തൊടുപുഴ: സംസ്ഥാനത്തെ പീക്ക് ലോഡ് ഡിമാന്റ് തുടര്‍ച്ചയായ നാലാം ദിവസവും റെക്കോഡ് തകര്‍ത്ത് കുതിച്ചതോടെ പിടിച്ചുനില്‍ക്കാന്‍ അപ്രഖ്യാപിത ലോഡ് ഷെഡിങിന് കെ.എസ്.ഇ.ബി നീക്കം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ ലോഡ് ഷെഡിങിനും വൈദ്യുതി നിയന്ത്രണത്തിനുമുള്ള അനുമതി സര്‍ക്കാരില്‍ നിന്നും ലഭിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തിലാണ് വൈദ്യുതി ബോര്‍ഡ് ബദല്‍ മാര്‍ഗം തേടുന്നത്.
5076 മെഗാവാട്ടാണ് വ്യാഴാഴ്ചത്തെ പീക്ക് ലോഡ് ഡിമാന്റ്. ഇത് സര്‍വകാല റെക്കോഡാണ്. പ്രതിദിന വൈദ്യുതി ഉപഭോഗം 10.15 കോടി യൂനിറ്റായി ഉയര്‍ന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് കെ.എസ്.ഇ.ബി നേരിടുന്നത്. അപ്രഖ്യാപിത ലോഡ് ഷെഡിങ് അല്ലാതെ മറ്റ് മാര്‍ഗങ്ങള്‍ ബോര്‍ഡിന് മുമ്പിലില്ല.
ഫോണ്‍ സന്ദേശം മുഖേന വൈദ്യുതി ഭവനില്‍നിന്നും കളമശേരി ലോഡ് ഡെസ്പാച്ച് സെന്ററിലേക്കും അവിടെനിന്നു പവര്‍ ഹൗസുകളിലേക്കും സബ് സ്റ്റേഷനുകളിലേക്കും നിര്‍ദേശം നല്‍കാനാണ് നീക്കം. ഓരോ ഫീഡറുകള്‍ക്കു കീഴിലും അരമണിക്കൂറെങ്കിലും വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താനാണ് ശ്രമം. ഗ്രാമീണ ഫീഡറുകള്‍ക്കു കീഴില്‍ കൂടുതല്‍ സമയം ലോഡ് ഷെഡിങ് ഏര്‍പ്പെടുത്താനാണ് നിര്‍ദേശം.
ഫീഡറുകളെ നഗരഗ്രാമങ്ങളെ അടിസ്ഥാനമാക്കി എ, ബി, സി എന്നിങ്ങനെ തരംതിരിച്ച് നിയന്ത്രണം ഏര്‍പ്പെടുത്തും. പ്രമുഖരും വി.ഐ.പികളും അധിവസിക്കുന്ന കോര്‍പറേഷനുകള്‍ ഉള്‍പ്പെടുന്ന നഗരങ്ങളാണ് 'എ'യില്‍ ഉള്‍പ്പെടുക. അവിടെ ഫീഡറുകളില്‍ 25 മിനിറ്റെങ്കിലും ലോഡ് ഷെഡിങ് ഏര്‍പ്പെടുത്തണം. മുനിസിപ്പാലിറ്റികളും ചെറുപട്ടണങ്ങളും 'ബി'യില്‍ പെടുന്നു. ഗ്രാമീണ ഫീഡറുകളാണ് 'സി'യില്‍ പെടുക. അവിടെ യഥേഷ്ടം നിയന്ത്രണം ആവാം.
സാധാരണക്കാര്‍ അധിവസിക്കുന്ന ഇടങ്ങളില്‍ അരമണിക്കൂര്‍ കറന്റില്ലാതായാലും കാര്യമായ പരാതികളുണ്ടാവില്ലെന്നാണ് വൈദ്യുതി ബോര്‍ഡിന്റെ കണക്കുകൂട്ടല്‍. സ്ഥിരമായി ഒരേ സമയത്തും സ്ഥലത്തും പവര്‍ വിച്ഛേദിക്കരുതെന്നും നിര്‍ദേശമുണ്ട്. അത് പരാതിക്ക് ഇടനല്‍കും. മാധ്യമ വാര്‍ത്തകളും ഉണ്ടാകും. ഇതൊഴിവാക്കാനാണ് ഗ്രാമീണമേഖലയില്‍ ആദ്യം കൈവയ്ക്കുന്നത്. രാജ്യത്തെ പീക്ക് പവര്‍ ഡിമാന്റും കുതിക്കുകയാണ്. കഴിഞ്ഞ ദിവസം ഇത് 2,60,000 മെഗാവാട്ടിലെത്തി (260 ജിഗാവാട്ട്).
Tags:
KERALA