കൽപറ്റ: വയനാട്ടിൽ പലയിടത്തും ചെറിയ തോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ. കുറിച്യർമല, പിണങ്ങോട് മൂരിക്കാപ്പ്, അമ്പുകുത്തിമല, എടക്കൽ ഗുഹ എന്നിവിടങ്ങളോടു ചേർന്ന ചില പ്രദേശങ്ങളിൽ ചെറിയതോതിൽ ഭൂമികുലുക്കമുണ്ടായതായി നാട്ടുകാർ പറഞ്ഞു. പ്രദേശവാസികളോട് ഒഴിഞ്ഞുപോകാൻ റവന്യു വകുപ്പ് അറിയിപ്പ് നൽകിയിട്ടുണ്ടെന്നും വില്ലേജ് ഓഫിസർമാരോടു സംഭവസ്ഥലത്തെത്താൻ നിർദേശം നൽകിയതായും വൈത്തിരി തഹസിൽദാർ പറഞ്ഞു.
മൂരിക്കാപ്പിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിൽ മേശപ്പുറത്തെ ഗ്ലാസുകൾ താഴെ വീണു. അമ്പലവയൽ ജിഎൽപി സ്കൂളിന് അവധി നൽകി. എടയ്ക്കൽ ഗുഹയ്ക്കു സമീപത്താണ് ഈ സ്കൂൾ. അമ്പലവയൽ ആർഎആർഎസിലെ ശാസ്ത്രജ്ഞരും തൊഴിലാളികളും അമ്പലവയൽ പ്രദേശങ്ങളിൽ വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
നേന്മേനി വില്ലേജിലെ പാടിപറമ്പ്, അമ്പുകുത്തി, അമ്പലവയൽ ആർഎആർഎസ് പ്രദേശങ്ങളിൽ ഭൂമിക്കടിയിൽനിന്നും മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടു. വൈത്തിരി താലൂക്കിന് കീഴിൽ പൊഴുതന വില്ലേജിൽ ഉൾപ്പെടുന്ന സുഗന്ധഗരി പ്രദേശത്തും അച്ചൂരാനം വില്ലേജ് ഉൾപ്പെടുന്ന സേട്ടുകുന്ന് പ്രദേശത്തും വലിയ ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Tags:
WAYANAD