12-09-2024
◾ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയും, ഔദ്യോഗിക കൃത്യനിര്‍വഹണത്തിലെ ക്രമക്കേടുകളുമടക്കം ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ എഡിജിപി എംആര്‍ അജിത് കുമാര്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കുന്നുവെന്ന് റിപ്പോര്‍ട്ട്. പൊലീസ് ആസ്ഥാനത്ത് കേസിന്റെ അന്വേഷണ ചുമതലയുള്ള സംസ്ഥാന പൊലീസ് മേധാവി ഡിജിപി ഷെയ്ഖ് ദര്‍വേസ് സാഹിബ് നേരിട്ടാണ് മൊഴി രേഖപ്പെടുത്തുന്നത്. കേസിന്റെ അന്വേഷണ ചുമതലയിലുള്ള ഐജി സ്പര്‍ജന്‍ കുമാര്‍, എസ്പിമാരായ മധുസൂദനന്‍ എന്നിവരും സ്ഥലത്തുള്ളതായാണ് വിവരം.
◾ എഡിജിപിക്കെതിരെ ഉയര്‍ന്നുവന്ന എല്ലാ ആരോപണവും അന്വേഷിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ആരെയും സംരക്ഷിക്കില്ല. അന്വേഷണ റിപ്പോര്‍ട്ട് വന്നതിന് ശേഷം തീരുമാനമെടുക്കുമെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് ഭരണകൂടത്തിന്റെ ഭാഗമാണെന്നും ഇടതുമുന്നണിയുടെയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമങ്ങള്‍ കള്ളവാര്‍ത്ത പ്രചരിപ്പിക്കുകയാണെന്നും എഡിജിപിക്കൊപ്പം മുഖ്യമന്ത്രിയുടെ ബന്ധു ആര്‍എസ്എസ് നേതാക്കളെ കണ്ടുവെന്ന വാര്‍ത്ത അസംബന്ധമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
◾ എഡിജിപി എം.ആര്‍ അജിത്ത് കുമാറിനെ മാറ്റണമെന്ന നിലപാടില്‍ മാറ്റമില്ലെന്ന് ബിനോയ് വിശ്വം. ക്രമസമാധാന ചുമതലയുള്ള എഡിജിപി ആര്‍എസ്എസ് നേതാക്കളെ ഊഴമിട്ട് കൂടിക്കാഴ്ച നടത്തിയതിന്റെ അടിസ്ഥാനമെന്താണെന്ന ചോദ്യമാണ് ഞങ്ങള്‍ ഉന്നയിക്കുന്നത്. എഡിജിപിക്കെതിരായ അന്വേഷണത്തിന് സമയം വേണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടാല്‍ അത് മനസിലാക്കാം. അതിനര്‍ത്ഥം അന്വേഷണം അനന്തമായി നീണ്ടുപോകാമെന്നല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു.
◾ എഡിജിപി എംആര്‍ അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിഷയത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ മുതിര്‍ന്ന സിപിഐ നേതാവ് കെഇ ഇസ്മായില്‍. എഡിജിപി എംആര്‍ അജിത്ത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷണം നടത്തണമെന്ന് അദ്ദേഹം വ്യക്തമാക്കി. അജിത്ത് കുമാറിനെ മാറ്റാതെ നടത്തുന്ന അന്വേഷണത്തില്‍ കാര്യമില്ലെന്നും ആര്‍എസ്എസ് നേതാക്കളെ കണ്ടത് ഗുരുതര വിഷയമാണെന്നും അദ്ദേഹം പറഞ്ഞു.
◾ സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും തിരുത്താന്‍ ഇടതുപക്ഷത്തെ ഘടകകക്ഷികള്‍ക്ക് കഴിയുന്നില്ലെന്നും അവര്‍ക്ക് നിലപാടുകള്‍ ബലികഴിച്ച് സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങേണ്ട ഗതികേടാണെന്നും കെപിസിസി പ്രസിഡണ്ട് കെ.സുധാകരന്‍. സിപിഎമ്മിലും എല്‍ഡിഎഫിലും ആര്‍എസ്എസ് സ്വാധീനം വര്‍ധിപ്പിച്ച് കാവിവത്കരണം ദ്രുതഗതിയില്‍ പ്രോത്സാഹിപ്പിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും ആര്‍എസ്എസിനോടുള്ള തീണ്ടിക്കൂടായ്മ സിപിഎം സൗകര്യപൂര്‍വ്വം മറന്നുവെന്നും പ്രത്യയശാസ്ത്ര പരമായ വെല്ലുവിളിയാണ് സിപിഎം നേരിടുന്നതെന്നും സുധാകരന്‍ ആരോപിച്ചു.
