Trending

സായാഹ്ന വാർത്തകൾ.

  21-09-2024

◾ വയനാട് ദുരന്തനിവാരണക്കണക്ക് വിവാദത്തില്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. വയനാട്ടിലെ ദുരിതാശ്വാസവുമായി ബന്ധപ്പെട്ട കണക്കുകള്‍ മാധ്യമങ്ങള്‍ തെറ്റായി പ്രചരിപ്പിച്ചതിന് പിന്നില്‍ അജണ്ടയുണ്ടെന്നും മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. അസത്യം പറന്നപ്പോള്‍ പിന്നാലെ വന്ന സത്യം മുടന്തുകയാണെന്നും അങ്ങനെ മുടന്താനെ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പിന് പോലും കഴിഞ്ഞുള്ളുവെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വ്യാജ വാര്‍ത്തകള്‍ക്ക് പിന്നിലുള്ള അജണ്ട നാടിനും നാട്ടിലെ ജനങ്ങള്‍ക്കും എതിരായുള്ളതാണെന്നും ഇത്തരം വ്യാജ വാര്‍ത്തകളില്‍ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

◾ എഡിജിപി എം ആര്‍ അജിത് കുമാറിനെ കൈവിടാതെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയന്‍. എം ആര്‍ അജിത് കുമാറിനെ എഡിജിപി സ്ഥാനത്ത് നിന്ന് നിലവില്‍ മാറ്റില്ലെന്ന് മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആരോപണങ്ങളില്‍ അന്വേഷണ റിപ്പോര്‍ട്ട് വരട്ടെയെന്നും അതിന് ശേഷം നടപടി ആലോചിക്കാമെന്നുമാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്.

◾ പിവി അന്‍വര്‍ എംഎല്‍എയെ പൂര്‍ണ്ണമായും തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍. പരാതിയുണ്ടെങ്കില്‍ പാര്‍ട്ടിയുടെയും മുഖ്യമന്ത്രിയുടേയും ശ്രദ്ധയില്‍ പെടുത്തുകയായിരുന്നു ഇടതുപക്ഷ എംഎല്‍എ എന്ന നിലയില്‍ പിവി അന്‍വര്‍ ചെയ്യേണ്ടിയിരുന്നതെന്നും എന്നാല്‍ പി,വി.അന്‍വര്‍ ഇടതു പശ്ചാത്തലമുള്ള ആളല്ലെന്നും കോണ്‍ഗ്രസില്‍നിന്ന് വന്നയാളാണെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

◾ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശിക്ക് പൂര്‍ണ പിന്തുണ നല്‍കി  മുഖ്യമന്ത്രി പിണറായി വിജയന്‍. പി ശശിക്കെതിരെ ഒരു അന്വേഷണവും ആവശ്യമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി ശശിയുടേത് മാതൃകാപരമായ പ്രവര്‍ത്തനമാണ്. ഒരു തെറ്റും പി ശശി ചെയ്തിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. അന്വേഷണ റിപ്പോര്‍ട്ടില്‍ തെറ്റ് കണ്ടാല്‍ ആരും സംരക്ഷിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ കൂട്ടിച്ചേര്‍ത്തു.

◾ തൃശ്ശൂര്‍ പൂരം കലക്കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 24-ാം തീയ്യതിക്ക് മുമ്പായി അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കിയിരിക്കണമെന്ന് ഉത്തരവിട്ടിട്ടുണ്ട്. വിവരാവകാശപ്രകാരമുള്ള നോട്ടീസിന് മറുപടി നല്‍കിയത് വസ്തുതകള്‍ അനുസരിച്ചില്ലാത്തതിനാലാണ് ഉദ്യോഗസ്ഥനെതിരേ നടപടിയെടുത്തതെന്നും പിണറായി പറഞ്ഞു.

