05-09-2024
◾ സംസ്ഥാനത്തെ സപ്ലൈക്കോ ഓണച്ചന്തകള്‍ക്ക് ഇന്ന് മുതല്‍. ഓണച്ചന്തകളില്‍ മൂന്ന് സബ്സിഡി സാധനങ്ങള്‍ക്ക് വില കൂടിയെന്ന് ആക്ഷേപം. അരി, പരിപ്പ്, പഞ്ചസാര എന്നിവയുടെ വിലയാണ് വര്‍ധിപ്പിച്ചത്. സര്‍ക്കാര്‍ സഹായം ലഭിച്ചിട്ടും സപ്ലൈക്കോയില്‍ വിലവര്‍ധിപ്പിച്ചിരിക്കുകയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. അതേസമയം ഏഴ് വര്‍ഷത്തിന് ശേഷമുള്ള നാമ മാത്ര വര്‍ധനയാണിതെന്ന് മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി. എന്നാല്‍ ചെറുപയറിനും ഉഴുന്നിനും വറ്റല്‍മുളകിനും വില കുറയുമെന്നും പൊതുവിപണിയിലെ വിലമാറ്റത്തിന് ആനുപാതികമായിട്ടാണ് മാറ്റമെന്നുമാണ് സപ്ലൈകോയുടെ വിശദീകരണം. പൊതുവിപണിയേക്കാള്‍ വിലക്കുറവ് സപ്ലൈക്കോയില്‍ തന്നെയാണെന്നും ഇന്ത്യയില്‍ വേറെ ഏതു സര്‍ക്കാര്‍ സ്ഥാപനം ഇത് ചെയ്യുന്നുണ്ടെന്നും മന്ത്രി ജി.ആര്‍. അനില്‍ കൂട്ടിച്ചേര്‍ത്തു.
◾ സപ്ലൈക്കോ ചന്തകള്‍ വഴി വില്‍ക്കുന്ന അവശ്യവസ്തുക്കളുടെ വില വര്‍ധിപ്പിച്ചത് ഉടന്‍ പിന്‍വലിക്കണമെന്ന് രമേശ് ചെന്നിത്തല. സാധാരണക്കാരും തൊഴിലാളികളുമാണ് ഓണക്കാലത്തും അല്ലാതെയും സപ്ലൈക്കോയെ ആശ്രയിക്കുന്നത്. ഈ വിലവര്‍ധന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങളില്‍ ഒരു പൊന്‍തൂവല്‍ കൂടിയായി മാറിയിരിക്കുന്നു. വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മ കൊണ്ടും നട്ടം തിരിയുന്ന ജനങ്ങളെ ഈ ഓണക്കാലത്തു പിഴിയുന്നത് മര്യാദകേടാണെന്നും അദ്ദേഹം പറഞ്ഞു.
◾ പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലില്‍ എഡിജിപി അജിത് കുമാറിനെതിരെ പ്രത്യേക അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളി. പൊതുപ്രവര്‍ത്തകനായ ജോര്‍ജ് വട്ടക്കുളമാണ് ഹര്‍ജി നല്‍കിയത്. എഡിജിപിക്കെതിരെ ഭരണകക്ഷി എംഎല്‍എ നടത്തിയ വെളിപ്പെടുത്തലുകള്‍ ഗൗരവമുള്ളതായതിനാല്‍ ദേശീയ സംസ്ഥാന അന്വേഷണ എജന്‍സികള്‍ ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.
◾ പിവി അന്‍വര്‍ എംഎല്‍എയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ബാരിക്കേഡുകള്‍ മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തി വീശുകയും ജലപീരങ്കി പ്രയോഗിക്കുകയും ചെയ്തു.
◾ കേരളത്തിലെ നമ്പര്‍ വണ്‍ ക്രിമിനലാണ് എഡിജിപി അജിത് കുമാറെന്നും താനൂരിലെ കൊലയ്ക്ക് പിന്നില്‍ മുന്‍ എസ് പി സുജിത് ദാസ് ആണെന്നും യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍. സുജിത് ദാസിന് നിര്‍ദേശം നല്‍കിയത് അജിത് കുമാര്‍ ആണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപിച്ചു. അധോലോക സംഘത്തിന് എതിരായി അധോലോക കേന്ദ്രത്തിലേക്ക് മാര്‍ച്ച് നടത്തുന്നുവെന്നുാണ് യൂത്ത് കോണ്‍ഗ്രസിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചിനെ രാഹുല്‍ വിശേഷിപ്പിച്ചത്.
