കോഴിക്കോട്:കാര്‍ യാത്രക്കാരിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐ വിനോദിന് എതിരെ കേസ്. എസ്‌ഐ ഉള്‍പ്പെടെ കണ്ടാല്‍ അറിയുന്ന നാലുപേര്‍ക്ക് എതിരെയാണ് കേസെടുത്തിരിക്കുന്നത്.
ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മര്‍ദിച്ചു എന്നാണ് കേസ്. പരിക്കേറ്റ അത്തോളി സ്വദേശിനി അഫ്‌ന അബ്ദുല്‍ നാഫിക്ക് ചികിത്സയിലാണ്. പരാതിയുടെ അടിസ്ഥാനത്തില്‍ കോഴിക്കോട് കാക്കൂര്‍ പൊലീസ് ആണ് കേസെടുത്തിരിക്കുന്നത്.
ശനിയാഴ്ച അര്‍ധരാത്രി 12.30ഓടെ കൊളത്തൂരില്‍വെച്ചായിരുന്നു സംഭവം. കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍വന്ന വാഹനത്തിലുള്ളവരും കാറിന് സൈഡ് നല്‍കാത്തതിനെച്ചൊല്ലി തര്‍ക്കമുണ്ടായിരുന്നു. ഈ തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐ വിനോദ് കുമാര്‍ യുവതിയെയും ഭര്‍ത്താവിനെയും കുട്ടിയെയും മര്‍ദിച്ചെന്നും എസ്‌ഐയുടെ ഒപ്പമുണ്ടായിരുന്നയാള്‍ യുവതിയെ കയറിപ്പിടിച്ചെന്നുമാണ് പരാതി.
സൈഡ് കിട്ടിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍നിന്ന് വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായാണ് സംസാരിച്ചത്. തുടര്‍ന്ന് പൊലീസിനെ അറിയിക്കും എന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പൊലീസിനെ വിളിച്ചെന്നും തുടര്‍ന്നാണ് എസ്‌ഐ വിനോദ് ബൈക്കില്‍ സംഭവസ്ഥലത്ത് എത്തിയതെന്നുമാണ് യുവതി പറയുന്നത്.
ബൈക്കില്‍ മറ്റൊരാള്‍ക്കൊപ്പം മദ്യലഹരിയിലാണ് എസ്‌ഐ സ്ഥലത്തെത്തിയത്. തുടര്‍ന്ന് കാറിന്റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു. വയറിന്റെ ഭാഗത്ത് ചവിട്ടിയ ഇയാള്‍, ശരീരത്തില്‍ കടിച്ച് പരിക്കേല്‍പ്പിച്ചതായും യുവതിയുടെ പരാതിയിലുണ്ട്. എസ്‌ഐക്കൊപ്പം ബൈക്കില്‍വന്നയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചെന്നും മര്‍ദിച്ചെന്നും യുവതി ആരോപിക്കുന്നു.
എസ്‌ഐയുടെ മര്‍ദനത്തില്‍ യുവതിയുടെ ഭര്‍ത്താവിനും 11 വയസുള്ള കുട്ടിയ്ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് കുടുംബം വിളിച്ചറിയിച്ചതിനെത്തുടര്‍ന്ന് കാക്കൂര്‍ പൊലീസ് സ്ഥലത്തെത്തിയതോടെയാണ് രംഗം ശാന്തമായതെന്നും യുവതി പറഞ്ഞു. ആക്രമണത്തില്‍ പരിക്കേറ്റ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.
Tags:
KOZHIKODE