താമരശ്ശേരി: കോഴിക്കോട് - വയനാട് ദേശീയപാതയിൽ താമരശ്ശേരി ടൗണിലെ വട്ടക്കുണ്ട് പാലം വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഭീഷണി. 1934ൽ ബ്രിട്ടിഷുകാർ നിർമിച്ച ഈ പാലത്തിന്റെ ജീർണാവസ്‌ഥയും വളവും വീതിക്കുറവുമാണ് വട്ടക്കുണ്ട് വളവിനെ അപകട മേഖലയാക്കുന്നത്. പാലം വീതി കൂട്ടി പുനർനിർമിക്കണമെന്നു നാട്ടുകാർ വർഷങ്ങളായി ആവശ്യപ്പെടുന്നതാണ്.
താമരശ്ശേരിയിൽ പുതിയ ബൈപാസ് നിർമിക്കുന്ന സാഹചര്യത്തിൽ ജനപ്രതിനിധികൾ ഫലപ്രദമായി ഇടപെടണമെന്ന ആവശ്യം ശക്തമാണ്. സുരക്ഷിതമായി പാലം കടക്കാൻ അരികിൽ നടപ്പാലം നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നുണ്ട്. ഇതിനാവശ്യമായ സ്ഥലവും ഇവിടെയുണ്ട്. പാലത്തിലൂടെ ഭാരവാഹനങ്ങൾക്ക് കഷ്ടിച്ച് കടന്നുപോകാനുള്ള വീതി മാത്രമാണുള്ളത്.
സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുമ്പ് 1934ല്‍ നിര്‍മിക്കപ്പെട്ടതാണ് വട്ടക്കുണ്ട് പാലം. മൈസൂര്‍-കോഴിക്കോട് സഞ്ചാര പാത സുഗമമാക്കുന്നതിനാണ് ബ്രിട്ടീഷുകാര്‍ ചുരം എട്ടാം വളവിനും ഒമ്പതാം വളവിനും ഇടയിലും ഈങ്ങാപ്പുഴയിലും വട്ടക്കുണ്ടിലും പാലം നിര്‍മ്മിച്ചത്. കോഴിക്കോട്-കൊല്ലഗല്‍ ദേശീയപാത 766ന്റെ ഭാഗമാണ് ഈ ഇടുങ്ങിയ പാലം.
കാലാനുസൃതമായി റോഡ് പലതവണ വീതി കൂട്ടിയെങ്കിലും പാലത്തിന് വീതി കൂടിയില്ല. പുതുക്കി പണിതില്ല. അതുകൊണ്ട് തന്നെ നിരവധി അപകടങ്ങള്‍ക്കു പാലം മൂകസാക്ഷിയായി.
പാലം വീതി കൂട്ടാനുള്ള മുറവിളികള്‍ക്കും പതിറ്റാണ്ടിന്റെ പഴക്കമുണ്ട്.
പാലത്തിൽ ആദ്യം കയറുന്ന വാഹനം കടന്നു പോകുന്നതു വരെ എതിരെ വരുന്ന വാഹനം നിർത്തിക്കൊടുക്കാറാണു പതിവ്. വാഹനങ്ങൾ ഇല്ലാത്ത സമയം മാത്രമേ കാൽനട യാത്രക്കാർക്കു പോകാൻ കഴിയൂ.
താമരശ്ശേരി, പരപ്പൊൻപൊയിൽ, ചെമ്പ്ര എന്നിവിടങ്ങളിലെ സ്കൂളുകളിലും തൊട്ടടുത്ത മദ്രസയിലും പഠിക്കുന്ന വിദ്യാർഥികൾ പോകുന്നത് ഈ പാലത്തിലൂടെയാണ്. രാവിലെയും വൈകിട്ടും രക്ഷിതാക്കൾ കൂടെനിന്നാണ് വിദ്യാർഥികളെ പാലം കടത്തി വിടുന്നത്.
പാലത്തിന്റെ കൈവരി തകർന്ന് ഏറെ അപകടങ്ങൾ ഉണ്ടായപ്പോൾ വൻ പ്രതിഷേധം ഉയർന്നതോടെയാണു താൽക്കാലിക കൈവരി പോലും സ്ഥാപിച്ചത്. പാലത്തിന്റെ അടിഭാഗത്ത് കോൺക്രീറ്റ് പൊട്ടിപ്പൊളിഞ്ഞു.
പാലത്തോട് ചേർന്നു നടപ്പാലം നിർമിക്കണമെന്ന് ആവശ്യപ്പെട്ട് വട്ടക്കുണ്ട് ബ്രദേഴ്സ‌് വാട്സാപ് കൂട്ടായ്‌മയുടെ നേതൃത്വത്തിൽ പരിസരവാസികൾ പ്രക്ഷോഭത്തിലാണ്. കഴിഞ്ഞ ഏപ്രിൽ 17ന് സംഘടിപ്പിച്ച ജനകീയ പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത സാഹിത്യകാരൻ എം.എൻ.കാരശ്ശേരി സുരക്ഷിത സഞ്ചാരത്തിനു വേണ്ടിയുള്ള നാട്ടുകാരുടെ സമരത്തിനു പൂർണ പിന്തുണ അറിയിച്ചിരുന്നു. കാൽ നടയാത്രക്കാരുടെ പ്രയാസവും പാലത്തിന്റെ ശോച്യാവസ്ഥയും ജനപ്രതിനിധികളുടെയും മറ്റും ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടി ഇല്ലാത്ത സാഹചര്യത്തിൽ പ്രക്ഷോഭം ശക്തമാക്കാനുള്ള തയാറെടുപ്പിലാണ് നാട്ടുകാർ.
Ctsy: manorama
Tags:
THAMARASSERY