◾ ചില മാധ്യമങ്ങള്‍ മുഖ്യമന്ത്രിയെ ഒറ്റപ്പെടുത്തുന്നുവെന്ന് മന്ത്രി വി. ശിവന്‍കുട്ടി. പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ നിയമാനുസരണം കൈകാര്യം ചെയ്തുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഡിജിപിയുടെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണം എഡിജിപി അജിത് കുമാറിനെ മാറ്റിനിര്‍ത്തിയാവണം എന്നത് അന്‍വറിന്റെ മാത്രം ആവശ്യമാണെന്നും സര്‍ക്കാരിന് ആ അഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
◾ നിലമ്പൂര്‍ എം എല്‍ എ പി വി അന്‍വറും മുഖ്യമന്ത്രിയും തമ്മില്‍ ഒത്തുതീര്‍പ്പാക്കിയാല്‍ തീരാവുന്ന പ്രശ്നമല്ല ഇപ്പോഴത്തെതെന്ന് മുസ്ലിംലീഗ് നേതാവ് കെ.എം.ഷാജി. ഗുരുതരമായ ആരോപണങ്ങളില്‍ സിബിഐ അന്വേഷണം വേണം. അന്‍വറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയില്‍ ഉണ്ട്. മുഖ്യമന്ത്രിയെയും അന്‍വറിനെയും പൂട്ടാനുള്ള മരുന്ന് ശശിയുടെ അടുത്തുണ്ട്. കഥാന്ത്യത്തില്‍ ജനങ്ങള്‍ എല്ലാം ശശിയാകുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനൊപ്പം ലീഗും ശക്തമായ സമരത്തിനിറങ്ങുമെന്നും അദ്ദേഹം പറഞ്ഞു.
◾ നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വറിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ് ഡിജിപിക്ക് പരാതി നല്‍കി. ഭാരതീയ ന്യായ സംഹിത 239 പ്രകാരമുള്ള നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലുള്ള ആവശ്യം. ഗുരുതര കുറ്റകൃത്യങ്ങള്‍ അറിഞ്ഞിട്ടും അത് മറച്ചുവെച്ചതും കുറ്റകൃത്യമാണെന്ന് ഷോണ്‍ ജോര്‍ജിന്റെ പരാതിയില്‍ പറയുന്നു.
◾ വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ സെക്രട്ടറിയേറ്റിലെ ഓണാഘോഷങ്ങള്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തി. സംസ്ഥാനത്താകെ ഓണാഘോഷ പരിപാടികളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. സെക്രട്ടേറിയറ്റില്‍ ജീവനക്കാരുടെ മത്സരങ്ങള്‍ നടത്തില്ലെങ്കിലും എല്ലാ വകുപ്പുകളിലും അത്തപ്പൂക്കളം ഇടാന്‍ അനുമതിയുണ്ട്. ഇതോടെ സെക്രട്ടറിയേറ്റ് എംപ്ലോയീസ് അസോസിയേഷന്റെ ഓണം സുവനിയര്‍ ഇറക്കുന്നതും പ്രതിസന്ധിയിലാണ്.
◾ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പുകഴ്ത്തി മുന്‍ ആഭ്യന്തര മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. എല്ലാ വിഘ്നങ്ങളും മാറി അടുത്ത അഞ്ചു വര്‍ഷം കൂടി ഈ കേരളത്തില്‍ തന്നെ ഗവര്‍ണറായി വരട്ടെയന്ന് ആശംസിക്കുകയാണെന്നായിരുന്നു തിരുവഞ്ചൂരിന്റെ പരാമര്‍ശം. എന്നാല്‍ പ്രസംഗം വിമര്‍ശനത്തിനിടയാക്കിയതോടെ തിരുവഞ്ചൂര്‍ വിശദീകരണം നല്‍കി. ഗവര്‍ണര്‍ പങ്കെടുത്ത യോഗത്തില്‍ അദ്ദേഹത്തിന് ആശംസകള്‍ അറിയിച്ചതാണെന്നും ,അദ്ദേഹം ചെയ്ത കാര്യങ്ങളില്‍ കുറെയേറെ ശരികള്‍ ഉണ്ടെന്നും ഒപ്പം യോജിക്കാന്‍ കഴിയാത്ത കാര്യങ്ങളുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്ജിയടങ്ങുന്ന പ്രത്യേക ബെഞ്ചായിരിക്കും ഹര്‍ജികള്‍ കേള്‍ക്കുകയെന്ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റീസ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട് പുറത്തുവിടുന്നതിനിതിരെ നിര്‍മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ അപ്പീല്‍ പരിഗണിക്കുമ്പോഴാണ് ആക്ടിങ് ചീഫ് ജസ്റ്റീസ് മുഹമ്മദ് മുഷ്താഖ് , ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് തീരുമാനം പ്രഖ്യാപിച്ചത്.
◾ ചലച്ചിത്ര അക്കാദമിയുടെ താത്കാലിക ചെയര്‍മാനായി നടന്‍ പ്രേംകുമാര്‍ അധികാരമേറ്റു. വ്യക്തിപരമായി സന്തോഷമില്ലെന്നും രഞ്ജിത് പ്രിയപ്പെട്ട സുഹൃത്താണെന്നും അക്കാദമിയുടെ ജനാധിപത്യ സ്വഭാവം കാക്കുമെന്നും പ്രേംകുമാര്‍ പറഞ്ഞു. ലൈംഗികാതിക്രമ പരാതിയെ തുടര്‍ന്ന് അന്വേഷണം നേരിടുന്ന സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചതോടെയാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം പ്രേംകുമാറിന് നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
◾ സിനിമാ സെറ്റുകളില്‍ പരിശോധന നടത്തുമെന്ന് വനിതാ കമ്മീഷന്‍ സംസ്ഥാന അധ്യക്ഷ പി സതീദേവി. ചിലയിടങ്ങളില്‍ പരാതി പരിഹാര സെല്‍ പ്രവര്‍ത്തിക്കുന്നില്ല. ഇവിടങ്ങളില്‍ വനിതാ കമ്മിഷന്‍ ഇടപെടല്‍ ഉണ്ടാകും. പത്താം തിയതി ഹൈക്കോടതി ഹേമ കമ്മിഷന്‍ കേസ് പരിഗണിക്കുമ്പോള്‍ വനിത കമ്മിഷന്റെ നിലപാട് അറിയിക്കുമെന്നും ഹൈക്കോടതി ഉത്തരവ് വന്നാല്‍ അത് പ്രാബല്യത്തില്‍ വരുത്താന്‍ ഇടപെടല്‍ നടത്തുമെന്നും സതീദേവി പറഞ്ഞു.
