Trending

സായാഹ്ന വാർത്തകൾ

           13-09-2024

◾  മദ്യനയ അഴിമതി കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ജസ്റ്റിസുമാരായ സൂര്യ കാന്ത്, ഉജ്ജ്വല്‍ ഭുയാന്‍ എന്നിവര്‍ അടങ്ങിയ സുപ്രീം കോടതി ബെഞ്ചാണ് ഡല്‍ഹി മദ്യനയത്തില്‍ സിബിഐ രജിസ്റ്റര്‍ചെയ്ത കേസില്‍ കെജ്രിവാളിന് സ്ഥിരം ജാമ്യം അനുവദിച്ചത്. അതേസമയം കൂട്ടിലടച്ച തത്തയാണെന്ന ജനങ്ങളുടെ ധാരണ സിബിഐ തിരുത്തണമെന്നും സിബിഐ സീസറിന്റെ ഭാര്യയെപ്പോലെ ആയിരിക്കണമെന്നും സംശയത്തിന് അതീതയാവണമെന്നും ജസ്റ്റിസ് ഭുയാന്‍ പരാമര്‍ശിച്ചു. ഇ.ഡി കേസില്‍ ജാമ്യത്തില്‍ കഴിഞ്ഞ കെജ്രിവാളിനെ അറസ്റ്റുചെയ്തത് നിയമവ്യവസ്ഥയെ പരിഹസിക്കുന്നതിന് തുല്യമാണെന്നും ജസ്റ്റിസ് ഭുയാന്‍ അഭിപ്രായപ്പെട്ടു.

◾  ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം അനുവദിക്കുന്ന വേളയില്‍ അദ്ദേഹം പാലിക്കേണ്ട ചില വ്യവസ്ഥകള്‍ സുപ്രീം കോടതി ചൂണ്ടിക്കാട്ടി. കേസിലെ  നിലവിലുള്ള നടപടികളുമായി ബന്ധപ്പെട്ട് പരസ്യമായ പ്രസ്താവനകളോ അഭിപ്രായങ്ങളോ നടത്തരുതെന്ന് അരവിന്ദ് കെജ്രിവാളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കൂടാതെ, ഔദ്യോഗികമായി ഇളവ് അനുവദിച്ചില്ലെങ്കില്‍ വിചാരണ കോടതിക്ക് മുമ്പാകെയുള്ള എല്ലാ ഹിയറിംഗുകളിലും അദ്ദേഹം ഹാജരാകേണ്ടതുണ്ട്. ജാമ്യത്തിലിറങ്ങിയാല്‍ കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ഓഫീസിലോ ദില്ലി സെക്രട്ടേറിയറ്റിലോ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല, കെജ്രിവാളിന് ഔദ്യോഗിക ഫയലുകളില്‍ ഒപ്പിടാന്‍ കഴിയില്ല തുടങ്ങിയ വ്യവസ്ഥകളാണുള്ളത്.

◾  സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിക്ക് (72) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ നിരവധിപേര്‍ പാര്‍ട്ടി ആസ്ഥാനമായ എകെജി ഭവനിലേക്കെത്തുന്നു. ഇപ്പോള്‍ ഡല്‍ഹി എയിംസിലാണ് മൃതദേഹമുള്ളത്. വൈകിട്ട് ആറിനു ഡല്‍ഹി വസന്ത്കുഞ്ചിലെ വീട്ടില്‍ പൊതുദര്‍ശനത്തിനെത്തിക്കും. നാളെ പകല്‍ 11 മുതല്‍ 3 വരെ സിപിഎം കേന്ദ്ര കമ്മിറ്റി ഓഫിസായ എകെജി ഭവനിലാണ് പൊതുദര്‍ശനം. മൃതദേഹം അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നാളെ വൈകിട്ട് വൈദ്യപഠനത്തിനായി എയിംസിനു വിട്ടുനല്‍കും.

◾  അന്തരിച്ച സിപിഎം ജനറല്‍സെക്രട്ടറി സീതാറാം യെച്ചൂരിക്ക് പകരം നിലവിലെ പിബിയില്‍ നിന്നും ഒരാള്‍ക്ക് ജനറല്‍ സെക്രട്ടറിയുടെ താല്ക്കാലിക ചുമതല നല്‍കിയേക്കും. നിലവില്‍ കേന്ദ്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന നേതാക്കളില്‍ ഏറ്റവും മുതിര്‍ന്ന അംഗം വൃന്ദ കാരാട്ടാണ്. പ്രായപരിധി നിബന്ധന അനുസരിച്ചാണെങ്കില്‍ വൃന്ദ കാരാട്ട് അടുത്ത സമ്മേളനത്തില്‍ കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ഒഴിയണം. എംഎ ബേബി, എ വിജയരാഘവന്‍ എന്നിവരുടെ പേരുകളും ചര്‍ച്ച ചെയ്തേക്കാം. തല്ക്കാലം താല്ക്കാലിക ചുമതലയാകും ഒരാള്‍ക്ക് നല്‍കുകയെന്നും പാര്‍ട്ടി കോണ്‍ഗ്രസ് പുതിയ ജനറല്‍ സെക്രട്ടറിയെ നിശ്ചയിക്കുമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

