വടകര: മയക്കുമരുന്ന് കേസിൽ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്ന പ്രതി പൊലീസുകാരന്റെ വിരൽ കടിച്ചു മുറിച്ചു. സിവിൽ പൊലീസ് ഓഫിസറായ ലിനീഷിന്റെ പെരുവിരലാണ് പ്രതി കടിച്ചു പരിക്കേൽപിച്ചത്. വടകര എൻ.ഡി.പി.എസ് കോടതിയിൽ വെച്ചായിരുന്നു സംഭവം.
പ്രതി കോഴിക്കോട് കൊടുവള്ളി എളേറ്റിൽ വട്ടോളി കരിമ്പാപ്പൊയിൽ ഫായിസ് മുഹമ്മദ് (26) ആണ് പൊലീസുകാരനെ കടിച്ചു പരിക്കേൽപിച്ചത്. നടക്കാവ് പൊലീസ് സ്റ്റേഷനിലെ എൻ.ഡി.പി.എസ് കേസിലുൾപ്പെട്ട പ്രതികളായ ജാഫർ സിദ്ദീഖ്, ഫായിസ് മുഹമ്മദ് എന്നിവരെ കോടതിയിൽ ഹാജരാക്കുന്നതിനായി കോഴിക്കോട് സബ്ജയിലിൽനിന്ന് മൂന്നു സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് കോടതിയിലെത്തിയത്.
കോടതിയിലെത്തിയ ഫായിസ് തുടർച്ചയായി ശുചിമുറിയിലേക്കു പോയത് പൊലീസ് വിലക്കിയതോടെ പ്രതി കടിച്ചുപരിക്കേൽപിക്കുകയായിരുന്നു. കൈവിരലിനു പരിക്കേറ്റ പൊലീസുകാരൻ വടകര ജില്ല ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തിൽ പൊലീസിന്റെ കൃത്യ നിർവഹണം തടസ്സപ്പെടുത്തിയതിന് വടകര പൊലീസ് കേസെടുത്തു.
Tags:
KOZHIKODE