◾ തൃശൂര്‍ പൂരം കലക്കിയത് മുഖ്യമന്ത്രിയാണെന്ന് കെ.മുരളീധരന്‍. സംഘിയെ ദില്ലിയിലേക്ക് അയക്കുന്നതിന്റെ ഭാഗമായാണ് പൊലിസിനെ ഉപയോഗിച്ച് പൂരം കലക്കിയത്. ഇപി ജയരാജനെ ജാവദേക്കറിനടുത്തേക്കയച്ചതും സ്വര്‍ണക്കടത്തുള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ഒത്തുതീര്‍പ്പിനായിരുന്നു. ആ ചര്‍ച്ചയിലാണ് പൂരം കലക്കാന്‍ തീരുമാനമുണ്ടായതെന്നും ഇതിനു പിന്നാലെയാണ് എഡിജിപി അജിത്കുമാറിന്റെ നേതൃത്വത്തില്‍ പൂരം കലക്കാന്‍ പ്ലാനിട്ടതെന്നും മുരളീധരന്‍ പറഞ്ഞു. എല്ലാം ചേര്‍ത്ത് വായിച്ചാല്‍ അതിനുത്തരമാണ് തൃശൂരിലെ ബിജെപിയുടെ ജയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
◾ അഭിഭാഷകന്റെ ആരോഗ്യ സ്ഥിതി കണക്കിലെടുത്ത് കുറ്റവിചാരണയ്ക്കുളള കോടതി മുറി തന്നെ മാറ്റാന്‍ ഹൈക്കോടതിയുടെ ഇടപെടല്‍. മുതിര്‍ന്ന അഭിഭാഷകന്‍ ബി.രാമന്‍പിളളയ്ക്കു വേണ്ടിയാണ് ഹൈക്കോടതി നിര്‍ദേശം. മാണി സി കാപ്പന്‍ എംഎല്‍എയ്ക്കെതിരായ വഞ്ചനാ കേസിലാണ് പ്രതി ഭാഗത്തിനു വേണ്ടി രാമന്‍പിളള ഹാജരാകുന്നത്. വക്കീലിന്റെ ആരോഗ്യ പ്രശ്നങ്ങള്‍ കണക്കിലെടുത്ത് വിചാരണ സൗകര്യപ്രദമായ മറ്റൊരു കോടതി മുറിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് മാണി സി കാപ്പന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
◾ ഇടുക്കിയിലെ ആദിവാസി ഊരുകളില്‍ ഗുണനിലവാരം ഇല്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് സബ് കളക്ടര്‍ പിഴചുമത്തി. ഉടുമ്പന്നൂര്‍, വെളളിയാമറ്റം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി ഊരുകളില്‍ വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളിലുണ്ടായിരുന്ന കേരശക്തി എന്ന വെളിച്ചെണ്ണ ഉപയോഗിച്ച ആളുകള്‍ക്ക് വലിയ രീതിയില്‍ ആരോഗ്യപ്രശ്നങ്ങള്‍ നേരിട്ടതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
◾ പ്രാദേശിക ഭിന്നതകളെ തുടര്‍ന്ന് ബ്രാഞ്ച് അംഗങ്ങള്‍ വിട്ടുനിന്നതോടെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ നാടായ മൊറാഴയില്‍ ബ്രാഞ്ച് സമ്മേളനം മുടങ്ങി. മൊറാഴ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലെ അഞ്ചാംപീടിക ബ്രാഞ്ച് സമ്മേളനമാണ് ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ പേരും ബഹിഷ്‌കരിച്ചത്.
◾ എ കെ. ശശീന്ദ്രനെ മന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ എന്‍സിപിയില്‍ ശക്തമായ നീക്കമെന്ന് സൂചന. എന്നാല്‍ മന്ത്രി സ്ഥാനം വിട്ടുകൊടുക്കില്ലെന്ന ഉറച്ച നിലപാട് എകെ ശശീന്ദ്രന്‍ സ്വീകരിച്ചതോടെ പാര്‍ട്ടിയില്‍ പ്രതിസന്ധി രൂക്ഷമായെന്നാണ് റിപ്പോര്‍ട്ട്. പ്രശ്ന പരിഹാരത്തിനായി കുട്ടനാട് എംഎല്‍എ തോമസ് കെ തോമസ് ഇന്ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
◾ എടവണ്ണയില്‍ പൊലീസുകാരനായ എഎസ്ഐ ശ്രീകുമാര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ വെളിപ്പെടുത്തലുകളുമായി സുഹൃത്ത്. മരിക്കുന്നതിന് തലേ ദിവസം ഉന്നത പൊലീസ് ഉദ്യോഗസ്ഥരില്‍ നിന്ന് നേരിട്ട ബുദ്ധിമുട്ട് ശ്രീകുമാര്‍ തന്നോട് പറഞ്ഞിരുന്നുവെന്ന് സുഹൃത്തായ എടവണ്ണ സ്വദേശി നാസര്‍ പറഞ്ഞു. എഎസ്ഐ ശ്രീകുമാര്‍ 2021 ജൂണ്‍ 10 നാണ് ആത്മഹത്യ ചെയ്തത്. പിടികൂടുന്ന പ്രതികളെ മര്‍ദിക്കാന്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നുവെന്ന് ശ്രീകുമാര്‍ പറഞ്ഞിരുന്നു. അത് ചെയ്യാതെ വന്നപ്പോള്‍ സ്ഥലം മാറ്റിയും അവധി നല്‍കാതെയും ബുദ്ധിമുട്ടിച്ചുവെന്നും മുന്‍ എസ്പി സുജിത് ദാസാണ് ബുദ്ധിമുട്ടിച്ചതെന്നും ശ്രീകുമാര്‍ പറഞ്ഞതായി നാസര്‍ പറയുന്നു.
