തിരുവനന്തപുരം:കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ വിഹിതം സമയബന്ധിതമായി ലഭിക്കാതെ പ്രതിസന്ധിയിലായ സ്കൂള്‍ ഉച്ചഭക്ഷണ പദ്ധതിക്ക് പണം കണ്ടെത്താൻ പൊതുജനങ്ങളില്‍നിന്ന് പിരിവ് നടത്താനുള്ള നിര്‍ദേശവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍.പിരിവിനും പദ്ധതിക്കാവശ്യമായ വിഭവങ്ങള്‍ കണ്ടെത്തുന്നതിനുമായി മുഴുവൻ സ്കൂള്‍തലങ്ങളിലും നവംബര്‍ 30നകം ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപവത്കരിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
കേന്ദ്രവിഹിതം ലഭ്യമാകുന്നതിന് കാലതാമസം നേരിടുന്നതിനാല്‍ പദ്ധതി തടസ്സം കൂടാതെ, മുന്നോട്ട് കൊണ്ടുപോകാനാണ് സമിതി രൂപവത്കരിക്കുന്നതെന്നാണ് സര്‍ക്കുലറില്‍ പറയുന്നത്. എന്നാല്‍, പദ്ധതിയില്‍നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ നീക്കത്തിന്‍റെ ഭാഗമാണ് സര്‍ക്കുലറെന്ന് ആക്ഷേപം ഉയര്‍ന്നു.
വാര്‍ഡ് മെമ്പർ / കൗണ്‍സിലര്‍ രക്ഷാധികാരിയായി രൂപവത്കരിക്കുന്ന ഉച്ചഭക്ഷണ സംരക്ഷണ സമിതിയുടെ കണ്‍വീനര്‍ പ്രഥമാധ്യാപകൻ ആയിരിക്കും. പി.ടി.എ പ്രസിഡന്‍റ്, സീനിയര്‍ അധ്യാപകൻ, സ്കൂള്‍ മാനേജ്മെന്‍റ് കമ്മിറ്റി ചെയര്‍മാൻ, മദര്‍ പി.ടി.എ പ്രസിഡന്‍റ്, സ്കൂള്‍ മാനേജര്‍/ മാനേജറുടെ പ്രതിനിധി, പൂര്‍വ വിദ്യാര്‍ഥി സംഘടന പ്രതിനിധി എന്നിവര്‍ അംഗങ്ങളും. പദ്ധതിക്കു ഫണ്ട് ലഭിക്കുന്നതില്‍ തടസ്സമുണ്ടായാല്‍ മുന്നോട്ടുകൊണ്ടുപോകാനും പിന്തുണ ഉറപ്പാക്കാനുമുള്ള ചുമതല സമിതിക്കായിരിക്കും.
പ്രാദേശിക തലത്തില്‍ അധിക വിഭവ സമാഹരണം നടത്തി പദ്ധതി മെച്ചപ്പെടുത്താനുള്ള ചുമതലയുമുണ്ടായിരിക്കും. രക്ഷാകര്‍ത്താക്കള്‍, പൂര്‍വ വിദ്യാര്‍ഥികള്‍, പൗരപ്രമുഖര്‍ എന്നിവരില്‍നിന്ന് പലിശരഹിത സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കാനുള്ള സാധ്യത ചര്‍ച്ച ചെയ്തു നടപടിയെടുക്കാം. ഇങ്ങനെ സ്വീകരിക്കുന്ന സഹായം ഫണ്ട് ലഭ്യമാകുന്ന മുറക്ക് തിരികെ നല്‍കണം. രക്ഷാകര്‍തൃ, പൊതുസമൂഹത്തിന്‍റെ പിന്തുണയോടെയും സി.എസ്.ആര്‍ ഫണ്ടുകള്‍ പ്രയോജനപ്പെടുത്തിയും പ്രഭാത ഭക്ഷണ പദ്ധതിയും നടപ്പാക്കാം.
സ്കൂള്‍ ഉച്ച ഭക്ഷണ പദ്ധതിയുടെ സാമ്പത്തിക ചുമതല അധ്യാപകരുടെ ചുമലില്‍ വരരുതെന്ന ഹൈകോടതി ഉത്തരവിന്റെ ലംഘനമാണ് സര്‍ക്കുലറെന്ന് സേവ് എജുക്കേഷൻ കമ്മിറ്റി കുറ്റപ്പെടുത്തി. ഉച്ചഭക്ഷണ ചുമതല പൂര്‍ണമായി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും കേന്ദ്ര വിഹിതം നല്‍കുന്നില്ലെന്ന ന്യായം പറഞ്ഞ് സാമ്പത്തിക ബാധ്യത ജനങ്ങളുടെ തലയില്‍ വെക്കരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.
Tags:
KERALA