Trending

ഒട്ടക കല്യാണം; നവവരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ.

കണ്ണൂർ:വിവാഹ ഘോഷയാത്രക്കിടെ കണ്ണൂർ വാരത്ത് ആഭാസ പ്രവൃത്തികൾ നടത്തിയ സംഭവത്തിൽ നവവരൻ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. വളപട്ടണം മന്നയിലെ  മുഹമ്മദ് റിസ്വാൻ (26), സുഹൃത്തുക്കളായ  ഫയാസ് (32), ഇല്ല്യാസ് (31) എന്നിവരെയാണ് ചക്കരക്കൽ സി.ഐ ശ്രീജിത്ത് കൊടേരി അറസ്റ്റ് ചെയ്തത്. ഇവരുൾപ്പെടെ 25 പേർക്കെതിരെ പോലീസ് കേസ് എടുത്തിരുന്നു. കഴിഞ്ഞ ദിവസമാണ്  സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ഏറെ ചർച്ച ചെയ്യപ്പെട്ട വിവാഹ ആഭാസം അരങ്ങേറിയത്.


അലങ്കരിച്ച ഒട്ടകപ്പുറത്ത് നിക്കാഹിന്റെ പിറ്റേന്ന് വരനും കൂട്ടരും വന്ന വഴി മുഴുവൻ ആഭാസത്തരങ്ങൾ നടന്നുവെന്നായിരുന്നു ആരോപണം. ഫ്രീക്കൻമാരും കാതടപ്പിക്കുന്ന ബാന്റ് വാദ്യവുമായിട്ടായിരുന്നു വരന്റെ എഴുന്നള്ളത്ത്. ഇതിനിടെ കണ്ണൂർ  എയർപോർട്ട് റോഡ് ഗതാഗതം തടസ്സപ്പെടുകയും നാട്ടുകാരും  പോലീസും ഇടപെടുകയും ചെയ്തിരുന്നു. നിയമവിരുദ്ധമായി
പൊതുനിരത്തിൽ വാഹനങ്ങൾക്കുംവഴിയാത്രക്കാർക്കുംമാർഗതടസ്സമുണ്ടാക്കിയെന്നതിനാണ് പോലീസ് സ്വമേധയാ കേസെടുത്തത്.

അതിനിടെ, വിവാഹങ്ങളുടെ മറവിൽ കണ്ണൂർ ജില്ലയിൽ നടക്കുന്ന ആർഭാടങ്ങളും തോന്ന്യാസങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും തടയാൻ പോലീസ് നടപടി ശക്തമാക്കി. ഇനി ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ വരനെ അറസ്റ്റ് ചെയ്യുന്നതുൾപ്പെടെയുള്ള നടപടിയും വലിയ പിഴയുമുണ്ടാവും. വരനു പുറമെ മഹല്ല് കമ്മിറ്റി പ്രസിഡൻ്റ്, സെക്രട്ടറി, ഖത്തീബ്, എന്നിവർക്കെതിരെയും കേസ് ഉണ്ടാവും. അന്വേഷണത്തിൽ ഇവർ കുറ്റക്കാർ അല്ലെന്നു തെളിഞ്ഞാൽ ഇവരെ സാക്ഷികളാക്കും. ഇനി ഇത്തരം വിവാഹങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ പോലീസിനു പുറമെ ആദായ നികുതി വകുപ്പും രംഗത്ത് വരും. ആർഭാട വിവാഹ ചെലവ് സംബന്ധിച്ചു മുഴുവൻ ചെലവ് കണക്കുകളും ഇവർക്കു നൽകേണ്ടി വരും.

മുസ്ല‌ിം കല്യാണങ്ങളിലാണ് കൂടുതലായി ഇത്തരം സാമൂഹ്യ വിരുദ്ധ പ്രവൃത്തികൾ നടക്കുന്നതെന്നാണ് പോലീസ് വിലയിരുത്തുന്നത്. നേരത്തെ മത പുരോഹിതരും മഹല്ല് കമ്മിറ്റി ഭാരവാഹികളും ഉൾപ്പെടെയുള്ളവർ ഇടപെട്ട് ഇത്തരം പ്രവൃത്തികൾ തടഞ്ഞിരുന്നു. എന്നാൽ ഈ പ്രവണത വീണ്ടും തലപൊക്കുന്നുവെന്നാണ് പോലീസ് വിലയിരുത്തുന്നത്.

Previous Post Next Post
3/TECH/col-right