◾ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരായ ആരോപണങ്ങളില്‍ സ്വപ്ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസ് അന്ശ്ചിതത്വത്തില്‍. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിലുളളവര്‍ സ്ഥലം മാറിപ്പോയിട്ടും പുതിയ സംഘത്തെ കേസ് ഏല്‍പ്പിച്ചിട്ടില്ല. സ്വപ്നയെയും വിജേഷ് പിളളയെയും ഒരു തവണ ചോദ്യം ചെയ്തതല്ലാതെ അന്വേഷണം മുന്നോട്ട് നീങ്ങാത്തതില്‍ പാര്‍ട്ടിയിലും അതൃപ്തിയുണ്ട്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തളിപ്പറമ്പ് പൊലീസ് കേസെടുത്തത്.
◾ ബലാത്സംഗക്കേസില്‍ പൊലീസ് പ്രതി ചേര്‍ത്തതിനെതിരെ നടന്‍ നിവിന്‍ പോളി ഡിജിപിക്ക് പരാതി നല്‍കി. തനിക്കെതിരായിട്ടുള്ളത് കള്ളക്കേസാണെന്ന് വ്യക്തമാക്കിയാണ് നിവിന്‍ പോളി പ്രാഥമിക പരാതി നല്‍കിയത്. കേസിലെ എഫ്ഐആറിന്റെ പകര്‍പ്പ് കിട്ടിയശേഷം വിശദമായ പരാതി എഴുതി നല്‍കുമെന്നും നിവിന്‍ വ്യക്തമാക്കി. തന്റെ പരാതി കൂടി സ്പെഷല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീം പരിശോധിച്ച് നിലപാടിലെത്തണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് നിവിന്‍ മുന്നോട്ട് വയ്ക്കുന്നത്.
◾ കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി വനിത ജോയിന്റ് ആര്‍ടിഒയുടെ നേതൃത്വത്തില്‍ ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടന്നു. ചിറ്റൂര്‍ ജോയിന്റ് ആര്‍ടിഒ ബൃന്ദ സനിലാണ് ഹെവി വെഹിക്കിള്‍ ഡ്രൈവിങ് ടെസ്റ്റ് നടത്തിയത്. കഴിഞ്ഞ ദിവസം ടെസ്റ്റിനെത്തിയവരുടെ ഡ്രൈവിങിലുള്ള കാര്യക്ഷമതയും ടെസ്റ്റുകള്‍ കൃത്യമായി പരിശോധിച്ചതുമെല്ലാം ബൃന്ദ സനിലായിരുന്നു. ഇതുവരെ പുരുഷന്‍മാരായ ഉദ്യോഗസ്ഥര്‍ മാത്രമാണ് ഹെവി വെക്കിക്കിള്‍ ടെസ്റ്റ് നടത്തിയിരുന്നത്.
◾ സാഹിത്യകാരന്‍ കെ.എല്‍. മോഹനവര്‍മ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ബിജെപി ദേശീയാടിസ്ഥാനത്തില്‍ സംഘടിപ്പിക്കുന്ന മെമ്പര്‍ഷിപ്പ് കാമ്പയിനിന്റെ ഭാഗമായി അദ്ദേഹത്തിന്റെ വീട്ടിലെത്തിയാണ് ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ. കെ.എസ്. രാധാകൃഷ്ണന്‍ അംഗത്വം നല്‍കിയത്.
◾ കോഴിക്കോട് സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് നേരെ വധശ്രമം. കൊയിലാണ്ടി കോട്ടക്കല്‍ സ്വദേശി എം. നൗഷാദിനുനേരെയാണ് ആക്രമണം ഉണ്ടായത്. ബസിനുള്ളില്‍ വെച്ച് ജാക്കി ലിവര്‍ കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ നൗഷാദ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. നൗഷാദിനെ ആക്രമിച്ച മറ്റൊരു ബസിലെ ജീവനക്കാരനായ കണ്ണൂര്‍ മമ്പറം കുണ്ടത്തില്‍ പികെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു.
◾ മലപ്പുറം ചങ്ങരംകുളം കോക്കൂരില്‍ യുവാവിനെ സുഹൃത്തിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ചങ്ങരംകുളം ഒതളൂര്‍ സ്വദേശി മണിയാറംകുന്നത്ത് ഷംസുദ്ധീന്‍ (29) ആണ് മരിച്ചത്. എന്താണ് മരണ കാരണമെന്ന് വ്യക്തമല്ല. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് അന്വേഷണം ആരംഭിച്ചു.
