ദുബായ്: ലോകത്തിലെ ഏറ്റവും വലിയ വായനാ മത്സരങ്ങളിലൊന്നായ
അറബ് റീഡിങ് ചാലഞ്ചിൽ
ഇന്ത്യയ്ക്ക് ചരിത്രനേട്ടം. അറബി മാതൃഭാഷയല്ലാത്ത രാജ്യങ്ങളുടെ വിഭാഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച മഅദിൻ അക്കാദമി വിദ്യാർഥിയും എളേറ്റിൽ വട്ടോളി സ്വദേശിയായ കരിമ്പാരക്കുണ്ടം മുഹമ്മദ് ഷഹൻഷാ ലോകതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ദുബായ് ഭരണാധികാരി ശൈഖ് മു
ഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച റീഡിങ് ചാലഞ്ചിലാണ് സ്വപ്നനേട്ടം. ദുബായ് വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീര മായ ചടങ്ങിലാണ് പുരസ്കാര പ്രഖ്യാപനം. സമ്മാനത്തുകയായി 8 ലക്ഷം രൂപ ഷഹൻഷായ്ക്ക് ലഭിക്കും.
60 രാജ്യങ്ങളിൽ നിന്നായി 1,38,426 വിദ്യാലയങ്ങളിലെ നാലു കോടിയിലധികം വിദ്യാർഥികൾ മാറ്റുരച്ച മത്സരത്തിലാണു ചരിത്രനേട്ടം. 25 കോടിരൂപയുടെ പുരസ്കാരങ്ങൾ നൽകപ്പെടുന്ന മത്സരത്തിലേക്ക് ദേശീയതലത്തിലെ പ്രാഥമിക മത്സരങ്ങളിൽ മികച്ച പ്രകടനം
കാഴ്ചവെച്ചാണ് യോഗ്യത നേടുന്നത്.
നൂറുകണക്കിന് അറബിക്
ഗ്രന്ഥങ്ങൾ വായിച്ച് അവയുടെ
ആശയങ്ങളും ഉള്ളടക്കവും ആഴത്തിൽ വിശകലനം ചെയ്ത് രാജ്യാന്തര ജൂറിയുടെ മുന്നിൽ അവതരിപ്പിച്ച മികവാണ് ഷഹൻഷായെ പുരസ്കാരത്തിന് അർഹനാക്കിയത്.
മത്സരത്തിൽ ന്യൂസീലൻഡിനെ പ്രതിനിധീകരിച്ച സുഹൈബ് മജ്ദ് മുഹമ്മദ് ഒന്നാം സ്ഥാനവും, മലേഷ്യയിൽ നിന്നുള്ള ഹാല ഉസാമ രണ്ടാം സ്ഥാനവും നേടി. ആഗോളതലത്തിൽ അഭിമാന
നേട്ടം കൈവരിച്ച ഷഹൻഷായെ
മഅദിൻ അക്കാദമി ചെയർമാൻ
സയ്യിദ് ഇബ്രാഹീമുൽ ഖലീൽ
അൽ ബുഖാരി അഭിനന്ദിച്ചു. രാജ്യാന്തര നേട്ടം കൈവരിച്ച് തിരിച്ചെത്തുന്ന ഷഹൻഷായ്ക്കും സംഘത്തിനും കരിപ്പൂർ
വിമാനത്താവളത്തിൽ സ്വീകരണമൊരുക്കും.
എളേറ്റിൽ വട്ടോളി കരിമ്പാരകുണ്ടം
നടമുറിക്കൽ സിദ്ധീഖ് - ഷമീമ ദമ്പതികളുടെ മകനാണ് ഷഹൻഷാ. ആദിൽഷാൻ,
മിർഷ എന്നിവർ സഹോദരങ്ങളാണ്.