◾ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന് പത്രക്കാരെ കാണുമ്പോഴുള്ള ആവേശവും നിലപാടും പിണറായി വിജയനെ കാണുമ്പോഴില്ലെന്നും പിണറായിയെ കണ്ടതോടെ മുട്ടിടിച്ച് നിലപാട് മാറ്റിയെന്നും കോണ്‍ഗ്രസ് പ്രവര്‍ത്തക സമതിയംഗം രമേശ് ചെന്നിത്തല. ഇത്ര നാണം കെട്ട് എല്‍ഡിഎഫ് സംവിധാനത്തില്‍ തുടരുന്നതു സിപിഐയുടെ ഗതികേടാണെന്നും എഡിജിപിക്കെതിരെ ഒരു ചെറുവിരലനക്കാന്‍ മൊത്തം എല്‍ഡിഎഫ് സംവിധാനം വിചാരിച്ചിട്ടും സാധിച്ചില്ലെന്നും മുഖ്യമന്ത്രിക്കു മേല്‍ എല്‍ഡിഎഫിനേക്കാള്‍ സ്വാധീനമാണ് എഡിജിപിക്കെന്നും ചെന്നിത്തല ആരോപിച്ചു.
◾ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഒന്നര വര്‍ഷത്തിന് ശേഷം ഒറ്റത്തവണ ശമ്പളം. സര്‍ക്കാര്‍ നല്‍കിയ 30 കോടിയും കെഎസ്ആര്‍ടിസിയുടെ വരുമാനമായ 44.52 കോടിയും ചേര്‍ത്താണ് വിതരണം. ഇന്ന് വൈകീട്ടോടെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പളം ലഭിക്കുമെന്ന് ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടന ഫെഫ്ക. കമ്മിറ്റി കേള്‍ക്കേണ്ടവരെ കേള്‍ക്കാതെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറി ബി.ഉണ്ണികൃഷ്ണന്‍ ആരോപിച്ചു. ഹേമ കമ്മിറ്റി ഡബ്ല്യുസിസിയെ മാത്രമാണ് കണ്ടതെന്നും മറ്റ് സിനിമ സംഘടനകളെ ഒഴിവാക്കിയെന്നും ഉണ്ണികൃഷ്ണന്‍ ആരോപിക്കുന്നു. ഇതെല്ലാം വ്യക്തമാക്കുന്നത് കൃത്യമായൊരു 'ഒഴിവാക്കല്‍' നടന്നിട്ടുണ്ടെന്നാണെന്ന് ഉണ്ണികൃഷ്ണന്‍ വ്യക്തമാക്കി.
◾ ബെവ്കോ ജീവനക്കാര്‍ക്ക് റെക്കോര്‍ഡ് ഓണം ബോണസ് തുകയ്ക്ക് ശുപാര്‍ശ. ബീവറേജ് കോര്‍പ്പറേഷനാണ് സര്‍ക്കാരിന് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ബോണസായി നല്‍കിയത് 90000 രൂപയായിരുന്നു. ലേബലിംഗ് തൊഴിലാളികള്‍ വരെയുള്ള ജീവനക്കാര്‍ക്കായിരിക്കും തുക ലഭിക്കുന്നത്. എന്നാല്‍ ഓണം ബോണസ് സംബന്ധിച്ച ഓര്‍ഡര്‍ പുറത്തിറങ്ങിയിട്ടില്ലെന്നാണ് ബെവ്കോ അധികൃതര്‍ പ്രതികരിച്ചത്.
◾ പി.വി.അന്‍വറിനെയും കെ.ടി.ജലീലിനെയും അവഗണിച്ച് ഒറ്റപ്പെടുത്തുകയെന്ന നയം മുഖ്യമന്ത്രി സ്വീകരിച്ചിരിക്കുന്നതിനാല്‍ ഇവര്‍ക്ക് അധിക നാള്‍ സി.പി.എം പാളയത്തില്‍ തുടരാനാവില്ലെന്ന് ചെറിയാന്‍ ഫിലിപ്പ്. വര്‍ഗ്ഗീയ പ്രീണന രാഷ്ട്രീയത്തിന് തങ്ങളെ സി.പി.എമ്മിന് ഇനി ആവശ്യമില്ലെന്ന് അന്‍വറിനും ജലീലിനും അറിയാവുന്നതു കൊണ്ടാണ് കലാപമുണ്ടാക്കി രക്തസാക്ഷിത്വം വരിക്കാന്‍ അവര്‍ ശ്രമിക്കുന്നത്. എല്‍.ഡി.എഫില്‍ രാഷ്ട്രീയ പ്രസക്തി നഷ്ടപ്പെട്ട ഇവര്‍ മുങ്ങുന്ന കപ്പലില്‍ നിന്നും എടുത്തു ചാടാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.
