Trending

റമദാനില്‍ ഒന്നിലധികം ഉംറ അനുവദിക്കില്ലെന്ന് സൗദി അറേബ്യ; ഭക്ഷണം പാഴാക്കരുതെന്നും നിര്‍ദേശം.

റിയാദ്: റമദാന്‍ മാസത്തില്‍ ഒന്നിലധികം ഉംറ ചെയ്യാന്‍ അനുവദിക്കില്ലെന്ന് സൗദി ഹജ്ജ്-ഉംറ മന്ത്രാലയം. ജനത്തിരക്ക് കുറയ്ക്കാനും കൂടുതല്‍ പേര്‍ക്ക് സൗകര്യമൊരുക്കാനുമാണ് ഈ നിയന്ത്രണം.ഉംറ നിര്‍വഹിക്കാനെത്തുന്നവര്‍ക്ക് സൗകര്യമൊരുക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. ഉംറ ചെയ്യാനായി മതാഫിലേക്ക് പ്രവേശിക്കുന്നതിന് നുസുക് ആപ്ലിക്കേഷനില്‍ അപ്പോയിന്റ്‌മെന്റ് എടുക്കേണ്ടതുണ്ട്. ഇപ്രകാരം രണ്ടാം തവണ ഉംറ ചെയ്യാന്‍ അപേക്ഷ നല്‍കുമ്പോള്‍ നിരസിക്കും.

റമദാനില്‍ ആവര്‍ത്തിച്ച് ഉംറ ചെയ്യാന്‍ അനുവാദമില്ലെന്ന മറുപടിയാണ് അപ്പോയിന്റ്‌മെന്റിന് ശ്രമിക്കുമ്പോള്‍ ലഭിക്കുന്നത്. ആവര്‍ത്തിച്ചുള്ള ഉംറ തീര്‍ത്ഥാടനം നിരുല്‍സാഹപ്പെടുത്തേണ്ടതാണെന്ന് സൗദി മതപണ്ഡിതര്‍ ഇടയ്ക്കിടെ ഓര്‍മപ്പെടുത്താറുണ്ട്.

റമദാനില്‍ ഭക്ഷണം പാഴാക്കരുതെന്ന് പരിസ്ഥിതി മന്ത്രാലയം രാജ്യത്തെ നിവാസികളോട് അഭ്യര്‍ഥിച്ചു. ഭക്ഷണം നോമ്പ് കാലങ്ങളില്‍ പാഴാക്കുന്നത് വര്‍ധിച്ചതിനെ തുടര്‍ന്നാണിത്. മാംസമടക്കമുള്ള ഭക്ഷണമാലിന്യങ്ങള്‍ വലിയ അളവിലാണ് മാലിന്യവീപ്പകളില്‍ എത്തിച്ചേരുന്നത്. മണ്ണിലേക്ക് സംസ്‌കരിക്കുന്ന ഈ മാലിന്യം കാര്‍ഷിക മേഖലയ്ക്ക് വെല്ലുവിളികള്‍ സൃഷ്ടിക്കുന്നതാണെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു.

പാഴാക്കി കളയാത്ത വിധം ഇഫ്താര്‍ വിഭവങ്ങള്‍ യുക്തിപൂര്‍വം തയ്യാറാക്കുകയും വിളമ്പുകയും ചെയ്യുന്നതിലൂടെ അധിക ഭക്ഷണമാലിന്യങ്ങളുടെ തോത് കുറയ്ക്കാന്‍ സാധിക്കും. രാജ്യത്താകമാനം ഒരാള്‍ വര്‍ഷത്തില്‍ ശരാശരി 184 കിലോഗ്രാമില്‍ കൂടുതല്‍ ഭക്ഷണം പാഴാക്കുന്നുവെന്നാണ് കണക്ക്. ഇങ്ങനെ 40 ലക്ഷം ടണ്‍ ഒരു വര്‍ഷത്തില്‍ പാഴാകുന്നുണ്ട്. ആകെ ആവശ്യമായ ഭക്ഷണത്തിന്റെ 18.9 ശതമാനമാണ് ഇങ്ങനെ നഷ്ടമാവുന്നത്.

രാജ്യത്ത് ഓരോ വര്‍ഷവും 4,44,000 ടണ്‍ കോഴിയിറച്ചിയും 22,000 ടണ്‍ ആട്ടിറച്ചിയും 13,000 ടണ്‍ ഒട്ടകമാംസവും 69,000 ടണ്‍ മത്സ്യവും 41,000 ടണ്‍ മറ്റ് ഇനം മാംസങ്ങളും പാഴാകുന്നുവെന്നാണ് മന്ത്രാലയത്തിന്റെ കണക്കുകള്‍. അമിത അളവില്‍ ഭക്ഷണം വിളമ്പി പാഴാക്കാതെയിരിക്കുകയും മിച്ചം വരുന്ന ഭക്ഷണം പിന്നീടുള്ള ഉപയോഗത്തിന് കരുതിവയ്ക്കുകയോ ദാനം ചെയ്യുകയോ വേണമെന്ന് മന്ത്രാലയം അഭ്യര്‍ഥിച്ചു.
Previous Post Next Post
3/TECH/col-right