◾ എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് മുഖ്യമന്ത്രിയുടെ ദൂതനായിട്ടാണെന്നും മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പിന്റെ ചുമതലയില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും ആഭ്യന്തര വകുപ്പ് മുഖ്യമന്ത്രി ഒഴിയണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വിവാദങ്ങളിലും ആരോപണങ്ങളിലും മുഖ്യമന്ത്രി മൗനം വെടിഞ്ഞുവെന്നും ഇതിനു മാധ്യമപ്രവര്‍ത്തകര്‍ നന്ദി പറയേണ്ടത് പ്രതിപക്ഷത്തോടാണെന്നും സതീശന്‍ പറഞ്ഞു. വാര്‍ത്താസമ്മേളനത്തിന്റെ ആദ്യ 58 മിനിറ്റും മുഖ്യമന്ത്രി സംസാരിച്ചത് മാധ്യമങ്ങള്‍ക്കെതിരെയാണെന്നും വ്യാജ വാര്‍ത്തക്കെതിരെ ആദ്യം കേസ് എടുക്കേണ്ടത് ദേശാഭിമാനിക്കെതിരെയാണെന്നും യഥാര്‍ത്ഥ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് മറുപടി ഇല്ലെന്നും സതീശന്‍ വ്യക്തമാക്കി.

◾ എഡിജിപി എംആര്‍ അജിത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി  വീണ്ടും പിവി അന്‍വര്‍. അജിത് കുമാര്‍ കള്ളപ്പണം വെളുപ്പിച്ചെന്നും ഇതിന്റെ തെളിവുകള്‍ തന്റെ കൈവശം ഉണ്ടെന്നും പിവി അന്‍വര്‍ വാര്‍ത്താ സമ്മേളനത്തില്‍ തുറന്നടിച്ചു. സോളാര്‍ കേസ് അട്ടിമറിക്കാന്‍ എം ആര്‍ അജിത് കുമാര്‍ ശ്രമിച്ചിരുന്നു.  കവടിയാറിലെ വീട് കൂടാതെ വേറെ 3 വീടുകള്‍ അജിത് കുമാറിനുണ്ടെന്നും പിവി അന്‍വര്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിക്ക് വേറെ അജണ്ടയുണ്ടോ എന്ന് പരിശോധിക്കണമെന്നും അല്ലെങ്കില്‍ ഒരാള്‍ക്ക് ഇങ്ങനെ വീഴ്ചകള്‍ പറ്റുമോയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

◾ ഇന്നലെ അന്തരിച്ച പ്രശസ്ത നടി കവിയൂര്‍ പൊന്നമ്മയ്ക്ക് നാട് ഇന്ന് വിട നല്‍കും. ഉച്ചയ്ക്ക് 12 മണി വരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം നടന്നു . മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരങ്ങള്‍ ആദരമര്‍പ്പിച്ചു. ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79-ാം വയസില്‍ കവിയൂര്‍ പൊന്നമ്മ മരണത്തിന് കീഴടങ്ങിയത്.

◾ മുതിര്‍ന്ന സിപിഎം നേതാവ് എംഎം ലോറന്‍സ് അന്തരിച്ചു. 94 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. സിപിഎം മുന്‍ കേന്ദ്ര കമ്മിറ്റി അംഗവും ഇടതു മുന്നണി കണ്‍വീനറുമായിരുന്നു ഇദ്ദേഹം.

◾ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്‍ ഉള്‍പ്പടെ മൂന്ന് പേരെ കണ്ടെത്താന്‍ വേണ്ടിയുള്ള ഗംഗാവലി പുഴയിലെ പരിശോധന പുരോഗമിക്കുന്നു. 15 അടി താഴ്ചയില്‍  ലോറിയുടെ ഭാഗങ്ങള്‍ കണ്ടെത്തിയെന്ന് മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പറഞ്ഞു. രണ്ട് ടയറിന്റെ ഭാഗമാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് ഏത് ലോറി എന്ന് പറയാന്‍ ആയിട്ടില്ലെന്ന് അര്‍ജുന്റെ ലോറി ഉടമ മനാഫ് പറഞ്ഞു. ട്രക്കിന്റെ മുന്‍ ഭാഗത്തുള്ള രണ്ട് ടയറും അതിന് നടുവിലുള്ള കമ്പിയുടെ ഭാഗവും കണ്ടുവെന്ന് മനാഫ് അറിയിച്ചു. ഈശ്വര്‍ മാല്‍പെ നേരത്തെ മുങ്ങിയെടുത്ത അക്കേഷ്യ തടിക്കഷ്ണം അര്‍ജുന്‍ ലോറിയില്‍ കൊണ്ട് വന്ന തടിക്കഷ്ണമാണെന്ന് ലോറി ഉടമ മനാഫ് സ്ഥിരീകരിച്ചിരുന്നു.

