Trending

106 കോടിയുടെ വില്‍പ്പന: ഓണ വിപണിയില്‍ ചരിത്രം സൃഷ്ടിച്ച് കണ്‍സ്യൂണര്‍ ഫെഡ്.

കോഴിക്കോട് : ഈ ഓണക്കാലത്ത് കണ്‍സ്യൂമര്‍ഫെഡിന് 106 കോടിയുടെ റെക്കോര്‍ഡ് വില്പന . സഹകരണ സംഘങ്ങള്‍ നടത്തിയ 1500 ഓണച്ചന്തകളിലൂടെയും 175 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളിലൂടെയുമാണ് കണ്‍സ്യൂമര്‍ഫെഡ് ഈ വില്പന കൈവരിച്ചത്. കേരളത്തിലെ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതില്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ പ്രധാന പങ്ക് വഹിച്ചുവെന്നും ഓണച്ചന്തകളിലെ വന്‍തിരക്കും  വില്പന വര്‍ധനവും ഇതാണ് തെളിയിക്കുന്നതെന്നും കണ്‍സ്യൂമര്‍ഫെഡ് ചെയര്‍മാന്‍ എം. മെഹബൂബ് പറഞ്ഞു.  കേരളത്തിന്റെ നഗര ഗ്രാമീണ മേഖലകളില്‍ ജനകീയ വേരോട്ടമുള്ള സഹകരണസ്ഥാപനങ്ങള്‍ കേരളത്തിലങ്ങോളമിങ്ങോളം ഓണചന്തകള്‍ ആരംഭിക്കുക വഴി  വിലക്കയറ്റത്തെ ഫലപ്രദമായി പിടിച്ചുനിര്‍ത്താന്‍ ഈ ഓണക്കാലത്ത് കഴിഞ്ഞു.

സംസ്ഥാന,ജില്ലാ,ഗ്രാമീണ  തലത്തിലുള്ള ചന്തകള്‍ വഴി  ഓഗസ്റ്റ്  19 മുതല്‍ 28 വരെ പത്തുദിവസം നീണ്ട വിപണിയിടപെടലാണ് കണ്‍സ്യൂമര്‍ഫെഡ് ഈ ഓണക്കാലത്ത് നടത്തിയത്. അവശ്യ സാധനങ്ങള്‍ക്ക് പുറമെ 10% മുതല്‍ 40% വരെ വിലക്കുറവില്‍ മറ്റ്  നിത്യോപയോഗസാധനങ്ങളും ലഭ്യമാക്കിയതോടെ ഓണച്ചന്തകള്‍  ഏറെ ആകര്‍ഷണീയമായി. ഒരു കുടുംബത്തിനാവശ്യമായ എല്ലാ ഇനങ്ങളും ഓണച്ചന്തകളില്‍ ഇത്തവണ ലഭ്യമായിരുന്നു.. ഉത്രാടപാച്ചിലിന് പോലും എല്ലാ ആവശ്യസാധനങ്ങളും ലഭ്യമാക്കി കൊണ്ട് കണ്‍സ്യൂമര്‍ഫെഡിന്റെ ഓണച്ചന്തകള്‍ മികച്ചുനിന്നു.

അരി ഉള്‍പ്പെടെ 13 ഇനങ്ങള്‍ സബ്സിഡി നിരക്കില്‍  ഓണച്ചന്തകളിലൂടെ ലഭ്യമാക്കി.  ജയ, കുറുവ, മട്ട എന്നിവയ്ക്ക് മാര്‍ക്കറ്റില്‍ 45 മുതല്‍ 55 വരെ വിലയുള്ളപ്പോള്‍ കിലോയ്ക്ക് 25 രൂപയ്ക്കാണ് ജനങ്ങളിലേക്ക് എത്തിച്ചത്. 20 ലക്ഷം കുടുംബങ്ങളിലേക്കായ്  6000 ടണ്‍ അരിയാണ് ഓണച്ചന്തകളിലൂടെ ആശ്യാസവിലക്ക് ലഭ്യമായത്. 1200 ടണ്‍ പഞ്ചസാര, 500 ടണ്‍ ചെറുപയര്‍, 525 ടണ്‍ ഉഴുന്ന്, 470 ടണ്‍ കടല, 430  ടണ്‍ വന്‍പയര്‍, 425 ടണ്‍ തുവര, 450 മുളക്, 380 ടണ്‍ മല്ലി എന്നിവ ഓണക്കാല വിപണിയിലൂടെ വില്പന നടന്നതായി കണ്‍സ്യൂമര്‍ഫെഡ് അധികൃതര്‍  അറിയിച്ചു. 12 ലക്ഷം പായ്ക്കറ്റ് വെളിച്ചെണ്ണയാണ് ഓണച്ചന്തകളിലൂടെ വില്പന നടത്തിയത്.്

കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്തകള്‍ വഴി 106 കോടിയുടെ വില്പന നടന്നതില്‍ 50 കോടി സബ്സിഡി സാധനങ്ങളുടെയും 56 കോടി നോണ്‍സബ്‌സിഡി സാധനങ്ങളുടെയും വില്പനയാണ്.  നോണ്‍ സബ്സിഡി സാധനങ്ങള്‍ വിലക്കുറവില്‍ ലഭ്യമാക്കിയതോടൊപ്പം മില്‍മ, റെയ്ഡ്‌ക്കോ, ദിനേശ് തുടങ്ങി കേരളത്തിലെ വിവിധ സഹകരണസ്ഥാപനങ്ങളുടെ ഉല്പന്നങ്ങള്‍ക്കും വിപണി ലഭ്യമാക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് ഓണച്ചന്ത വഴി കഴിഞ്ഞു.പൊതുവിപണിയില്‍ 1100 വില വരുന്ന 13 ഇനങ്ങള്‍ക്ക് സഹകരണ ഓണച്ചന്തകള്‍ വഴി ലഭ്യമാക്കിയത് 462 രൂപയ്ക്കാണ്. 

വിലക്കുറവിനോടൊപ്പം  കണ്‍സ്യൂമര്‍ ഫെഡ്  ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകള്‍ വഴി 'സമ്മാനമഴ' എന്ന പേരില്‍ സമ്മാന പദ്ധതി കൂടി ഈ ഓണക്കാലത്ത് ആരംഭിക്കുകയുണ്ടായി. 
വിലക്കുറവിനോടൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും കൂടി ലഭ്യമായപ്പോള്‍ ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ഇത്തവണ ജനത്തിരക്കേറി. ഹോര്‍ട്ടി കോര്‍പ്പുമായി സഹകരിച്ചും, സഹകരണസംഘങ്ങള്‍ ഉല്പാദിപ്പിക്കുന്ന പച്ചക്കറികള്‍ ശേഖരിച്ചും ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റുകളില്‍  പച്ചക്കറിച്ചന്തകളും ഇക്കുറി സജീവമാക്കി.
Previous Post Next Post
3/TECH/col-right