താമരശ്ശേരി: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് പ്രവർത്തിക്കുന്ന കോഴി മാലിന്യ സംസ്കരണ പപ്ലാന്റായ ഫ്രഷ് കട്ടിൽ നിന്നുയരുന്ന അസഹനീയമായ ദുർഗന്ധവും, മലിനജലം പുഴയിലേക്ക് ഒഴുക്കുന്നതും മൂലം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണണമെന്നാവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് നേതാക്കൾ കോഴിക്കോട് ജില്ലാ കലക്ടർ സ്നേഹൻ കുമാർ സിംഗ് ഐ.എ.എസിനെ കണ്ടു.
കോഴിക്കോട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർത്ഥി എം.കെ രാഘവൻ, എം.സി മായിൻ ഹാജി, എം.എ റസാഖ് മാസ്റ്റർ, കെ. പ്രവീൺ കുമാർ, ടി.ടി ഇസ്മായിൽ, അഡ്വ. പി.എം നിയാസ്, നിജേഷ് അരവിന്ദ് തുടങ്ങിയ നേതാക്കളാണ് ജില്ലാ കലക്ടർ കണ്ടത്.
ഫ്രഷ് കട്ട് പുറന്തള്ളുന്ന ദുർഗന്ധം മൂലം പ്രദേശത്തെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതം നേതാക്കൾ കലക്ടറുടെ ശ്രദ്ധയിൽപ്പെടുത്തി. വിഷയത്തിൽ ജില്ലാ ഭരണകൂടം കർശനമായി ഇടപെടുമെന്നും പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കലക്ടർ നേതാക്കൾക്ക് ഉറപ്പ് നൽകി.
ദുരിത ബാധിതരുമായി യു.ഡി.എഫ് നേതാക്കൾ താമരശ്ശേരിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനു ശേഷമാണ് നേതാക്കൾ കലക്ടറേറ്റിൽ എത്തി കലക്ടറെ കണ്ടത്.ഫ്രഷ് കട്ട് എന്ന സ്ഥാപനത്തിൽ നിന്നുള്ള അസഹനീയമായ ദുർഗന്ധം മൂലം താമരശ്ശേരി, കോടഞ്ചേരി, ഓമശ്ശേരി ഗ്രാമ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുംബങ്ങൾ ദുരിതത്തിലായിരിക്കുകയാണ്.
ജനങ്ങളെ വെല്ലു വിളിച്ചുകൊണ്ടാണ് ഈ സ്ഥാപനം പ്രവർത്തിക്കുന്നത്. അനുവദനീയമായ അളവിൽ കൂടുതൽ മാലിന്യം ഈ പ്ലാന്റിൽ വച്ച് സംസ്കരിക്കുന്നതായും മലിന ജലം പുഴയിലേക്ക് ഒഴുക്കുന്നതായും വ്യാപകമായ പരാതി നിലനിൽക്കുകയാണ്. ഇതു പരിഹരിക്കുന്നതിന് കമ്പനി അധികൃതരുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരു നടപടിയും ഉണ്ടായിട്ടില്ല.
താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ കൂരിമുണ്ടയിൽ കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് കുഴിയെടുത്ത് ഈ കോഴി മാലിന്യ സംസ്കരണ പ്ലാന്റിൽ നിന്നുള്ള മാലിന്യം കുഴിച്ചു മൂടാനുള്ള കമ്പനി അധികൃതരുടെ നീക്കം നാട്ടുകാർ തടഞ്ഞിരുന്നു.
Tags:
KOZHIKODE