Trending

അപകട മുന്നറിയിപ്പ് അവഗണിച്ച് പതങ്കയത്ത് സഞ്ചാരികൾ

കോടഞ്ചേരി:കോടഞ്ചേരി പഞ്ചായത്തിലെ ഇരുവഞ്ഞി പുഴയിലെ പതങ്കയത്ത് സഞ്ചാരികൾ മുന്നറിയിപ്പ് അവഗണിച്ച് ഈ മഴക്കാലത്ത് വെള്ളത്തിൽ ഇറങ്ങുന്നു. മഴക്കാലമായതിനാൽ ഏത് നിമിഷവും വനത്തിൽ മഴപെയ്യാൻ സാധ്യതയുള്ള പ്രദേശമാണിത്.പുഴയുടെ പ്രദേശങ്ങളിൽ തെളിഞ്ഞ കാലാവസ്ഥയാണെങ്കിലും വനത്തിൽ   മഴ പെയ്യുന്നത് അറിയുവാൻ സാധിക്കുകയില്ല.

ഇവിടെ സ്ഥിരമായി നടന്നുവരുന്ന അപകടങ്ങൾ ഇതുമൂലം ഉണ്ടാവുന്നതാണ്. വനത്തിൽ  മഴ പെയ്യുമ്പോൾ വെള്ളം ശക്തിയോടെ ഒഴുകിയെത്തുകയും പുഴയിൽ മലവെള്ളപ്പാച്ചിൽ ഉണ്ടാവുകയും ചെയ്യുന്നതാണ്. പതങ്കയത്ത് നഷ്ടപ്പെട്ട പല ജീവനുകളും ഇതുപോലെയുള്ള മലവെള്ളപ്പാച്ചിലുകളിൽ പെട്ടുപോയവരാണ്. 

പ്രകൃതി മാടിവിളിക്കുന്ന തെളിഞ്ഞ വെള്ളവും, അനേകം പാറക്കെട്ടുകളും, കണ്ടാൽ ആഴമില്ല എന്ന് തോന്നുന്ന വിധത്തിലുള്ള വെള്ളക്കെട്ടുകളും നിറഞ്ഞ സ്ഥലമാണിത്. മുത്തപ്പൻ പുഴയ്ക്ക് മുകളിൽ വെള്ളരിമലയിൽ നിന്നാണ് ഇരുവഞ്ഞിപ്പുഴയുടെ ഉൽഭവം. മുകളിലുള്ള വനത്തിൽ മഴ പെയ്യുന്നുണ്ടെങ്കിലും പതങ്കയത്ത് തെളിഞ്ഞ വെള്ളമാണ്  കാണാറ്. 

ഈ പാരിസ്ഥിതിക സവിശേഷതയുള്ള പതങ്കയത്ത് സഞ്ചാരികൾ വെള്ളത്തിൽ ഇറങ്ങരുത് എന്ന് അനവധി ബോർഡുകൾ ആണ് തിരുവമ്പാടി, കോടഞ്ചേരി പഞ്ചായത്തും അധികൃതരും, പോലീസും സ്ഥാപിച്ചിട്ടുള്ളത്. ഇത് പാടെ അവഗണിച്ചാണ് വീണ്ടും മുതിർന്നവരും കുട്ടികളും ഉൾപ്പെടെ വെള്ളത്തിൽ ഇറങ്ങുന്നത്. പ്രദേശവാസികളുടെയും പതങ്കയം  സംരക്ഷണ സമിതി പ്രവർത്തകരുടെയും  ബോർഡുകളുടെ മുന്നറിയിപ്പ് പാടെ അവഗണിച്ചാണ് സഞ്ചാരികൾ ഈ സാഹസത്തിനു മുതിരുന്നത്. 

പോലീസിന്റെയും പഞ്ചായത്തിന്റെയും മുന്നറിയിപ്പ് അവഗണിച്ച്  ഇന്ന് നിരവധി പേരാണ്   വെള്ളത്തിൽ ഇറങ്ങിയത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ കോടഞ്ചേരി പോലീസ് ഉടൻ സ്ഥലത്തെത്തുകയും സഞ്ചാരികളെ പുഴയിൽനിന്ന് കയറ്റി വിടുകയും ആണ് ഉണ്ടായത്.വനത്തിൽ  കനത്ത  മഴ പെയ്താൽ ഉണ്ടായേക്കാവുന്ന ഒരു അപകടമാണ് കോടഞ്ചേരി പോലീസിന്റെ സമയോചിതമായ ഇടപെടൽ മൂലം ഒഴിവായത്.

നിലവിൽ 21 പേരാണ് പതങ്കയത്ത്  മലവെള്ളപ്പാച്ചിലിലും, നീന്തൽ അറിയാതെയും  മുങ്ങി മരിച്ചിട്ടുള്ളത്.
Previous Post Next Post
3/TECH/col-right