കോഴിക്കോട് : വീട്ടമ്മമാരുടെ കൈപ്പുണ്യം നാടെങ്ങും എത്തിക്കുകയാണ് നാല് സുഹൃത്തുക്കളും അവർ ആരംഭിച്ച സംരംഭമായ 'ഫുൽവയും'. കോഴിക്കോട് മലപ്പുറം ജില്ലകളിലെ ഹോം ബേക്കർമാര്‍ ആയിട്ട് ഉള്ള വീട്ടമ്മമാരെ കോര്‍ത്ത് ഇണക്കി അവര്‍ക്ക് കൈത്താങ്ങായിമാറുകയാണ് ഫുൽവ.
റംസാന്‍ മാസത്തില്‍ ആരംഭിച്ച 'എംപവർ ബൈ ഫുൽവ' എന്ന ക്യാമ്പയിനിന്റെ ഭാഗമായി ജില്ലയിലെ 120 തോളം വീട്ടമ്മമാർ ഉണ്ടാക്കുന്ന വിഭവങ്ങള്‍ വച്ച് ഇഫ്താർ ബോക്സ് ഇറക്കുകയും കോഴിക്കോട് മലപ്പുറം ജില്ലകളിലായി 100 ഓളം കൗണ്ടറുകൾ വഴി വില്‍പന നടത്തി വീട്ടമ്മമാർക്ക് നല്ലൊരു വരുമാനം കണ്ടെത്തി കൊടുക്കുകയും ചെയ്യുകയാണ് സനു,ഷഹബാസ്, ഇര്‍ഫാന്‍, തഷരിഫലി എന്നീ വിദ്യാര്‍ഥികള്‍.
മാസങ്ങൾക്കു മുമ്പാണ് നാലുപേരും ചേർന്ന് നാട്ടിലെ പരമ്പരാഗത ഭക്ഷണ നിർമ്മാതാക്കളുടെ വിഭവങ്ങൾ ജനകീയമാക്കുക എന്ന ലക്ഷ്യത്തോടെ ഫുൽവ എന്ന പേരിൽ ഒരു സ്റ്റാർട്ടപ്പ് ആരംഭിച്ചത്. ആദ്യഘട്ടം എന്നോണം കോഴിക്കോട് ജില്ലകളിലെ ചെറുകിട ഹലുവ നിർമ്മാതാക്കളെ കണ്ടെത്തുകയും അവരുടെ ഉത്പന്നം മൂല്യ വർദ്ധിതമായി വിപണിയിൽ എത്തിക്കുകയും ചെയ്തിരുന്നു. ഇത് വഴി ചെറുകിട ഹലുവ നിർമ്മാതാക്കൾക്ക് ഒരു കൈത്താങ്ങായി മാറിയിരുന്നു.
റമദാൻ മാസം ആയതിനാൽ വീട്ടമ്മമാർ ഉണ്ടാക്കുന്ന പലതരം പലഹാരങ്ങൾക്കും നോമ്പുതുറ വിഭവങ്ങൾക്കും സാധ്യതയുണ്ടെന്നും, അവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ റമദാൻ ഒന്നുമുതൽ എംപവർ എന്ന ക്യാമ്പയിൻ ആരംഭിച്ചു.
എണ്ണക്കടികൾ,കാരക്ക, കട്ട് ഫ്രൂട്ട്സ്, ജ്യൂസ്, ചിക്കന്‍ മന്തി എന്നിവ അടങ്ങിയ ഇഫ്താർ ബോക്സ് കോഴിക്കോട് മലപ്പുറം ജില്ലകളിലായി കൗണ്ടറുകളിൽ നിന്നും ആളുകൾ വാങ്ങുന്നു. വീട്ടമ്മമാരോടൊപ്പം തന്നെ നാൽപ്പത്തിലധികം ഓട്ടോ ഡ്രൈവർമാരും 150 ഓളം വിദ്യാർത്ഥികളും ഈ ക്യാമ്പയിനിന്റെ ഭാഗമായി പ്രവർത്തിക്കുന്നതോടൊപ്പം ഒരു വരുമാനമാർഗം ആവുകയും ചെയ്യുന്നു.
Tags:
KOZHIKODE