Trending

ചാച്ചാജിയുടെ സ്മരണയിൽ ഇന്ന് ശിശുദിനം

ഇന്ന് പ്രഥമപ്രധാനമന്ത്രി ജവഹർലാല്‍ നെഹ്രുവിന്‍റെ 134-ാം ജന്മദിനം. രാജ്യം ശിശുദിനമായാണ്  നെഹ്രുവിന്‍റെ ജന്മദിനം കൊണ്ടാടുന്നത്. രാഷ്ട്രശില്‍പികളിലൊരാളായ നെഹ്രുവിന്‍റെ ആശയങ്ങള്‍ ഇന്നും പ്രസക്തമാണ്.

അലഹബാദില്‍ 1889ലാണ് പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്‍റെ ജനനം. സ്വാതന്ത്ര്യ സമരസേനാനി, എഴുത്തുകാരന്‍, വാഗ്മി , രാഷ്ട്രതന്ത്രജ്ഞൻ, എന്നിങ്ങനെ  വിവിധ തലങ്ങളില്‍ പ്രശസ്തനായ നെഹ്രു ആധുനിക ഇന്ത്യയെ കെട്ടിപ്പടുക്കുന്നതില്‍ ‍ നിർണായക പങ്കുവഹിച്ച ആളായാണ് വിലയിരുത്തപ്പെടുന്നത്. വിദ്യാഭ്യാസം സാർവത്രികമാക്കാന്‍ പ്രാഥമിക വിദ്യാഭ്യാസം സൗജന്യമാക്കിയത് അദ്ദേഹമാണ്. ഇതിനായി ഗ്രാമങ്ങള്‍തോറും ആയിരക്കണക്കിന് വിദ്യാലയങ്ങള്‍ അദ്ദേഹം നിര്‍മിച്ചു.

വിശാലമായ ഒരു ലോക വീക്ഷണത്തിന്‍റെ പ്രയോക്താവാണ് നെഹ്രു. ദേശീയ സാമ്പത്തിക വികസനം, വ്യവസായവത്കരണം, ആസൂത്രിതവികസനം, കാര്‍ഷികമേഖലയ്ക്കുള്ള പ്രത്യേകപരിഗണനകള്‍ എന്നിവ ഇതിൽ ഉൾപ്പെടും. ജനാധിപത്യം, മതേതരത്വം, യുക്തിചിന്ത, മനുഷ്യാവകാശം, ശാസ്ത്രബോധം, എന്നീ മൂല്യങ്ങളും അവ പ്രാവർത്തികമാക്കാനുള്ള സര്‍വകലാശാലകള്‍, ഗവേഷണകേന്ദ്രങ്ങള്‍, പൊതുമേഖലാസ്ഥാപനങ്ങള്‍ മറ്റ് ഭരണ - നിയമ സംവിധാനങ്ങള്‍ എന്നിവയെല്ലാമാണ് നെഹ്രുവിയൻ ഇന്ത്യയുടെ കാതൽ. ഇന്ന് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്നതും ഈ ആശയങ്ങളാണ്.

സമര പരമ്പരകളിലൂടെ ഇന്ത്യ നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താൻ ജനാധിപത്യ മതേതരരാഷ്ട്രം സ്ഥാപിക്കുന്നതിലൂടെ മാത്രമേ സാധിക്കൂവെന്ന് നെഹ്രു വിശ്വസിച്ചു. 1964-ല്‍ നെഹ്രുവിന്‍റെ മരണശേഷമാണ് ദേശീയതലത്തില്‍ നവംബർ 14 ശിശുദിനമായി ആചരിച്ച് തുടങ്ങിയത്. ചാച്ചാജിയുടെ വേഷമണിഞ്ഞും പനിനീര്‍പ്പൂ നെഞ്ചോടു ചേര്‍ത്തും രാജ്യത്ത് കുട്ടികൾ ശിശുദിനം ആചരിക്കുന്നു.
Previous Post Next Post
3/TECH/col-right