ന്യൂഡല്‍ഹി: രാജ്യത്തെ പൗരന്മാര്‍ക്ക് റിപ്പബ്ലിക് ദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുര്‍മു. എഴുപത്തിയഞ്ചാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. രാജ്യം പുരോഗതിയുടെ പാതയിലാണ്. നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണിതെന്നും രാഷ്ട്രപതി സന്ദേശത്തിലൂടെ അറിയിച്ചു. പ്രതികൂല സാഹചര്യങ്ങളിലൂടെ രാജ്യം മുന്നേറി. രാജ്യത്തിനിത് അഭിമാന നിമിഷം. ഇന്ത്യയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ പ്രതിഞ്ജയെടുക്കാം. എല്ലാവരും അടിസ്ഥാന കടമകള്‍ നിര്‍വഹിക്കണം എന്നും രാഷ്ട്രപതി പറഞ്ഞു.
അയോധ്യയെക്കുറിച്ചും ദ്രൗപതി മുര്‍മു റിപ്പബ്ലിക് ദിന സന്ദേശത്തില്‍ സൂചിപ്പിച്ചു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിന് രാജ്യം സാക്ഷിയായി. ഇത് ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഏടായി ചരിത്രകാരന്മാര്‍ വിലയിരുത്തും. ജുഡീഷ്യറിയിലുള്ള വിശ്വാസത്തിന്റെ സാക്ഷ്യപത്രമാകും രാമക്ഷേത്രമെന്നായിരുന്നു പ്രതികരണം.
കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും മുര്‍മു സന്ദേശത്തില്‍ പ്രത്യേകം പരാമര്‍ശിച്ചു. വനിതാ സംവരണ ബില്‍ വനിതാ ശാക്തീകരണത്തില്‍ മികച്ച വാല്‍വെയ്പ്പായി. ചന്ദ്രയാന്‍ ദൗത്യവും അഭിമാനനേട്ടമായി. ഇത് യുവാക്കളില്‍ ശാസ്ത്രീയ അഭിരുചി വളര്‍ത്തി. രാജ്യം അന്താരാഷ്ട്ര ശക്തിയായി വളരുകയാണെന്നും രാഷ്ട്രപതി അഭിപ്രായപ്പെട്ടു.
Tags:
INDIA