17-09-2024
◾ വയനാട് ദുരന്തത്തില്‍ മരണപ്പെട്ടവരുടെ മൃതദേഹം ദഹിപ്പിച്ചത് സൗജന്യമായി കിട്ടിയ സ്ഥലത്താണെന്നും എംഎല്‍എയും സന്നദ്ധ പ്രവര്‍ത്തകരുമാണ് അത് ചെയ്തതെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വയനാട് ദുരിതാശ്വാസവുമായി ബന്ധപ്പെട്ട് പുറത്തുവന്ന സര്‍ക്കാരിന്റെ കണക്കുകള്‍ ദുരുതാശ്വാസത്തിന്റെ വിശ്വാസ്യത തകര്‍ക്കുന്നതാണെന്നും സതീശന്‍ പറഞ്ഞു. എസ്ഡിആര്‍എഫ് മാനദണ്ഡമനുസരിച്ചല്ല മെമ്മൊറാണ്ടമെന്നും ഇതില്‍ വ്യക്തതവരുത്തണമെന്നും മെമ്മൊറാണ്ടം തയ്യാറാക്കേണ്ടത് ഇങ്ങനെയല്ലെന്നും സര്‍ക്കാര്‍ പുനര്‍വിചിന്തനം നടത്തണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ദുരന്തമുഖത്തുള്ളവര്‍ക്ക് പണം ആവശ്യമുണ്ടെന്നും അഡ്വാന്‍സ് തുക കിട്ടിയിട്ടില്ലെന്നും പറഞ്ഞ സതീശന്‍ സര്‍ക്കാരിന് ഒരു പരാതിയും ഇല്ലെന്നും പിന്നെ ഞങ്ങള്‍ എങ്ങനെ പരാതിയുമായി പോകുമെന്നും ചോദിച്ചു.
◾ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിച്ച തുകയുടെ ആക്ച്വല്‍ കണക്ക് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തെറ്റായ കണക്കുകള്‍ നല്‍കിയാല്‍ കേന്ദ്രത്തില്‍ നിന്നും ലഭിക്കുന്ന സഹായം പ്രതിസന്ധിയിലാകും. സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ നല്‍കിയിട്ടുള്ള ആക്ച്വല്‍സ് എന്ന വാക്കിന്റെ അര്‍ത്ഥം ചിലവാക്കിയത് എന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ അരവിന്ദ് കെജ്രിവാളിന്റെ പിന്‍ഗാമിയായി ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ഡല്‍ഹി മുഖ്യമന്ത്രിയാകും. ആം ആദ്മി പാര്‍ട്ടിയുടെ എംഎല്‍എമാരുടെ നിര്‍ണായക യോഗത്തില്‍ അതിഷി മര്‍ലേനയെ മുഖ്യമന്ത്രിയായി തീരുമാനിക്കുകയായിരുന്നു. അരവിന്ദ് കെജ്രിവാള്‍ അതിഷിയുടെ പേര് നിര്‍ദേശിച്ചതിനെ തുടര്‍ന്ന് മറ്റു എംഎല്‍എമാരും തീരുമാനം അംഗീകരിക്കുകയിരുന്നു. സുഷമ സ്വരാജിനും ഷീല ദീക്ഷിതിനും ശേഷം ഡല്‍ഹി മുഖ്യമന്ത്രിയാകുന്ന മൂന്നാമത്തെ വനിതയാണ് അതിഷി.
◾ മലപ്പുറം ജില്ലയിലെ വണ്ടൂരില്‍ നിപ ബാധിച്ച് യുവാവ് മരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഹൈ റിസ്‌ക് ഗണത്തില്‍ ഉള്‍പ്പെട്ട 13 പേരുടെ സ്രവ പരിശോധന ഫലങ്ങള്‍ നെഗറ്റീവായി. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് അറിയിച്ചു. രോഗവ്യാപനം ഇല്ലെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്നും രോഗവ്യാപനത്തിന് സാധ്യത കുറവാണെങ്കിലും ലക്ഷണമുള്ള മുഴുവന്‍ ആളുകളുടെയും സാമ്പിളുകള്‍ പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു.
