കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിൽ ഇന്നും തുടരുന്നു. സൺറൈസ് വാലി, ചൂരൽമല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാകും പത്താം ദിവസത്തെ തെരച്ചിൽ. ചാലിയാർ കേന്ദ്രീകരിച്ചും ദൗത്യസംഘം പരിശോധന നടത്തും. സൺറൈസ് വാലിയിൽ നിന്നും ഇന്നലെ മൃതദേഹം കിട്ടിയ സാഹചര്യത്തിൽ ഈ പ്രദേശത്ത് കൂടുതൽ ശ്രദ്ധ നൽകും.
ആറ് സോണുകളായി തിരിഞ്ഞാകും ഇന്നത്തെ തെരച്ചിൽ. കഡാവർ നായകളും ദൗത്യസംഘത്തിനൊപ്പമുണ്ടാകും. ഇതുവരെ 413 മരണമാണ് സ്ഥിരീകരിച്ചത്. 16 ക്യാംപുകളിലായി 1968 പേരുമുണ്ട്. ഇവരുടെ പുനരധിവാസത്തിനായി വാടക വീടുകൾ കണ്ടെത്തുന്ന നടപടികളും തുടരുകയാണ്.
അതേസമയം, ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലേക്കുളള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിൽ കേരളം വലിയ പ്രതീക്ഷയിലാണ്. ശനിയാഴ്ച പ്രധാനമന്ത്രി എത്തുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനകളും ഇന്ന് തുടരും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഇന്ന് വയനാട്ടിലെത്തും.
ഏറ്റവും തീവ്രതയുള്ള ദുരന്തമെന്ന നിലയിൽ എൽ ത്രീ ദുരന്തമായി വയനാട് ഉരുൾപൊട്ടലിനെ പ്രഖ്യാപിക്കണമെന്നാണ് സംസ്ഥാനത്തിന്റെ ആവശ്യം. പ്രധാനമന്ത്രിയുടെ വരവോടെ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷ. അങ്ങനെയെങ്കിൽ പുനരധിവാസത്തിന് വേണ്ട തുകയുടെ 75 ശതമാനം ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്ന് കിട്ടും. കേന്ദ്ര സഹായം കൂട്ടണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധിയടക്കം ലോക്സഭയിൽ ആവശ്യപ്പെട്ടിരുന്നു. ദുരന്തമുണ്ടായത് മുതൽ സൈന്യത്തെ അയച്ചതിലടക്കം കേന്ദ്രത്തിന്റെ ഇടപടെലിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരളത്തിലെ പ്രതിപക്ഷവും അഭിനന്ദിച്ചിരുന്നു.
Tags:
WAYANAD