◾ സെക്സ് റാക്കറ്റിന്റെ കണ്ണികള്‍ എന്ന് സംശയിക്കപ്പെടുന്നവര്‍ കൊച്ചിയില്‍  പൊലീസിന്റെ പിടിയിലായി. ബംഗ്ലാദേശ് സ്വദേശിയായ പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ സംഘമാണ് പിടിയിലായത്. രണ്ട് വനിതകള്‍ ഉള്‍പ്പെടെ മൂന്ന് പേരെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

◾ കൊല്ലം ഇരട്ടക്കടയില്‍ മകളുടെ സുഹൃത്തായ 19 കാരനെ കുത്തി കൊലപ്പെടുത്തിയത് ദുരഭിമാനക്കൊല എന്ന് കൊല്ലപ്പെട്ട അരുണിന്റെ കുടുംബം ആരോപിച്ചു. രണ്ട് സമുദായമായതുകൊണ്ടാണ് പ്രസാദ് ഇരുവരുടെയും ബന്ധത്തെ എതിര്‍ത്തതെന്നാണ് അരുണിന്റെ അമ്മയുടെ സഹോദരി സന്ധ്യയുടെ ആരോപണം.

◾ സാലറി ചലഞ്ചിലൂടെ 500 കോടി രൂപ പ്രതീക്ഷിക്കുന്ന സര്‍ക്കാരിന് ഇന്നലെ വരെ സിഎംഡിആര്‍എഫ് വയനാട് അക്കൗണ്ടിലേക്ക് ലഭിച്ചത് 41 കോടി രൂപ മാത്രമെന്ന് വ്യക്തമാകുന്ന ട്രഷറി രേഖകള്‍ പുറത്ത്. 5 ദിവസത്തെ ലീവ് സറണ്ടറും, പിഎഫും ഉള്‍പ്പെടുന്ന തുകയാണിത്.

◾ മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ  കാര്‍ കയറ്റി കൊല്ലപ്പെടുത്തിയ കേസിലെ  പ്രതി അജ്മലിനെതിരെ  രണ്ടാം പ്രതി ഡോ. ശ്രീക്കുട്ടിയുടെ നിര്‍ണായക മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചുവെന്നും തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നുവെന്നും അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി പറഞ്ഞു.

◾ കോഴിക്കോട് ജില്ലയിലെ മുക്കത്ത് മദ്യലഹരിയില്‍ കാറോടിച്ച് ബൈക്ക് യാത്രികരെ ഇടിച്ചിട്ട കേസില്‍ രണ്ടുപേര്‍ പിടിയില്‍. കാറില്‍ ഉണ്ടായിരുന്ന രണ്ട് തിരുവമ്പാടി സ്വദേശികളാണ് അറസ്റ്റിലായത്. കഴിഞ്ഞ ദിവസം രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം.

◾ ജോലി സമ്മര്‍ദ്ദത്തെ തുടര്‍ന്ന്  മരിച്ച യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അന്നയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ച് പ്രതിപക്ഷ  നേതാവ് വിഡി സതീശന്‍. അന്നയുടെ മരണത്തിന്   ഇടയായ സാഹചര്യം ഞെട്ടിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. നടക്കുന്നത് തൊഴില്‍ ചൂഷണമാണെന്നും സംസ്ഥാന തലത്തിലും ദേശീയ തലത്തിലും തൊഴില്‍  സമ്മര്‍ദ്ദത്തിനു നിയന്ത്രണം ഉണ്ടാകാനുള്ള നിയമ നിര്‍മാണം വേണം എന്നും അദ്ദേഹം പറഞ്ഞു .

◾ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ താറാവ് വളര്‍ത്തലിന് നിരോധനമേര്‍പ്പെടുത്തിയ തീരുമാനം കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. ക്രിസ്മസ് വിപണി ലക്ഷ്യമിട്ട് താറാവ് കുഞ്ഞുങ്ങളെ വാങ്ങാന്‍ കര്‍ഷകര്‍ ഒരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിത നിരോധനം. ഇതോടെ ക്രിസ്മസ് വിപണിയില്‍ നാടന്‍ താറാവുകള്‍ക്ക് ക്ഷാമം നേരിടും.

◾ സ്‌കൂള്‍തല മത്സരം പൂര്‍ത്തിയായി ഉപജില്ലാ മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് നടക്കുന്നതിനിടെ ഭേദഗതിവരുത്തി പ്രവൃത്തിപരിചയമേള മാന്വല്‍ എത്തി. എല്‍.പി., യു.പി., ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളിലായി 10 ഇനങ്ങള്‍ ഒഴിവാക്കിയും 11 ഇനങ്ങള്‍ കൂട്ടിച്ചേര്‍ത്തുമാണ് മാന്വല്‍ ഭേദഗതി ചെയ്തത്.