◾ കോഴിക്കോട് പാലേരി വടക്കുമ്പാട് ഹയര്‍ സെക്കന്ററി സ്‌കൂളിലെ 50ഓളം കുട്ടികള്‍ക്ക് മഞ്ഞപിത്തം സ്ഥിരീകരിച്ചു. പ്രദേശത്തെ കൂള്‍ബാറുകള്‍ അടച്ചിടാന്‍ ചങ്ങരോത്ത് പഞ്ചായത്ത് അധികൃതര്‍ നിര്‍ദേശം നല്‍കി. കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. സ്‌കൂള്‍ കിണറിലെ വെള്ളത്തില്‍ നിന്നല്ല രോഗം പകര്‍ന്നതെന്നു പരിശോധനാ ഫലത്തില്‍ വ്യക്തമായി.
◾ അപകടത്തില്‍ പരിക്കേറ്റ് ആറ് മാസത്തോളമായി കോമ സ്ഥിതിയില്‍ കഴിയുന്ന ഒന്‍പത് വയസുകാരിയുടെ ദുരിതവും പൊലീസ് അനാസ്ഥയും സംബന്ധിച്ച സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ കേസ് എടുത്തു. ജസ്റ്റിസ് പിജി അജിത് കുമാര്‍, അനില്‍ കെ നരേന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് കേസ് എടുത്തത്. ഇന്ന് കോടതി കേസ് പരിഗണിക്കും. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് 9 വയസ്സുകാരി ദൃഷാന ചികിത്സയില്‍ കഴിയുന്നത്. കുട്ടിയെ ഇടിച്ചിട്ട ശേഷം കടന്നുകളഞ്ഞ കാര്‍ കണ്ടെത്താന്‍ ഇതുവരെ പോലീസിന് കഴിഞ്ഞിട്ടില്ല.
◾ ഡയാലിസിസുകളുടെ എണ്ണം വെട്ടിക്കുറച്ചതിലും വൈകുന്നതിലും പ്രതിഷേധിച്ച് രോഗികളും ബന്ധുക്കളും തൃശൂര്‍ ജനറല്‍ ആശുപത്രിയില്‍ ഉപരോധ സമരം നടത്തി. ആശുപത്രി ആര്‍എംഒ ഡോ നോബിള്‍ ജെ തൈക്കാട്ടിലിനെയാണ് ഉപരോധിച്ചത്. അതേസമയം അധികൃതരുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് സമരം അവസാനിപ്പിച്ചു. പുതിയ നാല് മെഷീനുകള്‍ എത്തുമെന്ന ഉറപ്പിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിച്ചത്.
◾ വയനാട്ടിലെ ഉരുള്‍പ്പൊട്ടലില്‍ ഉറ്റവരെ നഷ്ടമായതിനൊപ്പം വാഹനപകടത്തില്‍ പ്രതിശ്രുത വരനായ ജെന്‍സനേയും നഷ്ടമായ ശ്രുതിക്ക് ആവശ്യമായ എല്ലാ കരുതലും ഒരു മകളുടെ സ്ഥാനത്ത് കണ്ട് നിറവേറ്റുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ശ്രുതിയുടെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയുമെന്നും സതീശന്‍ പറഞ്ഞു. ശ്രുതിക്ക് കരുത്തായി എന്നും ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയനും രാഹുല്‍ ഗാന്ധിയും സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കിയിരുന്നു.
◾ ചൂരല്‍മല ഉരുള്‍പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിയുടെ പ്രതിശ്രുത വരനായിരുന്ന ജെന്‍സന്റെ പോസ്റ്റുമോര്‍ട്ടം നടപടികള്‍ കഴിഞ്ഞു. ശേഷം അമ്പലവയല്‍ ആണ്ടൂരിലേക്ക് ജെന്‍സന്റെ മൃതദേഹം കൊണ്ടുപോയി. ഇന്ന് വൈകിട്ട് 3 മണിക്ക് ആണ്ടൂര്‍ നിത്യസഹായമാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം.