◾ മലപ്പുറത്ത് മങ്കി പോക്സ് രോഗ ലക്ഷണത്തോടെ യുവാവിനെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ സ്രവ സാംപിള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് വൈറോളജി ലാബിലേക്ക് അയച്ചു. രോഗ ലക്ഷണമുള്ള യുവാവ് നിരീക്ഷണത്തില്‍ തുടരുകയാണ്. ഇന്നലെയാണ് വിദേശത്തു നിന്നും എത്തിയ യുവാവിനെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
◾ കൊച്ചിയില്‍ നടിയെ അക്രമിച്ച കേസിലെ ഒന്നാപ്രതി പള്‍സര്‍ സുനിക്ക് ജാമ്യം. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. 2017- ഫെബ്രുവരി 23 ജയിലിലായ സുനിക്ക്് ഏഴര വര്‍ഷത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
◾ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കികൊണ്ടുള്ള സുപ്രീം കോടതിയുടെ വിധിയില്‍ വിചാരണ കോടതിക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ചകേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എത്ര തവണ ജാമ്യത്തിനായി കോടതി കയറണമെന്ന് സുപ്രീം കോടതി ചോദിച്ചു. കടുത്ത ഉപാധികള്‍ക്കായി സംസ്ഥാനത്തിന് വാദിക്കാമെന്നും എന്നാല്‍, വിചാരണ ഇത്രയും വൈകുന്നത് അംഗീകരിക്കാനാകില്ലെന്നും സുപ്രിം കോടതി ചോദിച്ചു. പള്‍സര്‍ സുനിയില്‍ നിന്ന് 25000 രൂപ ചിലവ് ഈടാക്കിയ ഹൈക്കോടതി നടപടി ഒഴിവാക്കാമായിരുന്നുവെന്നും തല്‍ക്കാലം ഇതില്‍ ഇടപെടുന്നില്ലെന്ന് കോടതി വ്യക്തമാക്കി.
◾ പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കിയത് സുപ്രീം കോടതിയുടെ സ്വഭാവിക നടപടിയായിട്ടാണ് കാണുന്നതെന്ന് നടിയുടെ അഭിഭാഷകയായ ടിബി മിനി പറഞ്ഞു. തെളിവുകള്‍ നശിപ്പിക്കാതിരിക്കാനോ സാക്ഷികളെ സ്വാധീനിക്കാതിരിക്കാനോയുള്ള മുന്‍കരുതലുകളുടെ ഭാഗമായാണ് പലപ്പോഴും കോടതി ജാമ്യം നിഷേധിക്കുക. ഇവിടെ സാക്ഷി വിസ്താരം ഉള്‍പ്പെടെ പൂര്‍ത്തിയായതാണ്. അതിനാല്‍ തന്നെ ഈ കേസില്‍ എല്ലാവരെയും വിസ്തരിച്ച് കഴിഞ്ഞതിനാലായിരിക്കാം സുപ്രീം കോടതി ഇത്തരമൊരു തീരുമാനമെടുത്തതെന്നാണ് വിചാരിക്കുന്നതെന്നും ടിബി മിനി പറഞ്ഞു.
◾ ജയിലില്‍ തുച്ഛമായ ശമ്പളം വാങ്ങുന്ന പള്‍സര്‍ സുനിക്ക് സുപ്രീം കോടതിയില്‍ പോകാന്‍ ലക്ഷങ്ങള്‍ മുടക്കിയതാരെന്ന് സംവിധായകന്‍ ബൈജു കൊട്ടാരക്കര. ജയിലില്‍ നിന്നിറങ്ങുന്നതോടെ ദിലീപടക്കം ഈ കേസില്‍ പ്രബലന്മാരായി നില്‍ക്കുന്ന ആളുകളെ സഹായിക്കാനായി പള്‍സര്‍ സുനി നൂറ് ശതമാനം ശ്രമിക്കുമെന്നും ബൈജു കൊട്ടാരക്കര വ്യക്തമാക്കി.
◾ അതിജീവനത്തിനായി ചൂരല്‍മലയിലെ തോട്ടം തൊഴിലാളികള്‍ വീണ്ടും പണിക്കിറങ്ങി. ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് ശേഷം ഇതാദ്യമായാണ് ഹാരിസണ്‍ മലയാളം പ്ലാന്റേഷനില്‍ തൊഴിലാളികള്‍ എത്തുന്നത്. ഉരുള്‍ പൊട്ടലില്‍ മരിച്ചവര്‍ക്കായുള്ള അനുശോചന യോഗത്തോടെയാണ് പണികള്‍ തുടങ്ങിയത്. വിളവെടുപ്പ് ജോലികള്‍ പുനരാരംഭിക്കുന്നതിന് അനുമതി തേടി കമ്പനി സര്‍ക്കാരിനെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണങ്ങളോടെ ജോലികള്‍ തുടങ്ങുന്നതിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.