◾ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. കട്ടപ്പന പള്ളിക്കവലയിലെ ഏയ്‌സ് ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച മൂന്നു വിദ്യാര്‍ഥികള്‍ക്കാണ് ചിക്കന്‍കറിയില്‍നിന്ന് പുഴുക്കളെ കിട്ടിയത്. മൂന്നുവിദ്യാര്‍ഥികളും ഭക്ഷ്യ വിഷബാധയേറ്റ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. പുഴുക്കളെ കണ്ടെത്തിയെന്ന പരാതിയെത്തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടല്‍ അടപ്പിച്ചു.

◾ പത്തനംതിട്ടയില്‍ കാര്‍ നിയന്ത്രണം തെറ്റി ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ് രണ്ട് മരണം. തമിഴ്നാട് മാര്‍ത്താണ്ഡം സ്വദേശികളായ ബിപിനും വാസന്തിയുമാണ് മരിച്ചത്. പത്തനംതിട്ട കൂടല്‍ ഇഞ്ചപ്പാറയിലാണ് അപകടം ഉണ്ടായത്.

◾ പ്രധാനമന്ത്രി നരേന്ദ്ര മോദി മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായി അമേരിക്കയിലേക്ക് തിരിച്ചു. പുലര്‍ച്ചെ നാല് മണിക്കാണ് മോദി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചത്. അമേരിക്കയിലെ ഡെലാവെയറിലെത്തുന്ന മോദി, ഇന്ത്യ യുഎസ് ജപ്പാന്‍ ഓസ്ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോദി പ്രത്യേക ചര്‍ച്ചയും നടത്തും.

◾ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുത്തു. യുഎസ് സന്ദര്‍ശനത്തിനിടെ നടത്തിയ പരാമര്‍ശം സിഖ് വികാരം വ്രണപ്പെടുത്തിയെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. വാരാണസിയിലെ സിഗ്ര പൊലീസ് സ്റ്റേഷനില്‍ ബിജെപി നേതാവ് അശോക് കുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്.

◾ ഒരു രാജ്യം, ഒറ്റത്തിരഞ്ഞെടുപ്പ് നടപ്പാക്കുന്നതിനുള്ള തുടര്‍നടപടി സജീവമാക്കി കേന്ദ്രസര്‍ക്കാര്‍. വിയോജിച്ചുനില്‍ക്കുന്ന പ്രതിപക്ഷകക്ഷികളുമായുള്ള സമവായചര്‍ച്ചകള്‍ക്ക് മന്ത്രിമാരായ രാജ്‌നാഥ് സിങ്, അര്‍ജുന്‍ റാം മേഘ്വാള്‍, കിരണ്‍ റിജിജു എന്നിവരെ ബുധനാഴ്ചത്തെ മന്ത്രിസഭായോഗം ചുമതലപ്പെടുത്തി.

◾ തിരുപ്പതി ലഡ്ഡുവിലെ മൃഗകൊഴുപ്പ് വിവാദത്തില്‍ പ്രതികരണവുമായി ആരോപണ വിധേയരായ ദിണ്ടിഗലിലെ എ.ആര്‍.ഡയറി  രംഗത്ത്. ക്ഷേത്രത്തിന് നല്‍കിയ നെയ്യ് നിലവാരം കുറഞ്ഞതെന്ന ആക്ഷേപം തെററാണെന്നും സര്‍ക്കാര്‍ അംഗീകൃത ലാബുകളിലെ പരിശോധനയ്ക്ക് ശേഷമാണു നെയ്യ് കൈമാറിയതെന്നും ഏത് അന്വേഷണം നേരിടാനും തയാറെന്നും കമ്പനി വ്യക്തമാക്കി.

◾ ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ഭാരത് ഗൗരവ് ട്രെയിന്‍ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉദ്ഘാടനം ചെയ്തു. ഇന്ത്യയുടെയും നേപ്പാളിന്റെയും സാംസ്‌കാരിക പൈതൃകത്തെ അറിയാന്‍ ഈ യാത്ര സഹായിക്കുമെന്ന് അശ്വിനി വൈഷ്ണവ് പറഞ്ഞു.

