കോഴിക്കോട് ജില്ലയില്‍ ഒരു നിപ കേസ് കൂടി സ്ഥിരീകരിച്ച സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണ് സംസ്ഥാന ആരോഗ്യ വകുപ്പ്. നിപ ബാധിച്ച് ആദ്യം മരിച്ചയാളുമായി നേരിട്ട് സമ്പർക്കം ഉള്ള 39 വയസുകാരനാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്. ഇദ്ദേഹം ചെറുവണ്ണൂർ സ്വദേശിയാണ്. ആശുപത്രിയില്‍ വെച്ചായിരുന്നു ഇദ്ദേഹത്തിന് രോഗിയുമായി സമ്പര്‍ക്കമുണ്ടായതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
ആദ്യത്തെ വ്യക്തിയുടെ ഹൈ റിസ്‍ക് കോണ്‍ടാക്ടില്‍ ഉള്ള എല്ലാവരെയും പരിശോധിക്കാനാണ് നിലവില്‍ ആരോഗ്യ വകുപ്പിന്റെ തീരുമാനം. ഇവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ ഇല്ലെങ്കിലും പരിശോധിക്കും. കഴിഞ്ഞ ദിവസം നിപ പോസിറ്റീവായ ആരോഗ്യ പ്രവർത്തകന്റെ ആരോഗ്യ നില തൃപ്തികരമാണ്. ഇന്ന് രോഗം സ്ഥിരീകരിച്ചയാളിനും മറ്റ് ലക്ഷമങ്ങളൊന്നുമില്ല. ചികിത്സയിലുള്ള ഒന്‍പത് വയസുകാരൻ വെന്റിലേറ്ററിൽ ആണെങ്കിലും ആരോഗ്യ നില ഇപ്പോള്‍ സ്റ്റേബിൾ ആണെന്നും മന്ത്രി വീണാജോർജ് പറഞ്ഞു.
അതേസമയം കോഴിക്കോട് ഇഖ്റ ആശുപത്രിയില്‍ ഓഗസ്റ്റ് 29ന് വിവിധ സമയങ്ങളില്‍ ഉണ്ടായിരുന്ന എല്ലാവരും ആരോഗ്യ വകുപ്പിന്റെ നിപ കണ്‍ട്രോള്‍ സെല്ലുമായി ബന്ധപ്പെടണമെന്ന് ആധികൃതര്‍ അറിയിച്ചു.
ക്യാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോരിറ്റി - 1ല്‍ 2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ രണ്ട് മണി മുതല്‍ മൂന്ന് വരെ ഉണ്ടായിരുന്നവരും
ക്യാഷ്വാലിറ്റി എമര്‍ജന്‍സി പ്രയോറിറ്റി - 1നും പ്രയോറിറ്റി - 2നും പൊതുവായ ഇടനാഴിയില്‍ 2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ മൂന്ന് മണി മുതല്‍ നാല് മണി വരെ ഉണ്ടായിരുന്നവരും.
എം.ഐ.സി.യു - 2ന് പുറത്തുള്ള കാത്തിരിപ്പ് കേന്ദ്രത്തില്‍ 2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ 3.45 മുതല്‍ 4.15 വരെ ഉണ്ടായിരുന്നവരും
2023 ഓഗസ്റ്റ് 29ന് പുലര്‍ച്ചെ .45ന് ശേഷം എം.ഐ.സി.യു -2ല്‍ അഡ്‍മിറ്റ് ആയ എല്ലാ രോഗികളും
മുകളില്‍ പറഞ്ഞ തീയ്യതിയിലും സമയങ്ങളും ഇപ്പറഞ്ഞ സ്ഥലങ്ങളില്‍ ഉണ്ടായിരുന്നവര്‍ നിപ കണ്‍ട്രോള്‍ സെല്ലിന്റെ ഈ നമ്പറുകളില്‍ ബന്ധപ്പെടണമെന്നാണ് അറിയിപ്പ്: 0495 2383100, 2383101, 2384100, 2384101, 2386100
Tags:
HEALTH