◾  ഹേമ കമ്മറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്ന് വിപുലമായ മൊഴിയെടുപ്പ് നടത്താന്‍ അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി ഹേമ കമ്മിറ്റിയില്‍ മൊഴി നല്‍കിയ 50 പേരെയും കാണും. 4 സംഘങ്ങളായി തിരിഞ്ഞായിരിക്കും ഇവരില്‍ നിന്നുള്ള മൊഴിയെടുപ്പ്. ഇത് പത്ത് ദിവസത്തിനകം പൂര്‍ത്തിയാക്കും. ഹേമ കമ്മിറ്റിക്ക് മുന്നില്‍ മൊഴി നല്‍കിയവരുടെ സ്വകാര്യത ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് ഡബ്ല്യുസിസി അംഗങ്ങള്‍ അറിയിച്ചിരുന്നു.

◾  സംസ്ഥാന സര്‍ക്കാരിന്റെ കെ ഫോണ്‍ പദ്ധതിയില്‍ സിബിഐ അന്വേഷണമാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. പദ്ധതിക്കായി കരാറുകളും ഉപകരാറുകളും നല്‍കിയതില്‍ വന്‍ അഴിമതിയുണ്ടെന്നായിരുന്നു ആക്ഷേപം. എന്നാല്‍ ആരോപണങ്ങള്‍ക്ക് ആധാരമാകുന്ന തെളിവുകള്‍  നിരത്താന്‍ ഹര്‍ജിക്കാരന് കഴിഞ്ഞില്ലെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് ഹര്‍ജി തള്ളിയത്.

◾  നിയസഭാ കയ്യാങ്കളികേസില്‍ യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി. ശിവദാസന്‍ നായര്‍, എംഎ വാഹിദ് എന്നിവര്‍ക്കെതിരെ വനിതാ എംഎല്‍എമാരെ തടഞ്ഞുവെച്ചെന്ന പരാതിയിലാണ് കേസെടുത്തിരുന്നത്. വി ശിവന്‍കുട്ടിയും ഇപി ജയരാജനുമടക്കം ആറ് എല്‍ഡിഎഫ് നേതാക്കളാണ് പൊതുമുതല്‍ നശിപ്പിച്ചതിന് കേസില്‍ പ്രതികളായിരുന്നത്. കേസ് എഴുതിത്തളളാന്‍ സര്‍ക്കാരും, കുറ്റപത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ പ്രതികളും സുപ്രീംകോടതി വരെ പോയെങ്കിലും തിരിച്ചടി നേരിടുകയായിരുന്നു.

◾  എഡിജിപി- റാം മാധവ് കൂടിക്കാഴ്ചയില്‍ ഉണ്ടായെന്ന് പറയപ്പെടുന്ന വ്യവസായി താനല്ലെന്ന് ബിഎല്‍എം ചെയര്‍മാനായ പ്രേംകുമാര്‍.  എഡിജിപി അജിത് കുമാറിനൊപ്പം റാം മാധവിനെ കണ്ടിട്ടില്ല. കോവളത്തെ കൂടികാഴ്ചയില്‍ താന്‍ ഉണ്ടായിരുന്നില്ലെന്നും പ്രേം കുമാര്‍ പറഞ്ഞു. കൂടിക്കാഴ്ചയിലെ വ്യവസായി ബിഎല്‍എം ചെയര്‍മാന്‍ പ്രേം കുമാര്‍ ആണെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. അതിനിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

◾  ആലപ്പുഴ കലവൂരില്‍ വയോധികയെ കൊന്നു കുഴിച്ചുമൂടിയത് അതിക്രൂര മര്‍ദ്ദനത്തിന് ശേഷമെന്ന് റിപ്പോര്‍ട്ട്. 73 കാരി സുഭദ്രയുടെ നെഞ്ചില്‍ ചവിട്ടി എന്നും കഴുത്ത് ഞെരിച്ചെന്നും പ്രതികളായ മാത്യുവും ശര്‍മിളയും ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. സാമ്പത്തിക നേട്ടത്തിനായാണ് സുഭദ്രയെ കൊന്നതെന്ന് പ്രതികള്‍ വെളിപ്പെടുത്തി.