◾ മോട്ടര്‍ വാഹനങ്ങളില്‍ അംഗീകൃത വ്യവസ്ഥകള്‍ക്ക് അനുസരിച്ച് കൂളിങ് ഫിലിം പതിപ്പിക്കാമെന്ന് ഹൈക്കോടതി. അങ്ങനെ ചട്ടം പാലിച്ച് കൂളിങ് ഫിലിം പതിപ്പിച്ചതിന്റെ പേരില്‍ വാഹനങ്ങള്‍ക്ക് പിഴ ഈടാക്കാനാകില്ലെന്നും ജസ്റ്റിസ് എന്‍ നഗരേഷ് വ്യക്തമാക്കി. മോട്ടോര്‍ വാഹനചട്ടങ്ങളിലെ ഭേദഗതി പ്രകാരം വാഹനങ്ങളുടെ മുന്നിലും പിന്നിലും വശങ്ങളിലും സേഫ്റ്റി ഗ്ലാസുകള്‍ക്ക് പകരം സേഫ്റ്റിഗ്ലേസിങ് കൂടി ഉപയോഗിക്കാന്‍ അനുവദിക്കുന്നുണ്ട്.
◾ പെരിന്തല്‍മണ്ണ ഏലംകുളം പഞ്ചായത്തില്‍ നിലവിലെ ഭരണസമിതിയെ പുറത്താക്കി ഭരണം പിടിച്ചെടുത്ത് എല്‍ഡിഎഫ്. പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കി. പ്രസിഡന്റ് സി. സുകുമാരന്‍, വൈസ് പ്രസിഡന്റ് കെ. ഹയറുന്നീസ എന്നിവരാണ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. യുഡിഎഫ് സ്വതന്ത്ര അംഗം കൂറുമാറി അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് യുഡിഎഫിന് ഭരണം നഷ്ടമായത്. പഞ്ചായത്തില്‍ മൂന്ന് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും എല്‍ഡിഎഫിനാണ്.
◾ കല്ലുമ്മക്കായയുടെ ജനിതക രഹസ്യം കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). ക്രോമസോം തലത്തില്‍ കല്ലുമ്മക്കായയുടെ ജനിതക ശ്രേണീകരണം സിഎംഎഫ്ആര്‍ഐ വിജയകരമായി പൂര്‍ത്തിയാക്കി. കല്ലുമ്മക്കായയുടെ കൃഷിയില്‍ വന്‍മുന്നേറ്റത്തിന് വഴിയൊരുക്കുന്നതാണ് കണ്ടെത്തല്‍. ജലാശയ മലിനീകരണം എളുപ്പത്തില്‍ മനസ്സിലാക്കാനും ഭാവിയില്‍ കാന്‍സര്‍ ഗവേഷണങ്ങളെ സഹായിക്കാനും നേട്ടം ഉപകരിക്കുമെന്ന് സിഎംഎഫ്ആര്‍ഐ അറിയിച്ചു.
◾ തിരുവമ്പാടിയില്‍ സ്‌കൂള്‍ ബസ് മതിലില്‍ ഇടിച്ചു അപകടത്തില്‍ 18 കുട്ടികള്‍ക്ക് പരിക്കേറ്റു. തിരുവമ്പാടി സേക്രഡ് ഹാര്‍ട് യുപി സ്‌കൂളിലെ ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റ കുട്ടികളെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
◾ അമ്പലപ്പുഴ സ്വദേശി മോഹനനെ കബളിപ്പിച്ച് ഗൂഗിള്‍ പേയില്‍ നിന്നും 10,000 രൂപ തട്ടിയെടുത്ത പ്രതികള്‍ പിടിയില്‍. 1000 രൂപ വാങ്ങിയ ശേഷം പണമയക്കാനെന്ന പേരില്‍ വയോധികന്റെ ഫോണ്‍ കൈക്കലാക്കിയായിരുന്നു തട്ടിപ്പ്. കൊച്ചി ഇടപ്പളളിയില്‍ വച്ചായിരുന്നു സംഭവം. വീട്ടില്‍ പോകാന്‍ കൈയ്യില്‍ പണം ഇല്ല എന്നും ആയിരം രൂപ ക്യാഷ് ആയി നല്‍കിയാല്‍ പകരം ഗൂഗിള്‍ പേ ചെയ്തു തരാമെന്നും പറഞ്ഞ് പ്രതികള്‍ ഫോണ്‍ വാങ്ങി. ഇതിനിടയില്‍ തട്ടിപ്പ് മനസിലായ മോഹനന്‍ പ്രതികളിലൊരാളെ തടഞ്ഞുവച്ചു.പിന്നീട് എളമക്കര പൊലീസ് നടത്തിയ തെരച്ചിലില്‍ രണ്ടുപേരും പിടിയിലായി.
