തൃശ്ശൂര്‍: മണപ്പുറം കോംപ്‌ടെക് ആന്റ് കണ്‍സള്‍ട്ടന്‍സി ലിമിറ്റഡില്‍ നിന്നും 20 കോടി രൂപ തട്ടിയെടുത്ത കേസിലെ പ്രതിയായ അസിസ്റ്റന്റ് മാനേജര്‍ ധന്യാമോഹന് കുഴല്‍പ്പണ സംഘവുമായി ബന്ധമെന്ന് സൂചന. ഭര്‍ത്താവിന്റെ എന്‍ആര്‍ഐ അക്കൗണ്ടിലേക്ക് പണം കൈമാറാന്‍ കുഴല്‍പ്പണ സംഘങ്ങളുടെ സഹായം ലഭിച്ചെന്നാണ് വിവരം. എട്ട് അക്കൗണ്ടുകളിലേക്ക് ധന്യ പണം മാറ്റിയെന്നാണ് കണ്ടെത്തല്‍. ഇതോടെ കേസില്‍ കൂടുതല്‍ പേരുടെ പങ്ക് അന്വേഷിക്കും.
ധന്യയുടെ പേരില്‍ മാത്രം അഞ്ച് ബാങ്ക് അക്കൗണ്ടുകള്‍ നിലവിലുണ്ട്. ധന്യയുടെ അക്കൗണ്ടിലെ പണം മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പൊലീസ് നോട്ടീസ് നല്‍കി. ധന്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കളും മരവിപ്പിക്കും. മണപ്പുറം കോപ്‌ടെക്കില്‍ കഴിഞ്ഞ പതിനെട്ട് വര്‍ഷമായി ജീവനക്കാരിയായ ധന്യ മോഹന്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയാണ് ഇരുപത് കോടി രൂപ തട്ടിയെടുത്തത്. തട്ടിയെടുത്ത തുക ബന്ധുക്കളുടെ അക്കൗണ്ടുകളിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം തുടങ്ങിയിരുന്നു.
ആഢംബരത്തിനും ധൂര്‍ത്തിനുമായാണ് ധന്യ പണം ഉപയോഗിച്ചിരുന്നത്. ആറ് ആഢംബര കാറുകളാണ് ധന്യയുടെ പേരിലുള്ളത്. ധന്യ ഓണ്‍ലൈന്‍ റമ്മി കളിക്ക് അടിമയാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. രണ്ട് കോടി രൂപയുടെ ഓണ്‍ലൈന്‍ റമ്മി കളിയുടെ ഇടപാട് വിവരങ്ങള്‍ ഇന്‍കംടാക്സ് തേടിയിരുന്നു. എന്നാല്‍ ധന്യ വിവരം നല്‍കിയിരുന്നില്ല. കസ്റ്റഡിയിലുള്ള ധന്യയെ ഇന്ന് വിശദമായി പൊലീസ് ചോദ്യം ചെയ്യും. ധന്യ കീഴടങ്ങിയെങ്കിലും ഭര്‍ത്താവ് ഒളിവിലാണ്. ഇന്നലെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെത്തിയാണ് ധന്യ കീഴടങ്ങിയത്.
Tags:
KERALA