◾ സംവിധായകന്‍ ആഷിഖ് അബു ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് രൂപീകരിക്കുന്ന പുതിയ സംഘടനയായ പ്രോഗ്രസീവ് ഫിലിം മേക്കേഴ്സില്‍ ചേരുമെന്ന് സംവിധായകന്‍ വിനയന്‍. നിലവില്‍ നിര്‍മ്മാതാക്കളുടെ സംഘടനയില്‍ അംഗമാണ്. സംവിധാകനെന്ന നിലയില്‍ പുതിയ സംഘടനയുമായി ചേരുന്ന കാര്യം ആലോചിക്കുമെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു. നിഷ്പക്ഷവും പുരോഗമനപരവുമായി ചിന്തിക്കുന്ന സിനിമാ സംഘടന നല്ലതാണ്. സംഘടനകളെ ഹൈജാക് ചെയ്ത് നേതാക്കള്‍ സ്വന്തം കാര്യസാധ്യത്തിനായി ഉപയോഗിക്കുന്ന അവസ്ഥ മാറണമെന്നും വിനയന്‍ പറഞ്ഞു.
◾ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുപ്പിക്കാത്തതിനെതിരെ കെപിസിസി പ്രസിഡന്റിനടക്കം പരാതി നല്‍കിയിട്ടും നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി നേതൃത്വത്തിന് വക്കീല്‍ നോട്ടീസ് അയച്ച് കോട്ടയം ചങ്ങനാശ്ശേരിയിലെ കര്‍ഷക കോണ്‍ഗ്രസ് നേതാവ് എം കെ രാജു. കഴിഞ്ഞ അഞ്ച് വര്‍ഷമായി ചങ്ങനാശ്ശേരിയിലെ പാര്‍ട്ടി പരിപാടികള്‍ ഒന്നും നേതൃത്വം അറിയിക്കുന്നില്ലെന്നാണ് എംകെ രാജുവിന്റെ പരാതി.
◾ കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ ഇടിച്ചിട്ട് കാര്‍ കയറ്റി കൊലപ്പെടുത്തിയ കേസില്‍ കാര്‍ ഓടിച്ച പ്രതിയായ അജ്മലിന്റെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതിനുശേഷം ആവശ്യമായ തുടര്‍ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
◾ സ്‌കൂളിലെ ഓണാഘോഷത്തിനിടെ കുട്ടികള്‍ക്ക് കള്ള് വിറ്റതിനു ചേര്‍ത്തലയില്‍ രണ്ട് കള്ളുഷാപ്പ് ജീവനക്കാര്‍ അറസ്റ്റില്‍. ഷാപ്പിന്റെ ലൈസന്‍സ് റദ്ദാക്കുകയും ചെയ്തു. ഷാപ്പിലെത്തിയ നാലുകുട്ടികള്‍ക്ക് ജീവനക്കാര്‍ പണംവാങ്ങി കള്ളുകൊടുത്തുവെന്നാണ് എക്‌സൈസ് കണ്ടെത്തിയത്. കള്ള് കുടിച്ച നാല് കുട്ടികളില്‍ ഒരു കുട്ടി അവശനിലയിലായതോടെയാണ് വിഷയം പുറത്തറിഞ്ഞത്. കൂട്ടിയെ ആദ്യം തുറവൂര്‍ താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. രണ്ടുദിവസം തീവ്രപരിചരണവിഭാഗത്തിലായിരുന്ന കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടതോടെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തില്‍ വീട്ടിലേക്കുമാറ്റി. ഇതോടെ ജീവനക്കാര്‍ക്ക് പുറമേ ലൈസന്‍സികളായ നാലുപേര്‍ക്കുമെതിരെയും ചേര്‍ത്തല എക്‌സൈസ് റേഞ്ച് ഓഫീസ് കേസെടുത്തു.
◾ കോഴിക്കോട്-കുവൈത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ദുരിതത്തിലാക്കി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് നേരിട്ട് മറ്റ് സര്‍വീസുകള്‍ ഇല്ലാത്തതും യാത്രക്കാരെ വലച്ചു.
◾ കര്‍ണാടകയിലെ ഷിരൂരില്‍ ദേശീയപാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ നടത്തുന്ന തെരച്ചിലിനായി ഡ്രഡ്ജറുമായുള്ള ടഗ് ബോട്ട് ഗോവയില്‍ നിന്ന് പുറപ്പെട്ടു. ഡ്രഡ്ജര്‍ എത്തിച്ച് പുഴയിലെ മണ്ണ് നീക്കം ചെയ്തുകൊണ്ടായിരിക്കും തെരച്ചില്‍ വീണ്ടും പുനരാരംഭിക്കുക.