◾ വയനാട് തൊണ്ടര്‍നാട് തേറ്റമലയില്‍ വയോധികയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 75 വയസ്സ് പ്രായമുള്ള കുഞ്ഞാമിയുടെ മൃതദേഹമാണ് വീടിന് അരകിലോമീറ്ററോളം അകലെയുള്ള ഉപയോഗിക്കാത്ത കിണറ്റില്‍ നിന്ന് കണ്ടെത്തിയത്. കുഞ്ഞാമിയെ ഇന്നലെ മുതല്‍ കാണാതായിരുന്നു. പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് മൃതദേഹം കിണറ്റില്‍ നിന്ന് പുറത്തെത്തിച്ചു.
◾ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജുകളില്‍ രാത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം തുടങ്ങണമെന്ന സര്‍ക്കാര്‍ ഉത്തരവ് തൃശൂരില്‍ നടപ്പിലാക്കുന്നതിന് ഡോക്ടര്‍മാരുടെ കുറവ് തടസമാകുന്നു. ആകെയുള്ള ഏഴ് ഫോറന്‍സിക് സര്‍ജന്മാരുടെ തസ്തികകളില്‍ നാലെണ്ണവും ഒഴിഞ്ഞുകിടക്കുകയാണ്. കൂടാതെ അനുബന്ധ ജീവനക്കാരുമില്ല. അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമാണ് അനുകൂലമായിട്ടുള്ളത്. അവയവദാനത്തെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുന്നതിനും മസ്തിഷ്‌ക മരണം സംഭവിച്ചുവെന്ന് കണ്ടെത്തിയാല്‍ അവയവദാനത്തിനു ശേഷം പോസ്റ്റുമോര്‍ട്ടം നടത്താനും വേണ്ടിയാണ് ഈ ഉത്തരവ് ഇറക്കിയത്.
◾ നടന്‍ വിജയ് നായകനായ ബിഗില്‍ എന്ന ചിത്രത്തിന്റെ തിരക്കഥ മോഷ്ടിച്ചെന്ന കേസില്‍ ചലച്ചിത്ര സംവിധായകന്‍ ആറ്റ്‌ലിക്കും ചിത്രം നിര്‍മ്മിച്ച എജിഎസ് എന്റര്‍ടെയ്മെന്റ് പ്രൈവറ്റ് ലിമിറ്റഡിനും, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അര്‍ച്ചന കല്‍പാത്തിക്കും മദ്രാസ് ഹൈക്കോടതി നോട്ടീസ് അയച്ചു. തിരക്കഥാകൃത്ത് അംജത് മീരന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റിസുമാരായ എം.സുന്ദറും ആര്‍.ശക്തിവേലും അടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നോട്ടീസ് അയച്ചത്.
◾ രാജസ്ഥാനിലെ ശ്രീഗംഗാനഗര്‍ ജില്ലയില്‍ രണ്ട് ഇരുചക്രവാഹനങ്ങളുമായി കാര്‍ കൂട്ടിയിടിച്ച് ആറ് പേര്‍ മരിച്ചു. സൂറത്ത്ഗഡ്-അനുപ്ഗഡ് സംസ്ഥാന പാതയിലാണ് അപകടം. മതപരമായ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. മൂന്ന് പേര്‍ സംഭവസ്ഥലത്തും മൂന്ന് പേര്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയുമാണ് മരിച്ചതെന്ന് ബിജയ് നഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വ്യക്തമാക്കി.
◾ ഇന്ത്യയിലെ സര്‍വകലാശാലകളില്‍ ഓണ്‍ലൈനായി ഉപരിപഠനം നടത്തുന്നവര്‍ക്ക് സൗദിയില്‍ പരീക്ഷ എഴുതാനുള്ള അവസരമൊരുക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍. രാജ്യസഭാ അംഗം അഡ്വ. ഹാരിസ് ബീരാനുമായി റിയാദിലെ എംബസിയില്‍ നടന്ന കൂടികാഴ്ച്ചയിലാണ് ഇക്കാര്യം അറിയിച്ചത്.
◾ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഹിമാചല്‍പ്രദേശ്. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമായി സംസ്ഥാനത്തെ 2 ലക്ഷം ജീവനക്കാര്‍ക്കും 1.5 ലക്ഷം പെന്‍ഷന്‍കാര്‍ക്കും സെപ്റ്റംബര്‍ ഒന്നിന് ശമ്പളവും പെന്‍ഷനും ലഭിച്ചില്ല. ക്യാബിനറ്റ് മന്ത്രിമാര്‍ അടുത്ത രണ്ട് മാസത്തേക്ക് ശമ്പളം വാങ്ങില്ലെന്ന് മുഖ്യമന്ത്രി സുഖ്വീന്ദര്‍ സിംഗ് സുഖു പ്രഖ്യാപിച്ചു.
◾ പൊലീസ് സേനയില്‍ സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണവും പെന്‍ഷന്‍കാര്‍ക്ക് അഞ്ച് ശതമാനം അധിക അലവന്‍സും ഏര്‍പ്പെടുത്താന്‍ രാജസ്ഥാന്‍ സര്‍ക്കാര്‍. കഴിഞ്ഞ ദിവസമാണ് പുതിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചത്. മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം 3,150 മെഗാവാട്ട് സൗരോര്‍ജ്ജ പദ്ധതിക്ക് സ്ഥലം അനുവദിക്കാനുള്ള നിര്‍ദേശവും അംഗീകരിച്ചു.
