അടുത്ത വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കാനിരിക്കെ ലഭിച്ചത് 16,669 അപേക്ഷകള്‍. ഇതില്‍ 11,321 അപേക്ഷകള്‍ ജനറല്‍ വിഭാഗത്തിലാണ്.
അപേക്ഷകരില്‍ 3536 പേര് 65 വയസ്സിന് മുകളില്‍ പ്രായമുള്ളവരും, 1812 പേര് പുരുഷ മെഹ്റം കൂടെയില്ലാത്ത വനിത അപേക്ഷകരുമാണ്. ഈ രണ്ട് വിഭാഗങ്ങളിലുള്ളവര്‍ക്കും നറുക്കെടുപ്പില്ലാതെ നേരിട്ട് അവസരം ലഭിക്കും.
ലഭിച്ച അപേക്ഷകളില്‍ സ്വീകാര്യമായവക്ക് കവര്‍ നമ്പറുകള്‍ അനുവദിക്കല്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.ഇതുവരെ 14,915 പേര്‍ക്കാണ് കവര്‍ നമ്പറുകള്‍ അനുവദിച്ചത്. കവര്‍ നമ്പര്‍ മുഖ്യ അപേക്ഷകനെ എസ്.എം.എസായി അറിയിക്കും. ഹജ്ജ് കമ്മിറ്റിയുടെ വെബ്സൈറ്റില്‍ അപേക്ഷകരുടെ യൂസര്‍ ഐ.ഡിയും പാസ് വേര്‍ഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തും കവര്‍ നമ്പര്‍ പരിശോധിക്കാം.
2024 സെപ്റ്റംബര്‍ 23നുള്ളില്‍ അനുവദിച്ചതും 2026 ജനുവരി 15 വരെയെങ്കിലും കാലാവധിയുമുള്ളതുമായ പാസ്പോര്‍ട്ടുള്ളവര്‍ക്ക് അപേക്ഷ സമര്‍പ്പിക്കാം. ഇതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ ലഭ്യമാണ്.