Trending

നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് ?; വ്യക്തമായ ഉത്തരം കിട്ടാൻ സീറോ സർവൈലൻസ് പഠനം

തിരുവനന്തപുരം: ആരോഗ്യവകുപ്പ് നിപ വൈറസ് ബാധയിൽ ഫലപ്രദമായ നടപടികളുമായി മുന്നോട്ട് പോകുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആരോഗ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. നിപ ഭീഷണി ഒഴിഞ്ഞിട്ടില്ലെന്നും ഇനിയും സമ്പർക്കപ്പട്ടിക വർധിക്കാൻ സാധ്യത ഉണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിപയിൽ സംസ്ഥാനത്തെ മുഴുവൻ ആരോഗ്യ സംവിധാനവും ജാഗ്രതയോടെ പങ്കാളികളായി. കോഴിക്കോട് ജില്ലയിലും സമീപ ജില്ലകളിലും നിപ വ്യാപനം തടയാൻ ശാസ്ത്രീയ മുൻകരുതലുകൾ സ്വീകരിച്ചു. തുടക്കത്തിൽ തന്നെ കണ്ടെത്താനായതുകൊണ്ട് കൂടുതൽ അപകടകരമായ സാഹചര്യം ഒഴിവായി. അസ്വാഭാവികമായ പനി കണ്ടെത്തിയതിനെത്തുടർന്ന് ഉടൻ തന്നെ ഇടപെടുകയും പ്രതിരോധ പ്രവ‍ത്തനങ്ങൾ ഏകോപിപ്പിക്കുയും ചെയ്തു.

കൺട്രോൾ റൂം അടക്കം ആരംഭിച്ച് അടിസ്ഥാന സൗകര്യം ഉറപ്പുവരുത്തി. ആരോ​ഗ്യമന്ത്രി നേരിട്ട് സ്ഥലത്തെത്തി പ്രവ‍ത്തനങ്ങൾക്ക് നേതൃത്വം നൽകി. മന്ത്രിമാരും എം.എൽ.എമാരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷന്മാരും പ്രവ‍ത്തനങ്ങളിൽ നേതൃത്വപരമായ പങ്കുവഹിച്ചു.1286 പേർ സമ്പ‌ക്കപ്പട്ടികയിൽ ഉൾപ്പെട്ടു. 276 പേ‍ർ ഹൈറിസ്കിൽ ഉൾപ്പെട്ടവരാണ്. 122 പേ‍ർ രോ​ഗികളുടെ കുടുംബാ​ഗങ്ങളും ബന്ധുക്കളുമാണ്. 118 ആരോ​ഗ്യപ്രവ‍ത്തകരാണ് സമ്പ‍ക്കപ്പട്ടികയിൽ ഉള്ളത്.

994 പേ‍ർ നിരീക്ഷണത്തിലാണ്, രോ​ഗലക്ഷണങ്ങളുള്ള 304 പേരുടെ സാമ്പിളുകളാണ് ഇതുവരെ ശേഖരിച്ചത്. 267 പേരുടെ പരിശോധനാഫലം പുറത്തുവന്നു. 6 പേരുടെ ഫലം പോസിറ്റീവായി. കോഴിക്കോട് മെ‍ഡിക്കൽകോളേജ് ആശുപത്രിയിൽ 9 പേ‍‍ർ ഐസൊലേഷനിലുണ്ട്. നിപ രോ​ഗചികിത്സയ്ക്കായി എല്ലാ ക്രമീകരണങ്ങളു ഒരുക്കി. സമ്പർക്കപ്പട്ടിക ഇനിയും വർധിക്കാൻ സാധ്യത ഉണ്ട്- മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നിപ വൈറസ് ബാധ എന്തുകൊണ്ട് വീണ്ടും കോഴിക്കോട് എന്നതിന് വ്യക്തമായ ഉത്തരം ഐസിഎംആറും നൽകുന്നില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇതുമായി ബന്ധപ്പെട്ട് സംസ്ഥാനം സീറോ സർവൈലൻസ് പഠനം നടത്താൻ തീരുമാനിച്ചതായും അറിയിച്ചു. ഇക്കാര്യത്തിൽ വിശദമായ പ്രൊപ്പോസൽ തയ്യാറാക്കാൻ ആരോഗ്യവകുപ്പിനോട് ആവശ്യപ്പെട്ടു. വവ്വാലുകളെ സംബന്ധിച്ച് ഐസിഎംആർ നടത്തിയ പഠനത്തിന്റെ വിവരങ്ങളും ലഭ്യമാകും. വവ്വാലിനെ പിടിക്കാതെ തന്നെ സാമ്പിൾ ശേഖരിച്ചുള്ള ഗവേഷണം തോന്നക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ നടപ്പാക്കും.
Previous Post Next Post
3/TECH/col-right