◾ മഹാരാഷ്ട്ര സിന്ധുദുര്‍ഗിലെ രാജ്കോട്ട് കോട്ടയിലെ ഛത്രപതി ശിവാജിയുടെ കൂറ്റന്‍ പ്രതിമ തകര്‍ന്നുവീണ സംഭവത്തില്‍ ശില്‍പിയെ മഹാരാഷ്ട്ര പൊലീസ് അറസ്റ്റ് ചെയ്തു. ശില്‍പിയും കരാറുകാരനുമായ ജയദീപ് ആപ്‌തെയെയാണ് താനെ ജില്ലയിലെ കല്യാണില്‍ നിന്ന് മഹാരാഷ്ട്ര പോലിസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്ക് വലിയ പ്രതിമകള്‍ നിര്‍മിച്ച് പരിചയമില്ലെന്നും കല്യാണിലെ ഒരു ആര്‍ട്ട് കമ്പനിയുടെ ഉടമയാണെന്നും പൊലീസ് പറയുന്നു.
◾ ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിന് പിന്നാലെ ബിജെപി എംഎല്‍എ പാര്‍ട്ടി വിട്ടു. റതിയാ നിയമസഭാ മണ്ഡലത്തിലെ എംഎല്‍എ ആയ ലക്ഷ്മണ്‍ ദാസ് നാപയാണ് ബിജെപിയില്‍നിന്ന് രാജിവെച്ചത്. ഹരിയാണ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള 67 സ്ഥാനാര്‍ഥികളുടെ പട്ടിക ബിജെപി പുറത്തുവിട്ടതിന് പിന്നാലെയായിരുന്നു രാജി.
◾ മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം തേടിയും അറസ്റ്റ് ചോദ്യംചെയ്തും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ സുപ്രീം കോടതിയില്‍. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
◾ നടപ്പ് സാമ്പത്തിക വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ അനുമാനം ഉയര്‍ത്തി ലോകബാങ്ക്. നേരത്തെ കണക്കാക്കിയ 6.6 ശതമാനത്തില്‍നിന്ന് ഏഴ് ശതമാനമായാണ് ഉയര്‍ത്തിയത്. കാര്‍ഷിക മേഖലയിലെ വളര്‍ച്ചയും ഗ്രാമീണ മേഖലയിലെ സാമ്പത്തിക ഉണര്‍വുമാണ് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥക്ക് ഉത്തേജനം പകരുക. നേരത്തെ, അന്താരാഷ്ട്ര നാണ്യനിധിയും (ഐ.എം.എഫ്), ഏഷ്യന്‍ വികസന ബാങ്കും (എ.ഡി.ബി) ഇന്ത്യയുടെ വളര്‍ച്ചാ അനുമാനം ഏഴ് ശതമാനമായി ഉയര്‍ത്തിയിരുന്നു.കേന്ദ്ര സര്‍ക്കാറിന്റെ സാമ്പത്തിക സര്‍വേയില്‍ രാജ്യം 6.5-7 ശതമാനം വളര്‍ച്ച നേടുമെന്നാണ് പറയുന്നത്. അതേസമയം റിസര്‍വ് ബാങ്ക് 7.2 ശതമാനം വളര്‍ച്ചയാണ് കണക്കുകൂട്ടുന്നത്.
◾ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫോണായ പി2 പ്രോ ഫൈവ് ജി ഇന്ത്യയില്‍ സെപ്റ്റംബര്‍ 13ന് അവതരിപ്പിക്കും. റിയല്‍മി പി 2 പ്രോ ഫൈവ്ജിയുടെ പ്രമോഷണല്‍ ചിത്രത്തില്‍ ഗോള്‍ഡന്‍ ഫ്രെയിമുള്ള പച്ച നിറത്തിലുള്ള ഹാന്‍ഡ്സെറ്റ് ആണ് കാണിച്ചിരിക്കുന്നത്. നടുവിലായി ക്രമീകരിച്ചിരിക്കുന്ന സ്‌ക്വിര്‍ക്കിള്‍ പിന്‍ ക്യാമറ മൊഡ്യൂളിന് ചുറ്റും ഒരു ഗോള്‍ഡന്‍ ബോര്‍ഡര്‍ ഉണ്ട്. മൊഡ്യൂളില്‍ രണ്ട് ക്യാമറകളും ഒരു എല്‍ഇഡി ഫ്‌ലാഷ് യൂണിറ്റും ഉണ്ട്. മെലിഞ്ഞതും കര്‍വ്ഡ് ഡിസ്പ്ലേയുമുള്ള ഫോണില്‍ സെല്‍ഫി ക്യാമറയ്ക്കായി കേന്ദ്രീകൃതമായ ഹോള്‍ പഞ്ച് സ്ലോട്ടും ഒരുക്കിയിട്ടുണ്ട്. 80വാട്ട് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ് വിപണിയില്‍ എത്തുന്നത്. അഞ്ച് മിനിറ്റ് ചാര്‍ജില്‍ ഉപയോക്താക്കള്‍ക്ക് ഒന്നര മണിക്കൂര്‍ ഗെയിമിങ് സമയമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. 256 ജിബി വരെ സ്റ്റോറേജ് ഉള്ള ഫോണിന് 19,999 രൂപ മുതല്‍ 20,999 രൂപ വരെയാണ് വില വരിക.
