രാജ്യത്ത് ഹജ്ജ് തീർഥാടകരെ തിരഞ്ഞെടുക്കുന്നതിനുള്ള നറുക്കെടുപ്പ് ജനുവരി മൂന്നാം വാരം നടക്കും. ആദ്യ ഹജ്ജ് വിമാനം മേയ് ഒൻപതിനാകും പുറപ്പെടുക. അവസാന ഹജ്ജ് വിമാനം ജൂൺ 10-ന് പുറപ്പെടും. ജൂൺ 14 മുതൽ 19 വരെയാണ് ഹജ്ജ് കർമങ്ങൾ നടക്കുക. ജൂൺ 20 മുതൽ ജൂലായ് 21 വരെയാണ് തീർഥാടകരുടെ മടക്കയാത്ര നിശ്ചയിച്ചിരിക്കുന്നത്.
ഹജ്ജിന്റെ വിവിധ നടപടികൾ സമയ ബന്ധിതമായി ഉൾക്കൊള്ളിച്ചുള്ള കർമ പദ്ധതി കേന്ദ്ര ഹജ്ജ് കമ്മിറ്റി പുറത്തു വിട്ടു. കർമ പദ്ധതി പ്രകാരമാണ് ഹജ്ജ നറുക്കെടുപ്പ് ജനുവരി മൂന്നാം വാരത്തിൽ നിശ്ചയിച്ചത്. നറുക്കെടുപ്പ് കഴിഞ്ഞ് ഒരാഴ്ചക്കുള്ളിൽ ആദ്യ ഗഡു തുക അടയ്ക്കേണ്ടി വരും. പാസ്പോർട്ട് ജനുവരി 30-നുള്ളിൽ നൽകണം. നിലവിൽ ഹജ്ജ് അപേക്ഷ സ്വീകരിക്കുന്നത് പുരോഗമിക്കുകയാണ്. ജനുവരി 15 വരെ അപേക്ഷ സ്വീകരിക്കും. ട്രെയിനർമാരുടെ തിരഞ്ഞെടുപ്പ് ജനുവരി ആദ്യവാരം നടക്കും. ഫെബ്രുവരി ആദ്യം ട്രെയിനർമാർക്ക് പരിശീലനം നൽകും.
ബിൽഡിങ് സെലക്‌ഷൻ കമ്മിറ്റിയുടെ മക്കയിലെയും മദീനയിലെയും കെട്ടിടങ്ങളുടെ ആദ്യഘട്ട പരിശോധന ജനുവരി, ഫെബ്രുവരി മാസങ്ങളിലും രണ്ടാം ഘട്ട പരിശോധന ഫെബ്രുവരി, മാർച്ച് മാസങ്ങളിലുമായി നടക്കും. സൗദിയുമായുള്ള ഹജ്ജ് ഉഭയകക്ഷി കരാർ ജനുവരി എട്ടിനും പതിനൊന്നിനുമിടയിൽ ഒപ്പിടും. വിമാന കമ്പനികളുമായുള്ള കരാർ ഫെബ്രുവരി ആദ്യമായിരിക്കും ഉറപ്പിക്കുക.
കാത്തിരിപ്പ് പട്ടികയിൽ നിന്ന് അവസരം ലഭിക്കുന്നവരുടെ പട്ടിക ഫെബ്രുവരി 15- ന് പ്രസിദ്ധീകരിക്കും.
വിമാന കമ്പനികൾക്ക് സമയ പട്ടിക പ്രസിദ്ധീകരിക്കാനുള്ള സമയ പരിധി മാർച്ച് 20 ആണ്. തീർഥാടകർക്ക് നൽകാനുള്ള പ്രതിരോധ കുത്തിവെപ്പ് മാർച്ച് അവസാനവാരം സംസ്ഥാന ഹജ്ജ് കമ്മിറ്റികൾക്ക് നൽകും.
കുത്തി വെപ്പ് ക്യാമ്പുകൾ ഏപ്രിൽ 15-ന് തുടങ്ങും. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയത്തിൻ്റെ ഹജ്ജ് ആപ്പ് മാർച്ച് 20-ന് പുറത്തിറക്കും. ഖാദിമുൽ ഹുജ്ജാജിമാരെ ഇതേദിവസം തിരഞ്ഞെടുക്കും. ഏപ്രിൽ 16-ന് ഇവർക്ക് പരിശീലനം നൽകും.
Tags:
INDIA