◾ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് ഇന്ന് 74-ാം പിറന്നാള്‍. പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് എല്ലാ വര്‍ഷവും ബിജെപി സംഘടിപ്പിക്കുന്ന സേവാ പര്‍വ് എന്ന ആഘോഷത്തിന് ഇന്ന് തുടക്കമാകും. ഇതിന്റെ ഭാഗമായി ബിജെപി പ്രവര്‍ത്തകര്‍ രാജ്യത്തുടനീളം രക്തദാന ക്യാമ്പുകളും ശുചിത്വ ഡ്രൈവുകളും സംഘടിപ്പിക്കും. സേവാ പര്‍വ് രണ്ടാഴ്ച നീണ്ടുനില്‍ക്കും.
◾ യു.പിയിലെ ഹാഥ്‌റസില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിക്കാനുള്ള യാത്രയ്ക്കിടെ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവുതേടി സുപ്രീം കോടതിയെ സമീപിച്ചു. പാസ്‌പോര്‍ട്ടും, കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അംഗത്വ രേഖയും അടക്കം തിരികെ നല്‍കാന്‍ നിര്‍ദേശിക്കണമെന്നാണ് ആവശ്യം. സിദ്ദിഖിന്റെ ആവശ്യത്തില്‍ സുപ്രീം കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിലപാട് തേടി.
◾ മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലേറി 100 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയതിന് പിന്നാലെ റിപ്പോര്‍ട്ട് കാര്‍ഡ് പുറത്തുവിട്ട് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മൂന്നാം തവണയും അധികാരത്തിലേറിയ എന്‍ഡിഎ സര്‍ക്കാര്‍ ആദ്യ 100 ദിവസത്തിനുള്ളില്‍ 15 ലക്ഷം കോടിയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെന്ന് അമിത് ഷാ പറഞ്ഞു. കഴിഞ്ഞ 60 വര്‍ഷത്തിനിടെ ആദ്യമായി രാജ്യം രാഷ്ട്രീയ സ്ഥിരതയ്ക്കും നട്ടെല്ലുള്ള വിദേശ നയത്തിനും സാക്ഷ്യം വഹിക്കുകയാണെന്നും അമിത് ഷാ പറഞ്ഞു.
◾ 'കാവലയ്യ' ഗാനത്തിന്റെ കൊറിയോഗ്രാഫറും ദേശീയ അവാര്‍ഡ് ജേതാവുമായ ജാനി മാസ്റ്റര്‍ എന്നറിയപ്പെടുന്ന ജാനിയ്ക്കെതിരെ ലൈംഗിക പീഡനക്കേസ്. ഒരു സ്ത്രീ നല്‍കിയ പരാതിയില്‍ തെലുങ്ക് ഫിലിം ചേമ്പര്‍ ഓഫ് കോമേഴ്സ് രൂപീകരിച്ച ഇന്റേണല്‍ കമ്മിറ്റി പരിശോധിച്ച് നടപടി എടുക്കും എന്നാണ് വിവരം. സിനിമ രംഗത്ത് നിന്നും വിലക്ക് അടക്കം പ്രതീക്ഷിക്കാം എന്നാണ് തെലുങ്ക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
◾ ആഗ്ര വാരാണസി വന്ദേ ഭാരത് എക്‌സ്പ്രസ് ഉദ്ഘാടന ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് ബിജെപിയുടെ വനിതാ എംഎല്‍എ ട്രാക്കിലേക്ക് വീണു. ഇറ്റാവ എംഎല്‍എ സരിതാ ബദൗരിയയാണ് റെയില്‍വേ ട്രാക്കില്‍ വീണത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ട്രെയിന്‍ വെര്‍ച്വല്‍ ഉദ്ഘാടനം ചെയ്തതിന് ശേഷമായിരുന്നു സംഭവം. ബിജെപി എംഎല്‍എ പ്ലാറ്റ്‌ഫോമില്‍ നില്‍ക്കുമ്പോള്‍ പച്ച കൊടി പിടിച്ച ഒരു കൂട്ടം ആളുകള്‍ എത്തിയതോടെയാണ് തിരക്കുണ്ടായത്.
