Trending

പൂക്കളുടെ വർണ്ണ പ്രപഞ്ചം തുറന്നു;ഊട്ടി ഫ്‌ളവർ ഷോ ആരംഭിച്ചു.

ഊട്ടി: നീലഗിരി ജില്ലയിലെ ഊട്ടിയിലെ സർക്കാർ ബൊട്ടാണിക്കൽ ഗാർഡനിൽ 126-ാമത് പുഷ്പ പ്രദർശനം തമിഴ്‌നാട് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ ഇന്നലെ ഉദ്ഘാടനം ചെയ്തു. അഗ്രികൾച്ചർ പ്രൊഡക്ഷൻ കമ്മീഷണർ അപൂർവ, ജില്ലാ കളക്ടർ അരുണ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

പത്ത് വ്യത്യസ്ത വിഭാഗങ്ങളിലായി 2.60 ലക്ഷം ഇനം പൂക്കളും 5,000 പൂച്ചട്ടികളും പ്രദർശിപ്പിക്കുമെന്ന് അധികൃതർ പറഞ്ഞു.നേരത്തെ ഏഴ് ദിവസം മാത്രം നടത്തിയിരുന്ന ജനപ്രിയ ഷോ 10 ദിവസത്തേക്ക് നടത്തുന്നത് ഇതാദ്യമാണ്. മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാലാണ് കൃഷി ഉൽപ്പാദന കമ്മീഷണർ അപൂർവയുടെ സാന്നിധ്യത്തിൽ മന്ത്രിമാർക്ക് പകരം ചീഫ് സെക്രട്ടറി ശിവ് ദാസ് മീണ പരിപാടി ഉദ്ഘാടനം ചെയ്തത്.

ലോക്‌സഭാ തെരഞ്ഞെടുപ്പു നടപടികൾ നടക്കുന്നതിനാൽ മുൻവർഷങ്ങളിലേതുപോലെ മറ്റു പ്രദർശനങ്ങൾ നടത്താൻ സാധിക്കാത്തതിനാലാണ് ഫ്ലവർ ഷോയുടെ ദിവസങ്ങളുടെ എണ്ണം വർധിപ്പിക്കാൻ തീരുമാനിച്ചതെന്ന് കലക്ടർ അറിയിച്ചു. നീലഗിരിയിൽ പ്ലാസ്റ്റിക്കിന്റെ ഉപയോഗം നേരത്തെ തന്നെ നിരോധിച്ചതിനാൽ വിനോദസഞ്ചാരികൾ പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഒഴിവാക്കണമെന്നും കളക്ടർ അഭ്യർത്ഥിച്ചു.44 അടി വീതിയും 35 അടി ഉയരവുമുള്ള ‘ഡിസ്‌നി കാസിലിൽ ‘, പൂക്കൾ കൊണ്ട് നിർമിച്ച’മിക്കി മൗസ്, മിനി മൗസ്, ഗൂബി, പ്ലൂട്ടോ, ഡൊണാൾഡ് ഡക്ക്’ തുടങ്ങിയ കഥാപാത്രങ്ങൾ കുട്ടികളെ ആകർഷിക്കുന്നുണ്ട്.

യുനെസ്കോ ലോക പൈതൃക സൈറ്റായി പ്രഖ്യാപിച്ച നീലഗിരി മൗണ്ടൻ റെയിൽവേയുടെ സ്റ്റീം ലോക്കോമോട്ടീവിന്റെ പൂക്കൾ കൊണ്ട് നിർമ്മിച്ച ഒരു മാതൃകയും പ്രദർശനത്തിനുണ്ട്.കൂടാതെ, 270 ഇനം ‘ഇൻക മേരി ഗോൾഡ്, ഡാലിയ, ഡെയ്‌സി, സിന്നിയ, റുഗാൻ്റിഡുപ്റ്റെ, സ്റ്റോക്ക്, സാൽവിയ, അജിററ്റം, ഡെയ്‌സി വൈറ്റ്, ഡെൽഫിനിയ, ആന്തൂറിയം’, എന്നിവയും പ്രദർശിപ്പിച്ചിട്ടുണ്ട്.

അതേസമയം, മുൻവർഷങ്ങളെ അപേക്ഷിച്ച് ആദ്യദിനത്തിൽ തിരക്ക് കുറവായിരുന്നു. പുതുതായി ഏർപ്പെടുത്തിയ ഈ പാസ്സ് സമ്പ്രദായം സന്ദർശകരെ അകറ്റുമെന്ന ഭയം വ്യാപകമാണ് . പ്രദർശനം ഈ മാസം 20ന് സമാപിക്കും.കഴിഞ്ഞ വർഷം അഞ്ച് ദിവസങ്ങളിലായി 1.30 ലക്ഷം സഞ്ചാരികളാണ് പ്രദർശനം കാണാനെത്തിയത്. 11 ദിവസത്തേക്ക് പ്രദർശനം നടക്കുന്നതിനാൽ ഈ വർഷം മൂന്നിരട്ടി ആളുകളെ പ്രതീക്ഷിക്കുന്നുണ്ട്.

Previous Post Next Post
3/TECH/col-right