കോഴിക്കോട്: ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ കോഴിക്കോട് ബീച്ചിലെയും പരിസര പ്രദേശങ്ങളിലെയും ‘നൈറ്റ് ലൈഫ്’ ചർച്ചയാകുന്നു. സാമൂഹികവിരുദ്ധ ശല്യം രൂക്ഷമാകുന്നതിനാൽ നൈറ്റ് ലൈഫിനു ചില നിയന്ത്രണങ്ങൾ വേണമെന്ന ആവശ്യവുമായി നാട്ടുകാർ രംഗത്തെത്തി.
അതേസമയം ഐടി മേഖല അടക്കമുള്ള പുതുതലമുറ തൊഴിൽ മേഖലകൾക്ക് സമയനിയന്ത്രണം ബാധകമല്ല എന്നിരിക്കെ നൈറ്റ് ലൈഫ് നിരോധിക്കരുതെന്നു യുവാക്കളും ചൂണ്ടിക്കാട്ടുന്നു. ശുചീകരണം അടക്കം പ്രതിസന്ധിയിലായ സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നു കോർപറേഷൻ അധികൃതരും പറയുന്നു.
ബീച്ചിൽ വെളിച്ചവും സുരക്ഷാ സംവിധാനങ്ങളും ഇല്ലാത്ത ഭാഗങ്ങളിൽ കൃത്യമായ നിയന്ത്രണം അനിവാര്യമാണെന്നാണു പൊലീസ് സ്പെഷൽ ബ്രാഞ്ച് റിപ്പോർട്ട്. ഓപ്പൺ സ്റ്റേജ് മുതൽ മുഖദാർ ബീച്ച് വരെയുള്ള ഭാഗങ്ങളിൽ വെളിച്ചവും സുരക്ഷയുമുണ്ടെങ്കിലും ഭട്ട് റോഡ്, കോതി, കോന്നാട് ബീച്ച് എന്നിവിടങ്ങളിൽ വെളിച്ചക്കുറവും കാടുപിടിച്ച സാഹചര്യവുമാണ്.
ഈ ഭാഗങ്ങളിൽ രാത്രി 11.30ന് സന്ദർശകരെ നിയന്ത്രിച്ച് വെളിച്ചമുള്ള ഭാഗങ്ങളിലേക്ക് മാറ്റണമെന്നും നിർദേശമുണ്ട്. നിയന്ത്രണം ആവശ്യപ്പെട്ട് സർവകക്ഷി കൂട്ടായ്മയായ തെക്കേപ്പുറം ജാഗ്രതാ സമിതിയും പ്രദേശവാസികളും രംഗത്തെത്തി. രാത്രി 10നും രാവിലെ 6നും ഇടയിൽ ബീച്ചിലും കുറ്റിച്ചിറ പൈതൃക പദ്ധതി പ്രദേശത്തും സന്ദർശകരെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് ഇവർ കലക്ടർക്കും സിറ്റി പൊലീസ് കമ്മിഷണർക്കും നിവേദനം നൽകി.
🔺നൈറ്റ് ലൈഫ് പൂർണമായി തടയണമെന്ന് കോർപറേഷൻ ആഗ്രഹിക്കുന്നില്ല. എന്നാൽ, പുലർച്ചെ വരെ ആളുകൾ തങ്ങുന്നത് ബീച്ച് ശുചീകരിക്കുന്നതിന് ഉൾപ്പെടെ തടസ്സമുണ്ടാക്കുന്നുണ്ട്. നൈറ്റ് ലൈഫിൽ കൃത്യമായ ഒരു ക്രമീകരണം കൊണ്ടുവരേണ്ടതുണ്ട്. കലക്ടറുമായും പൊലീസ് കമ്മിഷണറുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കും. എസ്.ജയശ്രീ (ഡപ്യൂട്ടി മേയർ)
🔺നൈറ്റ് ലൈഫിന്റെ മറവിൽ സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം വർധിച്ചു വരികയാണ്. കുറ്റിച്ചിറ പ്രദേശത്ത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തിൽ അതിർവരമ്പുകൾ ലംഘിക്കുന്നു. രാത്രി 10നും രാവിലെ 6നും ഇടയിൽ സന്ദർശകരെ നിയന്ത്രിക്കുകയും സിസിടിവി ക്യാമറകൾ സ്ഥാപിക്കുകയും വേണം.- കെ.മൊയ്തീൻകോയ (ചെയർമാൻ, തെക്കേപ്പുറം ജാഗ്രതാ സമിതി)
Tags:
KOZHIKODE