Trending

പ്രവാചകൻ; വിശ്വവിമോചകൻ

ഊഷരമായ മരുഭൂമിയിൽ പ്രകാശം പരത്തി കടന്നു പോയ പ്രവാചക തിരുമേനി(സ്വ)യുടെ ജന്മം കൊണ്ട് അനുഗൃഹീതമായ ദിന സ്മരണകളിലാണ് ഇന്ന് ഇസ്ലാം മത വിശ്വാസികൾ. ആ പ്രകാശം ലോകം മുഴുക്കെ പരന്നു. അസ്വാരസ്യങ്ങളാൽ കലുഷിതമായ, സാംസ്കാരികമായി അന്ധകാരത്തിലായ സമൂഹത്തിന് മനുഷ്യത്വത്തിൻ്റെ, സ്നേഹത്തിൻ്റെ, കാരുണ്യത്തിൻ്റെ, സ്വത്വബോധത്തിൻ്റെ മാതൃകകൾ കാണിച്ചു. ലോകം ആ നന്മകളെ വാഴ്ത്തിപ്പാടുകയാണ്. ഗദ്യ പദ്യസാഹിത്യങ്ങളിൽ നിറഞ്ഞു നിന്ന സുഗന്ധം മഹൽ വ്യക്തിത്വങ്ങളിലേക്ക് പ്രവാഹമായി പടർന്നു.

ശ്രീനാരായണ ഗുരുസ്വാമികൾ എത്ര സുന്ദരമായാണ് ആ വ്യക്തിത്വത്തിനു മുന്നിൽ കൗതുകം പൂണ്ട് നിൽക്കുന്നത്. മലയാളത്തിലെ ഈ നവോദ്ധായകനെ തിരുനബി അത്രമേൽ സ്വാധീനിച്ചു.

പുരുഷാകൃതി പൂണ്ട ദൈവമോ…? നരദിവ്യാകൃതി പൂണ്ട ധര്‍മമോ…? പരമേശ പവിത്രപുത്രനോ…? കരുണാവാന്‍ നബി മുത്തു രത്നമോ…? (അനുകമ്പാദശകം- ശ്രീനാരായണ ഗുരു) 
ശ്രീ എം പി വീരേന്ദ്രകുമാറിൻ്റെ ആത്മാവിലേക്കൊരു തീർത്ഥയാത്രയിൽ അറബിക്കാറ്റിൻ്റെ സന്ദേശം എത്ര ഹൃദ്യമായാണ് വിശ്വവിമോചകനെ അവതരിപ്പിച്ചിരിക്കുന്നത്!. 23 വർഷം കൊണ്ട് കടലും കരയും ആകാശവും കടന്നു പോയ ദൈവദൂതൻ്റെ അപദാനങ്ങൾ വർണനാതീതമാണ്. ഗോത്ര വൈരങ്ങളെയും അഹങ്കാരങ്ങളെയും വലിച്ചെറിഞ്ഞ് ഒരു ചങ്ങലയിൽ വൈവിധ്യമാർന്ന പൂക്കളെ കോർത്തെടുത്ത വിസ്മയമാണ് അവിടുന്ന്. ഇല്ലാത്തവരും ഉള്ളവനും തമ്മിൽ അന്തരമില്ലാതായി. വിവേചനങ്ങൾ അവസാനിപ്പിച്ചു. സകല നന്മകളെയും സമ്മാനിച്ചു.

തിരുപ്പിറവി സ്മരണയിലെ പ്രവാചക ജീവിത ചിന്തകളെ വിവരിച്ചിക്കുന്നത് ചുറ്റും ഉയരുന്ന അണുബോംബിൻ്റെയും യുദ്ധ സന്നാഹങ്ങളുടെയും രക്തദാഹത്തിൻ്റെയും നേർക്കുള്ള തൻ്റെ പ്രതിഷേധം പ്രകടിപ്പിച്ചും സമാധാനത്തിനായി പവിത്രമായ തിരു ജീവിതം തിരിച്ചുപിടിക്കണമെന്ന് ഉദ്ഘോഷിച്ചുമാണ്.
ഭീകര വിപത്തിതു --
മാറ്റുവാൻ, മനുഷ്യൻ്റെ
ജീവിതം തളിരിടും
പൂക്കാലമണയുവാൻ
പാടിടാം സമാധാന
ഗാനങ്ങൾ നമു,ക്കിന്ന--
പ്പാവന ചരിതൻ്റെ
തിരുനാൾപ്പുലരിയിൽ!!
(ശാന്തിയുടെ പ്രവാചകൻ, വി. നടരാജൻ)
ചുരുക്കത്തിൽ കണ്ണ് തുറന്നു കാണുന്നവർക്ക് വലിയ ദൃഷ്ടാന്തങ്ങളും കണ്ണടച്ച് ആക്ഷേപിക്കുന്നവർക്ക് ഗുണപാഠങ്ങളും ആ ജീവിതം പകർന്ന് നൽകുന്നുണ്ട്. ആ ജീവിതത്തിലേക്കുള്ള തിരിഞ്ഞു നടത്തം സമൂഹത്തിൻ്റെ മാനവിക പുരോഗതിക്ക് നിദാനമാകും

✍️ ഡോ. ഇസ്മാഈൽ മുജദ്ദിദി
Previous Post Next Post
3/TECH/col-right