◾ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദര്‍ സംഗീതം പകര്‍ന്ന, കൊരട്ടല ശിവ-എന്‍ടിആര്‍ ചിത്രം 'ദേവര'യിലെ 'ദാവൂദി' ഗാനം പുറത്തിറങ്ങി. മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ വരികള്‍ ഒരുക്കിയ ഗാനം നകാഷ് അസീസ്, രമ്യ ബെഹറ എന്നിവര്‍ ചേര്‍ന്നാണ് ആലപിച്ചത്. ഇതുംകൂടെ ചേര്‍ത്ത് റിലീസിന് മുന്നേ തന്നെ ചിത്രത്തിലെ മൂന്ന് ഗാനങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ആദ്യഗാനം 'ഫിയര്‍ സോങ്ങ്' പ്രേക്ഷകരെ ആവേശത്തിലാഴ്ത്തിയപ്പോള്‍ രണ്ടാമത്തെ ഗാനം 'ചുട്ടമല്ലെ' സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു. രണ്ട് ഭാഗങ്ങളായ് ബിഗ് ബഡ്ജറ്റില്‍ ഒരുങ്ങുന്ന ഈ ചിത്രം തെലുഗ്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലായ് സെപ്റ്റംബര്‍ 27 മുതല്‍ തിയറ്ററുകളിലെത്തും. 'ഭൈര' എന്ന വില്ലന്‍ കഥാപാത്രമായ് സൈഫ് അലി ഖാന്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തിലെ നായിക വേഷം അവതരിപ്പിക്കുന്നത് ബോളീവുഡ് താരം ജാന്‍വി കപൂറാണ്. ജാന്‍വി കപൂറിന്റെ ആദ്യ തെലുഗു ചിത്രമാണിത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരൈന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
◾ റി റിലീസ് ചെയ്യപ്പെട്ട മലയാള സിനിമകളുടെ ബോക്സ് ഓഫീസ് കളക്ഷന്‍ വിവരങ്ങള്‍ പുറത്തുവരികയാണ്. സൗത്ത് ഇന്ത്യന്‍ ബോക്സ് ഓഫീസിന്റെ റിപ്പോര്‍ട്ട് പ്രകാരം ദേവദൂതന്‍ ആണ് മികച്ച കളക്ഷന്‍ നേടി ഒന്നാം സ്ഥാനത്തുള്ള സിനിമ. 5.4 കോടിയാണ് ചിത്രത്തിന്റെ ആഗോള റി റിലീസ് കളക്ഷന്‍. സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രമാണ് ദേവദൂതന്‍. രണ്ടാം സ്ഥാനം ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികത്തിനാണ്. ആടുതോമ എന്ന കഥാപാത്രമായി മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രം നേടിയത് 4.95 കോടിയാണ്. മൂന്നാം സ്ഥാനത്ത് മണിച്ചിത്രത്താഴ് ആണ്. ഫാസിന്റെ സംവിധാനത്തില്‍ മുപ്പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് റിലീസ് ചെയ്ത ഈ ചിത്രം 4.4 കോടിയാണ് ഇതുവരെ നേടിയിരിക്കുന്നത്. മണിച്ചിത്രത്താഴിന്റെ കളക്ഷന്‍ ഇനിയും ഉയരുമെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. നിലവില്‍ മമ്മൂട്ടി ചിത്രം വല്യേട്ടന്‍ റി റിലീസിന് ഒരുങ്ങുകയാണ്. അറക്കല്‍ മാധവനുണ്ണിയായി മമ്മൂട്ടി കസറിയ ചിത്രം ഈ മാസം അവസാനമോ അടുത്ത മാസമോ തിയറ്ററുകളില്‍ എത്തുമെന്നാണ് അനൗദ്യോഗിക വിവരം. ഒരു വടക്കന്‍ വീരഗാഥയും റി റിലീസിന് ഒരുന്നുണ്ടെന്നാണ് വിവരം.
◾ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ലിമിറ്റഡ് ഓറ ഹൈ-സിഎന്‍ജി പുറത്തിറക്കി. ഒരു വേരിയന്റില്‍ മാത്രമാണ് കമ്പനി ഈ സിഎന്‍ജി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്. സിംഗിള്‍ സിലിണ്ടര്‍ സാങ്കേതികവിദ്യയുള്ള ഈ സിഎന്‍ജി കാര്‍ 7.50 ലക്ഷം രൂപയില്‍ താഴെ വിലയിലാണ് ഹ്യുണ്ടായ് പുറത്തിറക്കിയിരിക്കുന്നത്. അതിനാല്‍, രാജ്യത്തെ ഏറ്റവും വില കുറഞ്ഞ സിഎന്‍ജി കാറായി ഹ്യുണ്ടായ് ഓറ സിഎന്‍ജി മാറി. ഇതുവരെ രണ്ട് ലക്ഷത്തിലധികം യൂണിറ്റ് ഓറ ഇന്ത്യന്‍ വിപണിയില്‍ വിറ്റു. 1.2 ലിറ്റര്‍, നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ഓറ സിഎന്‍ജിക്ക് കരുത്തേകുന്നത്. ഈ കാര്‍ സിഎന്‍ജിയില്‍ 69 എച്പിയും 95 എന്‍എമ്മും പെട്രോളില്‍ 83 എച്പിയും 114 എന്‍എമ്മും ഉത്പാദിപ്പിക്കുന്നു. ഹ്യുണ്ടായ് ഓറ സിഎന്‍ജിയില്‍ 5 സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സ് ഓപ്ഷന്‍ മാത്രമേ ലഭ്യമാകൂ. അതേസമയം പെട്രോള്‍ വേരിയന്റില്‍ 5 സ്പീഡ് എഎംടി ഓപ്ഷനും ലഭ്യമാണ്.
