കോഴിക്കോട്:അറവ് മാലിന്യ സംസ്‌കരണ കേന്ദ്രത്തിലെ മലിനജലവും അവശിഷ്ടങ്ങളും സമീപ പഞ്ചായത്തിലേക്ക് ഒഴുക്കിവിട്ടതായി പരാതി.കട്ടിപ്പാറ പഞ്ചായത്തിലെ അമ്പായത്തോട് ഇറച്ചിപ്പാറയില്‍ പ്രവര്‍ത്തിക്കുന്ന അറവുമാലിന്യ സംസ്‌കരണ കേന്ദ്രമായ ഫ്രഷ്‌കട്ടിനെതിരെയാണ് നാട്ടുകാര്‍ പ്രതിഷേധിച്ചത്.
താമരശ്ശേരി പഞ്ചായത്തിലെ ഒരു റബ്ബര്‍ തോട്ടത്തിലേക്ക് മാലിന്യം തള്ളാനുള്ള ശ്രമമാണ് നാട്ടുകാരുടെയും പഞ്ചായത്ത് അധികൃതരുടെയും നേതൃത്വത്തില്‍ തടഞ്ഞത്. മാലിന്യം നിക്ഷേപിക്കാനായി റബ്ബര്‍ തോട്ടത്തില്‍ വലിയ കുഴിയെടുത്തുകൊണ്ടിരുന്ന ജെ.സി.ബി അധികൃതര്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ദുര്‍ഗന്ധം വമിക്കുന്ന മലിനജലം ഫാക്ടറിയോട് ചേര്‍ന്നുള്ള പുഴയുടെ അക്കരെയുള്ള തോട്ടത്തിലേക്ക് തള്ളാനാണ് ശ്രമിച്ചത്. താമരശ്ശേരി പഞ്ചായത്തില്‍ ഉള്‍പ്പെട്ട ഈ പ്രദേശം എളേറ്റില്‍ വട്ടോളി സ്വദേശിയുടേതാണ്. കഴിഞ്ഞ നാല് ദിവസമായി ഇവിടെ ഇത്തരത്തില്‍ മാലിന്യം തള്ളിയതായാണ് അറിയുന്നത്.
തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റ് എ. അരവിന്ദന്‍, സെക്രട്ടറി ഫവാസ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സമീര്‍ തുടങ്ങിയവര്‍ സംഭവ സ്ഥലംസന്ദര്‍ശിക്കുകയായിരുന്നു.പഞ്ചായത്ത് പ്രസിഡന്റ് വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ വേസ്റ്റ് മാനേജ്‌മെന്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡും റവന്യൂ അധികൃതരും പോലീസും സ്ഥലത്തെത്തി. സ്ഥലം ഉടമക്കും ഫ്രഷ് കട്ട് അധികൃതര്‍ക്കുമെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.
Tags:
THAMARASSERY