ന്യൂഡൽഹി:മഹാത്മാഗാന്ധിയുടെ 154 മത് ജന്മദിനത്തില്‍ ഗാന്ധി സ്മരണയില്‍ രാജ്യം. സഹനത്തിന്‍റെയും, കാരുണ്യത്തിന്‍റെയും വഴിയും സമരപോരാട്ടം സാധ്യമാണെന്ന് ലോകത്തെ ബോധ്യപ്പെടുത്തിയ ഗാന്ധിയുടെയും, ഗാന്ധിസത്തിന്‍റെയും പ്രസക്തി നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണ്.ചിലര്‍ക്ക് കഥയായും, മറ്റുചിലര്‍ക്ക് കനവായും തോന്നുന്ന ചരിത്രത്തിന്‍റെ പേരാണ് ഗാന്ധി. കോളനി വാഴ്ചയില്‍ സര്‍വ്വവും തകര്‍ന്നടിഞ്ഞ ഒരു രാജ്യത്തിന് സഹനത്തിന്‍റെയും,അഹിംസയുടെയും വഴിയും സ്വാതന്ത്ര്യത്തിലേക്കെത്താമെന്ന് പറഞ്ഞു കൊടുത്ത കാരുണ്യത്തിന്‍റെ ആള്‍രൂപമായിരുന്നു ഗാന്ധി.
ആള്‍ബലംകൊണ്ടും, ആയുധംകൊണ്ടും സര്‍വ്വ പ്രതാപികളായിരുന്ന ബ്രിട്ടനെ അഹിംസ എന്ന സ്നേഹായുധം കൊണ്ട് തോല്‍പ്പിച്ച മാനവികതയെ ലോകം ഗാന്ധിയെന്ന് വിളിച്ചു. കാലം ചെല്ലുന്തോറും ഗാന്ധിയും ഗാന്ധിസവും ലോകമാകെ പടരുകയാണ്. യുഎന്‍ സെക്രട്ടറി ജനറല്‍ അന്‍റോണിയോ ഗുട്ടറസ്, ഗാന്ധി മാര്‍ഗത്തിനുള്ള സാധ്യതകള്‍ ഓര്‍മ്മിച്ചതിന്‍റെ കാരണവും ഗാന്ധിയുടെയും, ഗാന്ധിസത്തിന്‍റെയും വലിപ്പത്തിന്‍റെ ചെറിയ അടയാളപ്പെടുത്തലുകള്‍ മാത്രമാണ്.
സ്വാതന്ത്ര്യത്തിന് ശേഷം പലയിടങ്ങളിലായി പുറപ്പെട്ട കലാപങ്ങളെ കെടുത്താന്‍ പ്രാര്‍ത്ഥനയുടെ വഴിയായിരുന്നു ഗാന്ധി തെരഞ്ഞെടുത്തത്. കലാപത്തിന്‍റെ വഴിയില്‍ നിന്ന് സമാധാനത്തിന്‍റെ വഴിയിലേക്ക് ഗാന്ധിക്കൊപ്പം ആള്‍ക്കൂട്ടം മാറി നടന്നു. സ്വാതന്ത്ര്യത്തിന്‍റെ ഉദയം കാണാനുള്ള വഴി മധ്യേ നിരവധി തവണ ഗാന്ധിയെ ജയിലിലടച്ചു. രാജ്യത്തിനും,ലോകത്തിനും പ്രകാശമേകിക്കൊണ്ടിരുന്ന സമാധാനത്തിന്‍റെ വെളിച്ചം 1948 ജനുവരി 30ന് നാഥുറാം വിനായക് ഗോഡ്സെ തോക്ക് കൊണ്ട് കെടുത്തി. മഹാത്മാഗാന്ധി വെടിയേറ്റ് മരിച്ചു.
ഗാന്ധി ഒരിക്കല്‍ പറഞ്ഞു,
"മരണം കഴിഞ്ഞാലും ജീവിതസംഘര്‍ഷം തുടരും. അസത്യങ്ങള്‍ക്കിടയിലും സത്യം നെഞ്ചും വിരിച്ചു തന്നെ നില്‍ക്കും. നാലുപാടും ഇരുള്‍ കടക്കുമ്പോഴും, ഒരു ചെരാതിന്റെ നാളം പോലെ അത് തെളിഞ്ഞു കത്തിക്കൊണ്ടേയിരിക്കും" ഒരിക്കലും കെടാത്ത വെളിച്ചമായി തെളിഞ്ഞു കത്തുകയാണ് ഇന്നും ഗാന്ധി.
Tags:
INDIA