◾ ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പുള്ള കാലഘട്ടത്തില്‍, തമിഴ് നാട്ടിലെ ഒരു ഭൂമികയില്‍ ജീവിച്ച ഒരു സ്ത്രീയുടെ ചോര പൊടിയുന്ന കഥയാണ് കരുവാച്ചി കാവ്യം. പുരുഷാധിപത്യത്തിന്റെ ക്രൂരതകൊണ്ടും, ഭൂവുടമകളുടെ അടിച്ചമര്‍ത്തലുകള്‍കൊണ്ടും ഉയിരും ഉടലും ചവുട്ടിത്താഴ്ത്തപ്പെട്ട പെണ്‍കുലത്തിന്റെ വേദന നിറഞ്ഞ ചരിത്രം. കരുവാച്ചി കാവ്യം, കഥ പോലെയുള്ള ജീവിതമാണ്. ജീവിതം പോലെയുള്ള കഥയുമാണ്. 'കരുവാച്ചി കാവ്യം'. വൈരമുത്തു. പരിഭാഷ - കെ.എസ് വെങ്കിടാചലം. ഡിസി ബുക്സ്. വില 379 രൂപ.
◾ പെട്ടെന്ന് പ്രായമാകുന്നതിന് പിന്നില്‍ ടെലോമിയര്‍ എന്ന പ്രോട്ടീന്‍ പ്രതിഭാസമാണെന്ന് പഠനം. നമ്മുടെ ഡിഎന്‍എ സംരക്ഷിക്കുന്ന ക്രോമസോമുകളുടെ അറ്റത്ത് ക്യാപ് രൂപത്തില്‍ കാണപ്പെടുന്ന ഒരു പ്രോട്ടീന്‍ ആണ് ടെലോമിയര്‍. ഓരോ തവണയും കോശങ്ങള്‍ വിഭജിക്കപ്പെടുമ്പോള്‍ ടെലോമിയറുകളുടെ നീളം കുറയും. ഇത് കോശങ്ങള്‍ക്ക് കുടുതല്‍ വിഭജിക്കാനുള്ള കഴിവ് ഇല്ലാതാക്കുകയും കോശങ്ങള്‍ നശിക്കുന്നതിനും കാരണമാകുന്നു. ഇതാണ് നമ്മുടെ ശരീരം പ്രായമാകുന്നതിലേക്ക് നയിക്കുന്നത്. കൂടാതെ ടെലോമിയറുകളുടെ നീളം കുറയുന്നത് ആര്‍ത്രൈറ്റിസ്, അര്‍ബുദം തുടങ്ങിയ നിരവധി രോഗബോധയ്ക്കുള്ള സാഹചര്യമൊരുക്കുകയും അതിജീവന സാധ്യതകുറയ്ക്കുകയും ചെയ്യുന്നു. എന്നാല്‍ നീളമുള്ള ടെലോമിയറുകള്‍ കോശ നാശം സംഭവിക്കാതെ അവയെ കൂടുതല്‍ തവണ വിഭജിക്കാന്‍ അനുവദിക്കുകയും യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നു. ഇത് പല വിട്ടുമാറാത്ത അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കുന്നു. ടെലോമിയറുകളുടെ നീളം കുറയുന്നത് നമ്മുടെ ബയോളജിക്കല്‍ ക്ലോക്കുമായി ബന്ധപ്പെട്ടു കിടക്കുന്നു. എന്നാല്‍ ചില ജീവിത ശൈലി മാറ്റങ്ങളും ടെലോമിയറുകളുടെ നീളം കുറയാന്‍ കാരണമാകുന്നു. ഉദാസീനരായ ആളുകളില്‍ ശാരീരികമായി സജീവമായവരെക്കാള്‍ ടെലോമിയറുകളുടെ നീളം കുറവാകുന്നതായും എട്ട് വയസു വരെ പ്രായം കൂടുന്നതായും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്. പുകവലി, ഉറക്കമില്ലായ്മ, വീക്കം, മാനസിക സമ്മര്‍ദം എന്നിവയും ടെലോമിയറുകളുടെ നീളം കുറയുന്നതിന് കാരണമാകാം.
*ഇന്നത്തെ വിനിമയ നിരക്ക്*
ഡോളര്‍ - 83.98, പൗണ്ട് - 110.41, യൂറോ - 93.10, സ്വിസ് ഫ്രാങ്ക് - 99.21, ഓസ്‌ട്രേലിയന്‍ ഡോളര്‍ - 56.43, ബഹറിന്‍ ദിനാര്‍ - 222.78, കുവൈത്ത് ദിനാര്‍ -274.95, ഒമാനി റിയാല്‍ - 218.18, സൗദി റിയാല്‍ - 22.37, യു.എ.ഇ ദിര്‍ഹം - 22.87, ഖത്തര്‍ റിയാല്‍ - 23.09, കനേഡിയന്‍ ഡോളര്‍ - 62.15.
➖➖➖➖➖➖➖➖
Tags:
KERALA