Trending

ഇരട്ട നിയന്ത്രണങ്ങളുള്ള വാഹനങ്ങൾ പാടില്ല; ഡ്രൈവിംഗ് സ്കൂളിന്റെ വാഹനം ടെസ്റ്റിന് ഉപയോഗിക്കേണ്ടന്ന് നിർദ്ദേശം.

തിരുവനന്തപുരം: പരിഷ്കരിച്ച ഡ്രൈവിംഗ് ടെസ്റ്റ് നിയമങ്ങൾക്ക് വിമർശനങ്ങൾ തുടരുകയാണ്. മോട്ടോർ വാഹനവകുപ്പും ഡ്രൈവിംഗ് സ്കൂൾ ഉടമസ്ഥരും തമ്മിലുള്ള തർക്കമവസാനിച്ചിട്ടില്ല. ഇതിന്റെ പശ്ചാത്തലത്തിൽ പുതുക്കിയ നിര്‍ദേശങ്ങളിൽ പറയുന്നത് പ്രകാരം ഇരട്ട നിയന്ത്രണ സംവിധാനങ്ങളുള്ള (പരിശീലകനും നിയന്ത്രിക്കാൻ കഴിയുന്ന ക്ലച്ച്, ബ്രേക്ക് പെടലുകൾ)വാഹങ്ങൾ ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാൻ സാധിക്കില്ല.

ഇരട്ടനിയന്ത്രണ സംവിധാനം നിര്‍ബന്ധമായ വാഹനങ്ങളാണ് ഡ്രൈവിങ് പരിശീലനത്തിന് ഉപയോഗിക്കുന്നത്. നിലവിൽ ഡ്രൈവിങ് ടെസ്റ്റിനും ഇവ ഉപയോഗിക്കുന്നുണ്ട്. ഇത് മൂന്നുമാസത്തേക്കുകൂടി തുടരാനാകും. ഇതിനുശേഷം സാധാരണരീതിയിലെ വാഹനങ്ങള്‍ ടെസ്റ്റിന് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം.

ടെസ്റ്റിനിടെ വാഹനം ഓടിക്കുന്നയാള്‍ എന്തെങ്കിലും പിഴവ് വരുത്തിയാല്‍ ഇരട്ട നിയന്ത്രണമുള്ളതാണെങ്കില്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് വാഹനം നിയന്ത്രിക്കാനാവും. ഇത്തരം വാഹനം ഒഴിവാക്കുന്നത് സുരക്ഷയെ ബാധിക്കുമെന്ന പരാതി ഉയരുന്നുമുണ്ട്. നല്ലരീതിയില്‍ ഡ്രൈവിങ് പരിശീലിച്ചവരാണെങ്കിലും ടെസ്റ്റ് സമയത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യമുള്ളപ്പോള്‍ പരിഭ്രമിച്ച് അബദ്ധം കാണിക്കാറുണ്ട്.

ചില ജില്ലകളില്‍ റോഡ് ടെസ്റ്റുകളില്‍ വിജയിപ്പിക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഇടപെടുന്നതായി കണ്ടെത്തിയിരുന്നു. ഉദ്യോഗസ്ഥര്‍ ക്ലച്ച് നിയന്ത്രിച്ചാല്‍ വാഹനം നിന്നുപോകുന്നത് ഒഴിവാക്കാനാകും. ഈ ക്രമക്കേട് തടയാനാണ് പുതിയ നീക്കമെന്നാണ് പറയുന്നത്.

ഡ്രൈവിങ് സ്‌കൂളുകാരെ സംബന്ധിച്ചിടത്തോളം ടെസ്റ്റിനായി മറ്റൊരു വാഹനം വാങ്ങേണ്ടിവരുമെന്നത് അധികബാധ്യതയാണ്. ഡ്രൈവിങ് ടെസ്റ്റിന് നിയോഗിക്കുന്ന ഉദ്യോഗസ്ഥര്‍ അന്നേദിവസം വാഹനങ്ങളുടെ ഫിറ്റ്നസ് ടെസ്റ്റ് നടത്തുന്നതും വിലക്കിയിട്ടുണ്ട്. അടിസ്ഥാനസൗകര്യങ്ങളില്ലാത്ത സ്ഥലങ്ങളില്‍ സര്‍ക്കാര്‍തലത്തില്‍ പരമാവധി ടെസ്റ്റ് കേന്ദ്രങ്ങള്‍ സജ്ജീകരിക്കാന്‍ ഗതാഗതവകുപ്പ് ആർ. ടി. ഒ. മാർക്ക് നിർദ്ദേശം നൽകി.
Previous Post Next Post
3/TECH/col-right