◾ സൗദി അറേബ്യയില്‍ തുറസ്സായ സ്ഥലങ്ങളില്‍ നട്ടുച്ച ജോലിക്ക് ഏര്‍പ്പെടുത്തിയിരുന്ന നിരോധന കാലയളവ് അവസാനിച്ചു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മൂന്നു മാസ സമയപരിധി അവസാനിച്ചത്. വേനല്‍കടുത്തപ്പോള്‍ സൂര്യതാപത്തില്‍നിന്ന് തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായിരുന്നു തുറസ്സായ സ്ഥലങ്ങളില്‍ നട്ടുച്ച ജോലിക്ക് മൂന്ന് മാസത്തേക്ക് നിരോധമേര്‍പ്പെടുത്തിയിരുന്നത്.
◾ റിയാദില്‍ സൈനിക വസ്ത്രങ്ങള്‍ വില്‍ക്കുന്നതിനും തയ്ക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ലംഘിച്ച് പ്രവര്‍ത്തിച്ച കടകളില്‍ അനധികൃതമായി സൂക്ഷിച്ചിരുന്ന 3,000 സൈനിക റാങ്കുകളും ചിഹ്നങ്ങളും പിടികൂടി. ലൈസന്‍സില്ലാതെ സൈനിക വസ്ത്രങ്ങള്‍ തുന്നിയ ആറ് അനധികൃത കടകള്‍ അടച്ചുപൂട്ടുകയും ചെയ്തു.
◾ അഫ്ഗാനിസ്ഥാനിലെ പോളിയോ വാക്സിനേഷന്‍ ക്യാമ്പയിന്‍ താലിബാന്‍ ഭരണകൂടം നിര്‍ത്തിവെച്ചതായി യുഎന്‍ അറിയിച്ചു. പോളിയോ നിര്‍മ്മാര്‍ജനത്തിന് താലിബാന്റെ നടപടി വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും, താലിബാന്റെ തീരുമാനം മേഖലയിലും മറ്റ് രാജ്യങ്ങളിലും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ മുന്നറിയിപ്പ് നല്‍കി. താലിബാന്‍ ഇത്തരമൊരു തീരുമാനം സ്വീകരിക്കാനുള്ള കാരണം എന്താണെന്ന് വ്യക്തമല്ലെന്നും താലിബാന്‍ നിയന്ത്രിത സര്‍ക്കാരില്‍ നിന്ന് ഔദ്യോഗികമായ പ്രതികരണം ലഭിച്ചിട്ടില്ലെന്നും യുഎന്‍ വ്യക്തമാക്കി.
◾ കൊവിഡ് 19 മഹാമാരിയെ തുടര്‍ന്ന് പ്രാബല്യത്തില്‍ വന്ന 'വര്‍ക്ക് ഫ്രം ഹോം' സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി ആമസോണ്‍. 2025 ജനുവരി 2 മുതല്‍ ജീവനക്കാര്‍ ആഴ്ചയില്‍ അഞ്ച് ദിവസവും ഓഫീസിലെത്തണം എന്ന് കാണിച്ച് സിഇഒ ആന്‍ഡി ജാസ്സി തൊഴിലാളികള്‍ക്ക് സുദീര്‍ഘമായ കത്തെഴുതിയിരിക്കുകയാണ്.
◾ ഈ മാസം 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ച് നാസ. സൂര്യന്‍ തീതുപ്പുന്ന ചിത്രം സഹിതമാണ് നാസ ഈ ഞെട്ടിക്കുന്ന കാഴ്ച ശാസ്ത്ര ലോകത്തെ അറിയിച്ചത്. പതിനാലാം തിയതി ഈസ്റ്റേണ്‍ ടൈം രാവിലെ 11.29നായിരുന്നു സൗരജ്വാല പാരമ്യതയിലെത്തിയത്. നാസയുടെ ബഹിരാകാശ പേടകമായ സോളാര്‍ ഡൈനാമിക്‌സ് ഒബ്‌സര്‍വേറ്ററിയാണ് സൗരജ്വാലയുടെ ചിത്രം പകര്‍ത്തിയത്.
