കൊച്ചി: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ (73) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്നു. ആരോഗ്യകാരണങ്ങളാൽ പാർട്ടിയിൽ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം.
ഇടതു കാലിന് നേരത്തെ അപകടത്തിൽ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതൽ മോശമാക്കി. കാലിലുണ്ടായ മുറിവുകൾ കരിയാതിരിക്കുകയും അണുബാധയെ തുടർന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു.
കോട്ടയം ജില്ലയിലെ കാനം എന്ന ഗ്രാമത്തിൽ വി കെ പരമേശ്വരൻ നായരുടെ മകനായി 1950 നവംബർ 10ന് ജനിച്ച രാജേന്ദ്രൻ എഴുപതുകളിൽ വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെയാണ് പൊതുപ്രവർത്തന രംഗത്ത് പ്രവേശിക്കുന്നത്. ഏഴും എട്ടും കേരള നിയമസഭകളിലേക്ക് വാഴൂർ നിയോജകമണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു.
എഐടിയുസി സംസ്ഥാന സെക്രട്ടറി എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എന്നീ ചുമതലകൾ കൈകാര്യം ചെയ്തിട്ടുണ്ട്. 2015 മുതൽ സിപിഐ സംസ്ഥാന സെക്രട്ടറി ആയി. നിലവിൽ സിപിഐ ദേശീയ സെക്രട്ടേറിയേറ്റ് അംഗവുമാണ്.
Tags:
OBITUARY