◾  ഇന്‍ഡിഗോയുമായുള്ള സമരത്തേക്കാള്‍ വലുത് സീതാറാം യെച്ചൂരിയാണെന്ന് സിപിഎം നേതാവ് ഇപി ജയരാജന്‍. സീതാറാം യെച്ചൂരി അന്തരിച്ചതിനെ തുടര്‍ന്ന് പെട്ടെന്ന് ദില്ലിയിലെത്തേണ്ട സാഹചര്യം ഉണ്ടായതിനാല്‍ രണ്ടു വര്‍ഷത്തെ ബഹിഷ്‌കരണം അവസാനിപ്പിച്ച് ഇന്‍ഡിഗോ വിമാനത്തില്‍ ഇപി ജയരാജന്‍ യാത്ര ചെയ്തു.  ഇന്നലെ രാത്രി 10.30ന് കരിപ്പൂരില്‍ നിന്നാണ് ഇപി ദില്ലിയിലേക്ക് പുറപ്പെട്ടത്. 2022 ല്‍ തിരുവനന്തപുരം  വിമാനത്താവളത്തില്‍ വെച്ചുണ്ടായ പ്രതിഷേധത്തിന് യൂത്ത് കോണ്‍ഗ്രസിന് രണ്ടാഴ്ച്ചയും ഇപി ജയരാജന് ഒരാഴ്ച്ചത്തെ വിലക്കും ഇന്‍ഡിഗോ ഏര്‍പ്പെടുത്തിയിരുന്നു. ഈ വിലക്കില്‍ പ്രതിഷേധിച്ചാണ് താനിനി ഇന്‍ഡിഗോയില്‍ കയറില്ലെന്ന് ഇപി പ്രഖ്യാപിച്ചത്.

◾  വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ കുടുംബാംഗങ്ങളേയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനേയും നഷ്ടപ്പെട്ട ശ്രുതി ആശുപത്രിയില്‍ തുടരുന്നു. ചൊവ്വാഴ്ച ഉണ്ടായ അപകടത്തില്‍ ശ്രുതിയുടെ കാലൊടിഞ്ഞിരുന്നു. നിലവില്‍ ആരോഗ്യസ്ഥിതി സാധാരണ നിലയിലായതിനാല്‍ ശ്രുതിയെ ആശുപത്രിയുടെ വാര്‍ഡിലേക്ക് മാറ്റിയിരിക്കുകയാണ്. അപകടത്തില്‍ പരിക്കേറ്റ മറ്റ് എട്ടുപേരും ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച വൈകുന്നേരമാണ് ജെന്‍സണ്‍ ഓടിച്ചിരുന്ന വാന്‍ ബസ്സുമായി കൂട്ടിയിടിച്ചത്.

◾  ഇടുക്കി കുമളിയില്‍ പിതാവിന്റെയും രണ്ടാനമ്മയുടെയും ക്രൂര മര്‍ദ്ദനത്തിനിരായായ  ഷെഫീക്കിനെ പരിചരിക്കുന്ന രാഗിണിക്ക് സര്‍ക്കാര്‍ സഹായം. സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിച്ച് സംയോജിത ശിശു വികസന പദ്ധതി അറ്റന്‍ഡന്ററായി രാഗിണിയെ സര്‍ക്കാര്‍ നിയമിക്കുകയായിരുന്നു.  എന്നാല്‍ ഷെഫീക്കിനെ ഉപേക്ഷിച്ച് ജോലിയില്‍ പ്രവേശിക്കാനില്ലെന്നാണ് രാഗിണിയുടെ തീരുമാനം. ജോലിയല്ല ഇപ്പോള്‍ വേണ്ടത്. ഷെഫീഖിന്റെ അമ്മയായി മുന്നോട്ട് പോവും. മരണംവരെ പോകണം. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള കെയര്‍ടേക്കറിന് വേണ്ട ആനൂകൂല്യങ്ങളാണ് തനിക്ക് വേണ്ടതെന്നും അതാണ് സര്‍ക്കാരിനോട് ആവശ്യപ്പെടുന്നതെന്നും രാഗിണി പറഞ്ഞു.

◾  രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ. ജയശങ്കറിനെതിരെ അസഭ്യവര്‍ഷവും ഭീഷണിയുമായി പി വി അന്‍വര്‍ എംഎല്‍എ . കക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കുമെന്നും, ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. ഫേസ് ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് അസഭ്യവര്‍ഷവും ഭീഷണിയും. വര്‍ഗീയ വാദിയെന്ന് സമൂഹ മാധ്യമത്തിലൂടെ പരാമര്‍ശിച്ചു എന്നു പറഞ്ഞാണ് ജയശങ്കറിനെതിരെ പി വി അന്‍വര്‍ എം എല്‍ എ ഭീഷണി മുഴക്കിയത്.

◾  കോഴിക്കോട് ഫറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളോടിച്ച സംഭവത്തില്‍ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി. വാര്‍ത്ത കണ്ടതിനെ തുടര്‍ന്നാണ് കോടതി സ്വമേധയാ കേസെടുത്തത്. പൊലീസും മോട്ടോര്‍ വാഹന വകുപ്പും 8 വണ്ടികള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വാഹനം ഓടിച്ചവരുടെ ലൈസന്‍സ് റദ്ദാക്കും.

◾  ഓണാഘോഷത്തിനിടെ വാഹനങ്ങളില്‍ അഭ്യാസപ്രകടനം നടത്തിയ കണ്ണൂരിലെ വിദ്യാര്‍ത്ഥികള്‍ക്കെതിരെയും നടപടി. കണ്ണൂര്‍ കാഞ്ഞിരോട് നെഹര്‍ ആര്‍ട്സ് കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളുടെയാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു. കാറിന് മുകളിലും വാതിലിലും ഇരുന്നായിരുന്നു യാത്ര. വഴിയാത്രക്കാരാണ്  വീഡിയോ പകര്‍ത്തിയത്.