◾ മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ ബഹ്റൈനില്‍ 16.65 ദശലക്ഷം ഡോളറിന്റെ മൂലധന നിക്ഷേപം നടത്തും. ബഹ്റൈനില്‍ നിക്ഷേപം നടത്തുന്ന ഇന്ത്യന്‍ കമ്പനികളില്‍ പ്രമുഖ പാക്കേജിങ് സൊലൂഷന്‍ പ്രൊവൈഡറായ കിംകോയും ഉള്‍പ്പെടുന്നു. ബജാജ് ഇന്‍ഡസ്ട്രീസും നിക്ഷേപം നടത്തുന്നുണ്ട്. സോളാര്‍ പവര്‍ പ്രോജക്ട് വികസിപ്പിക്കുന്നതിന് 10 ദശലക്ഷം ഡോളര്‍ നിക്ഷേപിക്കുമെന്ന് എ.പി.എം ടെര്‍മിനല്‍സ് പ്രഖ്യാപിച്ചിരുന്നു. ഒരു ഇന്ത്യന്‍ ഐ.സി.ടി സ്ഥാപനവും നിക്ഷേപം നടത്താന്‍ മുന്നോട്ടുവന്നിട്ടുണ്ട്. നിര്‍മാണ, ഇലക്ട്രോണിക് ഉപകരണങ്ങള്‍ നിര്‍മിക്കുന്ന ചെന്നൈ ആസ്ഥാനമായ കമ്പനിയും നിക്ഷേപം നടത്തും. അഞ്ചാമതായി ഹെല്‍ത്ത് കെയര്‍ മേഖലയില്‍ ഒരു കമ്പനി 50 ദശലക്ഷം ഡോളറിന്റെ നിക്ഷേപത്തിനൊരുങ്ങുകയാണ്. 2019 മുതല്‍ ബഹ്റൈനിലെ ഇന്ത്യന്‍ നിക്ഷേപത്തില്‍ 62 ശതമാനം വളര്‍ച്ചയുണ്ട്. ബഹ്റൈനിലെ ആറാമത്തെ മികച്ച നിക്ഷേപ രാജ്യം കൂടിയാണ് ഇന്ത്യ. ടെക് മഹീന്ദ്ര, കെംകോ, ഇലക്ട്രോ സ്റ്റീല്‍, പാര്‍ലെ ബിസ്‌കറ്റ്സ്, ജെ.ബി.എഫ് ഇന്‍ഡസ്ട്രീസ്, അള്‍ട്രാ ടെക് സിമന്റ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, കിംസ് ഹെല്‍ത്ത് എന്നിവ ഉള്‍പ്പെടെ നിരവധി പ്രമുഖ ഇന്ത്യന്‍ കമ്പനികള്‍ ബഹ്റൈനില്‍ പ്രവര്‍ത്തിക്കുന്നു.
◾ ടൊവിനോ തോമസ് നായകനായി എത്തുന്ന ചിത്രം 'ഐഡന്റിറ്റി'യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തൃഷ ആദ്യമായി ടൊവിനോയുടെ നായികയാകുന്ന ബിഗ് ബജറ്റ് ചിത്രമാണ് ഐഡന്റിറ്റി. സെവണ്‍ത് ഡേ, ഫോറന്‍സിക് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം അഖില്‍ പോള്‍- അനസ് ഖാന്‍ എന്നിവര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐഡന്റിറ്റി. രാഗം മൂവീസിന്റെ ബാനറില്‍ രാജു മല്ല്യത്താണ് ഐഡന്റിറ്റിയും നിര്‍മിച്ചിരിക്കുന്നത്. സൂപ്പര്‍ ഹിറ്റ് തെന്നിന്ത്യന്‍ സിനിമകളിലെ സുപ്രധാന വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരം വിനയ് റായ്, ബോളിവുഡ് നടി മന്ദിര ബേദി, അജു വര്‍ഗീസ്, ഷമ്മി തിലകന്‍, അര്‍ജുന്‍ രാധാകൃഷ്ണന്‍, വിശാഖ് നായര്‍ എന്നിങ്ങനെ വന്‍ താര നിരയാണ് ഐഡന്റിറ്റിയില്‍ അണിനിരക്കുന്നത്.