◾ കോപ്പിയടി തടയാന്‍ ഇന്റര്‍നെറ്റ് നിരോധനവുമായി ജാര്‍ഖണ്ഡ്. ജാര്‍ഖണ്ഡ് സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ ബിരുദ ലെവല്‍ പരീക്ഷക്കാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്. സാമൂഹ്യ മാധ്യമങ്ങളിലൂടെ പേപ്പര്‍ ചോരുന്നതടക്കമുള്ള മുന്‍കാല അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ് നടപടി. ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടേതാണ് ഉത്തരവ്.

◾ ബെംഗളൂരു കോര്‍പ്പറേഷനിലെ കരാറുകാരനോട് കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ബി.ജെ.പി. എം.എല്‍.എ.യും മുന്‍മന്ത്രിയുമായ മുനിരത്‌ന വീണ്ടും അറസ്റ്റില്‍. സാമൂഹികപ്രവര്‍ത്തകയായ 40-കാരി നല്‍കിയ ലൈംഗികപീഡന പരാതിയിലാണ് പുതിയ അറസ്റ്റ്.

◾ നടന്‍ വിജയിന്റെ നേതൃത്വത്തിലുള്ള രാഷ്ട്രീയകക്ഷിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ സംസ്ഥാന സമ്മേളനം ഒക്ടോബര്‍ 27-ന് വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ നടക്കും. പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രവും കര്‍മ പരിപാടിയും സമ്മേളനത്തില്‍ പ്രഖ്യാപിക്കുമെന്ന് വിജയ് അറിയിച്ചു.

◾ ബംഗ്ലാദേശേനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കെതിരെ ബംഗ്ലാദേശിന് 514 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം.  മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ നാലു വിക്കറ്റ് നഷ്ടത്തില്‍ 287 റണ്‍സെടുത്ത് രണ്ടാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. 119 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ശുഭ്മാന്‍ ഗില്ലിന്റെയും 109 റണ്‍സെടുത്ത റിഷഭ് പന്തിന്റെയും ബാറ്റിംഗ് മികവിലാണ് ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ കൂറ്റന്‍ വിജയക്ഷ്യം മുന്നോട്ടുവെച്ചത്.

◾ സംസ്ഥാനത്ത് സ്വര്‍ണ വില ഇന്ന് സര്‍വകാല റെക്കോഡ് ഭേദിച്ച് മുന്നേറി. ഗ്രാമിന് 75 രൂപ വര്‍ധിച്ച് 6,960 രൂപയും പവന് 600 രൂപ കൂടി 55,680 രൂപയുമാണ് വില. മെയില്‍ രേഖപ്പെടുത്തിയ പവന് 55,120 എന്ന റെക്കോര്‍ഡ് ആണ് ഇന്ന് തിരുത്തിയത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. പടിപടി ഉയര്‍ന്ന സ്വര്‍ണവില തിങ്കളാഴ്ചയാണ് വീണ്ടും 55000 കടന്നത്. എന്നാല്‍ പിന്നീടുള്ള മൂന്ന് ദിവസം ഇടിഞ്ഞതോടെ സ്വര്‍ണവില വീണ്ടും 55,000ല്‍ താഴെയെത്തി. ഇന്നലെ ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ച് വീണ്ടും സ്വര്‍ണവില 55000ന് മുകളില്‍ എത്തി. ഇന്ന് വീണ്ടും കുതിപ്പ് തുടര്‍ന്നതോടെ സ്വര്‍ണവില പുതിയ ഉയരം കുറിക്കുകയായിരുന്നു. യു.എസ് പലിശ നിരക്ക് കുറച്ചതിനു ശേഷം വലിയ തോതില്‍ വില വര്‍ധിക്കാതിരുന്ന സ്വര്‍ണം, പശ്ചിമേഷ്യയിലെ സംഘര്‍ഷത്തെ തുടര്‍ന്നാണ് ഇപ്പോള്‍ കുതിച്ചു കയറിയത്. 18 കാരറ്റ് സ്വര്‍ണ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 5,775 രൂപയായി.

