Trending

സൗദിയിൽ മൂന്നുവർഷ പ്രവേശന വിലക്ക് നീക്കി; ജവാസാത്തിന്റെ വിശദീകരണം.

ജിദ്ദ: റീ-എന്‍ട്രി വിസാ കാലാവധി തീര്‍ന്ന വിദേശികള്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ വീണ്ടും ഏതു സമയവും സൗദിയില്‍ പ്രവേശിക്കാവുന്നതാണെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇത്തരക്കാര്‍ക്ക് പഴയ അതേ തൊഴിലുടമയുടെ അടുത്തേക്കോ പുതിയ തൊഴിലുടമക്ക് കീഴില്‍ ജോലി ചെയ്യാനോ പുതിയ വിസയില്‍ രാജ്യത്ത് പ്രവേശിക്കാവുന്നതാണെന്ന് ജവാസാത്ത് വ്യക്തമാക്കി.

റീ-എന്‍ട്രിയില്‍ സൗദി അറേബ്യയില്‍ നിന്ന് പുറത്തുപോയി വിസാ കാലാവധിക്കുള്ളില്‍ രാജ്യത്ത് തിരികെ പ്രവേശിക്കാന്‍ സാധിക്കാത്ത വിദേശ തൊഴിലാളികള്‍ക്ക് ഇതുവരെ മൂന്നു വര്‍ഷത്തെ പ്രവേശന വിലക്കുണ്ടായിരുന്നു. ഇനി മുതല്‍ വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാത്തവര്‍ക്ക് പുതിയ തൊഴില്‍ വിസയില്‍ ആഗ്രഹിക്കുന്ന ഏതു സമയത്തും സൗദിയില്‍ വീണ്ടും പ്രവേശിക്കാന്‍ സാധിക്കും. ഇതിന് മൂന്നു വര്‍ഷം കാത്തിരിക്കേണ്ട ആവശ്യമില്ല. റീ-എന്‍ട്രി കാലാവധിക്കുള്ളില്‍ തിരിച്ചെത്താത്തവര്‍ക്കുള്ള പ്രവേശന വിലക്ക് റദ്ദാക്കുകയാണ് ജവാസാത്ത് ചെയ്തിരിക്കുന്നത്. ഇത് ചൊവ്വാഴ്ച മുതല്‍ പ്രാബല്യത്തില്‍വന്നു.

റീ-എന്‍ട്രി വിസാ കാലാവധി തീരുന്നതിനു മുമ്പ് രാജ്യത്ത് തിരിച്ചെത്താത്തവര്‍ക്കുള്ള മൂന്നു വര്‍ഷ പ്രവേശന വിലക്ക് റദ്ദാക്കിയ കാര്യം വിവിധ പ്രവിശ്യകളിലെയും എയര്‍പോര്‍ട്ടുകളിലെയും തുറമുഖങ്ങളിലെയും കരാതിര്‍ത്തി പോസ്റ്റുകളിലെയും ജവാസാത്ത് ഡിപ്പാര്‍ട്ട്‌മെന്റുകളെയും ജവാസാത്ത് ശാഖകളെയും വിമാന കമ്പനികളെയും മറ്റു ബന്ധപ്പെട്ട വകുപ്പുകളെയും ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചിട്ടുണ്ട്. വ്യവസായികള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റീ-എന്‍ട്രി കാലാവധിയില്‍ തിരിച്ചുവരാത്തവര്‍ക്ക് നേരത്തെ ജവാസാത്ത് മൂന്നു വര്‍ഷത്തേക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തിയിരുന്നത്. റീ-എന്‍ട്രി കാലാവധിയില്‍ തൊഴിലാളികള്‍ തിരിച്ചുവരാത്തത് സ്വകാര്യ കമ്പനികള്‍ക്കും സ്ഥാപനങ്ങള്‍ക്കും പലവിധ കഷ്ടനഷ്ടങ്ങള്‍ക്കും ഇടയാക്കിയിരുന്നു. ഇക്കാര്യം കണക്കിലെടുത്താണ് ഇത്തരക്കാര്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തണമെന്ന് വ്യവസായികള്‍ നേരത്തെ ആവശ്യപ്പെട്ടത്.

റീ-എന്‍ട്രിയില്‍ വിദേശത്തേക്ക് പോയ ശേഷം വിസാ കാലാവധിക്കുള്ളില്‍ തിരിച്ചുവരാന്‍ കഴിയാത്ത വിദേശ തൊഴിലാളികളുടെ റീ-എന്‍ട്രി വിസ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിറിലെ തവാസുല്‍ സേവനം വഴി ദീര്‍ഘിപ്പിക്കാന്‍ സാധിക്കും. ഇതിന് വിദേശിയുടെ ഇഖാമയില്‍ കാലാവധിയുണ്ടായിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. റീ-എന്‍ട്രി വിസ നല്‍കാന്‍ വിദേശികളുടെ പാസ്‌പോര്‍ട്ടുകളില്‍ 90 ദിവസത്തില്‍ കുറയാത്ത കാലാവധിയുണ്ടായിരിക്കണമെന്നും വ്യവസ്ഥയുണ്ടെന്ന് ജവാസാത്ത് വ്യക്തമാക്കി.

എന്നാൽ പുതിയ ചില നിബന്ധനകളുടെ അടിസ്ഥാനത്തിലാണ് പ്രവേശന വിലക്ക് ഒഴിവാക്കാൻ ഇപ്പോൾ
തീരുമാനമെടുത്തിരിക്കുന്നതെന്നും അൽവത്വൻ പത്രവാർത്തയിൽ പറയുന്നു.

പ്രവേശന വിലക്ക് നീക്കുന്നതിനുള്ള നിബന്ധനകൾ:

1. സ്വന്തം പേരിൽ ട്രാഫിക് നിയമലംഘന പിഴകളുണ്ടെങ്കിൽ ഒടുക്കണം

2. പഴയ വിസ റദ്ദാക്കാഞ്ഞത് മൂലമുള്ള പിഴ ഉണ്ടാവാൻ പാടില്ല

3. നിലവിൽ സാധുവായ വിസ ഉണ്ടാവാൻ പാടില്ല

4. പുതിയ വിസയുടെ സ്പോൺസർ സൗദിയിലുണ്ടാവണം

5. പാസ്പോർട്ടിന് 90 ദിവസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം

6. വിലയടയാളം സൗദിയിൽ നേരത്തെ രേഖപ്പെടുത്തയ ആളായിരിക്കണം

7. റീഎൻട്രിയിൽ പോയി മടങ്ങാത്ത ആശ്രിത വിസക്കാരുണ്ടെങ്കിൽ അവരും ഒപ്പം വരണം
Previous Post Next Post
3/TECH/col-right