◾ പാലക്കാട് എലപ്പുള്ളിയില്‍ ലൈംഗീകാതിക്രമം തടഞ്ഞ യുവതിയെ വെട്ടി പരിക്കേല്‍പ്പിച്ച സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന കൊട്ടില്‍പ്പാറ സ്വദേശി സൈമണെ വിഷം കഴിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് സംഘം ഇയാളെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം ആക്രമണത്തില്‍ പരിക്കേറ്റ 23 കാരിയായ യുവതിയെ വിദഗ്ദ്ധ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.
◾ കോഴിക്കോട് ഫാറൂഖ് കോളേജില്‍ ഓണാഘോഷത്തിനിടെ അപകടകരമായ രീതിയില്‍ വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ യാത്ര ചെയ്ത സംഭവത്തില്‍ പൊലീസും മോട്ടോര്‍ വാഹനവകുപ്പും കേസെടുത്തു. വിദ്യാര്‍ത്ഥിനികള്‍ അടക്കമുള്ളവരാണ് കാറുകളുടെ ഡോറുകളില്‍ കയറിയിരുന്ന് യാത്ര ചെയ്തത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. റോഡില്‍ വലിയ രീതിയില്‍ ഗതാഗത തടസം സൃഷ്ടിച്ചായിരുന്നു അതിരുവിട്ട ഓണാഘോഷം.
◾ തമിഴ്നാട്ടിലെ മധുരയില്‍ വനിത ഹോസ്റ്റലില്‍ തീപിടിത്തം. രണ്ട് യുവതികള്‍ മരിച്ചു. പൊള്ളലേറ്റ അഞ്ച് പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മരിച്ചവരില്‍ ഒരാള്‍ അധ്യാപികയാണ്. ഹോസ്റ്റലിലെ ഫ്രിഡ്ജ് പൊട്ടിത്തെറിച്ചുണ്ടായ അപകടം എന്നാണ് പ്രാഥമിക നിഗമനം.
◾ തമിഴ്നാട് കടലൂരില്‍ വാഹനാപകടത്തില്‍ അഞ്ച് പേര്‍ മരിച്ചു. രണ്ട് സ്ത്രീകളും മൂന്ന് ആണ്‍കുട്ടികളുമാണ് മരിച്ചത്. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. മരിച്ചവര്‍ മയിലാടുതുറ സ്വദേശികളെന്നാണ് ലഭിക്കുന്ന വിവരം. രോഗിയായ ബന്ധുവിനെ സന്ദര്‍ശിക്കാനായി പോയതായിരുന്നു. തിരികെ വരും വഴിയാണ് അപകടം നടന്നത്.
◾ തെക്കന്‍ മുംബൈയിലെ ലേല ശാലയില്‍ നിന്ന് പ്രശസ്ത ചിത്രകാരന്‍ എസ് എച്ച് റാസയുടെ പ്രകൃതിയെന്ന പെയിന്റിംഗ് മോഷ്ടിക്കപ്പെട്ടു. തെക്കന്‍ മുംബൈയിലെ ബല്ലാര്‍ദ് പിയറിലെ ലേലശാലയില്‍ സൂക്ഷിച്ചിരുന്ന പെയിന്റിംഗാണ് മോഷണം പോയിരിക്കുന്നത്. 2.5 കോടി രൂപ വില വരുന്നതാണ് ഈ ചിത്രം. ലേലശാലയുടെ സംഭരണ ശാലയില്‍ സൂക്ഷിച്ചിരുന്ന പെയിന്റിംഗാണ് കാണാതായിട്ടുള്ളത്.
◾ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഢിന്റെ വീട്ടില്‍ നടന്ന ഗണപതി പൂജയില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചീഫ് ജസ്റ്റിസിനും പത്നി കല്‍പ്പന ദാസിനുമൊപ്പമാണ് അദ്ദേഹം പൂജയില്‍ പങ്കെടുത്തത്. എല്ലാവര്‍ക്കും സന്തോഷവും സമൃദ്ധിയും ആരോഗ്യവുമുണ്ടാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. ഇതിന്റെ ചിത്രങ്ങള്‍ പ്രധാനമന്ത്രി സമൂഹ മാധ്യമമായ എക്സിലൂടെ പങ്കുവെച്ചിട്ടുണ്ട്.
