Trending

"ബദ്ർ യുദ്ധം";അടിമത്വ മോചനത്തിലേക്കു നയിച്ച ധാർമിക വിപ്ലവം: ഡോ. മുഹമ്മദ് ഇസ്മായിൽ മുജദ്ദിദി

പൗരാണിക അറബ് ജനതയെ കിരാതമായ അടിമത്വത്തിലും അരാചകത്വത്തിലും അന്ധവിശ്വാസത്തിലും കിടത്തിയുറക്കിയ പ്രമാണി വർഗത്തിനുമേൽ സത്യാസത്യവിവേചനത്തിൻ്റെ വിളംബരം അടയാളപ്പെടുത്തിയ പോരാട്ടമായിരുന്നു ബദ്ർ യുദ്ധം.
    
ഒരു വിഭാഗം മറ്റൊരു വിഭാഗത്തിനു മേൽ നിയമങ്ങൾ കൊണ്ടുവരിക,ആ സമൂഹത്തെ ബഹിഷ്കരിക്കുക, അധികാരവും പ്രശസ്തിയും നില നിർത്താൻ ഗോത്രങ്ങൾക്കിടയിൽ സംഘട്ടനങ്ങളും കലാപങ്ങളും ഇളക്കി വിടുക, ദാരിദ്ര്യവും അപമാനവും ഭയന്ന് പെൺകുട്ടികളെ കുഴിച്ചുമൂടുക, വ്യഭിചാരവും കൊലപാതകവും സാർവത്രികമാവുക തുടങ്ങിയ അനാചാരങ്ങൾക്കും സത്യനിഷേധത്തിനുമെതിരായ പോരാട്ടമായിരുന്നല്ലോ ബദ്ർ യുദ്ധം. ആൾബലത്തിലും ആയുധത്തിലും ശേഷിയില്ലാത്തവർ ഇതെല്ലാം കൈമുതലാക്കിയ വലിയ ശക്തികളോട് പോരാടി വിമോചനത്തിൻ്റെ വിജയഗാഥ രചിച്ച യുദ്ധം നടന്നത് റമദാൻ പതിനേഴിനായിരുന്നുവല്ലോ.

കൊലപാതകവും കൊള്ളയടിയും കവര്‍ച്ചയും ജീവിതചര്യയാക്കിയവര്‍ക്ക് അതിനെതിരെയുള്ള ശബ്ദം ഉള്‍ക്കൊള്ളാന്‍ സാധ്യമായിരുന്നില്ല. അതിനാല്‍ നബി(സ)യുടെ സന്ദേശത്തെ അവസാനിപ്പിക്കാൻ അവര്‍ തീരുമാനിച്ചു. നബി(സ)യെയും അദ്ദേഹത്തില്‍ വിശ്വസിച്ചവരെയും ശാരീരികമായും മാനസികമായും സാമൂഹ്യമായും പീഡിപ്പിക്കാന്‍ അവര്‍ തീരുമാനിച്ചു. ഒന്നൊന്നായി താഡന പീഢനങ്ങൾ.  നടക്കുന്ന വഴികളില്‍ മ്ലേച്ഛവസ്തുക്കളും മുള്ളുകളും നിറച്ചു.  മുഖത്തടിക്കുകയും നമസ്‌കാരവേളയില്‍ കഴുത്തില്‍ ഒട്ടകത്തിന്റെ കുടല്‍മാലകളെറിയുകയും ചെയ്തു. അവസാനം അദ്ദേഹത്തെ വധിക്കാന്‍ തന്നെ ഗൂഢാലോചന നടത്തി.

നബി(സ) മാത്രമായിരുന്നില്ല മര്‍ദനത്തിന് വിധേയമായത്. അദ്ദേഹത്തെ അംഗീകരിച്ച വിശ്വാസികളും ക്രൂരമര്‍ദനങ്ങള്‍ സഹിക്കേണ്ടിവന്നു. അവരില്‍ ചിലരെ ചുട്ടുപഴുത്ത മണലാരണ്യത്തിലിട്ട് മര്‍ദിച്ചുവെങ്കില്‍ മറ്റു ചിലരെ അഗ്നികൊണ്ട് ചൂടുവെക്കുകയുണ്ടായി. ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയരായ യാസിറും(റ) പത്‌നി സുമയ്യ(റ)യും അതിനിടെ മരണപ്പെട്ടു. 
  