◾ അജു വര്‍ഗീസിസും ജോണി ആന്റണിയും പ്രധാന വേഷത്തില്‍ എത്തുന്ന 'സ്വര്‍ഗം' സിനിമയുടെ സെക്കന്‍ഡ് ലുക്ക് പോസ്റ്റര്‍ പുറത്ത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ജോണി ആന്റണിയുടെയും അജു വര്‍ഗീസിന്റെയും കഥാപാത്രങ്ങളുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡിലുകളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ പോസ്റ്റര്‍ ഏറെ കൗതുകമുണര്‍ത്തുന്നതാണ്. റെജിസ് ആന്റണിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജു പിള്ള, അനന്യ എന്നിവവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തും. മധ്യതിരുവതാംകൂറിലെ ക്രൈസ്തവ പശ്ചാത്തലത്തില്‍ അയല്‍വാസികളായ രണ്ടു കുടുംബങ്ങളുടെ ജീവിത സാഹചര്യത്തില്‍ തിരിച്ചറിയുന്ന യാഥാര്‍ഥ്യങ്ങളാണ് ഈ ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്. പുതുമുഖങ്ങളായ സൂര്യ, ശ്രീറാം, ദേവാഞ്ജന, സുജേഷ് ഉണ്ണിത്താന്‍, റിതിക റോസ് റെജിസ്, റിയോ ഡോണ്‍ മാക്സ്, സിന്‍ഡ്രല്ല ഡോണ്‍ മാക്സ് എന്നിവരും ഈ ചിത്രത്തില്‍ അഭിനയിക്കുന്നു.
◾ പുതിയ ലാന്‍ഡ്‌റോവര്‍ ഡിഫെന്‍ഡര്‍ എച്ച്.എസ്.ഇയ്ക്ക് വേണ്ടി കെ.എല്‍. 27 എം 7777 എന്ന നമ്പര്‍ സ്വന്തമാക്കി യുവസംരംഭക. 7.85 ലക്ഷം രൂപ മുടക്കിയാണ് തിരുവല്ല സ്വദേശിയും നടുവത്ര ട്രേഡേഴ്‌സ് ഡയറക്ടറുമായ നിരഞ്ജന ഇഷ്ട നമ്പര്‍ സ്വന്തമാക്കിയത്. കേരളത്തിലെ ഫാന്‍സി നമ്പര്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന വിലകളിലൊന്നാണിത്. തിരുവല്ല ആര്‍.ടി.ഒയ്ക്ക് കീഴിലായിരുന്നു ലേലം. ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദിലീപ് തുടങ്ങിയവരെല്ലാം വാഹനത്തിന് ഇഷ്ട നമ്പര്‍ കൂടി സ്വന്തമാക്കുന്നവരാണ്. നേരത്തെ കൊച്ചിയില്‍ രജിസ്റ്റര്‍ ചെയ്ത വാഹനത്തിന് ഇഷ്ട നമ്പര്‍ ലഭിക്കാന്‍ ചലച്ചിത്ര താരം പൃഥ്വിരാജ് 7.5 ലക്ഷം രൂപ മുടക്കിയിരുന്നു. ഈ റെക്കോര്‍ഡ് കൂടിയാണ് നിരഞ്ജന മറിടകന്നത്. 1.78 കോടി രൂപയ്ക്കാണ് ഡിഫന്‍ഡര്‍ വാങ്ങിയത്. ലേലമുറപ്പിച്ച തുക അടച്ചാല്‍ രണ്ട് ദിവസത്തിനുള്ളില്‍ ഫാന്‍സി നമ്പര്‍ വച്ച വാഹനത്തില്‍ ചെത്തിനടക്കാം.
◾ പ്രകൃതിമനോഹരമായ ഭൂട്ടാനിലെ ജനങ്ങളുടെ ആചാരാനുഷ്ഠാനങ്ങളും ജീവിതരീതികളും നമ്മള്‍ ഇതുവരെ വായിച്ചറിയാത്ത അവിടത്തെ സവിശേഷതകളും മറ്റും പങ്കുവെയ്ക്കുന്ന രചന. ഭൂട്ടാനിലെ അറിയപ്പെടാത്ത സ്ഥലചരിത്രങ്ങള്‍, ഐതിഹ്യങ്ങള്‍, കല, സാഹിത്യം, വിശ്വാസം, വാസ്തു, വസ്ത്രധാരണം, ഭക്ഷണം. തുടങ്ങിയവയിലെ സമാനതകളില്ലാത്ത വൈവിധ്യം നമ്മെ അനുഭവിപ്പിക്കുന്ന പുസ്തകമാണിത്. ഭൗതികാസക്തി കുറഞ്ഞ ഭൂട്ടാനികള്‍ പൊതുവെ ദൈവഭയമുള്ള സമാധാനപ്രിയരും അച്ചടക്കമുള്ളവരുമാണ്. ലോകത്തിനുതന്നെ മാതൃകയായ ഈ 'കാര്‍ബണ്‍ നെഗറ്റീവ്' ഭൂപ്രദേശത്തിന്റെ വിശദാംശങ്ങള്‍ പങ്കുവെയ്ക്കുന്നതാണീ സഞ്ചാരസാഹിത്യം. ഏഷ്യയിലെ സ്വിറ്റ്‌സര്‍ലന്റ്, ആളോഹരി ആനന്ദത്തിന്റെ നാട് എന്നെല്ലാം അറിയപ്പെടുന്ന ഭൂട്ടാന്റെ സ്ഥലരാശികളിലേക്ക് നമ്മളെ ഒപ്പം കൊണ്ടുപോകുന്ന പുതിയ വായനാനുഭവം. 'ഭൂട്ടാന്‍'. ഡോ. രാജന്‍ ചുങ്കത്ത്. ഗ്രീന്‍ ബുക്സ്. വില 128 രൂപ.