◾  മിഷേല്‍ ഷാജിയുടെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ചിന് നിര്‍ദ്ദേശം നല്‍കി. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മിഷേലിന്റെ പിതാവാണ് ഹൈക്കോടതിയെ സമീപിച്ചത്. 2017 മാര്‍ച്ച് അഞ്ചിനാണ്  മിഷേല്‍ ഷാജിയെ കാണാതാകുന്നത്. മൃതദേഹം തൊട്ടടുത്ത ദിവസം കൊച്ചിക്കായലില്‍ നിന്നും കണ്ടെത്തുകയായിരുന്നു.

◾  കരാട്ടെ ക്ലാസിന്റെ  മറവില്‍ ലൈംഗീക പീഡനം നടത്തിയ  പോക്സോ കേസ് പ്രതിക്കെതിരെ കാപ്പ ചുമത്തി. മലപ്പുറം വാഴക്കാട് സ്വദേശി സിദ്ദിഖ് അലിക്കെതിരെയാണ് കാപ്പ ചുമത്തിയത്.. ലൈംഗീക പീഡന കേസ്സില്‍  സാദിഖ് അലി ഇപ്പോള്‍ ജയിലിലാണ്. ഇയാളുടെ കരാട്ടെ ക്ലാസ്സില്‍ വന്നിരുന്ന  പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളെയാണ്  ലൈംഗീക അതിക്രമത്തിന് ഇരയാക്കിയത്.

◾  മലയാളികളുടെ സാംസ്‌കാരിക പൈതൃകവും ആഘോഷങ്ങളും വാനോളമെത്തിക്കാന്‍ കസവുടുത്ത് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം. എയര്‍ലൈനിന്റെ ഏറ്റവും പുതിയ ബോയിംഗ് 737-8 വിമാനത്തിലാണ് മലയാളികളുടെ വസ്ത്ര ശൈലിയായ കസവ് മാതൃകയില്‍ ടെയില്‍ ആര്‍ട്ട് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. 180 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്.

◾  വെര്‍ച്വല്‍ അറസ്റ്റെന്ന പേരില്‍ തട്ടിപ്പ് നടത്തിയ കേസില്‍ പ്രതി പിടിയില്‍. ദില്ലി സ്വദേശി പ്രിന്‍സിനെയാണ് കൊച്ചി സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  സിബിഐ ഉദ്യോഗസ്ഥരെന്ന് പറഞ്ഞ് വീഡിയോ കോളില്‍ വരുകയും അക്കൗണ്ട് വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയുമാണ് പണം തട്ടിയത്.  കൊച്ചി സ്വദേശിയുടെ 30 ലക്ഷം രൂപയാണ് വെര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പ്രിന്‍സ് തട്ടിയെടുത്തത്.

◾  കൊല്ലം ഓയൂരില്‍ 6 വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസില്‍ രണ്ടാം പ്രതി അനിതകുമാരിക്ക് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കി. പൊലീസിന്റെ തുടരന്വേഷണ അപേക്ഷയും കോടതി അംഗീകരിച്ചു. അതേസമയം, ഒന്നാം പ്രതി പത്മകുമാറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി.

◾  അട്ടപ്പാടിയില്‍ വീണ്ടും നവജാത ശിശുമരണം. മേലെ മുള്ളി ഊരില്‍ ശാന്തി മരുതന്റെ ഒരു ദിവസം പ്രായമായ പെണ്‍കുഞ്ഞാണ് മരിച്ചത്. കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെ കോട്ടത്തറ ട്രൈബല്‍ താലൂക്ക് ആശുപത്രിയില്‍ വെച്ച് കുഞ്ഞിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കുകയായിരിന്നു.

◾  പഞ്ചറായ ലോറിയുടെ ടയര്‍ മാറ്റാന്‍ ശ്രമിക്കുന്നതിനിടെ കാറിടിച്ച് ലോറി ഉടമയുടെ സഹോദരന്‍ മരിച്ചു. വൈക്കം തലയാഴം കുമ്മന്‍കോട്ട് ലതീഷ് ബാബു (45) ആണ് മരിച്ചത്. ഇന്നലെ രാത്രി 12 മണിയോടെ തൃപ്പൂണിത്തുറ വൈക്കം റോഡില്‍ ഹില്‍പാലസ് പൊലീസ് സ്റ്റേഷനടുത്തായിരുന്നു അപകടം. സംഭവത്തില്‍ കാറോടിച്ച  ഉദയംപേരൂര്‍ സ്വദേശി വിനോദ് (52)നെ ഹില്‍ പാലസ് പൊലീസ് കസ്റ്റഡിയിലെടുത്തു.