മക്കയിലെ അന്ധവിശ്വാസങ്ങൾക്കും ബഹുദൈവ സങ്കൽപങ്ങൾക്കുമെതിരായി മുഹമ്മദ് നബി (സ) യുടെ പ്രബോധന പ്രവർത്തനങ്ങളിൽ ക്ഷുഭിതരായ മക്കാമുശ്രിക്കുകൾ പ്രവാചകനെ പുറത്താക്കി. നബി(സ) തൻ്റെ അനുചരന്മാർക്കൊപ്പം നാടും വീടും സമ്പാദ്യവുമുപേക്ഷിച്ച് മദീനയിലെത്തി. മുസ്ലിംകളുടെ സമ്പാദ്യങ്ങൾ കൈവശപ്പെടുത്തിയ അബുസുഫ് യാനിൻ്റെ സംഘത്തെ തടഞ്ഞുവച്ചു. അങ്ങനെയാണ് സർവായുധ വിഭൂഷിതരായ മക്കാ മുശ്രിക്കുകൾ പ്രവാചകനും അനുയായികളുമായി ബദ്റിൽ ഏറ്റുമുട്ടുന്നത്. സത്യാസത്യവിവേചനത്തിൻ്റെ ഈ പോരാട്ട ഭൂമികയിൽ വിജയക്കൊടി പാറിയാണ് മഹത്തായ ഇസ്ലാമിക സന്ദേശം ലോകമെങ്ങും പടർന്നുപിടിച്ചത്. 
      
മക്കയിൽ ഉപേക്ഷിച്ചുപോയ സ്വത്തുക്കള്‍ കയ്യേറിയ ഖുറൈശികള്‍ ഒരു വലിയ കച്ചവടസംഘവുമായി പുറപ്പെടുന്ന വിവരം മുസ്‌ലിംകള്‍ അറിഞ്ഞു. അബൂസുഫ്‌യാന്റെ നേതൃത്വത്തിലുള്ള കച്ചവടസംഘത്തെ പിടികൂടാന്‍ നബി(സ)യും മുസ്‌ലിംകളും തീരുമാനിച്ചു. വിവരം മണത്തറിഞ്ഞ അബൂസുഫ്‌യാന്‍ ഖുറൈശികളുടെ സഹായമര്‍ഥിച്ചുകൊണ്ട് മക്കയിലേക്ക് ദൂതനെ അയച്ചു. വിവരമറിഞ്ഞ ഖുറൈശികള്‍ ഒരു വലിയ സൈന്യത്തെ തന്നെ സര്‍വ സന്നാഹങ്ങളോടെ ഒരുക്കി. അവരുടെ എണ്ണം ആയിരത്തോളമുണ്ടായിരുന്നു. അക്കൂട്ടത്തില്‍ അശ്വാരൂഢരായ നൂറു പടയാളികളും ഉണ്ടായിരുന്നു. അവരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ ഒട്ടകങ്ങളും അവര്‍ക്കുണ്ടായിരുന്നു. വലിയ ആരവങ്ങളോടെയും വാദ്യമേളങ്ങളോടെയും അവര്‍ ഗ്രാമങ്ങള്‍ മുറിച്ചുകടന്ന് മദീനയുടെ നേരെ പുറപ്പെട്ടു.

ബദ്‌റിലേക്ക് നീങ്ങിയിരുന്ന ശത്രുസേനയുടെ അവസ്ഥയില്‍ നിന്ന് തികച്ചും ഭിന്നമായിരുന്നു മുസ്‌ലിംകളുടെ സ്ഥിതി. മുന്നൂറില്‍ പരം മാത്രമുണ്ടായിരുന്ന മുസ്‌ലിംകള്‍ക്ക് രണ്ട് കുതിരകളും എഴുപതിനടുത്ത് ഒട്ടകങ്ങളും മാത്രമേ വാഹനങ്ങളായുണ്ടായിരുന്നുള്ളൂ. രണ്ടോ മൂന്നോ പേര്‍ ഒരേ ഒട്ടകത്തിന്റെ പുറത്ത് മാറി മാറി കയറിയാണവര്‍ യാത്ര ചെയ്തിരുന്നത്. ഭക്ഷണത്തിനും വെള്ളത്തിനുമുള്ള സൗകര്യങ്ങളും ആയുധങ്ങളും അവരുടെ വശം പരിമിതമായിരുന്നു. അല്ലാഹുവിന്റെ പ്രവാചകന്റെ കല്പനയനുസരിച്ചുകൊണ്ട് തങ്ങള്‍ പോരാടുമെന്ന് മുഹാജിറുകളും അന്‍സ്വാറുകളും നബി(സ)യോട് വാഗ്ദാനംചെയ്തു. അഹന്തയും അഹങ്കാരവും കൈമുതലാക്കി ഇറങ്ങിത്തിരിച്ചവരെ ദൈവവിശ്വാസത്തിന്റെ കരുത്തുമായിറങ്ങിയവര്‍ ദയനീയമായി പരാജയപ്പെടുത്തി. അല്ലാഹുവിന്റെ സഹായം കൊണ്ടുമാത്രമാണ് മുസ്‌ലിംകള്‍ക്ക് ഈ വിജയം നേടാന്‍ സാധ്യമായത്.