◾ അടുത്ത 25 വര്‍ഷത്തിനകം 3.9 കോടി ജനങ്ങള്‍ ആന്റിബയോട്ടിക് മരുന്ന് ഫലിക്കാതെ, അണുബാധ മൂലം മരിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. ബാക്ടീരിയ അടക്കമുള്ള അണുക്കള്‍ ആന്റിബയോട്ടിക്കിനെ പ്രതിരോധിച്ച് അണുബാധ സൃഷ്ടിച്ചതിനെ തുടര്‍ന്ന് 1990 നും 2021 നും ഇടയില്‍ ലോകമെമ്പാടും ദശലക്ഷക്കണക്കിന് ആളുകളാണ് മരിച്ചതെന്ന് ദി ലാന്‍സെറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നി രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണേഷ്യയെയാണ് ഇത് ഭാവിയില്‍ കാര്യമായി ബാധിക്കാന്‍ പോകുന്നതെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കി. 2025 നും 2050 നും ഇടയില്‍ ദക്ഷിണേഷ്യയില്‍ മൊത്തം 1.18 കോടി ജനങ്ങള്‍ ആന്റി്ബയോട്ടിക്കിനെ മറികടന്നുള്ള അണുബാധയില്‍ മരിച്ചേക്കാമെന്നും ഗവേഷകരുടെ കൂട്ടായ്മ രൂപം നല്‍കിയ ഗ്രാം പ്രോജക്ടിന്റെ റിപ്പോര്‍ട്ട് പ്രവചിക്കുന്നു. ആന്റിബയോട്ടിക് പ്രതിരോധം എന്നാല്‍ രോഗകാരികളായ ബാക്ടീരിയകളെയും ഫംഗസിനെയും നശിപ്പിക്കാന്‍ രൂപകല്‍പ്പന ചെയ്ത മരുന്നുകള്‍ നിഷ്ഫലമാകുന്നു എന്നതാണ്. രോഗാണുക്കള്‍ ഈ മരുന്നുകളെ പരാജയപ്പെടുത്താനുള്ള കഴിവ് നേടുന്നതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് പ്രായമായവരെ കൂടുതല്‍ ബാധിച്ചേക്കാം. ഈ കാലയളവില്‍ തന്നെ അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളില്‍ ആന്റിബയോട്ടിക് പ്രതിരോധം മൂലമുള്ള മരണങ്ങള്‍ 50 ശതമാനത്തിലധികം കുറഞ്ഞതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. വരും വര്‍ഷങ്ങളില്‍ ആരോഗ്യ പരിപാലന രംഗവും ആന്റിബയോട്ടിക്കുകളും മെച്ചപ്പെട്ടാല്‍ 9.2 കോടി ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞേക്കും. 2019ല്‍ ആന്റിബയോട്ടിക് പ്രതിരോധവുമായി ബന്ധപ്പെട്ട മരണങ്ങള്‍ എച്ച്‌ഐവി/എയ്ഡ്സ് അല്ലെങ്കില്‍ മലേറിയ എന്നിവയില്‍ നിന്നുള്ളതിനേക്കാള്‍ കൂടുതലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.78, പൗണ്ട് - 110.71, യൂറോ - 93.29, സ്വിസ് ഫ്രാങ്ക് - 99.32, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.62, ബഹറിന്‍ ദിനാര്‍ - 222.35, കുവൈത്ത് ദിനാര്‍ -274.80, ഒമാനി റിയാല്‍ - 217.64, സൗദി റിയാല്‍ - 22.32, യു.എ.ഇ ദിര്‍ഹം - 22.81, ഖത്തര്‍ റിയാല്‍ - 22.98, കനേഡിയന്‍ ഡോളര്‍ - 61.66.
➖➖➖➖➖➖➖➖
Tags:
KERALA