◾  മലപ്പുറം മുത്തേടത്ത് പ്രായപൂര്‍ത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൂത്തേടം തീക്കടി ആദിവാസി നഗറിലെ ശ്യംജിത്ത് (17), കരുളായ് കൊയപ്പാന്‍ വളവിലെ ഗോപിക (15) എന്നിവരാണ് മരിച്ചത്.  കഴിഞ്ഞ മാസം ഇരുവരും  വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചിരുന്നു. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

◾  ട്രക്കിലിടിച്ച് ബൈക്ക് യാത്രികരായ മൂന്ന് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണാന്ത്യം. ബെംഗളൂരു എയര്‍പോര്‍ട്ട് റോഡില്‍ ചിക്കജാല മേല്‍പ്പാലത്തിലാണ് സംഭവം. ഗാന്ധി കൃഷി വിജ്ഞാന കേന്ദ്രത്തിലെ (ജികെവികെ) ബിഎസ്സി അഗ്രിക്കള്‍ച്ചര്‍ നാലാം വര്‍ഷ വിദ്യാര്‍ത്ഥികളായ സുചിത്, രോഹിത്, ഹര്‍ഷവര്‍ദ്ധന്‍ എന്നിവരാണ് മരിച്ചത്.

◾  ചൊവ്വാഴ്ച ചെന്നൈ ശ്രീദേവി കുപ്പത്തെ ഭക്ഷണശാലയില്‍ വെച്ച് പതിനാറുകാരന്‍ ഉള്‍പ്പെടെ രണ്ടുപേരെ മര്‍ദ്ദിച്ച കേസില്‍ പ്രശസ്ത ഗായകന്‍ മനോയുടെ രണ്ടു മക്കളുള്‍പ്പെടെ നാലുപേര്‍ക്കെതിരെ വളസരവാക്കം പോലീസ് കേസെടുത്തു. മനോയുടെ മക്കളായ ഷക്കീര്‍, റാഫി എന്നിവര്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്.

◾  ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കാന്‍ കോണ്‍ഗ്രസും സി.പി.എമ്മും ധാരണയായി.മുതിര്‍ന്നനേതാവ് ഓംപ്രകാശാണ് സ്ഥാനാര്‍ഥി. ഇതിന്റെ ഭാഗമായി ഒരുസീറ്റ് സി.പി.എമ്മിന് നല്‍കി ബാക്കി 89 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു.

◾  മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കഴിഞ്ഞ ദിവസം കൂട്ട ബലാത്സംഗത്തിന് ഇരയായ യുവതിയുടെ മൊഴി രേഖപ്പെടുത്താനാകാതെ പോലീസ്. യുവതി ഇനിയും ഞെട്ടലില്‍ നിന്ന് മോചിതയായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ബലാത്സംഗത്തിന് ഇരയായ സ്ത്രീയായതിനാല്‍ മൊഴി രേഖപ്പെടുത്തുന്ന കാര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പം നേരിടുന്നുണ്ട്. പ്രതിയെ വെടിവെച്ച് കൊല്ലുക, അല്ലെങ്കില്‍ എന്നെ വെടിവെയ്ക്കുക എന്ന് മാത്രമാണ് യുവതി പോലീസിനോട് പറയുന്നത്.

◾  പശ്ചിമബംഗാളിലെ വലിയ ആഘോഷങ്ങളിലൊന്നായ ദുര്‍ഗ പൂജയ്ക്ക് മുന്നോടിയായി ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതി ബംഗ്ലാദേശ് പൂര്‍ണമായും നിരോധിച്ചു.  ബംഗ്ലാദേശിലെ സാധാരണക്കാര്‍ക്ക് കുറഞ്ഞ വിലയ്ക്ക് മത്സ്യം ലഭ്യമാകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ദുര്‍ഗ പൂജ സമയത്ത് ഇന്ത്യയിലേക്കുള്ള ഹില്‍സ മത്സ്യത്തിന്റെ കയറ്റുമതി നിരോധിച്ചത്.

◾  അദാനിയുമായി ബന്ധമുള്ള അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ സ്വിസ് ബാങ്ക് അധികൃതര്‍ മരവിപ്പിച്ചുവെന്ന് ആരോപണം. ഹിന്‍ഡന്‍ബെര്‍ഗ് റിസര്‍ച്ചാണ് സാമൂഹിക മാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. നിഴല്‍ കമ്പനികളിലേക്ക് പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിലാണ് അന്വേഷണം. എന്നാല്‍ അസംബന്ധമായ ആരോപണമാണിതെന്ന് അദാനി ഗ്രൂപ്പ് വ്യക്തമാക്കി. സ്വിസ് കോടതികളിലെ നടപടികളില്‍ അദാനിക്ക് പങ്കില്ലെന്നും വിശദീകരണ കുറിപ്പില്‍ പറയുന്നു.