”നിങ്ങള്‍ ദുര്‍ബലരായിരുന്നപ്പോള്‍ ബദ്‌റില്‍ വെച്ച് അല്ലാഹു നിങ്ങളെ സഹായിച്ചു. അതിനാല്‍ അല്ലാഹുവിനെ സൂക്ഷിക്കുക. നിങ്ങള്‍ കൃതജ്ഞതയുള്ളവരായേക്കാം.” (വി. ഖു. 3 :123). ബദ്ർ വിജയം നൽകുന്ന സന്ദേശവും പാoവും തന്നെയാണ്  ദുർബല വിഭാഗങ്ങളെ സമത്വത്തിനും നീതിക്കും വേണ്ടി പൊരുതാൻ പ്രാപ്തമാക്കുന്നത്. മേൽ പ്രസ്താവിച്ച സർവവിധ അന്ധകാരങ്ങളും ഗ്രസിച്ച ഭരണകൂട ഭീകരതയാണ് നമ്മുടെ രാജ്യത്തുള്ളത്. നൂറ്റാണ്ടുകൾ കൊണ്ട് സാധ്യമായ സകല നന്മകളും ഒന്നൊന്നായി ഇല്ലാതാക്കി വർഗീയ ചേരിതിരിവുകൾ സൃഷ്ടിക്കുന്ന നവഭാരത ക്രമത്തിൽ ആവശ്യമായത് ജനാധിപത്യ മതേതരത്വത്തിൻ്റെ പ്രഭാവവും അതിനുള്ള പോരാട്ടവുമാണ്.

ജീവനു വേണ്ടി പിടയുന്ന മനുഷ്യൻ്റെ നെഞ്ചുപിളർക്കുന്ന കാഴ്ചകളാണെവിടെയും. വരാൻ പോകുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഈ ധർമ യുദ്ധത്തെ വിശ്വാസി ഏറ്റെടുക്കേണ്ടതുണ്ട്.തങ്ങൾക്ക് അനഭിമതമായതിനെയെല്ലാം ഇല്ലായ്മ ചെയ്യുന്ന ഫാഷിസ്റ്റ് പ്രവണതയിൽ നിന്ന് രാജ്യം മോചിപ്പിക്കപ്പെടുകയും ജനാധിപത്യചേരി ശക്തിപ്പെടുത്തുകയും ചെയ്യേണ്ട ബാധ്യത രാജ്യത്തെ ഉത്തമ പൗരന്മാർക്കുണ്ട്.  രാജ്യത്തെ പൗരന്മാർക്ക് ശാന്തിയും സമാശ്വാസവും ആത്മവിശ്വാസവും പകരുന്ന ഭരണകൂടത്തെയാണ് ഇന്ത്യ പ്രതീക്ഷിക്കുന്നത്. ഇനിയും മഹാമാരിയെ തുടച്ചു നീക്കാനാവശ്യമായ പ്രതിരോധ പ്രവർത്തനങ്ങളിൽ വ്യാപരിക്കാത്ത പക്ഷം മൂന്നാംകിട ദരിദ്ര രാജ്യങ്ങളെ മറികടക്കുന്ന വിധം രാജ്യത്തിൻ്റെ വളർച്ചാ നിരക്ക് താഴേക്ക് പതിക്കുമെന്നതിൽ സന്ദേഹമില്ല.
    
പതിത ജനതയുടെ ഉയിർത്തെഴുന്നേൽപിനു മേൽ എല്ലാ മോഹക്കോട്ടകളും ഭരണ പാർട്ടിക്ക് അടിയറവു വയ്ക്കേണ്ടി വരും.  സ്വേഛാധിപത്യ ഭരണം കൊണ്ട് വന്ന് , ന്യൂനപക്ഷ ദളിത് വിഭാഗങ്ങളെ പൗരത്വ നിയമം കൊണ്ടുവന്ന് പടിക്ക് പുറത്ത് കടത്താനുള്ള ശ്രമം നടത്തി, മുത്ത്വലാഖിലും ഗോ രക്ഷയിലും നിയമങ്ങൾ നടപ്പിലാക്കി പ്രത്യേക വിഭാഗങ്ങൾക്കു മേൽ നിരന്തരം നിയമനിർമാണം നടത്താനുള്ള ശ്രമങ്ങൾക്കിടയിൽ നഷ്ടപ്പെടുന്നത് മഹത്തായ രാജ്യത്തിൻ്റെ പൈതൃകവും മതേതരത്വത്തിൻ്റെ ഉന്നതമായ സംസ്കൃതിയുമാണെന്ന് ഭരണകൂടം തിരിച്ചറിയേണ്ടതുണ്ട്. 
Previous Post Next Post
3/TECH/col-right