Trending

ബാങ്ക് അക്കൗണ്ട് വിറ്റു; പിന്നാലെ സംശയകരമായ ഇടപാടുകള്‍, കുടുക്കില്‍പ്പെട്ട് വിദ്യാര്‍ഥികള്‍.

കോഴിക്കോട് : ബാങ്ക് അക്കൗണ്ട് വിലയ്ക്കുവാങ്ങിയും തട്ടിപ്പിന് പുതിയമുഖം. വില്‍പ്പന നടത്തിയ വിദ്യാര്‍ഥികളുടെ അക്കൗണ്ട് പോലീസ് മരവിപ്പിച്ചു.തുടര്‍ന്ന് ആശങ്കയിലായ വിദ്യാര്‍ഥികള്‍ കോഴിക്കോട് സൈബര്‍ പോലീസിനെ ബന്ധപ്പെടുകയായിരുന്നു. താമരശ്ശേരിയില്‍ വെബ് ഡിസൈനിങ്ങിനു പഠിക്കുന്ന ഒരു വിദ്യാര്‍ഥി ഉള്‍പ്പെടെ മൂന്നുപേരുടെ അക്കൗണ്ടുകളാണ് ഏജന്റ് മുഖേന തട്ടിപ്പുസംഘം വിലയ്ക്കുവാങ്ങിയത്. 9000 രൂപവീതമാണ് വിദ്യാര്‍ഥികള്‍ക്ക് നല്‍കിയത്. എ.ടി.എം. കാര്‍ഡുകളും പണം നല്‍കിയവര്‍ക്ക് കൈമാറിയിരുന്നു. ബാങ്കില്‍ രജിസ്റ്റര്‍ചെയ്ത ഫോണ്‍നമ്ബറും മാറ്റിയിരുന്നു. ഏജന്റ് മുഖേനയുള്ള ബന്ധമല്ലാതെ അക്കൗണ്ട് കൈകാര്യംചെയ്യുന്നവരെക്കുറിച്ച്‌ വിദ്യാര്‍ഥികള്‍ക്ക് അറിവൊന്നുമില്ല.

അടുത്തിടെ താമരശ്ശേരിയിലുള്ള വിദ്യാര്‍ഥിയുടെ അക്കൗണ്ടിലേക്ക് അഞ്ചുലക്ഷം രൂപവരെ വന്നിരുന്നു. കഴിഞ്ഞദിവസം പോലീസ് ഇടപെട്ട് രണ്ട് അക്കൗണ്ടുകള്‍ മരവിപ്പിച്ചതോടെയാണ് സംഗതിയുടെ ഗൗരവം വിദ്യാര്‍ഥികള്‍ ഉള്‍ക്കൊള്ളുന്നത്. അക്കൗണ്ട് മരവിപ്പിച്ചതിന്റെ കാരണം അന്വേഷിച്ചപ്പോള്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ വ്യക്തമായ മറുപടി നല്‍കിയില്ല. പോലീസ് അന്വേഷണത്തിന്റെ ഭാഗമായുള്ള രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കണമെന്ന മട്ടിലുള്ള പ്രതികരണമാണ് ബാങ്കില്‍നിന്നുണ്ടായത്. അന്വേഷണം തങ്ങളിലെത്തുമോ എന്ന ഭയത്തിലാണ് വിദ്യാര്‍ഥികള്‍. തട്ടിപ്പ് നടത്തിയുള്ള പണം വലിയതോതില്‍ ബാങ്കില്‍ എത്തിയതുകൊണ്ടാണ് പോലീസ് അക്കൗണ്ട് മരവിപ്പിച്ചത്.

അക്കൗണ്ട് വില്‍പ്പന നടത്തിയ മൂന്നു വിദ്യാര്‍ഥികളില്‍ രണ്ടുപേരുടെ അക്കൗണ്ടാണ് നിലവില്‍ മരവിപ്പിച്ചിട്ടുള്ളത്. സംശയകരമായ രീതിയില്‍ പണം വരുകയും പോവുകയും ചെയ്യുമ്ബോഴാണ് സാധാരണനിലയില്‍ ബാങ്ക് അധികൃതര്‍ അക്കൗണ്ട് നിരീക്ഷിക്കാറുള്ളത്.

സ്കൂളില്‍നിന്ന് അധികാരപ്പെടുത്തിയ കത്തുണ്ടെങ്കില്‍ ഇപ്പോള്‍ ഏഴാംക്ലാസ് തൊട്ടുതന്നെ ഒരു വിദ്യാര്‍ഥിക്ക് ബാങ്ക് അക്കൗണ്ട് തുടങ്ങാം. വിദ്യാഭ്യാസവായ്പയ്ക്കും പഠനകാര്യങ്ങള്‍ക്കും മറ്റുമായി എടുത്ത അക്കൗണ്ടുകളാണ് ഈ വിധം ദുരുപയോഗം ചെയ്യുന്നതെന്ന് സൈബര്‍ പോലീസ് പറഞ്ഞു.

ബിരുദതലത്തിലുള്ള വിദ്യാര്‍ഥികളാണ് എളുപ്പവഴിയില്‍ പണമുണ്ടാക്കാനായി, വരുംവരായ്കകളെക്കുറിച്ച്‌ ചിന്തിക്കാതെ അക്കൗണ്ട് വില്‍ക്കുന്നതെന്നും പോലീസ് പറയുന്നു. അക്കൗണ്ട് മരവിപ്പിച്ചുകൊണ്ടുള്ള നോട്ടീസ് വീട്ടിലെത്തുമ്ബോള്‍മാത്രമാണ് കുടുക്കില്‍പ്പെട്ട വിവരം ഇരകള്‍ അറിയുന്നത്.കോഴിക്കോട് റൂറല്‍ പോലീസിനെ സമീപിച്ച വിദ്യാര്‍ഥികള്‍ അവരുടെ നിര്‍ദേശാനുസരണമാണ് കഴിഞ്ഞ ദിവസം സൈബര്‍ പോലീസുമായി ബന്ധപ്പെടുന്നത്.

കടപ്പാട്:മാതൃഭൂമി.
Previous Post Next Post
3/TECH/col-right