◾  അന്താരാഷ്ട്ര സ്വര്‍ണ വില റെക്കോഡ് കുതിപ്പ് കാഴ്ചവച്ചത് കേരളത്തിലും വിലയില്‍ വന്‍ വര്‍ധനയ്ക്കിടയാക്കി. ഒറ്റയടിക്ക് പവന് 960 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 120 രൂപയും. ഇതോടെ ഗ്രാം വില 6,825 രൂപയും പവന്‍ വില 54,600 രൂപയുമായി. ഇക്കഴിഞ്ഞ ജൂലൈ 18ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിലയിലാണ് സ്വര്‍ണം. അന്ന് 54,880 രൂപയായിരുന്നു വില. 2024 മേയ് 20ന് രേഖപ്പെടുത്തിയ ഗ്രാമിന് 6,890 രൂപയും പവന് 55,120 രൂപയുമാണ് കേരളത്തിലെ ഏറ്റവും ഉയര്‍ന്ന വില. ഇന്നത്തെ വിലക്കയറ്റത്തോടെ റെക്കോഡിന് അടുത്തെത്തിയിരിക്കുകയാണ് സ്വര്‍ണ വില. ലൈറ്റ്വെയിറ്റ് ആഭരണങ്ങള്‍ നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 100 രൂപ വര്‍ധിച്ച് 5,660 രൂപയിലെത്തി. വെള്ളി വിലയും ഇന്ന് കുതിപ്പിലാണ്. ഗ്രാമിന് മൂന്ന് രൂപ വര്‍ധിച്ച് 93 രൂപയിലെത്തി. അന്താരാഷ്ട്ര സ്വര്‍ണം സര്‍വകാല റെക്കോഡായ 2,570 ഡോളര്‍ തൊട്ടു. ഇന്നലെ 1.88 ശതമാനം ഉയര്‍ന്ന് പുതിയ ഉയരം തൊട്ട സ്വര്‍ണം ഇന്നും കുതിപ്പ് തുടരുകയായിരുന്നു. രാവിലെ 0.35 ശതമാനം ഉയര്‍ന്ന് 2,567.61 ഡോളറിലാണ് വ്യാപാരം പുരോഗമിക്കുന്നത്.

◾  യുപിഐ ലൈറ്റ് ഉപയോക്താക്കളുടെ സൗകര്യാര്‍ഥം പുതിയ ഫീച്ചര്‍ പ്രഖ്യാപിച്ച് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. ഒക്ടോബര്‍ 31 മുതല്‍, യുപിഐ ലൈറ്റ് അക്കൗണ്ടില്‍ ഇഷ്ടമുള്ള തുക റീലോഡ് ചെയ്യുന്നതിന് ഓട്ടോ ടോപ്പ്-അപ്പ് ഓപ്ഷന്‍ ഉപയോഗിക്കാനാകും. തെരഞ്ഞെടുത്ത തുക ഉപയോഗിച്ച് യുപിഐ ലൈറ്റ് ബാലന്‍സ് സ്വയമേവാ റീലോഡ് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം. എന്നാല്‍ റീലോഡ് ചെയ്യുന്നത് യുപിഐ ലൈറ്റ് ബാലന്‍സ് പരിധിയായ 2,000 രൂപ കവിയാന്‍ പാടില്ല. കൂടാതെ, ഉപയോക്താക്കള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഓട്ടോ ടോപ്പ്-അപ്പ് മാന്‍ഡേറ്റ് അസാധുവാക്കാനും കഴിയുമെന്നും സര്‍ക്കുലറില്‍ പറയുന്നു. പിന്‍ നല്‍കാതെ തന്നെ ചെറിയ മൂല്യമുള്ള ഇടപാടുകള്‍ (500ല്‍ താഴെ) നടത്താന്‍ സഹായിക്കുന്നതാണ് യുപിഐ ലൈറ്റ്. ഓരോ യുപിഐ ലൈറ്റ് അക്കൗണ്ടിനും ഓട്ടോമാറ്റിക്കായി പണം റീലോഡ് ചെയ്യുന്ന ഇടപാടുകളുടെ എണ്ണം ഒരു ദിവസം അഞ്ചായി പരിമിതപ്പെടുത്തിയിട്ടുണ്ട്.

◾  കിരണ്‍ അബ്ബാവരം നായകനായെത്തുന്ന പിരീഡ് ത്രില്ലര്‍ 'ക' എന്ന ചിത്രത്തിന്റെ തെലുങ്ക് തിയറ്റര്‍ അവകാശം നിര്‍മ്മാതാവ് വംശി നന്ദിപതി വമ്പന്‍ തുകക്ക് സ്വന്തമാക്കിയപ്പോള്‍ മലയാളം പതിപ്പ് ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ എത്തിക്കുന്നത്. സുജിത്ത്, സന്ദീപ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണിത്. നയന്‍ സരിക, തന്‍വി റാം എന്നിവര്‍ നായികമാരായെത്തുന്ന ഈ ചിത്രത്തിലൂടെ ഒരു ഗംഭീര തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലാണ് കിരണ്‍ അബ്ബാവരം. നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറും 'വേള്‍ഡ് ഓഫ് വാസുദേവ്' എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയും പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. തമിഴ്, മലയാളം, കന്നഡ, തെലുങ്ക് ഭാഷകളിലായ് പ്രദര്‍ശനത്തിനെത്തുന്ന ചിത്രം പക്കാ ആക്ഷന്‍ പാക്ക്ഡ് ത്രില്ലറായാണ് ഒരുങ്ങുന്നത്. ചിത്രീകരണം പൂര്‍ത്തിയായ ചിത്രമിപ്പോള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ സ്റ്റേജിലാണ്.

