നരിക്കുനി:കാരുകുളങ്ങരയിൽ ഇന്നലെ വൈകുന്നേരം ആറുപേരെ കടിച്ച നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു. ഒരു വിദ്യാർത്ഥി ഉൾപ്പെടെ ആറുപേർക്കും, രണ്ട് വളർത്ത് മൃഗങ്ങൾക്കുമായിരുന്നു നായയുടെ കടിയേറ്റത്.നരിക്കുനി പഞ്ചായത്തിലെ 3,4 വാർഡുകൾ കേന്ദ്രീകരിക്കുന്ന കാരുകുളങ്ങര, മൂർഖൻ കുണ്ട് പ്രദേശങ്ങളിലാണ് നാടിനെ ഭീതിയിലാഴ്ത്തിയ സംഭവം.
കടിയേറ്റവരെ ഉടൻതന്നെ വൈറ്റ് ഗാർഡ് ആംബുലൻസിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ എത്തിച്ചിരുന്നു. പരിക്കേറ്റവരിൽ ആറ് വയസ്സുകാരിയുടെ പരിക്ക് ഗുരുതരമാണ്.മറ്റുള്ളവർ പ്രാഥമിക ചികിത്സക്ക് ശേഷം തിരിച്ചെത്തി.
ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ നായയെ പിടികൂടി രാത്രിയോടെ കൂടുതൽ പരിശോധനക്കായി നായയെ വയനാട് വെറ്റിനറി ഹോസ്പിറ്റലിൽ എത്തിച്ചിരുന്നു.പരിശോധനയ്ക്കുശേഷം ഇന്ന് വൈകിട്ടോടെയാണ് വിഷബാധ ഉള്ള വിവരം സ്ഥിരീകരിച്ചത്.
എന്നാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഈ പ്രദേശങ്ങളിൽ ഏതെങ്കിലും വ്യക്തികൾക്കോ വളർത്തു മൃഗങ്ങൾക്കോ കടിയേറ്റിട്ടുണ്ടെങ്കിൽ ഉടൻ അതാത് പ്രദേശങ്ങളിലെ വാർഡ് മെമ്പർമാരെ ഉടൻ അറിയിക്കണമെന്നും, മറ്റ് തെരുവ് നായകൾ, പൂച്ച,കുറുക്കൻ തുടങ്ങി മറ്റ് മൃഗങ്ങൾക്കും ഈ നായയിൽ നിന്ന് കടിയേറ്റിരിക്കാൻ സാധ്യതയുള്ളതിനാലും ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്നും, പേ വിഷബാധ സ്ഥിരീകരിച്ചതിനാൽ കൂടുതൽ പ്രതിരോധ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുമെന്നും നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ജൗഹർ പൂമംഗലം അറിയിച്ചു.
Tags:
NARIKKUNI