◾ കൗമാരക്കാര്‍ക്ക് കൂടുതല്‍ സുരക്ഷാ ഫീച്ചറുകളുമായി 'ടീന്‍ ഇന്‍സ്റ്റ' എന്ന പേരില്‍ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വരുന്നു. 13നും 17നും ഇടയില്‍ പ്രായത്തിലുള്ള എല്ലാ അക്കൗണ്ടുകളും ഇതോടെ ടീന്‍ അക്കൗണ്ടുകളാക്കി മാറും. 16 വയസില്‍ താഴെയുള്ളവര്‍ക്ക് രക്ഷകര്‍ത്താവിന്റെ അനുമതിയോടെയല്ലാതെ ഇതിലെ സെറ്റിംഗുകള്‍ മാറ്റാന്‍ കഴിയില്ല. അപരിചിതര്‍ക്ക് ഇതിലേക്ക് സന്ദേശങ്ങളയക്കാനോ ടാഗ് ചെയ്യാനോ മെന്‍ഷന്‍ ചെയ്യാനോ കഴിയില്ല. പ്രായപൂര്‍ത്തിയായവര്‍ക്കുള്ള സെന്‍സിറ്റീവ് കണ്ടന്റുകള്‍ ഫീഡില്‍ വരുന്നതും തടയും. ഓരോ ദിവസവും 60 മിനിറ്റ് മാത്രമേ ഇന്‍സ്റ്റഗ്രാം ഉപയോഗിക്കാന്‍ കഴിയൂ. അത് കഴിഞ്ഞാല്‍ ആപ്പ് ഡിസേബിളാകും. കൂടാതെ രാത്രി 10 മുതല്‍ പുലര്‍ച്ചെ ഏഴുവരെ ആപ്പ് സ്ലീപ് മോഡിലേക്ക് മാറും. ഈ സമയങ്ങളില്‍ നോട്ടിഫിക്കേഷനുകള്‍ ഉണ്ടാകില്ല. സൂപ്പര്‍വിഷന്‍ ഫീച്ചറിലൂടെ ഏഴ് ദിവസങ്ങള്‍ക്കുള്ളില്‍ ആര്‍ക്കൊക്കെ സന്ദേശങ്ങള്‍ അയച്ചിട്ടുണ്ടെന്ന് രക്ഷകര്‍ത്താക്കള്‍ക്ക് മനസിലാക്കാം. ഇനി പ്രായപൂര്‍ത്തിയായ ഒരാളുടെ ജന്മദിനം ഉപയോഗിച്ച് പുതിയൊരു അക്കൗണ്ട് നിര്‍മിക്കാമെന്ന് വിചാരിച്ചാലും പണിപാളും. ഇത് കണ്ടെത്തുന്നതിനുള്ള സാങ്കേതിക വിദ്യയും ഇതിലുണ്ടാകും. അടുത്ത ജനുവരിയോടെ ലോകത്തെല്ലായിടത്തും ടീന്‍ ഇന്‍സ്റ്റ എത്തും.

◾ കരിയറിലെ 170-ാം ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ കസറി രജനികാന്ത്. ടി.ജെ ജ്ഞാനവേലിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'വേട്ടയ്യന്‍'  ചിത്രത്തിന്റെ പ്രിവ്യൂ യൂട്യൂബ് ട്രെന്‍ഡിങ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്. അമിതാഭ് ബച്ചന്‍ അടക്കം വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മലയാളി നടന്‍ സാബുമോന്‍ ആണ് സിനിമയിലെ മറ്റൊരു സര്‍പ്രൈസ് കാസ്റ്റ്. ചിത്രത്തില്‍ വില്ലനായാണ് സാബുമോന്‍ എത്തുക. പ്രധാന വില്ലനാണോ സാബു മോന്‍ എന്ന ചര്‍ച്ചയും ഇതോടെ സോഷ്യല്‍ മീഡിയയില്‍ തുടങ്ങിക്കഴിഞ്ഞു. നെഗറ്റിവ് റോളിലാകും അദ്ദേഹം ചിത്രത്തിലെത്തുക. ഫഹദ് ഫാസില്‍, റാണ ദഗുബതി, മഞ്ജു വാര്യര്‍, കിഷോര്‍, റിതിക സിങ്, ദുഷാര വിജയന്‍, ജിഎം സുന്ദര്‍, അഭിരാമി, രോഹിണി, റാവോ രാമേഷ്, രമേഷ് തിലക്, രക്ഷന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. ലൈക്ക പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന ചിത്രം ഒക്ടോബര്‍ 10 നാണ് തിയറ്ററുകളിലെത്തുക.