◾  മൂന്ന് മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായ 'ദ ഗോട്ട്' ചില ഭാഗങ്ങള്‍ കട്ട് ചെയ്ത ശേഷമാണ് തിയേറ്ററില്‍ എത്തിച്ചത്. ഓപ്പണിങ് ദിനത്തില്‍ ഗംഭീര കളക്ഷന്‍ നേടിയ ഗോട്ടിന് ഇപ്പോള്‍ നെഗറ്റീവ് പ്രതികരണങ്ങളാണ് ലഭിക്കുന്നത്. അതിനാല്‍ തന്നെ തമിഴ്നാട്ടില്‍ വന്‍ വിജയമായ ചിത്രത്തിന് ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നും വലിയ രീതിയില്‍ കളക്ഷന്‍ നേടാനായിട്ടില്ല. തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യത്തിന് ഒട്ടേറെ ഭാഗങ്ങള്‍ നീക്കം ചെയ്താണ് സിനിമയുടെ ദൈര്‍ഘ്യം കുറച്ചത്. എന്നാല്‍ ഗോട്ട് ഒ.ടി.ടിയില്‍ എത്തുമ്പോള്‍ അണ്‍കട്ട് പതിപ്പ് പ്രദര്‍ശിപ്പിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. നെറ്റ്ഫ്‌ലിക്‌സിലാണ് ചിത്രം സ്ട്രീം ചെയ്യുന്നത്. അണ്‍കട്ട് പതിപ്പിന് മൂന്ന് മണിക്കൂര്‍ 40 മിനിറ്റ് ദൈര്‍ഘ്യമുണ്ട് എന്നാണ് തമിഴ് സിനിമാവൃത്തങ്ങള്‍ പറയുന്നത്. സിനിമയുടെ രണ്ടാം ഭാഗത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുക ആണെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടാം ഭാഗത്തില്‍ വിജയ്ക്ക് പകരം അജിത്ത് നായകനാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

◾  ജാപ്പനീസ് ജനപ്രിയ ഇരുചക്ര വാഹന ബ്രാന്‍ഡായ ഹോണ്ടയുടെ എക്‌സ്-ബ്ലേഡ് മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പന നിര്‍ത്തിവച്ചതായി റിപ്പോര്‍ട്ട്. കമ്പനി ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്ന് ഇത് നീക്കം ചെയ്തു. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഈ ബൈക്ക് വളരെ കുറവാണ് വിറ്റത്. അതിനാല്‍, നിര്‍ത്തിലാക്കുന്നതിന് പിന്നിലെ ഏറ്റവും വലിയ കാരണം വില്‍പ്പന കുറവാണെന്നാണ് കരുതുന്നത്. എന്നാല്‍, ഹോണ്ട ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യന്‍ വിപണിയില്‍ 150 മുതല്‍ 160 സിസി ബൈക്ക് സെഗ്മെന്റില്‍ ശക്തമായ മത്സരമാണ് നടക്കുന്നത്. ഇതില്‍ ബജാജ് പള്‍സര്‍, ടിവിഎസ് അപ്പാച്ചെ തുടങ്ങിയ മോഡലുകള്‍ക്ക് ആവശ്യക്കാരേറെയാണ്. ഈ മത്സരത്തിനിടയില്‍, എക്സ്-ബ്ലേഡിന് അതിന്റെ ശക്തി തെളിയിക്കാന്‍ കഴിഞ്ഞില്ല. ഡീലര്‍മാരില്‍ അവശേഷിക്കുന്ന എക്സ്-ബ്ലേഡിന്റെ യൂണിറ്റുകള്‍ കമ്പനി വില്‍ക്കുന്നത് തുടരും. അത്തരമൊരു സാഹചര്യത്തില്‍, ശേഷിക്കുന്ന സ്റ്റോക്ക് വലിയ കിഴിവോടെ വിറ്റഴിക്കാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.

◾  ഭാവിയെ ഭൂതകാലത്തിന്റെ കണ്ണാടിയില്‍ കാണാന്‍ ശ്രമിക്കുകയാണ് ആനന്ദ്. ചരിത്രത്തെ സ്വാധീനിച്ച വെള്ളപ്പൊക്കം. യുദ്ധങ്ങള്‍, മഹാമാരി, ജാതി. അധികാരം ഉള്‍പ്പെടെയുള്ള സംഭവങ്ങളിലൂടെയും ആശയങ്ങളിലൂടെയും മനുഷ്യഭാവിയെക്കുറിച്ച് പല നിലകളില്‍ ആലോചിക്കുന്ന ലേഖനങ്ങളുടെ സമാഹാരം. രാഷ്ട്രപരിണാമത്തിന്റെ നൂറ് വര്‍ഷങ്ങള്‍. ജനാധിപത്യത്തിലെ പടുകുഴികള്‍. സംഗ്രഹം വിഗ്രഹം നിഗ്രഹം, രക്തവും സാക്ഷികളും തുടങ്ങി ഒന്‍പത് ലേഖനങ്ങള്‍. 'രക്തവും സാക്ഷികളും'. ആനന്ദ്. ഡിസി ബുക്സ്. വില 142 രൂപ.

