Trending

കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ അനുവദിക്കാൻകഴിയില്ലെന്ന് വ്യാപാരികൾ.

കൊടുവള്ളി:കൊടുവള്ളി ടൗണിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ അനുവദിക്കാൻകഴിയില്ലെന്ന് വ്യാപാരികൾ.സാമ്പത്തികപ്രതിസന്ധിയും കോവിഡും ജി.എസ്.ടി.യും നിപയുമെല്ലാം കച്ചവടക്കാരുടെ നടുവൊടിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ നിരന്തരമായി നടത്തുന്ന തെരുവുകച്ചവടങ്ങൾ കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുന്നതായി വ്യാപാരികൾ പറയുന്നു. ഏതാനുംപേർക്ക് കൊടുവള്ളി ടൗണിൽ തെരുവു കച്ചവടം നടത്താൻ നഗരസഭ അനുമതിയും തിരിച്ചറിയൽ കാർഡും നൽകിയിട്ടുണ്ട്.

എന്നാൽ, ഏറെപ്പേർ ഒരു അനുമതിയുമില്ലാതെയാണ് ഇപ്പോൾ ടൗണിൽ തെരുവുകച്ചവടം നടത്തുന്നത്. അനധികൃത കച്ചവടത്തിനെതിരേ നടപടിയെടുക്കണമെന്ന് വ്യാപാരികൾ നഗരസഭ അധികൃതരോട് ആവശ്യപ്പെടാൻ തുടങ്ങിയിട്ട് കാലമേറെയായെങ്കിലും ശക്തമായ നടപടികളുണ്ടാകുന്നില്ലെന്നാണ് വ്യാപാരികൾ പറയുന്നത്.ഈ സാഹചര്യത്തിലാണ് കഴിഞ്ഞദിവസം കൊടുവള്ളി ടൗണിൽ പുതപ്പും ബെഡ്ഷീറ്റുമായി വിൽപ്പനയ്ക്കെത്തിയ തെരുവുകച്ചവടക്കാരെ വ്യാപാരികൾ സംഘടിച്ചെത്തി ഒഴിപ്പിച്ചത്.

കൊടുവള്ളി ടൗണിലെയും പരിസരപ്രദേശങ്ങളിലെയും അനധികൃത തെരുവുകച്ചവടങ്ങൾ നിരോധിക്കുമെന്ന് കഴിഞ്ഞവർഷം അംഗീകൃത തെരുവുകച്ചവടക്കാർക്കുള്ള തിരിച്ചറിയൽകാർഡ് വിതരണംചെയ്തുകൊണ്ട് നഗരസഭാ ചെയർമാൻ പറഞ്ഞിരുന്നു.കൊടുവള്ളി ടൗണിൽ നടത്തുന്ന അനധികൃത പെട്ടിക്കച്ചവടങ്ങൾ, ഗുഡ്സ് കച്ചവടങ്ങൾ തുടങ്ങിയവ ടൗണിൽനിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് നഗരസഭ അധികൃതർക്ക് പരാതി നൽകിയതായി വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാകമ്മിറ്റി അംഗം എം. അബ്ദുൽ ഖാദർ, കെ.ടി.ജി.എ. കൊടുവള്ളി യൂണിറ്റ് പ്രസിഡൻറ് മജീദ് വസ്ത്രാലയ, അബു സിംല,ശിഹാബ് നോവ,മുഹമ്മദ് അൻസാരി, കബീർ കോമ്പ് എന്നിവർ പറഞ്ഞു.
Previous Post Next Post
3/TECH/col-right