◾ ബോക്സ് ഓഫീസില്‍ വിപ്ലവം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ് ഹൊറര്‍-കോമഡി ചിത്രം 'സ്ത്രീ 2'. അമര്‍ കൗശിക് സംവിധാനം ചെയ്ത ചിത്രം ഓഗസ്റ്റ് 15 നാണ് തിയേറ്ററുകളില്‍ എത്തുന്നത്. 50 കോടി ബഡ്ജറ്റില്‍ നിര്‍മ്മിച്ച ഈ ചിത്രം തിയേറ്ററുകളിലെത്തി 34ാം ദിവസം ബോക്‌സ് ഓഫീസില്‍ നിന്ന് വാരിയത് 585.85 കോടി രൂപയാണ്. ഈ വിജയം സ്ത്രീ 2 നെ  ഹിന്ദി സിനിമാ ചരിത്രത്തിലെ ഏറ്റവും മികച്ച വരുമാനം നേടിയ ചിത്രമാക്കി മാറ്റി. 584 കോടി ബോക്സ് ഓഫീസില്‍ നിന്ന് വാരിയ ഷാരൂഖ് ഖാന്റെ ജവാന്റെ റെക്കോഡാണ് ചിത്രം തകര്‍ത്തത്. 2018 ലെ ഹിറ്റ് ചിത്രമായ സ്ത്രീയുടെ തുടര്‍ച്ചയാണ് സ്ത്രീ 2. ഒരു ചെറിയ പട്ടണത്തെ ഭയപ്പെടുത്തുന്ന ഒരു പ്രേതത്തെ കേന്ദ്രീകരിച്ചാണ് ഈ സിനിമ മുന്നോട്ടു പോകുന്നത്. രാജ്കുമാര്‍ റാവു, ശ്രദ്ധ കപൂര്‍, പങ്കജ് ത്രിപാഠി, അഭിഷേക് ബാനര്‍ജി, അപര്‍ശക്തി ഖുറാന എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കള്‍.

◾ വാഗണ്‍ആറിന്റെ പുതിയ വാള്‍ട്ട്സ് എഡിഷന്‍ പുറത്തിറക്കി മാരുതി സുസുക്കി. പുതിയ വാഗണ്‍ആര്‍ വാള്‍ട്‌സില്‍ കമ്പനി ചില കോസ്‌മെറ്റിക് അപ്‌ഡേറ്റുകള്‍ നല്‍കിയിട്ടുണ്ട്. ആകര്‍ഷകമായ രൂപവും കരുത്തുറ്റ എഞ്ചിനും സജ്ജീകരിച്ചിരിക്കുന്ന ഈ ഫാമിലി കാറിന്റെ പ്രാരംഭ എക്സ് ഷോറൂം വില 5.65 ലക്ഷം രൂപയാണ്. മൂന്ന് വേരിയന്റുകളിലാണ് വാഗണ്‍ആര്‍ വാള്‍ട്ട്സ് എഡിഷന്‍ മാരുതി സുസുക്കി അവതരിപ്പിച്ചത്. 1.2 ലിറ്റര്‍ പെട്രോള്‍, 1.0 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍ ഓപ്ഷനുകളോടെയാണ് കമ്പനി വാഗണ്‍ആര്‍ വാള്‍ട്ട്സ് എഡിഷന്‍ അവതരിപ്പിച്ചിരിക്കുന്നത്. വലിയ എഞ്ചിന്‍ 5-സ്പീഡ് മാനുവല്‍, ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുകളിലും ലഭ്യമാണ്. ഇതിനുപുറമെ, കമ്പനി ഘടിപ്പിച്ച സിഎന്‍ജി വേരിയന്റിലും ഈ കാര്‍ അവതരിപ്പിച്ചിട്ടുണ്ട്. പെട്രോള്‍ വേരിയന്റ് ലിറ്ററിന് 25.19 കിലോമീറ്ററും സിഎന്‍ജി വേരിയന്റ് കിലോഗ്രാമിന് 33.48 കിലോമീറ്ററും മൈലേജ് നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു.

◾ വിപ്ലവകരമായ പ്രമേയ ആഖ്യാനരീതികളാല്‍ പ്രാദ്ധേയയായ ഇന്ദുമേനോന്റെ കഥകള്‍ പുതിയ കാലത്തിന്റെ സാംസ്‌കാരിക മുദ്രകളെയാണ് അടയാ ളപ്പെടുത്തുന്നത്. ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍ എന്ന കഥാസമാഹാരം മലയാളി സമൂഹത്തിന്റെ കാല്‍പനിക ജീവിത സങ്കല്‍പ്പനങ്ങളെയും കാപട്യങ്ങളെയും പൊളിച്ചെഴുതുന്നവയാണ്. 'ഹിന്ദുഛായയുള്ള മുസ്ലീം പുരുഷന്‍'. ഇന്ദു മേനോന്‍. ചിന്ത പബ്ളിക്കേഷന്‍സ്. വില 152 രൂപ.

