നരിക്കുനി: ബസ് സ്റ്റാൻഡ് നവീകരണ പ്രവൃത്തികളിലെ മെല്ലെപ്പോക്ക് യാത്രക്കാരെയും വ്യാപാരികളെയും ഒരുപോലെ വലയ്ക്കുന്നു. നൂറോളം ബസുകൾ വന്നുപോകുന്ന തിരക്കേറിയ സ്റ്റാൻഡിൽ, മാസങ്ങളായി ഇഴഞ്ഞുനീങ്ങുന്ന നിർമ്മാണ പ്രവർത്തനങ്ങൾ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്.
എം.എൽ.എ ഫണ്ടിൽ നിന്നും അനുവദിച്ച 50 ലക്ഷം രൂപ വിനിയോഗിച്ചാണ് നവീകരണ പ്രവൃത്തികൾ നടക്കുന്നത്. എന്നാൽ, നിർമ്മാണം തുടങ്ങി അഞ്ച് മാസം പിന്നിട്ടിട്ടും മേൽക്കൂരയുടെ പണി മാത്രമാണ് പൂർത്തിയായത്. മഴ നനയാതെ ബസിൽ കയറാനും ഇറങ്ങാനും സാധിക്കുന്നുണ്ടെങ്കിലും, യാത്രക്കാർക്ക് വിശ്രമിക്കാൻ ആവശ്യമായ ഇരിപ്പിടങ്ങൾ സ്റ്റാൻഡിലില്ല. പുതിയ ഇരിപ്പിടങ്ങളുടെ നിർമ്മാണവും ഇതുവരെ ആരംഭിച്ചിട്ടില്ല.
സ്റ്റാൻഡിനുള്ളിൽ നിരന്തരം നടക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ വ്യാപാരികളുടെ ഉപജീവനത്തെ സാരമായി ബാധിക്കുന്നുണ്ട്. പുറത്തുനിന്ന് ചെയ്ത് കൊണ്ടുവരാവുന്ന വെൽഡിങ് ജോലികൾ പോലും സ്റ്റാൻഡിനകത്തുവെച്ച് നടത്തുന്നതിനാൽ പലപ്പോഴും കടകൾ അടച്ചിടേണ്ട അവസ്ഥയാണ്. നവീകരണവുമായി സഹകരിക്കുന്നതിനായി സെപ്റ്റംബറിൽ മാത്രം രണ്ടാഴ്ചയോളം വ്യാപാരികൾ കടകൾ അടച്ചിട്ടിരുന്നു. എന്നാൽ, പണികൾ അനന്തമായി നീണ്ടുപോകുന്നത് കച്ചവടക്കാരെ കടുത്ത ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
അവധി ദിവസങ്ങളിലോ രാത്രികാലങ്ങളിലോ ചെയ്യാവുന്ന ജോലികൾ പോലും തിരക്കേറിയ പകൽ സമയത്താണ് നടത്തുന്നതെന്ന് നാട്ടുകാർ ആരോപിക്കുന്നു. . നിലവിൽ വരാന്തയിൽ ടൈൽ പതിക്കുന്ന പ്രവൃത്തികളാണ് നടക്കുന്നത്. ഇതിനുപുറമെ പെയിന്റിങ്, കവാട നിർമ്മാണം, സമീപത്തെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ബേ എന്നിവയും പദ്ധതിയിലുണ്ട്.
ബസ് സ്റ്റാൻ്റിലെ നവീകരണ പ്രവർത്തികൾ ഉടൻ പൂർത്തിയാക്കണമെന്നും, കച്ചവടക്കാരെ പട്ടിണിയിൽ നിന്ന് സംരക്ഷിക്കണമെന്നും , സ്റ്റാൻഡിൽ ടാറിളകി രൂപപ്പെട്ട കുഴികൾ അടിയന്തരമായി നികത്തണമെന്നും, പ്രദേശത്ത് നിർത്തലാക്കിയ കെ.എസ്.ആർ.ടി.സി ബസ് സർവീസുകൾ പുനഃസ്ഥാപിക്കണമെന്നും വ്യാപാരി വ്യവസായ സമിതി നരിക്കുനി യൂനിറ്റ് കൺവൻഷൻ ആവശ്യപ്പെട്ടു.
കൺവെൻഷൻ സിദ്ധീഖ് കടന്നലോട്ട് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് പാലങ്ങാട് അൻവർ സാദിഖ് (ബ്യൂട്ടി) അദ്ധ്യക്ഷനായിരുന്നു. ലാല ഷരീഫ് , മുഹമ്മദ് ഷഫീഖ്, ഷരീഫ് തുടങ്ങിയവർ സംസാരിച്ചു.
Tags:
NARIKKUNI