◾ ഉത്തര്‍പ്രദേശിലെ കാന്‍പുരിന് സമീപം ഗുജനിയില്‍ ദേശീയപാതയില്‍ സ്ത്രീയുടെ തലയില്ലാത്ത നഗ്നശരീരം കണ്ടെത്തി. ബലാത്സംഗം ചെയ്ത് കൊന്ന ശേഷം തല വെട്ടി മൃതദേഹം ദേശീയപാതയില്‍ ഉപേക്ഷിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. എന്നാല്‍ മൃതദേഹം ലഭിച്ച് 24 മണിക്കൂര്‍ കഴിഞ്ഞിട്ടും പോലീസിന് യാതൊരു തുമ്പും ലഭിച്ചിട്ടില്ല. മൂന്ന് സംഘങ്ങളായാണ് പോലീസ് കേസ് അന്വേഷിക്കുന്നത്.
◾ വിമാനത്താവളത്തിലെ ടാക്സിവേയില്‍ രണ്ട് വിമാനങ്ങള്‍ കൂട്ടിയിടിച്ചു. യുഎസിലെ അറ്റലാന്റ എയര്‍പോര്‍ട്ടില്‍ ചൊവ്വാഴ്ചയാണ് സംഭവം ഉണ്ടായത്. രണ്ട് ഡെല്‍റ്റ എയര്‍ലൈന്‍സ് വിമാനങ്ങളാണ് കൂട്ടിയിടിച്ചത്.
◾ ഇന്നലത്തെ കുതിപ്പിന് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ നേരിയ കുറവ്. ഗ്രാമിന് 10 രൂപ താഴ്ന്ന് 6,705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമാണ് ഇന്നത്തെ വ്യാപാരം. െലെറ്റ്വെയിറ്റ് ആഭരണങ്ങളും മറ്റും നിര്‍മിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണ വിലയും ഗ്രാമിന് 5 രൂപ കുറഞ്ഞു. 5,560 രൂപയിലാണ് വ്യാപാരം. വെള്ളി വില ഇന്ന് മാറ്റമില്ലാതെ ഗ്രാമിന് 90 രൂപയില്‍ തുടരുന്നു. രണ്ടു ദിവസം മുന്നേറ്റം നടത്തിയ രാജ്യാന്തര സ്വര്‍ണ വില ഇന്നലെ 0.19 ശതമാനം താഴേക്ക് പോയി. ഇന്ന് 0.18 ശതമാനം ഉയര്‍ന്ന് 2,516.01 ഡോളറിലാണ് വ്യാപാരം. അന്താരാഷ്ട്ര വിലയിലെ കുറവാണ് കേരളത്തിലും പ്രതിഫലിച്ചത്.
◾ ചൈനീസ് ടെക് കമ്പനിയായ വിവോ ടി3 അള്‍ട്രാ 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു. മീഡിയ ടെക് ഡൈമെന്‍സിറ്റി 9200+ ചിപ്സെറ്റാണ് ഇതിന് കരുത്ത് പകരുക. പൊടി, ജല സംരക്ഷണവുമായി ബന്ധപ്പെട്ട് ഐപി68 റേറ്റിങ്ങും ഉണ്ട്. എഐ ഇറേസര്‍, എഐ ഫോട്ടോ മെച്ചപ്പെടുത്തല്‍ തുടങ്ങിയ എഐ അധിഷ്ഠിത ഫോട്ടോ സവിശേഷതകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള വിവോ ടി3 അള്‍ട്രായുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. രണ്ട് ഉയര്‍ന്ന വേരിയന്റുകളും ലഭ്യമാണ്. 8ഏആ റാം + 256ഏആ സ്റ്റോറേജ് പതിപ്പിന് 33,999 രൂപയാണ് വില. ടോപ്പ്-ടയര്‍ 12ജിബി റാം + 256ജിബി സ്റ്റോറേജ് ഓപ്ഷന് കുറച്ചുകൂടി വില ഉയരും. 35,999 രൂപയാണ് വില വരിക. ഫോറസ്റ്റ് ഗ്രീന്‍, ലൂണാര്‍ ഗ്രേ എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളിലാണ് ഇത് എത്തുന്നത്.