◾ സെപ്റ്റംബര്‍ 21 നാണ് ലോക അല്‍ഷിമേഴ്സ് ദിനം. 'ഡിമെന്‍ഷ്യക്കെതിരെ പ്രവര്‍ത്തിക്കാനുള്ള സമയം, അല്‍ഷിമേഴ്സിനെതിരെ പ്രവര്‍ത്തിക്കാനുള്ള സമയം'- എന്നതാണ് ഇത്തവണത്തെ ലോക അല്‍ഷിമേഴ്സ് ദിനത്തിന്റെ പ്രമേയം. ലോകത്ത് ഏതാണ്ട് 55 ദശലക്ഷത്തിലധികം ആളുകള്‍ ഇന്ന് അല്‍ഷിമേഴ്‌സ് രോഗബാധിരാണ്. ഡിമെന്‍ഷ്യ വിഭാഗത്തില്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്ന രോഗമാണ് അല്‍ഷിമേഴ്സ്. ഇന്ത്യയില്‍ 60 വയസ് കഴിഞ്ഞ 7.4 ശതമാനം ആളുകളിലും മറവിരോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. കേരളത്തിലേക്ക് വരുമ്പോള്‍ 65ന് മുകളിലുള്ള നൂറ് പേരില്‍ അഞ്ച് പേര്‍ക്ക് വീതം മറവിരോഗ ബാധിതരാണെന്നാണ് അനൗദ്യോഗിക പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. ഒരാളുടെ ജനിതകഘടന, വിദ്യാഭ്യാസം, പ്രായം, പരിസ്ഥിതി എന്നിവയുടെ സങ്കീര്‍ണമായ ഇടപെടലുകളുടെ ഫലമായുണ്ടാകുന്ന ന്യൂറോ ഡീജനറേറ്റീവ് രോഗമാണ് അല്‍ഷിമേഴ്സ് രോഗം. പലരും പ്രായത്തിന്റെ സ്വാഭാവിക പരിണാമം എന്ന രീതിയില്‍ ലക്ഷണങ്ങള്‍ കണ്ടാലും വൈദ്യ ചികിത്സ തേടാറില്ല. പെരുമാറ്റരീതികളില്‍ മുതിര്‍ന്നവര്‍ക്കു വരുന്ന ഓര്‍മക്കുറവുകളെ വീട്ടിലെ മറ്റുള്ളവര്‍ക്ക് പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയും. എന്നാല്‍ മിക്കപ്പോഴും ഇതിനെ ഗൗരവമായി കണ്ട് ആവശ്യമായ ഇടപെടല്‍ നടത്താറില്ല. ഡിമെന്‍ഷ്യ, അല്‍ഷ്യമേഴ്സ് അടക്കമുള്ള മിക്ക വാര്‍ദ്ധകൃസഹജമായ പ്രശ്നങ്ങളും നേരത്തെ തിരിച്ചറിയുന്നത് രോഗാവസ്ഥയുടെ തീവ്രത കുറയ്ക്കാനും ഓര്‍മക്കുറവു മൂലമുണ്ടാകുന്ന പ്രയാസങ്ങള്‍ കൈകാര്യം ചെയ്യാനും കഴിയും. ഡിമെന്‍ഷ്യയോടുള്ള മനോഭാവം മാറ്റുന്നതിലും ഈ അവസ്ഥയെ ചുറ്റിപ്പറ്റിയുള്ള തെറ്റുദ്ധാരണകളും വിവേചനവും പരിഹരിക്കുന്നതിനുമാണ് ഈ വര്‍ഷം മുന്‍തൂക്കം നല്‍കുന്നത്.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.48, പൗണ്ട് - 111.22, യൂറോ - 93.27, സ്വിസ് ഫ്രാങ്ക് - 98.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.88, ബഹറിന്‍ ദിനാര്‍ - 222.10, കുവൈത്ത് ദിനാര്‍ -274.30, ഒമാനി റിയാല്‍ - 217.11, സൗദി റിയാല്‍ - 22.27, യു.എ.ഇ ദിര്‍ഹം - 22.73, ഖത്തര്‍ റിയാല്‍ - 22.93, കനേഡിയന്‍ ഡോളര്‍ - 61.46.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right