെ പ്രായമായ ഏതാണ്ട് 40 ശതമാനത്തോളം ആളുകളില്‍ ഏതെങ്കിലും തരത്തിലുള്ള കേള്‍വി പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കൂടാതെ അമിതമായി ശബ്ദം കേള്‍ക്കുന്നത് ചെവിക്കുള്ളില്‍ വാക്സ് രൂപീകരിക്കാനും ഇത് അണുബാധയിലേക്കും നയിക്കാം. അനുയോജ്യമല്ലാത്ത ഇയര്‍ഫോണുകള്‍ ഉപയോഗിക്കുന്നത് ചെവിക്കുള്ളില്‍ വേദന, ചൊറിച്ചില്‍ എന്നിവയ്ക്കും കാരണമാകുന്നു. ചില സന്ദര്‍ഭങ്ങളില്‍ ടിന്നിടസ് (ചെവിയില്‍ സ്ഥിരമായ മുഴക്കം അല്ലെങ്കില്‍ ഇരമ്പല്‍ എന്ന തോന്നല്‍), ഹൈപ്പര്‍അക്യൂസിസ് (ദൈനംദിനം ശബ്ദങ്ങളോട് വര്‍ധിച്ചു വരുന്ന സംവേദനക്ഷമത) എന്നിവയിലേക്കും നയിക്കാം. കൂടാതെ മോശം ഇയര്‍ഫോണ്‍ ശുചിത്വം ചെവിക്കുള്ളില്‍ ഓട്ടോമൈക്കോസിസ് പോലുള്ള ഫംഗല്‍ ബാധയ്ക്കും കാരണമായേക്കാം. കേള്‍വിക്കുറവ് പരിഹരിക്കുന്നതിന് കൃത്യമായ പരിപാലനവും മുന്‍കരുതലും ആവശ്യമാണ്. അതിനായി ലോകാരോഗ്യ സംഘടന മുന്നോട്ട് വെയ്ക്കുന്ന 60/60 നിയമം പാലിക്കാം. 60 മിനിറ്റ് ദൈര്‍ഘ്യത്തില്‍ പരമാവധി ശബ്ദത്തിന്റെ അളവു 60 ശതമാനമാക്കുക. ഓരോ 60 മിനിറ്റിന് ശേഷവും ഇടവേളയെടുക്കുക. സുഖപ്രദമായ ഇയര്‍ഫോണുകള്‍ തെരഞ്ഞെടുക്കാന്‍ ശ്രമിക്കുക. ഇയര്‍ഫോണ്‍ പതിവായി വൃത്തിയാക്കുക. ഇയര്‍ഫോണ്‍ മറ്റാര്‍ക്കും പങ്കിടാതിരിക്കുക. ഇയര്‍ഫോണ്‍ സ്ഥിരമായി 85 ഡെസിബലിന് മുകളില്‍ ശബ്ദത്തില്‍ ഉപയോഗിക്കുന്നത് നിങ്ങളുടെ കേള്‍വിയെ പൂര്‍ണമായും ഇല്ലാതാക്കാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.59, പൗണ്ട് - 111.87, യൂറോ - 93.53, സ്വിസ് ഫ്രാങ്ക് - 98.85, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 57.52, ബഹറിന്‍ ദിനാര്‍ - 221.78, കുവൈത്ത് ദിനാര്‍ -273.96, ഒമാനി റിയാല്‍ - 217.14, സൗദി റിയാല്‍ - 22.28, യു.എ.ഇ ദിര്‍ഹം - 22.76, ഖത്തര്‍ റിയാല്‍ - 23.07, കനേഡിയന്‍ ഡോളര്‍ - 62.24.
➖➖➖➖➖➖➖➖
Tags:
KERALA