Trending

സാമ്പത്തിക പ്രതിസന്ധിമൂലം പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ ജില്ലാപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ തീരുമാനം.

കോഴിക്കോട്:സാമ്പത്തിക പ്രതിസന്ധിമൂലം 2024-25 വർഷത്തേക്കുള്ള പദ്ധതികൾ വെട്ടിക്കുറയ്ക്കാൻ ജില്ലാപഞ്ചായത്ത് ഭരണസമിതിയോഗത്തിൽ തീരുമാനം. 2023-24 വർഷത്തെ സ്പിൽ ഓവർ പദ്ധതികൾക്കായി തുക ചെലവാക്കേണ്ടിവരുന്നതുകൊണ്ടാണ് നടപ്പു സാമ്പത്തിക വർഷത്തെ പദ്ധതികൾ വെട്ടിക്കുറയ്ക്കേണ്ടിവന്നതെന്നാണ് വിശദീകരണം.

സ്പിൽ ഓവർ പദ്ധതികൾക്കായി സർക്കാർ ഇത്തവണ ഫണ്ട് അനുവദിച്ചിട്ടില്ല. എന്നാൽ, കരാറുകാർക്ക് പണം നൽകുകയും വേണം. അതിനാലാണ് പദ്ധതികൾ കുറച്ച് ആ തുക സ്പിൽഓവർ പദ്ധതികൾക്കായി മാറ്റുന്നത്. 35 കോടി രൂപയാണ് സ്പിൽ ഓവർ പദ്ധതികൾക്കായി വേണ്ടിവരുന്ന തുക. എന്നാൽ, സർക്കാരിന്റെ സാമ്പത്തികപ്രതിസന്ധിമൂലമാണ് ജില്ലാപഞ്ചായത്തിന് ഫണ്ട് നൽകാൻ കഴിയാത്തതെന്നും അതിനാലാണ് പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടിവന്നതെന്നുമാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

ജില്ലാപഞ്ചായത്തിന്റെ ആസ്തിവികസന റോഡുകളുടെ അറ്റകുറ്റപ്പണികൾപോലും ഒഴിവാക്കി. വികസന സ്റ്റാൻഡിങ് കമ്മിറ്റിയുടെയും എസ്.സി./എസ്.ടി. മേഖലയുള്ളതുമായ ചില പദ്ധതികൾക്ക് മാത്രമാണ് തുക വകയിരുത്തിയിട്ടുള്ളത്. പുതിയ ഗ്രൗണ്ടുകൾ, സ്റ്റേഡിയങ്ങൾ എന്നിവയുടെ പണികളും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പദ്ധതികളും പാടെ ഒഴിവാക്കി. സ്പിൽ ഓവർ പദ്ധതികളിൽത്തന്നെ ഇതുവരെ കരാർവെക്കാത്ത പ്രവൃത്തികൾക്കുവേണ്ടിയും തുക വകയിരുത്താൻകഴിയാത്തതരത്തിൽ സാമ്പത്തികപ്രതിസന്ധിയിലാണ് ജില്ലാപഞ്ചായത്ത്.

പദ്ധതികൾ വെട്ടിച്ചുരുക്കേണ്ടിവന്നത് കേന്ദ്രസർക്കാർ ഗ്രാന്റ് അനുവദിക്കാത്തതിനാലാണെന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു. പദ്ധതികൾ ഏതുവിധേനയും പൂർത്തിയാക്കണമെന്നും ഇതിനായി സംസ്ഥാന സർക്കാരിൽ ജില്ലാപഞ്ചായത്ത് സമ്മർദം ചെലുത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മെയിന്റനൻസ് ഗ്രാന്റായി 60 കോടിയോളം രൂപ ലഭിച്ചിരുന്ന സ്ഥാനത്ത് ഈ വർഷം ലഭിച്ചത് വെറും നാലുകോടിരൂപ മാത്രമാണ്. ജില്ലാപഞ്ചായത്തിന്റെ ആസ്തിവികസന റോഡുകളുടെ പണികൾക്കുവേണ്ടി മാറ്റിവെച്ചതായിരുന്നു ഈ തുക. ജില്ലാപഞ്ചായത്തിന്റെ കീഴിലുള്ള റോഡുപണികൾപോലും പൂർണമായും നിലച്ചുപോകുന്ന അവസ്ഥയാണ് ഇപ്പോൾ.
Previous Post Next Post
3/TECH/col-right