കോഴിക്കോട്: നിപ ജാഗ്രതയെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ അനിശ്ചിത കാലത്തേക്ക് സ്കൂള്‍ അധ്യയനം ഓണ്‍ലൈനിലേക്ക് മാറിയെന്ന ഉത്തരവില്‍ തിരുത്ത്. അനിശ്ചിതകാലത്തേക്ക് ഓണ്‍ലൈനിലേക്ക് മാറിയെന്നത് 23 ശനിയാഴ്ച വരെയെന്ന് ചുരുക്കിയാണ് മാറ്റം. അനിശ്ചിത കാലത്തേക്ക് അവധിയെന്ന ഉത്തരവ് ആളുകളില്‍ പരിഭ്രാന്തി പരത്തുമെന്നത് കണക്കിലെടുത്താണ് തീരുമാനം.
ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ഓണ്‍ലൈൻ ക്ലാസുകള്‍ മാത്രമായിരിക്കുമെന്നും വിദ്യാര്‍ത്ഥികളെ ഒരു കാരണവശാലും വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശിപ്പിക്കരുതെന്നുമായിരുന്നു കളക്ടറുടെ ആദ്യ ഉത്തരവ്.
അതേസമയം, നിപ ഹൈ റിസ്ക് സമ്പര്‍ക്കപ്പട്ടികയില്‍പെട്ട 11 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായത് സംസ്ഥാനത്തിന് ആശ്വാസമായി. നിപ ബാധിച്ച് മരിച്ച മരുതോങ്കര സ്വദേശിയുടെ പ്രാഥമിക സമ്പര്‍ക്കപട്ടികയില്‍ പെട്ട പതിനൊന്നു പേരുടെ പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ, പരിശോധനക്കയച്ചതില്‍ 94 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപ ബാധിച്ച് ഗുരുതരാവസ്ഥയിലായിരുന്ന 9 വയസുകാരന്‍റെ ആരോഗ്യ നില മെച്ചപ്പെട്ടതായി മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പോസിറ്റീവായി ആശുപത്രികളില്‍ ചികിത്സയിലുള്ള നാല് പേരുടേയും നിലയില്‍ പുരോഗതിയുണ്ടെന്നും മന്ത്രി അറിയിച്ചു. മോണോ ക്ലോണോ ആന്‍റി ബോഡി ഇവര്‍ക്ക് നല്‍കേണ്ട സാഹചര്യമില്ല. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കേന്ദ്ര സംഘം ജില്ലയിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
അതേസമയം, കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി.
കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാർഡുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു.
Tags:
KOZHIKODE