◾ രായന്റെ വമ്പന്‍ വിജയം ഒരു സംവിധായകന്‍ എന്ന നിലയില്‍ ധനുഷിന് സ്വീകാര്യതയുണ്ടാക്കിയിരിക്കുന്നു. അരുണ്‍ വിജയ്യായിരിക്കും ഇനി ധനുഷിന്റെ സംവിധാനത്തില്‍ നായകനാകുക എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അടുത്തതായി 'നീക്ക്' ധനുഷിന്റെ സംവിധാനത്തിലുള്ള ചിത്രമായി എത്താനുണ്ട്. അരുണ്‍ വിജയ് നായകനാകുന്ന പുതിയ ചിത്രത്തില്‍ ധനുഷും നിര്‍ണായക വേഷത്തിലുണ്ടാകും. രായനിലും ധനുഷ് നിര്‍ണായകമായ ഒരു കഥാപാത്രമായി ഉണ്ടായിരുന്നു. ആഗോളതലത്തില്‍ ധനുഷിന്റെ രായന്‍ 150 കോടി ക്ലബിലെത്തിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.
◾ ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് 'ദേവര'. ജൂനിയര്‍ എന്‍ടിആര്‍ നായകനായി വരുന്ന ചിത്രം ആയതിനാല്‍ ദേവരയ്ക്കായി കാത്തിരിക്കുകയുമാണ് ആരാധകര്‍. ദേവരയുടെ അപ്ഡേറ്റുകള്‍ ചര്‍ച്ചയായി മാറാറുമുണ്ട്. 178 മിനിട്ടറാണ് ജൂനിയര്‍ എന്‍ടിആര്‍ ചിത്രത്തിന്റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ട്. സംവിധാനം കൊരടാല ശിവ നിര്‍വഹിക്കുന്ന ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ്. ദേവരയുടെ റിലീസ് സെപ്തംബര്‍ 27നാണ്. ഇതിനകം അമേരിക്കയില്‍ പ്രീമിയറിന് 30000 ടിക്കറ്റുകള്‍ വിറ്റുവെന്നാണ് റിപ്പോര്‍ട്ട്. ബുക്കിംഗ് അമേരിക്കയിലെ കുറച്ച് ഷോകളിലേക്കാണ് തുടങ്ങിയിരിക്കുന്നത് എന്നുമാണ് റിപ്പോര്‍ട്ട്. എന്നിട്ടും ഏകദേശം ദേവര ഒമ്പത് കോടിയോളം മുന്‍കൂറായി നേടാനായി എന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ ജാന്‍വി കപൂര്‍ നായികയാകുമ്പോള്‍ മറ്റ് കഥാപാത്രങ്ങളായി സെയ്ഫ് അലി ഖാന്‍, പ്രകാശ് രാജ്, ശ്രീകാന്ത്, ഷൈന്‍ ടോം ചാക്കോ, നരേന്‍, കലൈയരശന്‍, അജയ്, അഭിമന്യു സിംഗ് എന്നിവരുമുണ്ടാകും.
◾ ചൈനീസ് - ബ്രിട്ടീഷ് വാഹന ബ്രാന്‍ഡായ എംജി മോട്ടോര്‍ കമ്പനി തങ്ങളുടെ പുതിയ ഇലക്ട്രിക് കാര്‍ എംജി വിന്‍ഡ്‌സര്‍ ഇന്ത്യന്‍ വിപണിയില്‍ ഔദ്യോഗികമായി പുറത്തിറക്കി. ആകര്‍ഷകമായ രൂപവും കരുത്തുറ്റ ബാറ്ററി പാക്കും സജ്ജീകരിച്ചിരിക്കുന്ന ഈ ഇലക്ട്രിക് കാറിന്റെ പ്രാരംഭ എക്സ്-ഷോറൂംവില 9.99 ലക്ഷം രൂപയാണ്. മൂന്ന് വേരിയന്റുകളിലും നാല് നിറങ്ങളിലുമാണ് കമ്പനി പുതിയ എംജി വിന്‍ഡ്‌സര്‍ അവതരിപ്പിച്ചിരിക്കുന്നത്. ആഗോള വിപണിയില്‍ ഈ ഇലക്ട്രിക് കാര്‍ ക്ലൗഡ് ഇവി എന്ന പേരിലാണ് വില്‍ക്കുന്നത്. ഇപ്പോള്‍ എംജി വിന്‍ഡ്‌സര്‍ എന്ന പേരില്‍ കമ്പനി ഇത് ഇവിടെ വിപണിയില്‍ അവതരിപ്പിച്ചു. വിന്‍ഡ്‌സര്‍ കാസിലിന്റെ പേരിലാണ് ഈ കാറിന്റെ പേര്. ഇംഗ്ലണ്ടിലെ ബെര്‍ക്ഷെയര്‍ നഗരത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു രാജകൊട്ടാരമാണിത്.
