Trending

കേരളം വൈദ്യുതി പ്രതിസന്ധിയിലേക്ക്; ഉന്നതതലയോഗം വിളിച്ച് മുഖ്യമന്ത്രി

കൊച്ചി: കേരളം ചുട്ട് പൊള്ളുമ്പോൾ വൈദ്യുതിയുടെ ഉപയോഗവും കൂടുകയാണ്. ഈ സാഹചര്യത്തിൽ കേരളത്തിലെ ദിവസേനയുള്ള വൈദ്യുതി ഉപഭോഗം 10 കോടി യൂണിറ്റ് പിന്നിട്ടു. തിങ്കളാഴ്ച 10.02 കോടി യൂണിറ്റാണ് വേണ്ടിവന്നത്. മാര്‍ച്ചില്‍ത്തന്നെ ഇത്രയധികം വൈദ്യുതി വേണ്ടിവരുന്നത് ചരിത്രത്തിലാദ്യം ആണ്. വൈദ്യുതി പ്രതിസന്ധി ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ നാളെ യോഗം ചേരും. മന്ത്രി കെ ക‍ൃഷ്ണൻകുട്ടിയുടെ ആവശ്യപ്രകാരമാണ് യോ​ഗം ചേരുന്നത്.

ദീർഘകാല കരാറുകൾ പുനഃസ്ഥാപിച്ചിട്ട് മൂന്നു കമ്പനികൾ വൈദ്യുതി നൽകാൻ തയാറായിട്ടില്ല. ഇതിലൂടെ ഒരോദിവസം 465 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുന്നു. കൂടുതൽ വിലയ്ക്ക് വൈദ്യുതി വാങ്ങി വിതരണം ചെയ്യാൻ പറ്റാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് കെഎസ്ഇബി നിൽക്കുന്നത്. അതുകൊണ്ട് തന്നെ കെഎസ്ഇബി കമ്പനികളുമായി പലതവണ ചർച്ച നടത്തിയിരുന്നു. എന്നാൽ അപ്പോഴും വൈദ്യുതി നൽകുന്നതിന് കമ്പനി തയാറായിട്ടില്ല. ഇക്കാര്യത്തിൽ ഇടപെടണമെന്നാണ് വൈദ്യുതി മന്ത്രി മുഖ്യമന്ത്രിക്ക് അയച്ച കത്തിൽ പ്രധാനമായും പറയുന്നത്.

വേനൽ കടുത്തതോടെ ഒരോ ദിവസവും പീക്ക് ടൈമിൽ അയ്യായിരത്തിലധികം മെഗാവാട്ട് വൈദ്യുതിയാണ് കേരളത്തിൽ ആവശ്യമുള്ളത്. കഴിഞ്ഞ ദിവസം 5031 മെഗാവാട്ട് എന്ന സർവകാല റെക്കോർഡിലുമെത്തി. 1600 മെഗാവാട്ടാണ് കേരളത്തിനുള്ള കേന്ദ്ര വിഹിതം, വൈദ്യുത കരാറുകളിലൂടെ 1200 മെഗാവാട്ട്, ജലവൈദ്യുത പദ്ധതികളിലെ ഉത്പാദനം 1600 മെഗാവാട്ട്, അങ്ങനെ ആകെ മൊത്തം 4400 മെഗാവാട്ട്. ഇത് കഴിഞ്ഞ് ഉപയോഗിക്കുന്ന വൈദ്യുതി വലിയ തുകയ്ക്കാണ് ബോർഡ് വാങ്ങുന്നത്.
Previous Post Next Post
3/TECH/col-right