◾  ഡിസ്ലെക്സിയ ചികിത്സയില്‍ നിര്‍ണായക ചുവടുവെപ്പുമായി ജര്‍മന്‍ ഗവേഷകര്‍. ലോകത്ത് ജനസംഖ്യയുടെ അഞ്ച് മുതല്‍ പത്ത് ശതമാനം വരെയുള്ളവരില്‍ ഡിസ്ലെക്സിയ കണ്ടുവരുന്നു. ജീവിതകാലം മുഴുവന്‍ പിന്തുടരുന്ന പഠന വൈകല്യമാണിത്. വായനയില്‍ അനുഭവപ്പെടുന്ന പ്രായസങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. അക്ഷരങ്ങള്‍ കൂട്ടിച്ചേര്‍ത്തു വായിക്കാനുള്ള ബുദ്ധിമുട്ട്, വായിക്കുമ്പോള്‍ അക്ഷരങ്ങള്‍ വിട്ടു പോവുകയോ കൂട്ടിച്ചേര്‍ക്കുകയോ ചെയ്യുക, അനായാസമായി വായിക്കാന്‍ കഴിയാതിരിക്കുക എന്നിവയാണ് പ്രധാനമായും ഡിസ്ലെക്‌സിയ ഉള്ള കുട്ടികളില്‍ കണ്ടുവരുന്ന ലക്ഷണങ്ങള്‍. ഡിസ്ലെക്സിയയുടെ കാരണം പൂര്‍ണമായും വ്യക്തമല്ലെങ്കിലും മസ്തിഷ്‌കത്തിലെ വിഷ്വല്‍ തലാമസ് എന്ന പ്രത്യേക ഭാഗത്തിന്റെ പ്രവര്‍ത്തനത്തിലും ഘടനയിലുമുള്ള മാറ്റങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഡ്രെസ്ഡന്‍ സര്‍വകലാശാല ഗവേഷകര്‍ വിശദീകരിക്കുന്നു. സെറിബ്രല്‍ കോര്‍ട്ടക്സുമായി കണ്ണുകളെ ബന്ധിപ്പിക്കുന്ന ഒരു പ്രധാന മസ്തിഷ്‌ക മേഖലയാണ് വിഷ്വല്‍ തലാമസ്. ഇത് യുക്തി, വികാരം, ചിന്ത, ഓര്‍മ, ആശയവിനിമയം, ബോധം എന്നിവയ്ക്കുള്ള കഴിവിന് പ്രധാനമാണ്. ഡിസ്ലെക്സിയ ഉള്ളവരില്‍ വിഷ്വല്‍ തലാമസിന്റെ ചലന സെന്‍സിറ്റീവ് ഭാഗത്തിന്റെ പ്രവര്‍ത്തനത്തിലും ഘടനയിലും മാറ്റങ്ങള്‍ കാണിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. വിഷ്വല്‍ തലാമസിനെ കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകാന്‍ സാധിച്ചുവെന്ന് ബ്രെയിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഡിസ്ലെക്സിയ ബാധിതരായ 25 ആളുകളാണ് പഠനത്തിന്റെ ഭാഗമായത്. വിഷ്വല്‍ തലാമസിന്റെ ഘടനയുടെ പ്രവര്‍ത്തനം മോഡുലേറ്റ് ചെയ്യുന്നതിനും അതുവഴി ചില ഡിസ്ലെക്സിയ ലക്ഷണങ്ങള്‍ ലഘൂകരിക്കുന്നതിനുമുള്ള ചികിത്സാ രീതിയായി വികസിപ്പിക്കാനുമുള്ള സാധ്യതകള്‍ ഈ പഠനം തുറന്നിടുന്നുവെന്നും ഗവേഷകര്‍ പറയുന്നു.

*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.90, പൗണ്ട് - 110.27, യൂറോ - 93.08, സ്വിസ് ഫ്രാങ്ക് - 98.92, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.33, ബഹറിന്‍ ദിനാര്‍ - 222.65, കുവൈത്ത് ദിനാര്‍ -274.90, ഒമാനി റിയാല്‍ - 217.96, സൗദി റിയാല്‍ - 22.36, യു.എ.ഇ ദിര്‍ഹം - 22.84, ഖത്തര്‍ റിയാല്‍ - 22.15, കനേഡിയന്‍ ഡോളര്‍ - 61.80.
➖➖➖➖➖➖➖➖
Previous Post Next Post
3/TECH/col-right