ബംഗളൂരു:ഷിരൂരിലെ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടി തിരച്ചില്‍ പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം ഇന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണും.മഴക്കും ഗംഗാവാലി പുഴയിലെ ഒഴുക്കിനും കുറവുള്ളതിനാല്‍ തിരച്ചിലിന് കൂടുതല്‍ അനുകൂലമായ സാഹചര്യമാണമെന്ന് ചൂണ്ടിക്കാണിച്ചാണ് കർണാടക സർക്കാറിനെ സമീപിക്കുന്നത്. എം.കെ.രാഘവൻ എം.പി, മഞ്ചേശ്വരം എം.എല്‍.എ എം.കെ.എം അഷ്റഫ് എന്നിവർക്ക് ഒപ്പമാണ് ബന്ധുക്കള്‍ മുഖ്യമന്ത്രിയുടെ ബംഗളൂരുവിലിലെ വസതിയിലെത്തുക. ഉപ മുഖ്യമന്ത്രിയേയും കണ്ടേക്കുമെന്നാണ് റിപ്പോർട്ട്.
തിരച്ചിലിന് ഡ്രഡ്ജർ ഉള്‍പ്പെടെയുള്ളവ എത്തിക്കാനുള്ള നിർദേശം നേരത്തെ മുന്നോട്ടു വെച്ചിരുന്നു. ഒരു കോടിയോളം രൂപ ചിലവ് വരുമെന്ന് ജില്ല ഭരണകൂടം വ്യക്തമാക്കിയിരുന്നതാണ്. ഇക്കാര്യവും മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയേക്കും. നേരത്തെ കേരളത്തിൻ്റെ ആവശ്യപ്രകാരം മുഖ്യമന്ത്രിയുടെ ഓഫീസിലെ മുതിർന്ന ഉദ്യോഗസ്ഥനെ തെരച്ചിലിന് മേല്‍നോട്ടം വഹിക്കുന്നതിന് വേണ്ടി ചുമതലപ്പെടുത്തിയിരുന്നു.
അതേസമയം, തിരച്ചില്‍ ഊർജിതമാക്കണമെന്നാവശ്യപ്പെട്ട് കർണാടക ഹൈകോടതിയില്‍ നല്‍കിയ ഹർജിയില്‍ കേസ് പരിഗണിക്കുന്നത് സെപ്റ്റംബർ 18ലേക്ക് മാറ്റിയിരുന്നു.