Trending

മരുന്ന് കുറിപ്പില്‍ ജനറിക് നാമം ; സര്‍ക്കാര്‍ ഉത്തരവ് പാലിക്കാതെ ഡോക്ടര്‍മാർ.

കോഴിക്കോട്:രോഗികള്‍ക്ക് മരുന്ന് കുറിച്ച് നല്‍കുമ്പോള്‍ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവ് ഡോക്ടർമാർ പാലിക്കുന്നില്ലെന്ന് ആക്ഷേപം.ഇത് രോഗികള്‍ക്ക് മെഡിക്കല്‍ ഷോപ്പുകളില്‍ നിന്ന് മരുന്ന് മാറി നല്‍കാൻ ഇടയാക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പ് രോഗികള്‍ക്ക് വായിച്ച്‌ മനസ്സിലാക്കാൻ സാധിക്കുക അപൂർവമാണ്. 

മരുന്ന് കുറിക്കുമ്പോള്‍ ഇംഗ്ലീഷ് വലിയ അക്ഷരത്തില്‍ ആർക്കും വായിക്കാൻ കഴിയുന്നരീതിയില്‍ ജനറിക് നാമം എഴുതണമെന്ന സർക്കാർ ഉത്തരവുണ്ടെങ്കിലും ഡോക്ടർമാർ പാലിക്കാറില്ല. സർക്കാർ, സ്വകാര്യ ആശുപത്രികളില്‍ ഡോക്ടർമാരുടെ കുറിപ്പടികള്‍ പരിശോധിക്കുന്നതിന് പ്രിസ്ക്രിപ്ഷൻ ഓഡിറ്റ് കമ്മിറ്റി രൂപവത്കരിക്കണമെന്നും കഴിഞ്ഞ വർഷത്തെ സർക്കാർ ഉത്തരവില്‍ നിർദേശമുണ്ട്. 

എന്നാല്‍, ആശുപത്രികളില്‍ ഇങ്ങനെ ഒരു കമ്മിറ്റി തന്നെ വിരളമാണ്. കമ്മിറ്റി രൂപവത്കരിക്കുന്ന ഇടങ്ങളില്‍ തന്നെ പരിശോധന നടക്കാറുമില്ല. ജില്ലതലത്തില്‍ ജില്ല മെഡിക്കല്‍ ഓഫിസർക്ക് ഇത് പരിശോധിക്കാൻ അധികാരമുണ്ടെങ്കിലും ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. ജനറിക് നാമം നിർബന്ധമാക്കാനും പാലിക്കാത്ത ഡോക്ടർമാർക്കെതിരെ കർശന നടപടിയെടുക്കാനും മെഡിക്കല്‍ കൗണ്‍സിലും ശുപാർശ ചെയ്തിട്ടുണ്ട്. ദേശീയ മെഡിക്കല്‍ കമീഷനും ഇതേ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. ജനറിക് നാമം കുറിക്കാത്ത ഡോക്ടർമാരുടെ പ്രാക്ടീസ് ലൈസൻസ് നിശ്ചിതകാലം സസ്പെൻഡ് ചെയ്യുന്നതടക്കം ശിക്ഷ നടപടികള്‍ക്കും മെഡിക്കല്‍ കമീഷൻ വ്യവസ്ഥ ചെയ്യുന്നു. 

അതേസമയം, ജനറിക് നാമം നിർബന്ധമാക്കല്‍ പ്രായോഗികമല്ലെന്നാണ് ഡോക്ടർമാരുടെ നിലപാട്. മരുന്ന് വില്‍പനക്കാർ ഏറ്റവും കൂടുതല്‍ കമീഷൻ ലഭിക്കുന്ന മരുന്നുകള്‍ വില്‍ക്കാൻ ഇത് ഇടവരുത്തും. ഇത് ചികിത്സയുടെ ഫലപ്രാപ്തിയെ ബാധിക്കുമെന്നും ഡോക്ടർമാർ പറയുന്നു. 

കഴിഞ്ഞ ദിവസം കോഴിക്കോട്ട് ഡോക്ടറുടെ മരുന്ന് കുറിപ്പില്‍ ബ്രാൻഡ് നാമത്തിനൊപ്പം ജനറിക് നാമം ഇല്ലാത്തതു രോഗിക്ക് മരുന്ന് മാറി നല്‍കാനിടയാക്കിയിരുന്നു. മാക്സ്ഡോല്‍ ബ്രാൻഡിലുള്ള വേദന സംഹാരിക്ക് പകരം ഇതേ ബ്രാൻഡിലുള്ള അപസ്മാര മരുന്നിന്‍റെ സബ്സ്റ്റിറ്റ്യൂട്ടായിരുന്നു രോഗിക്ക് ലഭിച്ചത്. ഉപഭോക്താവിന്‍റെ ജാഗ്രത കൊണ്ടാണ് വലിയ അപകടം ഒഴിവായത്.
Previous Post Next Post
3/TECH/col-right