◾ ആത്മനിരീക്ഷണങ്ങളിലൂടെയും അനുഭവാഖ്യാനത്തിലൂടെയും കവിതകളിലൂടെ സമകാലികതയെ അടയാളപ്പെടുത്തുന്ന പുസ്തകം. വര്‍ത്തമാനകാല രാഷ്ട്രീയ - സാമൂഹിക പ്രശ്‌നങ്ങളോടൊപ്പം മരണത്തെക്കുറിച്ചുള്ള ചിന്തകളും യാത്രകള്‍ നല്‍കിയ അനുഭവങ്ങളും ഈ സമാഹാരത്തിലെ കവിതകള്‍ക്ക് പ്രമേയമാവുന്നു. അനുബന്ധമായി ചേര്‍ത്തിട്ടുള്ള സച്ചിദാനന്ദന്റെ വ്യക്തിപരമായ അഭിമുഖങ്ങളും കവിതയെക്കുറിച്ചുള്ള സമഗ്രമായ വായനയും അദ്ദേഹത്തിന്റെ കവിതകളുടെ ലോകത്തേക്ക് അധിക വെളിച്ചം വീശുന്നു. 'പഹാഡി ഒരു രാഗം മാത്രമല്ല'. സച്ചിദാനന്ദന്‍. ഡിസി ബുക്സ്. വില 171 രൂപ.
◾ പാത്രങ്ങള്‍ കഴുകിയ ശേഷം അലക്ഷ്യമായി സൂക്ഷിക്കുന്ന സ്‌ക്രബറുകള്‍ മാരകമായ നിരവധി ബാക്ടീരിയകളുടെ പ്രധാന വാസസ്ഥലങ്ങളാണ്. ഇവ അടുത്ത പാത്രം കഴുകുന്നതോടെ പാത്രങ്ങളില്‍ പടരുകയും ഭക്ഷണത്തിലൂടെ നമ്മുടെ ശരീരത്തിലേക്ക് കടക്കുകയും ചെയ്യുന്നു. നേച്ചര്‍ കെമിക്കല്‍ ബയോളജിയില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു പഠനത്തില്‍ അടുക്കളയില്‍ ഉപയോഗിക്കുന്ന സ്‌പോഞ്ച് സ്‌ക്രബറുകളില്‍ കഴിയുന്ന അണുക്കളുടെ ഭയാനകമായ നിരക്ക് എടുത്തുകാട്ടിയിരുന്നു. ഇത് ടോയ്‌ലറ്റ് ബൗളുകളേക്കാള്‍ വലുതും അപകടങ്ങള്‍ സൃഷ്ടിക്കുന്നതുമാണ്. ഒരു ക്യുബിക് സെന്റിമീറ്ററില്‍ ഏതാണ് 54 ദശലക്ഷം ബാക്ടീരികള്‍ വസിക്കുന്നുവെന്നാണ് പഠനത്തില്‍ പറയുന്നത്. കൂടാതെ, ഡ്യൂക്ക് യൂണിവേഴ്‌സിറ്റിയിലെ ബയോമെഡിക്കല്‍ എഞ്ചിനീയര്‍മാര്‍ നടത്തിയ മറ്റൊരു ഗവേഷണത്തില്‍ ഇത്തരം സ്പോഞ്ച് സ്‌ക്രബറുകളുടെ ഘടന സൂക്ഷ്മജീവികളുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നുവെന്ന് വിശദീകരിക്കുന്നു. മെനിഞ്ചൈറ്റിസ്, ന്യുമോണിയ, പനി, വയറിളക്കം തുടങ്ങിയ രോഗാവസ്ഥയിലേക്ക് നയിക്കാം. ഇ.കോളി, ക്ലെബ്സിയെല്ല, മൊറാക്സെല്ല, സാല്‍മൊണല്ല, സ്റ്റാഫൈലോകോക്കസ് എന്നീ മാരകമായ ബാക്ടീരിയകളുടെയും വാസസ്ഥലമാണ് സ്‌ക്രബറുകള്‍.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.98, പൗണ്ട് - 109.60, യൂറോ - 92.55, സ്വിസ് ഫ്രാങ്ക് - 98.30, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.05, ബഹറിന്‍ ദിനാര്‍ - 222.86, കുവൈത്ത് ദിനാര്‍ -274.93, ഒമാനി റിയാല്‍ - 218.17, സൗദി റിയാല്‍ - 22.38, യു.എ.ഇ ദിര്‍ഹം - 22.87, ഖത്തര്‍ റിയാല്‍ - 22.95, കനേഡിയന്‍ ഡോളര്‍ - 61.88.
➖➖➖➖➖➖➖➖
Tags:
KERALA